വ്യക്തിത്വമുള്ള ഒരു മൃഗവൈദ്യൻ

അടുത്ത പ്രഭാതത്തിൽ ആ കൂട്ടിക്കൊടുപ്പുകാരൻ എന്നെ കാണാൻ വന്നു. അയാൾ പറയുമ്പോഴാണ് ഞാൻ ഒരു ജയിലിനുള്ളിലാണെന്ന് അറിയുന്നതുതന്നെ. അത് സാരമില്ല. ഈ മാറ്റം എന്നെ സംബന്ധിച്ച് എ​ന്റെ ജീവിതത്തിൽ ഒരു വ്യത്യാസവും വരുത്തുന്നില്ല. നന്നായി ഉറങ്ങിയോ എന്ന് അയാൾ ചോദിച്ചു. സത്യത്തിൽ ആ ചോദ്യം അനാവശ്യമായിരുന്നു. ഒരാൾ നന്നായി ഉറങ്ങിയോ എന്നത് മറ്റൊരാളുടെ പ്രശ്നമല്ല. മാത്രവുമല്ല ഇത്തരം അന്വേഷണങ്ങളോടെയല്ല ഒരതിഥിയും ത​ന്റെ സംഭാഷണം തുടങ്ങേണ്ടത്. ചിലർക്ക് സ്വന്തം ഇടം മാറിക്കിടന്നാൽ ഉറക്കം വരാറില്ലത്രേ. അതൊക്കെ എത്ര ബാലിശമായ ശാഠ്യങ്ങളാണ്. അയാളുടെ മുഖത്ത് കരുതിവെച്ച ഒരു വിഷാദഭാവമുണ്ടായിരുന്നു. അതും...

അടുത്ത പ്രഭാതത്തിൽ ആ കൂട്ടിക്കൊടുപ്പുകാരൻ എന്നെ കാണാൻ വന്നു. അയാൾ പറയുമ്പോഴാണ് ഞാൻ ഒരു ജയിലിനുള്ളിലാണെന്ന് അറിയുന്നതുതന്നെ. അത് സാരമില്ല. ഈ മാറ്റം എന്നെ സംബന്ധിച്ച് എ​ന്റെ ജീവിതത്തിൽ ഒരു വ്യത്യാസവും വരുത്തുന്നില്ല. നന്നായി ഉറങ്ങിയോ എന്ന് അയാൾ ചോദിച്ചു. സത്യത്തിൽ ആ ചോദ്യം അനാവശ്യമായിരുന്നു. ഒരാൾ നന്നായി ഉറങ്ങിയോ എന്നത് മറ്റൊരാളുടെ പ്രശ്നമല്ല. മാത്രവുമല്ല ഇത്തരം അന്വേഷണങ്ങളോടെയല്ല ഒരതിഥിയും ത​ന്റെ സംഭാഷണം തുടങ്ങേണ്ടത്. ചിലർക്ക് സ്വന്തം ഇടം മാറിക്കിടന്നാൽ ഉറക്കം വരാറില്ലത്രേ. അതൊക്കെ എത്ര ബാലിശമായ ശാഠ്യങ്ങളാണ്.

അയാളുടെ മുഖത്ത് കരുതിവെച്ച ഒരു വിഷാദഭാവമുണ്ടായിരുന്നു. അതും എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നാൽ, ഇനിമുതൽ എനിക്ക് പുറത്തേക്ക് സഞ്ചരിക്കാനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ സാധിക്കില്ല എന്ന് അയാൾ പറഞ്ഞു. അപ്രകാരം എ​ന്റെ സ്വാതന്ത്ര്യം എന്നിൽനിന്നും കവർച്ച ചെയ്യപ്പെട്ടിരിക്കുന്നു എന്നും അയാൾ പറഞ്ഞു. സുഹൃത്തെ... കവർച്ച ചെയ്യപ്പെടാവുന്ന ഒരു സാധനമല്ല സ്വാതന്ത്ര്യം. അത് ഒരു പട്ടുകിഴിയിൽ കെട്ടി ഞാനെ​ന്റെ കീശയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നില്ല.

സ്വാതന്ത്ര്യം എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതോ ഇഷ്ടഭക്ഷണം കഴിക്കുന്നതോ യഥേഷ്ടം സഞ്ചരിക്കുന്നതോ അല്ല. അത് വെളിച്ചം കടക്കാത്ത ഇടുങ്ങിയ ഒരു മുറിയിൽ കാലുകൾക്കിടയിൽ തലതിരുകി ഇരിക്കുന്നതാണ്. ഇനിയുമെപ്പോഴാണ് താങ്കൾ ഇതൊക്കെ മനസ്സിലാക്കുക. ഞാനയാളുമായുള്ള സൗഹൃദം അപ്പോൾതന്നെ ഉപേക്ഷിച്ചു. എന്നെ തെറ്റായ വഴിയിലേക്ക് നയിക്കാനാണ് ഇയാൾ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നിരിക്കുന്നത് എന്നുപോലും എനിക്ക് തോന്നി.

പുറത്ത് ആ പൂന്തോട്ടത്തിൽ വെറുതെ എന്ന ഭാവേന കറങ്ങിനടക്കുകയായിരുന്ന കാവൽക്കാരനെ വിളിച്ച് ഞാനാ കൂട്ടിക്കൊടുപ്പുകാരനെ ഉടൻതന്നെ പുറത്താക്കാൻ പറഞ്ഞു. അപ്രകാരം ഒരു നിർദേശത്തിന് കാത്തിരുന്നതുപോലെ അയാൾ ഉത്സാഹപൂർവം അത് നിർവഹിക്കുകയുംചെയ്തു. വലിച്ചിഴച്ചാണ് കാവൽക്കാരൻ ആ കൂട്ടിക്കൊടുപ്പുകാരനെ പുറത്താക്കിയത്. ഞാനുച്ചത്തിൽ ചിരിച്ചു. അവ​ന്റെ സ്വാതന്ത്ര്യം ദാ... ആ ഇടനാഴിയിലൂടെ വലിഞ്ഞിഴഞ്ഞ് പോകുന്നു.

