നീയെന്നെ ധന്യയാക്കണേ!

ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്ത് വീട്ടിൽ നാരായണ മേനോന്റെയും മകനായി 1911 ഒക്ടോബർ 10ന് ജനിച്ച് 1948 ജൂൺ 17ന് മുപ്പത്തിയാറാം വയസ്സിൽ നട്ടുച്ചക്ക് അസ്തമിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയും 1943ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച രമണൻ പിള്ളയും 1992ൽ രമണൻ പിള്ളയുടെ ഇളയപുത്രനായി ജനിച്ച കൃഷ്ണപിള്ളയും തമ്മിൽ സങ്കീർണമായ എന്തോ ഒന്നുണ്ട്. അതുകൊണ്ടു മാത്രമാണ് 1913ൽ നെയ്യാറ്റിൻകര താലൂക്കിൽ അഞ്ചാലുംമൂട്ടിൽ ജനിച്ച പി. രാമൻ പിള്ളയുടെ ജീവിതത്തിലേക്ക് കടക്കേണ്ടിവന്നത്. കൃഷ്ണപിള്ള കൃഷ്ണപിള്ള എന്ന പേരുമായി ഒരു ചെറുപ്പക്കാരൻ ഇക്കാലത്ത് ജീവിച്ചാൽ ആ പഴഞ്ചൻ പേര് കാരണം അനുഭവിക്കാനിടയുള്ള...

ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്ത് വീട്ടിൽ നാരായണ മേനോന്റെയും മകനായി 1911 ഒക്ടോബർ 10ന് ജനിച്ച് 1948 ജൂൺ 17ന് മുപ്പത്തിയാറാം വയസ്സിൽ നട്ടുച്ചക്ക് അസ്തമിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയും 1943ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച രമണൻ പിള്ളയും 1992ൽ രമണൻ പിള്ളയുടെ ഇളയപുത്രനായി ജനിച്ച കൃഷ്ണപിള്ളയും തമ്മിൽ സങ്കീർണമായ എന്തോ ഒന്നുണ്ട്. അതുകൊണ്ടു മാത്രമാണ് 1913ൽ നെയ്യാറ്റിൻകര താലൂക്കിൽ അഞ്ചാലുംമൂട്ടിൽ ജനിച്ച പി. രാമൻ പിള്ളയുടെ ജീവിതത്തിലേക്ക് കടക്കേണ്ടിവന്നത്.

കൃഷ്ണപിള്ള

കൃഷ്ണപിള്ള എന്ന പേരുമായി ഒരു ചെറുപ്പക്കാരൻ ഇക്കാലത്ത് ജീവിച്ചാൽ ആ പഴഞ്ചൻ പേര് കാരണം അനുഭവിക്കാനിടയുള്ള അവഹേളനങ്ങൾ ഊഹിക്കാമല്ലോ. നഴ്സറി ക്ലാസു മുതൽ അവന്റെ പേര് സ്കൂളിൽ മുഴച്ചുനിന്നു. അഞ്ചിലെ മലയാളം ടീച്ചർ ചന്ദ്രിക ആദ്യമായി ക്ലാസിലെത്തിയ ദിവസം ഓരോരുത്തരെ പരിചയപ്പെട്ടു വരുമ്പോഴാണ് അന്തർമുഖനും വിഷാദവാനുമായ കൃഷ്ണപിള്ള എഴുന്നേറ്റു നിന്ന് അറച്ചറച്ച് തന്റെ പേര് പറഞ്ഞത്. ക്ലാസിലെ പുത്തൻ നാമധാരികൾ ശബ്ദം താഴ്ത്തി ചിരിച്ചു. പുകമഞ്ഞു മൂടിയ വിദൂരസ്മൃതികളോടെ ചന്ദ്രിക മുന്നിൽ നിൽക്കുന്ന കുട്ടിയെ നോക്കി. എന്നോ, എവിടെയോ ​െവച്ചു കണ്ടു മറന്നതുപോലെ.

കൃഷ്ണപിള്ളയുടെ ഇടത്തേ കഴുത്തിലെ അരിമ്പാറയും കോതിയൊതുക്കിയ മുടിയും തിളങ്ങുന്ന കണ്ണുകളും മുമ്പെവിടെയാണ് കണ്ടതെന്ന് ടീച്ചർ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ചങ്ങമ്പുഴ

പി. രാമൻപിള്ള തിരുവനന്തപുരത്ത് ആർട്സ് കോളേജിൽ പഠിക്കുമ്പോഴാണ് ഒപ്പം പഠിച്ച പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി ഉറ്റ ചങ്ങാത്തത്തിലായത്. എസ്. ഗുപ്തൻ നായർ, എൻ. കൃഷ്ണപിള്ള, കെ.എം. ജോർജ്, എം. കൃഷ്ണൻ നായർ, കെ.എം. ഡാനിയേൽ എന്നിവരൊക്കെ ഒപ്പം ഉണ്ടായിരുന്നെങ്കിലും രാമൻ പിള്ളക്ക് കൂടുതൽ അടുപ്പവും ആരാധനയും ചങ്ങമ്പുഴയോടായിരുന്നു. രാമൻ പിള്ളയുടെ സൈക്കിളിന്റെ പിന്നിലിരുന്ന് ടി.എൻ. ഗോപിനാഥൻ നായരുടെ വീട്ടിലും നഗരത്തിന്റെ പല ഊടുവഴികളിലും എത്രയോ തവണ ചങ്ങമ്പുഴ സഞ്ചരിച്ചിട്ടുണ്ട്. തനിക്ക് പത്ത് വയസ്സുള്ളപ്പോൾ മരിച്ചുപോയ അച്ഛനെക്കുറിച്ചു ചങ്ങമ്പുഴ ഒരിക്കൽ ഒരു സൈക്കിളിൽ സവാരിക്കിടെ പറഞ്ഞു.