വിധിദിനത്തിനു മുമ്പ് രണ്ട് അതിഥികളേക്കൂടി കാണാൻ അവസരമുണ്ടെന്ന് ഉച്ചക്ക് ഭക്ഷണം വിളമ്പാൻ വന്നയാൾ പറഞ്ഞു. ഒന്നുകിൽ അവരെ എനിക്കുതന്നെ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ആരെങ്കിലും അപേക്ഷിക്കണം. കൂട്ടിക്കൊടുപ്പുകാരൻ അപ്രകാരം അപേക്ഷ സമർപ്പിച്ചാണ് എന്നെ കാണാനെത്തിയത് എന്നും അയാൾ പറഞ്ഞു. എപ്രകാരമാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് ഞാനയാളോട് ആരാഞ്ഞു. അതിനായി പ്രത്യേകം ഒരു അപേക്ഷാ ഫോറമുണ്ട​േത്ര. എല്ലാ നഗരസഭാ കാര്യാലയങ്ങളിലും പൊതു ശൗചാലയങ്ങളിലും സർക്കാർ അത് ലഭ്യമാക്കിയിട്ടുണ്ടെന്നും അയാൾ പറഞ്ഞു. അതിൽ അപേക്ഷക​ന്റെ പേര്, വിലാസം, ദേശീയ തിരിച്ചറിയൽ കാർഡി​ന്റെ നമ്പർ, പ്രതിയുമായുള്ള ബന്ധം, കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്നിവ എഴുതിച്ചേർക്കണം.

എന്നെ സന്ദർശിക്കുന്നതിനായി അപ്രകാരമൊക്കെയുള്ള പ്രതിസന്ധികളെ ഒരാൾ സ്വമേധയാ തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ആയതിനാൽ ഇനിയൊരാൾ വരില്ലെന്നും ഞാനാ വിളമ്പുകാരനോടു പറഞ്ഞു. ഇനി ഒരുപക്ഷേ പേരും മേൽവിലാസവും എഴുതാൻ ഒരാൾ മിനക്കെട്ടു എന്നുതന്നെ കരുതുക. പ്രതിയുമായുള്ള ബന്ധം അയാൾ എപ്രകാരമാണ് വിശദീകരിക്കാൻ പോകുന്നത്. ഈ ലോകത്ത് ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കള്ളിയിൽ ഒതുങ്ങുന്നതാണോ. എന്നാൽ, ഒറ്റവാക്കിൽ വിശദീകരിക്കാവുന്ന മഹത്തായ ഒരു ബന്ധമുണ്ട്. അപരിചിതത്വം. ഈ ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഏറ്റവും മഹത്തായ കണ്ണിയാണത്. എന്നാൽ ആ സത്യം പറയുന്ന ആരെങ്കിലുമൊരാൾ ഉണ്ടാകുമോ?

അങ്ങനെയൊരാളെ ഇവിടേക്ക് പ്രവേശിപ്പിക്കുമോ? അപരിചിതനായ ഒരാൾക്ക് താനുമായുള്ള കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം യുക്തിഭദ്രമായി കാര്യാലയത്തിനു മുമ്പാകെ വ്യക്തമാക്കാനാകുമോ? കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അപേക്ഷാ ഫോറത്തിലെ അവസാന കോളം അയാൾക്ക് പൂർത്തിയാക്കാൻ കഴിയാതെ വരും. ഒരു ഗുമസ്തൻ അത് ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് വലിച്ചെറിയും. ആ സൗഭാഗ്യത്തിൽ ആനന്ദിച്ച് അന്നു രാത്രിയിൽ ആ ഗുമസ്തൻ അയാളുടെ പ്രിയതമയെ ചുംബിക്കാനൊരുങ്ങും. പൂർത്തീകരിക്കപ്പെടാത്ത ഒരു രതിസംയോഗത്തിൽ ആയാസപ്പെട്ട് അവൾ അയാളെ ഗളഹസ്തംചെയ്യും.

അതുപോകട്ടെ, എനിക്കുതന്നെ എന്നെ കാണുന്നതിലേക്കായി ഒരപേക്ഷ സമർപ്പിക്കാനാകുമോ എന്നു ഞാൻ ചോദിച്ചു. നിശ്ചയമായും ഈ ലോകത്തെ ഏറ്റവും സൗമ്യമായ ചോദ്യങ്ങളിലൊന്നാണത്. ഏറ്റവും ചുരുങ്ങിയ ഒരാവശ്യംപോലുമാണത്. എന്തെന്നാൽ തന്നേത്തന്നെ കാണുന്നതിലേക്കായി ഒരാൾ സമർപ്പിക്കുന്ന അപേക്ഷ ഒരു ഗുമസ്തന് അതിവേഗത്തിൽ പ്രോസസ് ചെയ്യാവുന്നതേയുള്ളൂ. ഒന്നാമതായി പ്രേക്ഷിത​ന്റെയും സ്വീകർത്താവിന്റെയും പേരും വിലാസവും തിരിച്ചറിയൽ കാർഡി​ന്റെ നമ്പറും ഒന്നുതന്നെയായിരിക്കും.

പ്രതിയുമായുള്ള ബന്ധം ഇവിടെ ചോദ്യംചെയ്യപ്പെടുകയേയില്ല. കാരണം, അപരിചിതത്വം എന്ന ഒറ്റവാക്ക് ഏറ്റവും യുക്തിഭദ്രമായിരിക്കുന്ന സന്ദർഭം ഇതല്ലാതെ മറ്റെന്താണ്. അടുത്ത കോളത്തിൽ ഒന്നു പരിചയപ്പെടുന്നതിലേക്ക് എന്നുകൂടി എഴുതിയാൽ പ്രശ്നം തീർന്നു. നമ്മെ അനായാസം അയാൾ കടത്തിവിടുകയോ ഒരു സമയം നിശ്ചയിച്ച് അതിനാവശ്യമായ ശീട്ട് എഴുതിനൽകുകയോ ചെയ്യും. എന്നാൽ, എ​ന്റെ കാര്യത്തിൽ അത് സാധ്യമല്ല എന്ന് വിളമ്പുകാരൻ പറഞ്ഞു. ദൗർഭാഗ്യകരം എന്നുതന്നെ പറയട്ടെ എന്നെ ഈ സെല്ലിലേക്ക് കൊണ്ടുവന്ന ദിവസംതന്നെ എ​ന്റെ തിരിച്ചറിയൽ കാർഡ് അസാധുവായിരിക്കുന്നു.

ഏറ്റവും അത്യന്താപേക്ഷിതമായ ഒരു പ്രമാണം റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഖേദത്തോടെയാണ് ആ വിളമ്പുകാരൻ അത് പറഞ്ഞത്. എന്നാൽ, ഞാനോ സന്തോഷാധിക്യത്താൽ ഉന്മത്തനാവുകയാണ് ചെയ്തത്. ഇനിയൊരിക്കലും ആർക്കും എന്നെ തിരിച്ചറിയാൻ കഴിയില്ല. അതാണ് ഒരുവന് നേടാവുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം. യഥാർഥത്തിൽ ഇപ്പോഴാണ് ഞാൻ പൂർണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ആ കൂട്ടിക്കൊടുപ്പുകാരന് ഇതുവല്ലതും മനസ്സിലാകുമോ. അയാൾ ഇഷ്ടമുള്ള വസ്ത്രങ്ങളും അണിഞ്ഞ് ഇഷ്ടമുള്ള ഭക്ഷണവും കഴിച്ച് ഇഷ്ടമുള്ളിടത്തെല്ലാം ചുറ്റിനടക്കുകയാണ്.

എന്നാൽ, അയാളെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. അനുനിമിഷം അയാൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൊ... എത്രമാത്രം ആഴമുള്ള അസ്വതന്ത്രതയാണത്. അജ്ഞാതനായി ജീവിക്കുന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് തിരിച്ചറിയാതെ അവ​ന്റെ ജഡം ഒരിക്കൽ ചിതയിലേക്കെടുക്കും. കഷ്ടം.

അതെന്തുമാകട്ടെ, മരണമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് ചില തത്ത്വചിന്തകരെങ്കിലും പറഞ്ഞിട്ടുണ്ടല്ലോ. ഒരാൾ മരിക്കുന്നത് അയാളുടെ മാത്രം ഉത്തരവാദിത്തമാണ്. സമ്മതിച്ചു. എന്നാൽ സുഹൃത്തെ... ഉത്തരവാദിത്തം എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അസ്വാതന്ത്ര്യം. അപ്പോൾ നിങ്ങളുടെ മരണം എങ്ങനെയാണ് നിങ്ങളുടെ സ്വാതന്ത്ര്യമാകുന്നത്. ഇതെല്ലാം ചിലർ ചിന്തിച്ചുകൂട്ടി നമ്മെ വഴിതെറ്റിക്കുന്നതാണ്. ഈ ലോകത്ത് ആദ്യം നിരോധിക്കപ്പെടേണ്ടത് തത്ത്വചിന്തകളാണ് (എ​ന്റെ അപ്പൻ ഒരു തത്ത്വചിന്തകനായിരുന്നു.

ഭൂരിഭാഗം സമയങ്ങളിലും മുറ്റത്തെ മാഞ്ചോട്ടിൽ അയാൾ ചിന്തിച്ചുകൊണ്ടിരുന്നു. മനുഷ്യന്റെ ആകുലതകളുടെയെല്ലാം അടിസ്ഥാന കാരണം ഗണിതമാണ് എന്നതായിരുന്നു അദ്ദേഹത്തി​ന്റെ തീസിസ്). എ​ന്റെ കാര്യംതന്നെ നോക്കൂ. എ​ന്റെ മരണം എന്നത് ഇപ്പോൾ ന്യായാലയത്തി​ന്റെ ഉത്തരവാദിത്തമായിരിക്കുന്നു. അതോടെ, ഞാൻ സ്വതന്ത്രനായിരിക്കുന്നു. എന്നെ മരണത്തിലേക്ക് വഴിനയിക്കാൻ ഒരു സംഘംതന്നെ അപ്പുറത്ത് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർ രാവിലെയും വൈകുന്നേരവും എ​ന്റെ സെല്ലിന് മുന്നിലൂടെ മാർച്ച് ചെയ്ത് പോകുന്നു. ചിലപ്പോൾ ഉള്ളിൽ വന്ന് എ​ന്റെ നാഡീമിടിപ്പ്, ശ്വാസഗതി, ശരീരത്തി​ന്റെ തൂക്കം എന്നിവ പരിശോധിക്കുന്നു. ഞാൻ ചുമ്മാതങ്ങ് നിന്നുകൊടുത്താൽ മതി.