‘‘എനിക്കന്ന് ഏഴെട്ടു വയസ്സേയുള്ളൂ. അച്ഛൻ എന്നെയും കൂട്ടി കൊച്ചിയിൽ ഒരു വീട്ടിൽ പോയി. മുൻവശത്തെ മുറിയിൽ എന്നെയിരുത്തിയിട്ട് അച്ഛൻ അകത്തെ മുറിയിലേക്ക് കയറി. അൽപം കഴിഞ്ഞ് ആ വീട്ടിലെ സ്ത്രീ ഒരു ചെറിയ പാത്രത്തിൽ ഒരു തുണ്ട് കിണ്ണത്തപ്പം കൊണ്ടു​െവച്ചിട്ട് എന്റെ കവിളിൽ വാത്സല്യത്തോടെ വലിച്ചു പിടിച്ചു ‘കൊച്ചുകുട്ടാ’ എന്നു വിളിച്ച് ചിരിച്ചിട്ട് ഒരു കത്തിയുമായി അച്ഛൻ കയറിയ മുറിയിൽ കയറി കതകടച്ചു. ഞാൻ വല്ലാതെ ഭയന്നു. അവർ അച്ഛനെ കൊല്ലാൻ

പോയതാണോയെന്ന് പേടിച്ചു. ഞാൻ ഓടി മുറ്റത്തേക്കിറങ്ങി. ഉറക്കെ വിളിച്ചു കരഞ്ഞു.

‘‘എന്നിട്ടെന്തായി?’’ രാമൻ പിള്ള ആകാംക്ഷപ്പെട്ടു.

‘‘ആൾക്കാർ ഓടിക്കൂടി. ആകെ നാണക്കേടായി.’’ ചങ്ങമ്പുഴ നിശ്ശബ്ദനായി.

അഞ്ചാലുംമൂട്ടിലെ രാമൻ പിള്ളയുടെ തറവാട്ടിലിരുന്നു ചങ്ങമ്പുഴ നിരവധി രാത്രികൾ കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും വെളുപ്പിച്ചിട്ടുണ്ട്. ചങ്ങമ്പുഴത്തറവാടിന്റെ സമ്പന്നമായ ഭൂതകാലത്തെയും എല്ലാം വിറ്റുതുലച്ച സ്ത്രീലമ്പടൻമാരായ കാരണവന്മാരെയും കുറിച്ചു മറ്റാരോടും പറയാത്ത പലതും കവി പറഞ്ഞു. വീട്ടുജോലിക്കാരിയായ തന്റെ മുത്തശ്ശി അനുഭവിച്ച യാതനകൾ നിരത്തി കരഞ്ഞു.

‘‘തോളിൽ കടലയ്ക്കയുടെ വലിപ്പമുള്ള ഒരു അരിമ്പാറ മുത്തശ്ശിക്കുണ്ടായിരുന്നു. ‘കടലയ്ക്ക’ എന്നാ എല്ലാരും മുത്തശ്ശിയെ കളിയാക്കി വിളിച്ചിരുന്നത്. സ്കൂളിൽ എന്റെ വട്ടപ്പേരും അതുതന്നെയായിരുന്നു. എച്ചിൽതീനിയെന്നും പരിഹസിച്ചിരുന്നു. ഇടപ്പള്ളി എന്നെ കളിയാക്കി അന്ന് കവിതയെഴുതി.

പച്ച കടലയ്ക്ക തിന്നാ-ലാർക്കും

പദ്യമെഴുതുവാനൊക്കും

മെച്ചത്തിലുള്ളതായി തീരും -കുറ

ച്ചെച്ചിലുംകൂടി കഴിച്ചാൽ... ’’ ചങ്ങമ്പുഴ നെടുവീർപ്പോടെ ഭൂതകാലത്തിലേക്ക് നടന്നു.

ചങ്ങമ്പുഴയുടെ പൂർവികനായിരുന്ന മാർത്താണ്ഡ പണിക്കർ ഇടപ്പള്ളി രാജാവിന്റെ പടനായകനായിരുന്നപ്പോൾ പോർച്ചുഗീസുകാരെയും ഡച്ചുകാരെയും യുദ്ധത്തിൽ തോൽപിച്ച്, രാജാവിന്റെ ജീവൻ രക്ഷിച്ചതിന് പ്രത്യുപകാരമായാണ് കണക്കറ്റ സ്വത്തുവകകൾ കരമൊഴിവാക്കി കിട്ടിയത്. പണിക്കർ കൊന്നുകൂട്ടിയ ശത്രുക്കൾക്ക് കണക്കില്ല. ആജാനുബാഹുവും ധീരനുമായ ആ പോരാളിയെ കുറിച്ചു പറഞ്ഞപ്പോൾ ചങ്ങമ്പുഴയുടെ കണ്ഠമിടറി. കണ്ണുകൾ സജലമായി.

കൊലപാതകിയായ ഒരാളിന്റെ പിൻതലമുറക്കാരനാണോ കവിയായതെന്നു രാമൻ പിള്ള സംശയിച്ചു.

‘‘പതിനെട്ടായുധങ്ങളും ശരീരത്തിൽ ​െവച്ചുകെട്ടി ഇടപ്പള്ളി ഗണപതിയുടെ മുന്നിൽ കെട്ടിത്തൂങ്ങി പടത്തലവനമ്മാവൻ ജീവനൊടുക്കി...’’ ചങ്ങമ്പുഴ നെടുവീർപ്പുതിർത്തു.

‘‘അതെന്തിനാ?’’ രാമൻപിള്ള ഞെട്ടലോടെ ചോദിച്ചു.

ദീർഘമായ ഒരു നിശ്വാസമായിരുന്നു മറുപടി.