മരണം അവർ നടപ്പാക്കിക്കൊള്ളും. അതി​ന്റെ പൂർണമായ ഉത്തരവാദിത്തം അവർക്കാണ്. അതിനുശേഷം ഒരു റിപ്പോർട്ട് തയാറാക്കി ന്യായാലയത്തിന് മുമ്പാകെ സമർപ്പിക്കുകയും വേണം. ആ റിപ്പോർട്ട് ബോധ്യപ്പെട്ട് യഥാസമയം ന്യായാലയം അത് വിവിധ കാര്യാലയങ്ങൾക്ക് കൈമാറുകയും പിന്നീട് എവിടെയും എന്നെ കാണുന്നില്ല എന്ന് നിരന്തരം ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയും വേണം. അതിനായി പലവിധ സേനകൾ എന്നെ തിരഞ്ഞ് റോന്തു ചുറ്റിക്കൊണ്ടിരിക്കണം.

ചുരുക്കത്തിൽ എ​ന്റെ മരണം മറ്റെല്ലാവരേയും അസ്വതന്ത്രരാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മരണശേഷം എന്നെ ഒരാൾ ആ കടൽക്കരയിൽ വെച്ച് കണ്ടതായി മറ്റൊരാളോട് പറഞ്ഞു എന്നിരിക്കട്ടെ. ഈ സംവിധാനങ്ങളെല്ലാം അപ്പാടെ തകർന്നുപോകും. കാരണം ഒരിക്കൽകൂടി എന്നെ കണ്ടെത്താനായില്ല എന്നുറപ്പു വരുത്തുംവരെ എ​ന്റെ അഭാവത്തെ സ്ഥിരീകരിക്കാൻ അവർക്കു മുന്നിൽ ഒരു മാർഗവുമില്ല തന്നെ.

ഉറങ്ങിക്കോളൂ... രാവിലേ എഴുന്നേൽക്കേണ്ടതാണ്... ആ കാവൽക്കാരൻ പറഞ്ഞു. സത്യത്തിൽ എന്ത് തമാശയാണിത്. നാം ഉറങ്ങുന്നതുപോലും ഉറങ്ങാനല്ല, രാവിലെ എഴുന്നേൽക്കാനാണ്. ഹേ കാവൽക്കാരാ... താങ്കൾ ഉറങ്ങിക്കോളൂ... രാവിലെ തന്നെ എഴുന്നേൽക്കണം എന്ന ആധിയോടെ. ഞാനിവിടെ ഈ രാത്രി എ​ന്റെ സ്വാതന്ത്ര്യത്തെ ആഘോഷിക്കാൻ പോവുകയാണ്.

പുറത്ത് ഒരു പെൺകുട്ടി എന്നെ കാണാൻ വന്നു നിൽക്കുന്നതായി അടുത്ത ദിവസം രാവിലെ ആ കാവൽക്കാരൻ അറിയിച്ചു. പെൺകുട്ടി! ഞാൻ ആ കൂടിക്കാഴ്ചക്ക് സമ്മതം നൽകി. എന്നാൽ ഒരുപാധിയോടെ. അവൾ വരുമ്പോൾ ആ അപേക്ഷാ പത്രവും കൂടെക്കൊണ്ടുവരണം. എനിക്കത് ഒന്ന് വായിച്ചു നോക്കണം. കാവൽക്കാരൻ അത് ഉറപ്പുചെയ്തു. മെലിഞ്ഞ് നല്ല പൊക്കമുള്ള ഒരു പെൺകുട്ടിയുമായി അയാൾ മടങ്ങിയെത്തി. എന്നിട്ട് ആദ്യം ആ അപേക്ഷാപത്രം എനിക്ക് കൈമാറി.

“പേര് - മരിയാ തെരേസാ...’’

“അതെ’’, അവൾ പറഞ്ഞു.

“വിലാസം – ഹൗസ് നമ്പർ 36, നോർത്ത് അവന്യൂ.’’

“അതെ.’’

“പ്രതിയുമായുള്ള ബന്ധം – അപരിചിത...’’

“അതെ.’’

“കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം – മനശ്ശാസ്ത്ര പഠനം...’’

“അതെ.’’

“നമുക്ക് തുടങ്ങാം. ഇന്നലെ രാത്രി എ​ന്റെ ഉറക്കം നന്നായിരുന്നു.” ഞാൻ പറഞ്ഞു.

ആ തുടക്കത്തിൽ അവൾ പ്രത്യേകിച്ച് ആശ്ചര്യമൊന്നും പ്രകടിപ്പിച്ചില്ല. ഹാൻഡ് ബാഗിൽ കരുതിയിരുന്ന നോട്ട് ബുക്കും ഒരു പെൻസിലും പുറത്തെടുത്തു. എന്നിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് ഒരു പരിചയപ്പെടലി​ന്റെ തുടക്കമായി മാത്രം കണ്ടാൽ മതി.

‘‘മിസ്റ്റർ ഇമ്മാനുവേൽ... എന്നോട് സഹകരിക്കാൻ താങ്കൾ കാണിക്കുന്ന ഈ സന്മനസ്സിന് ആദ്യംതന്നെ നന്ദി അറിയിക്കട്ടെ. താങ്കൾ പഠിച്ചത് മൃഗവൈദ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.”

“ശരിയാണ്.’’

“എന്നാൽ നിങ്ങൾ തൊഴിലെടുത്തത് ഒരു കൊറിയർ കമ്പനിയിലെ സ്റ്റോക്ക് എൻറോളറായിട്ടാണ്.”