വിദൂരതയിലേക്ക് നോക്കിയിരുന്ന ചങ്ങമ്പുഴയുടെ വട്ടക്കണ്ണടക്കുള്ളിൽ ഒരു തുള്ളി കണ്ണീർ പൊട്ടിയത് രാമൻ പിള്ള കണ്ടില്ല.

‘‘അമ്മാവന്റെ വാൾ ഇന്നും വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചുെവച്ചിട്ടുണ്ട്. ആരും കാണാതെ ഞാനതെടുത്ത് നെഞ്ചോടു ചേർത്തു​വെക്കും. അതിന്റെ ഇരുമ്പുഗന്ധം ശ്വസിച്ചും അമ്മാവന്റെ കൈത്തഴമ്പുള്ള വാൾപ്പിടിയിൽ അമർത്തിപ്പിടിച്ചും എത്രയോ തവണ വിങ്ങിപ്പൊട്ടിയിട്ടുണ്ട്. ഭദ്രകാളി ക്ഷേത്രത്തിൽ കുഞ്ഞുന്നാളിൽ അമ്മയോടൊപ്പം പോകുമ്പോഴാണ് പടത്തലവൻ അമ്മാവന്റെ കഥ ആദ്യം കേട്ടത്.’’

വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കുന്നതിനിടയിൽ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും തല കൊയ്ത പടത്തലവൻ അമ്മാവന്റെ വീരകഥകൾ അമ്മ മകന് പറഞ്ഞുകൊടുത്തു.

അമ്മാവനെ പ്രതിഷ്ഠിച്ചിടത്ത് കൊണ്ടുനിർത്തി കൈരണ്ടും കൂപ്പിപ്പിടിപ്പിച്ചിട്ട് പാറുക്കുട്ടിയമ്മ പറഞ്ഞു.

‘‘പ്രാർഥിക്ക്... നിന്റെ പടത്തലവൻ അമ്മാവനെ മനസ്സിൽ വിചാരിച്ച് കണ്ണടച്ച് പ്രാർഥിക്ക്.’’

മകൻ കണ്ണടച്ചുനിന്ന് യുദ്ധം കണ്ടു. കാറ്റിൽ ചുറ്റിയ വെള്ളക്കാരുടെ ചോരമണം ശ്വസിച്ചു.

ഇരുട്ടു വീണു തുടങ്ങിയ വഴിയിലൂടെ തിരികെ നടന്നപ്പോൾ അമ്മ മകന്റെ തോളിലൂടെ കൈ ചുറ്റിപ്പിടിച്ച് കഥയുടെ മറുപകുതി പറയാൻ തുടങ്ങി.

‘‘എന്തിനും ഏതിനും പൊന്നുതമ്പുരാന് നിന്റെ പടത്തലവൻ അമ്മാവൻ മതിയായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു. പക്ഷേ ഏഷണിക്കാരും പരദൂഷണക്കാരും എവിടെയുമുണ്ടാകുമല്ലോ. പൊന്നുതമ്പുരാൻ നിന്റെ അമ്മാവനുമായി തെറ്റി. തെറ്റിച്ചതാ, മറ്റ് പലരും ചേർന്ന്. കാരണമെന്താന്ന് ചോദിച്ചാൽ, ഓരോരുത്തർ ഓരോന്നു പറയും. ശരി ഏതെന്നാർക്കറിയാം. തമ്പുരാന്റെ വേളിക്ക് പടത്തലവനമ്മാവനുമായി എന്തോ രഹസ്യചങ്ങാത്തം ഉണ്ടെന്നാ ചിലർ അടക്കംപറഞ്ഞത്... വീരന്മാരെ പെണ്ണുങ്ങളിഷ്ടപ്പെട്ടു പോകും... കൊട്ടാരത്തിൽനിന്ന് പിണങ്ങിയിറങ്ങിയ അന്ന് രാത്രിയാ അമ്മാവൻ തൂങ്ങിമരിച്ചത്...’’ അമ്മയുടെ ഉള്ളെരിച്ചിൽ മകനിലേക്കും പടർന്നു.

‘‘ചിലപ്പോൾ പിരിയാൻ വയ്യാഞ്ഞിട്ടു ചെയ്തതാകും...’’ അമ്മ ആത്മഗതം പറഞ്ഞു. അമ്മയും മകനും നിശ്ശബ്ദരായി. ചുറ്റിലും ഇരുട്ടു നിറഞ്ഞു. അന്നു രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന ആ മകന് ഉറക്കം വന്നില്ല. പാതിരാത്രി കഴിഞ്ഞപ്പോൾ കുഞ്ഞുമനസ്സിൽ യുദ്ധം മുറുകി. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ചതുരവട്ടത്തിൽ നിലാവ് വീഴുന്ന അഴിയടിച്ച വരാന്തയിൽ ചെന്നിരുന്നു. നോട്ടുബുക്കും പെൻസിലുമെടുത്ത് അവൻ യുദ്ധം തുടങ്ങി. പ്രണയം, നിരാശ, ആത്മഹത്യ... അതിർത്തികൾ ഭേദിച്ച് അവൻ മുന്നേറി.

രമണൻ

1940 മേയ് 9ന് ഓണേഴ്സ് രണ്ടാം വർഷം പഠിക്കുമ്പോൾ ചങ്ങമ്പുഴ ശ്രീദേവിയെ വിവാഹം കഴിച്ചു.

1942ൽ ചങ്ങമ്പുഴയുടെ സഹപാഠികളായ ഇഗ്ന്യേഷ്യസും ഇടിക്കുളയും കായംകുളത്ത് ‘എക്സൽസിയർ’ ട്യൂട്ടോറിയൽ ആരംഭിച്ചു. ആർട്സ് കോളേജിലെ പഠനം കഴിഞ്ഞ ചങ്ങമ്പുഴ എക്സൽസിയറിൽ അധ്യാപകനായി ചേർന്ന വിവരമറിഞ്ഞ വിദ്യാർഥികൾ തിക്കിത്തിരക്കി പ്രവേശനം നേടി. സ്ഥാപനത്തിനടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ചങ്ങമ്പുഴയുടെ മുറിയിലേക്ക് നാട്ടുകാർ ആരാധനയോടെ നോക്കിനിന്നു. ആ മുറിയിലെ നിത്യാതിഥിയായിരുന്ന രാമൻ പിള്ളയിലേക്കും ആരാധനക്കണ്ണുകൾ ചാഞ്ഞു. വൈകുന്നേരങ്ങളിൽ ബീഡിയും വലിച്ച് നാട്ടുവഴിയിലൂടെയും പാടവരമ്പിലൂടെയും ഇരുവരും നടക്കാനിറങ്ങുമ്പോൾ ചെറുപ്പക്കാരികൾ കവിയെ മറഞ്ഞുനിന്ന് കൺനിറയെ ദർശിച്ചു.

നിത്യേനയുള്ള ആ ഉലാത്തലിനിടയിൽ ഒരു നാൾ ഓടിട്ട വീടിന്റെ മുറ്റത്തെ പൂമരച്ചോട്ടിൽ കവിയെ നോക്കിനിന്ന രണ്ടു നീണ്ട കണ്ണുകൾ രാമൻ പിള്ളയുടെ നെഞ്ചിൽ തറച്ചു. അയാൾ അവളെ നോക്കിനിന്നു. അവൾ വാപൊത്തി ചിരിച്ചിട്ട് വളകിലുക്കത്തോടെ പിന്തിരിഞ്ഞോടി. കവി നടന്നുമറഞ്ഞ വയലോരപ്പാതയിൽ മരതകാലിംഗനമേറ്റ കാഞ്ചനവെയിൽ തത്തിക്കളിക്കുന്നതു ജനാലയിലൂടെ നോക്കി അവൾ സ്വപ്നങ്ങൾ മെനഞ്ഞു. രാമൻപിള്ളയുടെ ഉള്ളം പൂമരച്ചോട്ടിന്റെ സുഗന്ധവട്ടം പ്രദക്ഷിണംചെയ്തു. ഉള്ളിൽ പിടിമുറുക്കിയ കിനാവള്ളിയെ കുറിച്ചു അയാൾ കവിയോട് പറഞ്ഞു പറഞ്ഞു നെടുവീർപ്പുതിർത്തു.

കസവുമുണ്ടും സ്വർണനിറമുള്ള ജൂബയും ധരിച്ചു ഗാന്ധിക്കണ്ണടയും ​െവച്ച് ഉല്ലാസവാനായി നിന്ന കവിയുടെ സമീപത്ത് വെള്ള ജൂബയും വെള്ളമുണ്ടും ചുണ്ടിലൊളിപ്പിച്ച ചിരിയുമായി രാമൻപിള്ള നിന്നു. മഞ്ഞനിറത്തിൽ കസവ് ബോർഡറുള്ള സാരിയും ബ്ലൗസുമണിഞ്ഞു പത്മാവതിയമ്മ കതിർമണ്ഡപത്തിലേക്കു കയറി. പത്മാവതിയമ്മയുടെയും രാമൻ പിള്ളയുടെയും വീട്ടിൽ പോയി വിവാഹാലോചന നടത്തി കാര്യങ്ങൾ പറഞ്ഞു പൊരുത്തപ്പെടുത്തിയതിനു തീർത്താ തീരാത്ത കടപ്പാടുണ്ടെന്ന് കല്യാണപ്പെണ്ണുമായി യാത്ര തിരിക്കുന്നതിന് മുമ്പ് രാമൻ പിള്ള ചങ്ങമ്പുഴയുടെ ചെവിയിൽ പറഞ്ഞു. ചങ്ങമ്പുഴ പോക്കറ്റിൽനിന്നു പേനയെടുത്തു കല്യാണക്കുറിയുടെ മറുവശത്ത് ആശംസ എഴുതി പത്മാവതിയമ്മക്ക് നൽകി.

‘‘ദമ്പതിമാരേ, പരസ്പരം മാനസ-

ചെമ്പനീർപ്പൂമാല മാറിയേവം

ആയുരാരോഗ്യവിഭവസമൃദ്ധിത-

ന്നാരാമവേദിയിലാത്തഹർഷം

ലാലസിക്കാവൂ പരശ്ശതം വത്സരം

ചേലിലൊന്നായ്ച്ചേർന്നു നിങ്ങൾ മേന്മേൽ!’’*

കവിത വായിച്ച് പുഞ്ചിരിയോടെ കവിയുടെ മുഖത്ത് നോക്കിനിന്ന പത്മാവതിയമ്മയുടെ ഉള്ളിൽ പൊൻവെയിൽ വെട്ടം തത്തിക്കളിച്ചു.

‘‘നേരം വൈകുന്നു...’’ പത്മാവതിയമ്മയുടെ അച്ഛൻ തിടുക്കം കൂട്ടി.

പത്മാവതിയമ്മ ഭാഗ്യവുംകൊണ്ടാണ് വന്നുകയറിയതെന്നു അഞ്ചാലുംമൂടുകാർ പരസ്പരം പറഞ്ഞു. അവളോളം അഴകുള്ളൊരു പെണ്ണിനെ മുമ്പ് കണ്ടിട്ടില്ലാത്തതിനാൽ അവർ അസൂയയോടെ മൂക്കത്ത് വിരൽ ​െവച്ചു. പച്ചയും ഇളം ചുവപ്പും നിറമുള്ള രത്നക്കല്ലു പതിച്ച അവളുടെ പാലയ്ക്കാമാലയിലും പവിഴക്കല്ലു ​െവച്ച ജിമിക്കി കമ്മലിലും പെണ്ണുങ്ങൾ കൊതിയോടെ നോക്കി. പത്മാവതിയുടെ അച്ഛനും അമ്മയും ആഴ്ചതോറും വലിയ വട്ടിയിൽ നിറയെ പലഹാരങ്ങളും പഴങ്ങളുമായി മകളെ തേടി വന്നു.