“അതെ.’’

“അതിൽ വലിയൊരു പൊരുത്തക്കേടുണ്ടല്ലോ. എന്തുകൊണ്ടാണ് നിങ്ങൾ ഒരു മൃഗവൈദ്യനായി പ്രാക്ടീസ് ചെയ്യാതിരുന്നത്?”

“എന്തുകൊണ്ടാണത്. നിങ്ങൾക്ക് എന്ത് തോന്നുന്നു.”

“നമുക്കിടയിലെ ഈ സംഭാഷണത്തിൽ ഉത്തരം പറയുക എന്നത് നിങ്ങളുടെ മാത്രം ചുമതലയും ചോദ്യങ്ങൾ ചോദിക്കുക എന്നത് എ​ന്റെ കർത്തവ്യവുമാകുന്നു.”

“ശരി. മൃഗവൈദ്യം യഥാർഥത്തിൽ എ​ന്റെ ചോയ്സായിരുന്നില്ല. എന്നാൽ, ആ വിഷയത്തോട് പ്രത്യേകിച്ച് വിപ്രതിപത്തിയൊന്നും എനിക്കുണ്ടായിരുന്നില്ല. തന്നെയുമല്ല പോകപ്പോകെ ആ വിഷയം എനിക്ക് ഏറെ പ്രിയപ്പെട്ടതായിത്തീരുകയും ചെയ്തു. പ്രധാനമായും ശസ്ത്രക്രിയകൾ പരിശീലിക്കുന്നതിലായിരുന്നു ഞാൻ ഏറെ സന്തോഷം കണ്ടെത്തിയിരുന്നത്. ഒന്നു പറയട്ടെ, നമ്മൾ വൈദഗ്ധ്യം നേടിയ ഒരു തൊഴിൽതന്നെ പ്രാക്ടീസ് ചെയ്യണമെന്നില്ല. താങ്കളിപ്പോൾ മനശ്ശാസ്ത്രമാണ് പഠിക്കുന്നത്. എന്നാൽ ഭാവികാലത്തിൽ താങ്കൾ ഒരു ഉരുക്കുനിർമാണശാലയിലെ ഗ്രൈൻഡിങ് ഡിപ്പാർട്മെന്റിൽ താഴേക്കിട ജീവനക്കാരിയായി ചുമതലയേൽക്കുമെന്ന് എനിക്കുറപ്പാണ്.”

“അതെന്തുമാകട്ടെ, മൃഗവൈദ്യ പരിശീലനം നടക്കുന്ന ഒരു ലാബി​ന്റെ സ്വഭാവം എങ്ങനെയാണ്. എനിക്ക് അപരിചിതമായ ഒരിടമാണത്.”

 

“ചില്ലുകളിട്ട ഒരുപാട് അലമാരകളുള്ള പലപ്പോഴും ഇടുങ്ങിയ ഒരിടമായിരിക്കും അത്. സുതാര്യമായ ഒരുപാട് ഭരണികളിലായി പ്രത്യേകതരം ലായനികളിൽ ധാരാളം ചെറിയ ജന്തുക്കളെ സൂക്ഷിക്കുന്ന ഒരിടം. അവിടെ പ്രവർത്തിക്കുന്നവർക്കും ഏറക്കുറെ ഭരണിക്കുള്ളിലെ ലായനിയിൽപെട്ട ഒരു ജീവിയുടെ അതേ മാനസികാവസ്ഥതന്നെയായിരിക്കും. പ്രധാനമായും പലതരം തവളകൾ, വലുപ്പച്ചെറുപ്പമുള്ള പല്ലികൾ, പറക്കാനാവാത്ത പാറ്റകൾ എന്നിങ്ങനെ സാമാന്യമായി നമുക്ക് പിടിതരുന്ന ദുർബലരായ ചില ജീവികളായിരിക്കും ഈ ഭരണികളിൽ.”

“എനിക്ക് ഏറക്കുറെ അങ്ങനെയൊരിടം ഇപ്പോൾ സങ്കൽപിക്കാനാകുന്നുണ്ട്.”

“നല്ലത്. വേണമെങ്കിൽ കൂടുതൽ വിശദാംശങ്ങളിലൂടെ ഒരുപക്ഷേ എനിക്ക് നിങ്ങളെ അവയുടെ മാനസികാവസ്ഥയിലേക്ക് എത്തിക്കാനാകും.”

“വേണമെന്നില്ല. എന്നാൽ പാമ്പുകളോടൊന്നിച്ച് ജീവിക്കാൻ നിങ്ങൾക്ക് പ്രേരണയായത് ആ മാനസികാവസ്ഥയായിരിക്കണം.”

“അങ്ങനെയില്ല. വളരെ വേഗത്തിൽ ഒരാൾക്ക് എത്തിച്ചേരാവുന്ന ഒരു കേവല നിഗമനം മാത്രമാണത്. മനശ്ശാസ്ത്രം പരാജയപ്പെടുന്നത് ഇതുകൊണ്ടൊക്കെയാണ്. തീർത്തും സാഹചര്യപരമായ കാരണങ്ങളിലേക്ക് ഒരാളുടെ മനോനിലയെ നിങ്ങൾ ചുരുക്കിക്കളയുന്നു.”

“ഉദാഹരണത്തിന്..?”