രാമൻ പിള്ളയുടെ കയ്യും പിടിച്ച് പറമ്പിലും പാടത്തിലുമിറങ്ങിയ പത്മാവതിയുടെ ഗോതമ്പ് നിറം മങ്ങിയത് കണ്ട അവളുടെ അച്ഛനും അമ്മയും നെടുവീർപ്പിട്ടു. തണലിലേക്ക് മാറ്റി നിർത്തി, സാരിത്തലപ്പുകൊണ്ടു അമ്മ മകളുടെ വിയർപ്പൊപ്പി. മാസം ഒന്നു കഴിയും മുമ്പ് പത്മാവതിയുടെ അച്ഛൻ രാമൻ പിള്ളക്ക് സർക്കാരുദ്യോഗം തരപ്പെടുത്തിക്കൊടുത്തു. മകളുടെ പേരിൽ ശാസ്തമംഗലത്ത് വീടുവാങ്ങി പെണ്ണിന്റെയും പുതുച്ചെറുക്കന്റെയും പൊറുതി അവിടേക്ക് മാറ്റിച്ചു. കല്യാണത്തിന് മുമ്പ് കിടപ്പുമുറിയിൽ ചങ്ങമ്പുഴയുടെ ഫോട്ടോ ​െവച്ചിരുന്ന തന്റെ മകൾക്ക് കവിയോട് ഭ്രാന്തമായ ആരാധനയാണെന്നറിയാവുന്ന പത്മാവതിയുടെ അച്ഛൻ കവിയുമായി അധികം ബന്ധംവേണ്ടെന്ന് മരുമകനെ ഭംഗ്യന്തരേണ ഉപദേശിച്ചു.

ആദ്യ ശമ്പളം കിട്ടിയ ദിവസം വൈകുന്നേരം രാമൻ പിള്ള ഭാര്യയേയും കൂട്ടി ശ്രീകണ്ഠേശ്വരം അമ്പലത്തിൽ പോയി പ്രാർഥിച്ച്, പോറ്റി ഹോട്ടലിൽനിന്നു നെയ്റോസ്റ്റും ഉഴുന്നുവടയും ചായയും കഴിച്ചിട്ട് കനകക്കുന്നിലെ പുൽത്തകിടിയിൽ കാറ്റുകൊണ്ടിരുന്നപ്പോൾ ഗുപ്തൻ നായർ കടലയും കൊറിച്ച് അവർക്കരികിലേക്കു വന്നു. ഇഗ്നേഷ്യസും ഇടിക്കുളയും പൂനയിലെ മിലിട്ടറി സിവിലിയൻ സർവീസിൽ ജോലിയിൽ ചേർന്നതും പിന്നാലെ പട്ടാളത്തിലെ അക്കൗണ്ടന്റ് ജനറൽസ് ഓഫീസിൽ ചങ്ങമ്പുഴ ജോലിക്ക് ചേർന്നതും രാമൻ പിള്ള അപ്പോഴാണ് അറിഞ്ഞത്.

രാത്രി ഉറക്കംവരാതെ നെടുവീർപ്പോടെ കിടന്ന രാമൻ പിള്ള ചങ്ങമ്പുഴയെക്കുറിച്ചുള്ള ഓർമകൾ ഓരോന്നായി പങ്കു​െവച്ചു. ജോലി കിട്ടിയ വിവരമറിയിച്ചും പുതിയ വീട്ടിലേക്ക് ക്ഷണിച്ചും താനെഴുതിയ കത്തുകൾക്കൊന്നും മറുപടി അയക്കാത്തതിനെക്കുറിച്ച് വേദനയോടെ പരിഭവം പറഞ്ഞു. തന്റെ അച്ഛൻ കവിയെ കണ്ട് അപേക്ഷിച്ചു കാണുമെന്നൂഹിച്ച പത്മാവതി എല്ലാം മൂളി കേട്ടതല്ലാതെ മറുപടിയൊന്നും പറയാതെ അയാളുടെ നെറ്റിയിലും കവിളിലും സ്നേഹത്തോടെ ചുംബിച്ചു. അയാൾ അവളെ ആലിംഗനംചെയ്തു. അവൾ കണ്ണടച്ച് ലയിച്ചപ്പോൾ ഉള്ളിൽ പതിവ് പൊൻവെയിൽ മിന്നിക്കളിച്ചു.

ഭരണിനാളിൽ പത്മാവതിയമ്മക്ക് ഒരാൺകുഞ്ഞു ജനിച്ചു. ചങ്ങമ്പുഴയുടെ നക്ഷത്രത്തിൽ പിറന്ന മകനെ രാമൻ പിള്ള ആഹ്ലാദാതിരേകത്തോടെ രണ്ടു കൈയും നീട്ടി വാങ്ങി നെഞ്ചോടണച്ചു. പത്മാവതിയമ്മ മകന് രമണൻ പിള്ള എന്ന് പേരിട്ടു. പേരക്കുട്ടിക്ക് ദുരന്തനായകന്റെ പേരിട്ടതിൽ പത്മാവതിയമ്മയുടെ അച്ഛന് അമർഷമുണ്ടായെങ്കിലും കുഞ്ഞിന്റെ അച്ഛനും അമ്മയും കുലുങ്ങിയില്ല.

വൈകുന്നേരം ഓഫീസിൽനിന്നിറങ്ങി നേരേ വീടെത്തി കുളിച്ചു കഴിഞ്ഞാൽ, രാമൻ പിള്ള കുഞ്ഞിനെയും മടിയിലിരുത്തി, നിലവിളക്കിന്റെ മുന്നിൽ ചമ്രംപടിഞ്ഞിരുന്ന്, ചങ്ങമ്പുഴക്കവിതകൾ ഈണത്തിൽ ചൊല്ലും. ആ മധുരം നുകർന്ന് മെല്ലെ മെല്ലെ രമണൻ കണ്ണു ചിമ്മും.

 

ആരാധകൻ

1948 ജൂൺ 17 വ്യാഴാഴ്ച ചങ്ങമ്പുഴ കൃഷ്ണപിള്ള അന്തരിച്ചു. ഓഫീസിൽ ​െവച്ച് മരണവാർത്തയറിഞ്ഞ രാമൻ പിള്ള നിലവിളിച്ചുകൊണ്ടു മോഹാലസ്യപ്പെട്ടു വീണു. സഹപ്രവർത്തകർ അദ്ദേഹത്തെ കാളവണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ചു. ഭർത്താവിനെ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്നതു കണ്ട പത്മാവതിയമ്മ കാര്യമറിയാതെ പകച്ചു. ‘‘ചങ്ങമ്പുഴ പോയെടീ’’ എന്നു പറഞ്ഞു രാമൻ പിള്ള ഉറക്കെ നിലവിളിച്ചു. കേട്ടതു വിശ്വസിക്കാനാകാതെ പത്മാവതിയമ്മ നിലത്തു കിടന്നുരുളുകയും വാവിട്ടു കരയുകയുംചെയ്തു. ആ വീട് നിമിഷനേരംകൊണ്ട് മരണവീടു പോലെയായി. അച്ഛനും അമ്മയും കരയുന്നത് കണ്ട് രമണൻ പിള്ളയും വലിയ വായിൽ കരഞ്ഞു. ഇടപ്പള്ളിയിലേക്ക് പോകാനാഗ്രഹിച്ചെങ്കിലും കണ്ണീരും കരച്ചിലുമടക്കാനാകാതെ രാമൻ പിള്ള കട്ടിലിൽ തളർന്നു കിടന്നു. രാത്രി പത്മാവതിയമ്മ കഞ്ഞിയുണ്ടാക്കി ​െവച്ചിട്ട് ഭർത്താവിനെ വിളിച്ചെങ്കിലും അയാൾ എഴുന്നേൽക്കാൻപോലും കൂട്ടാക്കിയില്ല. അടുത്ത ദിവസവും അതിനടുത്ത ദിവസവും ആ കിടപ്പ് തുടർന്നപ്പോൾ പത്മാവതിയമ്മക്ക് ഭയമായി. അവൾ ഭർത്താവിന്റെ അരികിലിരുന്ന് ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

‘‘എത്ര കത്ത് ഞാനെഴുതി... അറിയാതെ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നപേക്ഷിച്ചില്ലേ... മറുപടിയില്ലാതെ വന്നപ്പോഴല്ലേ ഞാൻ എഴുതാതിരുന്നത്. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ... ഞാൻ സ്നേഹിച്ചിട്ടേയുള്ളൂ. എനിക്കെന്ത് വിരോധം...’’ രാമൻ പിള്ള വിങ്ങിപ്പൊട്ടി.

പത്മാവതിയമ്മ ഏങ്ങിക്കരഞ്ഞു.

‘‘എന്തായിരിക്കും ചങ്ങമ്പുഴക്ക് എന്നോടിത്ര ദേഷ്യം?’’ കരച്ചിലടങ്ങിയപ്പോൾ രാമൻ പിള്ള ചോദിച്ചു.

പത്മാവതിയമ്മ മറുപടിയില്ലാതെ നീറി നീറി അരികിലിരുന്നു.

അച്ഛൻ, മകൻ

പൊടിമീശക്കാലത്താണ് രമണൻ സ്കൂളിലെ മത്സരത്തിന് ‘വാഴക്കുല’ ചൊല്ലി സമ്മാനം വാങ്ങിയത്. പൊന്നിന്റെ നിറമുള്ള ജൂബയും കസവുകരയുള്ള മുണ്ടും അണിയിച്ചിട്ട് പത്മാവതിയമ്മ മകനെ ഇമമുറിയാതെ നോക്കി. പെട്ടിക്കുള്ളിൽ സൂക്ഷിച്ചുെവച്ചിരുന്ന ചില്ലില്ലാത്ത ഗാന്ധിക്കണ്ണട കൂടി അവർ മകനെ അണിയിച്ച് ചുംബനവും നൽകിയിട്ടാണ് മത്സരത്തിനയച്ചത്.

ചങ്ങമ്പുഴയാണോ മുന്നിൽ വന്നുനിൽക്കുന്നതെന്ന് സദസ്സിലിരുന്നവർ അതിശയിച്ചു. അമ്മ പഠിപ്പിച്ചുകൊടുത്ത കവിത അക്ഷരസ്ഫുടതയോടെ ഈണത്തിൽ രമണൻ ചൊല്ലിയപ്പോൾ സദസ്സൊന്നടങ്കം ശ്വാസമടക്കിയിരുന്നു. ആലാപനം കഴിഞ്ഞപ്പോൾ ഉയർന്ന ഹർഷാരവവും കയ്യടിയും നിലക്കും മുമ്പ് രമണന് ചങ്ങമ്പുഴയെന്ന വട്ടപ്പേര് വീണു. സമ്മാനവുമായി സ്കൂളിൽനിന്നെത്തിയ രമണൻ വേഷമഴിക്കാതെ അച്ഛൻ വരുന്നതും കാത്തു വാതിൽക്കൽ നിന്നു. അച്ഛൻ അകലെ ​െവച്ചേ മകനെ കണ്ടു. അപരിചിതനെയെന്നോണം അയാൾ മകനെ നോക്കിനിന്നിട്ട് ഒരക്ഷരം മിണ്ടാതെ അകത്തേക്കു പോയി. ചായയും പലഹാരങ്ങളും മേശപ്പുറത്തു കൊണ്ടു​െവച്ച പത്മാവതിയമ്മ, കൂട്ടുകാർ മകനെ ചങ്ങമ്പുഴയെന്നു വിളിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ആസ്വദിച്ചു ചിരിച്ചത് അകത്തെ മുറിയിൽ നിന്ന രാമൻ പിള്ള ഞെട്ടലോടെ കേട്ടു.