“ഉദാഹരണത്തിന് വിശപ്പാണ് ഭക്ഷണം മോഷ്ടിക്കാനുള്ള കാരണം എന്ന് ചിലപ്പോൾ നാം സാമാന്യമായി പറയാറുണ്ട്. അതൊരു പ്രേരണ തന്നെയാണ് എന്നതിൽ സംശയമില്ല. എന്നാൽ എപ്പോഴും അത് മാത്രമാകാം കാരണം എന്നുമില്ല. ഒരു കേക്കി​ന്റെ നിറം, അതി​ന്റെ ആകൃതി, ചിലപ്പോൾ അതി​ന്റെ ഗന്ധം എന്നിവയും ഒരാളെ സംബന്ധിച്ച് വിശപ്പുകൂടാതെയും ആ കേക്ക് മോഷ്ടിക്കാനുള്ള പ്രേരണയാകാം. ഒരുപക്ഷേ കേക്ക് തയാർ ചെയ്തുവെച്ചിരിക്കുന്ന ചിത്രപ്പണികളുള്ള ആ താമ്പാളംപോലും ഒരു പ്രേരണയാകാം. മോഷണമല്ല അതൊരു സൗന്ദര്യാസ്വാദനമാണ്.”

“അത് ശരിയാണ്.’’

‘‘സ്നേഹിതേ... പ്രാകൃതമെന്ന് തോന്നാവുന്ന രണ്ട് മാനസികാവസ്ഥകൾ എല്ലാ മനുഷ്യർക്കുമുണ്ട്. ഒന്ന്, മൃഗങ്ങളെ കീഴ്പ്പെടുത്താനുള്ള ത്വര. രണ്ട്, അവയുമായി സഹവസിക്കാനുള്ള അഭിവാഞ്ഛ. ഒരുവൻ മറ്റൊരുവനെ കീഴ്പ്പെടുത്തുന്നത് മൃഗീയമായ മാനസികാവസ്ഥയാണ്. നമ്മൾ മൽപ്പിടിത്തക്കാരാണ്. അത് സ്വാഭാവികമാണ്. എന്നാൽ, വിവിധയിനം നാൽക്കാലികൾ, പലയിനം പക്ഷികൾ എന്നിവയൊക്കെയുമായി നാം സഹവസിക്കുന്നുമുണ്ടല്ലോ. പാമ്പുകളുമായുള്ള എ​ന്റെ സഹവാസത്തെ അപ്രകാരം നിരീക്ഷിച്ചാൽ മതി.”

“എപ്പോഴെങ്കിലും അവ നിങ്ങളെ ഉപദ്രവിച്ചിട്ടുണ്ടോ? താങ്കൾക്ക് പാമ്പ് കടിയേറ്റിട്ടുണ്ടോ?”

“ഇല്ല. പാമ്പുകൾ കടിക്കുകയല്ല. അവ ദംശിക്കുകയാണ്. സർപ്പദംശനം.”

“എന്തുകൊണ്ടാണ് താങ്കൾ ഒരു കൊറിയർ കമ്പനിയിലേക്കുള്ള ജോലി തിരഞ്ഞെടുത്തത്?”

“അവിടെ പാമ്പുകളുണ്ടാകുമെന്ന് കരുതി. ധാരാളം തപാലുരുപ്പടികൾ നിറച്ചുവെച്ചിരിക്കുന്ന ഒരു സ്റ്റോക്ക് റൂമായിരിക്കുമല്ലോ എല്ലാ കൊറിയർ കമ്പനികളിലുമുണ്ടാവുക. അതിനുള്ളിൽ പാമ്പുകൾ ധാരാളമായി കാണാനുള്ള സാധ്യത നമുക്ക് തള്ളിക്കളഞ്ഞുകൂടാ. അടിസ്ഥാനപരമായി ഞാനൊരു പാമ്പ് പിടിത്തക്കാരനാണ്. മൃഗവൈദ്യം അറിയാം എന്നത് എന്നെ സംബന്ധിച്ച വിവരണത്തിലെ ഒരു ടിപ്പണി മാത്രമാണ്. എന്നാലതുകൊണ്ട് എനിക്കവയെ നന്നായി പരിപാലിക്കാനാകുമായിരുന്നു. പക്ഷേ ആ പൊലീസ് ഓഫീസർക്ക് അത് മനസ്സിലായില്ല. സാരമില്ല.”

“മൃഗങ്ങളെ എന്നപോലെ മനുഷ്യരേയും ശസ്ത്രക്രിയ ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ?”

“ഇല്ല. എന്നാൽ ചില മനുഷ്യരിൽ കണ്ടുവരാറുള്ള പഴുത്ത് വികൃതമായ വ്രണങ്ങളെ നീക്കംചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. അതിന് പാകത്തിലുള്ള ചെറിയ കത്തികളും കൊടിലുകളും ഞാനെപ്പോഴും കയ്യിൽ കരുതിയിരുന്നു. സ്നേഹിതേ... ആ ന്യായാധിപൻ എന്നെ ഒരു കൊലപാതകിയായി പ്രഖ്യാപിച്ചത് ഈ രണ്ട് തെളിവുകളുടെ മാത്രം ബലത്തിലായിരുന്നു. പക്ഷേ ഞാൻ എല്ലാവരുടേയും മുറിവുണക്കുകയായിരുന്നു.”

“നിങ്ങൾ ഒരപഥസഞ്ചാരിയായിരുന്നോ?”

“എ​ന്റെ സഞ്ചാരപഥങ്ങൾ മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് വഴിതെറ്റി എന്ന് പറയാനാകില്ല.”

“ആ കൂട്ടിക്കൊടുപ്പുകാരനുമായി മാത്രമായിരുന്നു നിങ്ങൾക്ക് സൗഹൃദം.”