വളർന്നുവരുന്തോറും മകന് ചങ്ങമ്പുഴയോടുള്ള രൂപസാദൃശ്യം തെളിഞ്ഞുവരുന്നതു കണ്ട രാമൻ പിള്ളയുടെ അകതാരു വെട്ടി. ചങ്ങമ്പുഴ തന്നിൽനിന്ന് അകന്നുപോയതിന്റെ കാരണത്തെക്കുറിച്ച് അയാൾ അതുവരെ ചിന്തിക്കാത്തത് പലതും മെനഞ്ഞ് അസ്വസ്ഥനായി. സന്ധ്യക്കു മുമ്പ് വീടെത്തിയിരുന്ന രാമൻ പിള്ള പാതിരക്ക് കുടിച്ചു ബോധമില്ലാതെ വന്ന് മുറിയിൽ കയറി കതകടക്കുന്നത് പതിവായി. രമണന്റെ മുഖത്ത് നോക്കാൻപോലും അയാൾ ഭയപ്പെട്ടു. അച്ഛനും മകനും അകന്നു. വീട് മൂകതയിലാണ്ടു. വിളക്കിനു താഴെയിരുന്ന് രമണൻ പഠിക്കുമ്പോൾ പത്മാവതിയമ്മ ജനാലക്കപ്പുറമിരുന്ന് നെടുവീർപ്പോടെ അവനെ ദീർഘമായി നോക്കും. തിളങ്ങുന്ന കണ്ണുകൾ, കപോലം, നെറ്റിത്തടം, ചുണ്ടുകൾ എല്ലാം അതുപോലെ...

 

കാവ്യനർത്തകി

രമണൻ കോളേജിലെ മത്സരത്തിനു ‘ഗുണ്ട’ എന്ന നാടകമെഴുതി നായകവേഷം കെട്ടി. കള്ളു കുടിക്കാൻ പണമില്ലാതെ ചങ്ങമ്പുഴ കൂട്ടുകാരോടൊപ്പം ചേർന്ന് പിടിച്ചുപറിയും തല്ലുകൂടലുമായി നടന്ന കാലമാണ് നാടകമാക്കിയത്. പലരെയും തടഞ്ഞുനിർത്തി പണം തട്ടിപ്പറിക്കുന്നതിനിടയിൽ അച്യുതവാര്യരെന്ന തന്റെ പഴയ അധ്യാപകൻ മുന്നിൽ വന്നുപെടുന്നതും കത്തി കാട്ടി, പണത്തിനായി ഭീഷണിപ്പെടുത്തുന്നതും രമണൻ നിറഞ്ഞാടി. കാവ്യാത്മക സംഭാഷണത്തിന്റെ ചടുലതയും ചലനങ്ങളിലെ പ്രത്യേക താളവും കാണികളിൽ സാക്ഷാൽ ചങ്ങമ്പുഴയുടെ സ്മൃതികളുണർത്തി. അവർ ആവേശത്തോടെ കയ്യടിച്ചു.

പതറാതെ നിന്ന വാര്യരുടെ ചാട്ടുളിപോലത്തെ വാക്കുകൾ കേട്ട് ചങ്ങമ്പുഴ ചൂളുന്നതും ഗുരുവിന്റെ മുന്നിൽ തൊഴുകയ്യോടെ നിന്ന് മാനസാന്തരപ്പെട്ട് വിലപിക്കുന്നതും കണ്ടും കേട്ടും കാണികളുടെ മനം നിറഞ്ഞു. വാര്യരുടെ സ്നേഹകൽപനപ്രകാരം ചങ്ങമ്പുഴ സ്വന്തം കവിത ചൊല്ലുന്നിടത്താണ് നാടകം പൂർത്തിയാകുന്നത്. മെല്ലെ മെല്ലെ തിരശ്ശീല താണു കഴിഞ്ഞിട്ടും കാവ്യാലാപനം അൽപനേരംകൂടി നീണ്ടു. ശ്വാസമടക്കിയിരുന്ന കാണികൾ ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം എഴുന്നേറ്റുനിന്നു കാതടപ്പിക്കുന്ന ഒച്ചയിൽ കയ്യടിച്ചു. രമണന്റെ കാമുകി ജയശ്രീയെ കൂട്ടുകാർ ചന്ദ്രികേ എന്ന് നീട്ടിവിളിച്ചു. അവരിരുവരെയും പിന്നീട് ഒരുമിച്ചു കണ്ടപ്പോഴൊക്കെ ‘‘കാനനഛായയിൽ ആടു മേയ്ക്കാൻ ഞങ്ങളും വരട്ടെയോ നിങ്ങളുടെ കൂടെ’’ എന്ന് കളിയാക്കി സംഘഗാനം പാടി.