“അത് ശരിയാണ്. അയാൾ ഒരു നല്ല മനുഷ്യനായിരുന്നു. ഇണകൾക്കായി ഇടമൊരുക്കുന്നത് ഒരു നീചപ്രവൃത്തിയോ ദുർവൃത്തിയോ ആണെന്ന് ഞാൻ കരുതുന്നില്ല. മാത്രവുമല്ല അയാളുടേത് ഒരു ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു. അയാൾ ത​ന്റെ പക്കലുണ്ടായിരുന്ന സ്ത്രീകളുമായി ഒരിക്കൽപോലും സംഭോഗത്തിലേർപ്പെട്ടിരുന്നില്ല. നിങ്ങൾക്കറിയാമോ അയാൾ ഒരു വാനനിരീക്ഷകനുമായിരുന്നു. ഖഗോളശാസ്ത്രം എന്ന മേഖലയിൽ ചില ഗവേഷണങ്ങൾ നടത്തിപ്പോന്നിരുന്നതായും എനിക്കറിവുണ്ട്.”

“നിങ്ങൾ എന്തുകൊണ്ടാണ് ദുരൂഹകഥകൾ മാത്രം വായിച്ചിരുന്നത്?”

“സ്നേഹിതേ... മനപ്പൂർവമായി നാം സൃഷ്ടിക്കുന്ന ദുരൂഹതകളാണ് പൊതുവെ കഥകളിൽ കണ്ടുവരാറുള്ളത്. അവയെല്ലാം അതെഴുതുന്നവരുടെ കൈക്രിയകളാണ്. അവയിലൊന്നും സ്വകീയവും നൈസർഗികവുമായ ദുരൂഹതകളില്ല. എന്നാൽ, ജീവിതമോ... അത് നേർരേഖയിൽ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല. നിങ്ങൾ സ്വിച്ചിടാൻ പോകുമ്പോൾ കറന്റ് പോകുന്നു. വാതിൽ പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ കറന്റ് വരുന്നു. വാഹനം കാത്ത് വഴിയിലേക്ക് നടക്കുമ്പോൾ ഒരു മുടന്തൻ നിങ്ങൾക്കെതിരെ നടന്നുപോകുന്നു. നാല് പക്ഷികൾ ആ വൈദ്യുതി കമ്പിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു.

ഒരു നായ കുരച്ചുകൊണ്ടോടുന്നു. സൂപ്പർമാർക്കറ്റി​ന്റെ പാർക്കിങ് ലോട്ടിൽ വെച്ച് ഒരാൾ മറ്റൊരാളെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു. കുറച്ചകലെ ഒരു കുറിക്കമ്പനിക്കു മുന്നിൽ വരിനിന്ന് ആളുകൾ ഭാഗ്യം തേടുന്നു. തെരുവിലൂടെ ഒരു ശവഘോഷയാത്ര കടന്നുപോകുന്നു. പെട്ടെന്ന് മഴ പെയ്യുന്നു. ഒരു ഭ്രാന്തി ഉടുപുടവ വലിച്ചെറിഞ്ഞ് മഴയിൽ നൃത്തംചെയ്യുന്നു. ഒരു പെൺകുട്ടി സ്വർണക്കടയിൽനിന്ന് മുത്തുമാലകൾക്ക് വില പേശുന്നു. ധാരാളം ക്ലോക്കുകൾ വിൽക്കുന്ന ഒരു കടക്കു മുന്നിൽനിന്ന് ഒരാൾ സിഗരറ്റ് പുകക്കുന്നു.

വലിയ ചവറ് കൂനകൾക്കരികിലായി ഒരു രക്തസാക്ഷി സ്മാരകം നിലകൊള്ളുന്നു. നഗരചത്വരത്തിൽ ഒരു സൈക്കിൾ വേലക്കാരൻ മുളവടിയിൽ ത​ന്റെ മകളെ കുത്തി ഉയർത്തുന്നു. ബധിരനായ ഒരാൾ അന്ധനായ ഒരുവ​ന്റെ ചിത്രം കാൻവാസിൽ പകർത്തുന്നു. ഒരു കൈവേലക്കാരൻ അതുകണ്ട് കയ്യടിക്കുന്നു. രണ്ട് തീവണ്ടികൾ കൂട്ടിയിടിക്കുന്നു. നീയിപ്പോൾ എനിക്കൊരു റോസാപ്പൂവ് സമ്മാനിക്കുന്നു. നമ്മുടെ ജീവിതം എത്രയേറെ പൊരുത്തക്കേടുകളുള്ള, എങ്കിലും സുഘടിതമായ ഒരു ചക്രം തിരിയലാണ്...’’

അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് അതിഥികളാരുമുണ്ടായിരുന്നില്ല. ഞാനാരേയും പ്രതീക്ഷിച്ചിരുന്നുമില്ല. ജയിലിലെ കണക്കുപ്രകാരം ഇനി ഒരാൾക്കുകൂടിയേ എന്നെ കാണാൻ അനുവാദം ലഭിക്കുകയുള്ളൂ. മൂന്നാം നാൾ പ്രായമായ ഒരു സ്ത്രീ എന്നെ കാണാൻ വന്ന് നിൽക്കുന്നതായി കാവൽക്കാരൻ അറിയിച്ചു. അവരെ കടത്തിവിടാൻ ഞാൻ നിർദേശിച്ചു. എന്നാൽ, ആ അപേക്ഷാ ഫോറത്തിനായി ഇക്കുറി ഞാനയാളെ നിർബന്ധിച്ചില്ല. എന്തെന്നാൽ അപേക്ഷ വായിച്ച് തിരിച്ചറിയേണ്ട വ്യക്തിയല്ല പുറത്ത് കാത്തുനിൽക്കുന്നത് എന്ന് എനിക്കുറപ്പായിരുന്നു.

തീർത്തും അവശയായിരുന്നു അവർ. വസ്ത്രങ്ങൾ വല്ലാതെ മുഷിഞ്ഞിരുന്നു. വളരെ ദൂരത്തുനിന്നാണ് അവർ വരുന്നത്. അവരുടെ ഗ്രാമത്തിൽനിന്നും എ​ന്റെ പട്ടണത്തിലേക്കെത്താൻ ഒരു രാത്രിയും പകലും തീവണ്ടിയാത്രയുണ്ട്. എ​ന്റെ സെല്ലിന് മുന്നിൽ നിലത്ത് അവർ ഇരുന്നു. മുടിയെല്ലാം ജഡപിടിച്ച് അവരുടെ മുഖം വല്ലാതെ വികൃതമായിരുന്നു. കയ്യിലെ മുഷിഞ്ഞ സഞ്ചി മടിയിൽതന്നെ വെച്ച് അവർ കുറച്ചുനേരം എ​ന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. ആരാണ് ആദ്യം തുടങ്ങേണ്ടത് എന്ന ആശങ്കക്ക് വിരാമമിട്ട് ഞാൻ തന്നെ ചോദിച്ചു, സുഖമല്ലേ..? ഉം എന്നൊരു മൂളൽ മാത്രമായിരുന്നു അവരുടെ മറുപടി.

“മകനേ...” അവർ വിളിച്ചു. മുഷിഞ്ഞ സഞ്ചിയിൽ കരുതിയ കുറച്ച് വെള്ള ഞാവലുകളും വെൽവെറ്റ് ആപ്പിളുകളും അവർ പുറത്തേക്കെടുത്തു. അത് എനിക്കായി നീട്ടി. ഞാനത് വാങ്ങുമ്പോൾ അവരുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. എന്തിനാണിതൊക്കെ എന്ന് ഞാൻ ചോദിച്ചു. ‘‘നമ്മുടെ തോട്ടത്തിലേതാണ്”, അവർ പറഞ്ഞു. “അൽപം വാടിയിട്ടുണ്ട്. മിനിയാന്ന് പുറപ്പെട്ടതല്ലേ, അപ്പോൾ കരുതിയതാണ്.

രണ്ട് തീവണ്ടികൾ കൂട്ടിയിടിച്ച് ഗതാഗതം മുടങ്ങിയിരിക്കുകയാണെന്ന് സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് അറിഞ്ഞത്. പിന്നെ അവിടെ തന്നെ കാത്തിരുന്നു. ഇന്നലെ രാവിലെയാണ് ഇങ്ങോട്ടേക്കുള്ള തീവണ്ടി കിട്ടിയത്.” അവർ നിർത്താതെ സംസാരിക്കുകയാണ്. എന്നാൽ ഞാനതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. നമ്മുടെ തോട്ടത്തിൽ എന്ന പ്രയോഗം എന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. എന്തെന്നാൽ നമ്മുടേത് എന്നു പറയാവുന്ന ഒരു ബന്ധം അവർക്കും എനിക്കുമിടയിലുണ്ടായിരുന്നില്ല.

“മനുഷ്യരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ് എന്ന് നിനക്കറിയാമോ?” വൃദ്ധ ചോദിക്കുന്നു. വൃഥാവിലായിപ്പോകാവുന്ന ഒരു ചിന്തയും ബോധത്തെ ഭരിക്കാൻ അനുവദിക്കാത്ത ഉറച്ച മനസ്ഥിതിയുമുള്ള ഒരാളാണ് ഞാൻ. ആയതിനാൽ അപ്രകാരമൊന്നും എനിക്ക് ചിന്തിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ട് എന്തെങ്കിലും മറുപടി പറയാൻ ഞാൻ കൂട്ടാക്കിയതുമില്ല.

 

“മകനേ... ഒരിക്കൽ നിന്നേയുംകൂട്ടി ഞാൻ ഗ്രാമത്തിലെ പള്ളിയിലേക്ക് നടക്കുകയായിരുന്നു. നമ്മുടെ വീട്ടിൽനിന്നും എരിക്കുകൾ നിറഞ്ഞ ഇടവഴിയിലൂടെ നടക്കുമ്പോൾ അതാ ഒരൊട്ടൊക പക്ഷി എന്ന് നീ ആർത്തു വിളിച്ചു. അത് ഒരു വൈറ്റ് ലഗോണായിരുന്നു. ഒരു മെഡിറ്ററേനിയൻ പക്ഷി. ടസ്കനിയിൽ നിന്നും പറന്നെത്തിയതാണ്. അതെ... അവിടെത്തന്നെയാണ് ദാവീദി​ന്റെ പ്രതിമയും.

നമ്മൾ വഴിനടക്കുന്നതു പോലെയല്ല, ചില പക്ഷികൾ വലിയ കുടിയേറ്റക്കാരാണ്. പള്ളിയിൽ വെച്ച് ഞാൻ നിനക്ക് ഒരു ചിത്രം കാണിച്ചു തന്നത് ഓർമിക്കുന്നുണ്ടോ... അവസാനത്തെ അത്താഴത്തി​ന്റെ ചിത്രം. ആ ചിത്രത്തിൽ യൂദാസി​ന്റെ മുഖത്ത് നിഴൽ വീണു കിടക്കുന്നുണ്ട്. അയാളുടെ കയ്യിൽ ഒരു പണക്കിഴിയും കാണാം. എന്നാൽ ആ സ്ത്രീയേ നോക