മികച്ച നാടകത്തിനും നടനുമുള്ള ട്രോഫിയുമായി വീട്ടിലെത്തിയ രമണൻ ചുവരിൽ മാലയിട്ടു തൂക്കിയിരുന്ന പത്മാവതിയമ്മയുടെ ചിത്രത്തിന് താഴെയത് ​െവച്ചു കണ്ണടച്ച് കൈകൂപ്പി. രാമൻ പിള്ള ആ രംഗം അകത്തെ മുറിയിൽനിന്നു നോക്കി നെടുവീർപ്പിട്ടു. എന്നെങ്കിലുമൊരിക്കൽ എല്ലാം ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും രാമൻ പിള്ളയുടെ ചോദ്യത്തിനു കാത്തുനിൽക്കാതെയാണ് പത്മാവതിയമ്മ യാത്രയായത്.

രമണന് ജനിക്കുന്ന ആൺകുഞ്ഞിന് കൃഷ്ണപിള്ള എന്ന് പേരിടണമെന്ന് മരിക്കുന്നതിന്റെ തലേന്ന് രാത്രി വൈകി ആശുപത്രി കിടക്കയിൽ ​െവച്ച് പത്മാവതിയമ്മ മകനോട് ക്ഷീണിച്ച ശബ്ദത്തിൽ അപേക്ഷിച്ചു.

‘‘നേരമാകുന്നു, നേരമാകുന്നു,

നീയെവിടെ, യെൻ സ്വപ്നമേ*’’ പത്മാവതിയമ്മ കണ്ണടച്ചു മന്ത്രിച്ചു. ഉള്ളിൽ പൊൻവെയിൽ ഉദിച്ചു. അരികിലിരുന്ന രമണൻ കണ്ണീരോടെ അമ്മയുടെ നെറ്റിയിൽ തലോടി.

‘‘മോനേ...’’ പത്മാവതിയമ്മ മുറിഞ്ഞ സ്വരത്തിൽ നീട്ടിവിളിച്ചു.

അമ്മയുടെ ഇംഗിതമറിഞ്ഞ മകൻ കവിത ചൊല്ലിക്കരഞ്ഞു.

‘‘മുനിമാരും നുകരാത്ത സുഖചക്രവാളം

പുണരുന്നു പുളകിതം മമ ജീവനാളം’’*

കവിതയുടെ അവസാന വരികൾ ശ്വസിച്ചപ്പോൾ പത്മാവതിയമ്മയുടെ മുഖത്ത് പുഞ്ചിരി ഉദിച്ചു. വേദനകൾ കൂടുവിട്ട് വാനിലേക്കുയർന്നു. കണ്ണുകളിൽ ആനന്ദജലം പിറന്നു.

ചിതയിലേക്കെടുത്തപ്പോഴും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. മരങ്ങൾക്കിടയിലൂടെ ചാഞ്ഞുവീണ മഞ്ഞവെയിൽ ചിതക്ക് ചുറ്റും നൃത്തംചെയ്തു.

പ്രതിബിംബം

സാഹിത്യം ഐച്ഛികവിഷയമായെടുത്ത് എം.എക്ക് പഠിക്കുമ്പോഴാണ് പേരു മാറ്റണമെന്ന് കൃഷ്ണപിള്ള ഉറപ്പിച്ചത്. അടുത്ത കൂട്ടുകാർ അതിനകം കെ.പി എന്നതിനെ പരിഷ്കരിച്ചിരുന്നു. ക്രിഷ് എന്നാണ് കൂട്ടുകാരി വിഷു ജോർജ് അവനെ വിളിച്ചത്. രമണൻ പിള്ള നെടുവീർപ്പോടെ അമ്മയുടെയും അച്ഛന്റെയും മാലയിട്ട ചിത്രത്തിനു മുന്നിൽ കുറേ നേരം നോക്കിനിന്നതല്ലാതെ മകന്റെ ഇഷ്ടങ്ങൾക്ക് എതിര് പറഞ്ഞില്ല. അച്ഛന്റെ തനിപ്പകർപ്പായ കൃഷ്ണപിള്ള തന്റെ ഇടത്തേ കഴുത്തിലുള്ള അരിമ്പാറ ലേസർ ചികിത്സയിലൂടെ കരിച്ചുകളഞ്ഞതും വിട്ടുമാറാത്ത അകാരണ വിഷാദത്തിന് പരിഹാരം തേടി സൈക്കോളജിസ്റ്റിനെ കണ്ടതും വിഷുവിന്റെ നിർബന്ധപ്രകാരമായിരുന്നു.

മലയാളത്തിൽ തലയെടുത്തു വരുന്ന യുവകവിക്ക് മൂടിക്കെട്ടിയ മുഖവും അറുപഴഞ്ചൻ പേരും വൃത്തികെട്ട അരിമ്പാറയും വേണ്ടെന്ന അവളുടെ അഭിപ്രായത്തോട് അവനും യോജിച്ചു. കോളേജ് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ‘പിതാവിനും പുത്രനും’ എന്ന ക്രിഷിന്റെ കവിത സോഷ്യൽ മീഡിയയിൽ കാട്ടുതീപോലെ പടർന്നു. ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത് പോസ്റ്റ് ചെയ്തപ്പോൾ കൊടുംകാറ്റായി അത് രൂപാന്തരപ്പെട്ടു. മകന്റെ കവിതയുടെ പൊരുൾ തേടി നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന രമണൻ പിള്ള പ്രതിബിംബത്തെ അഭിമുഖീകരിക്കാനാകാതെ മുഖം താഴ്ത്തി. രൂപത്തിനും പ്രതിരൂപത്തിനും നിഴലിനും മീതേ ചില്ലു കഷണങ്ങളായി മഞ്ഞവെയിൽ ചിതറിവീണു.

========

* ഒരു വിവാഹമംഗളാശംസ (ചങ്ങമ്പുഴ)

* ആരാധകൻ (ചങ്ങമ്പുഴ)

* കാവ്യനർത്തകി (ചങ്ങമ്പുഴ)

Tags:    
News Summary - weekly literture story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT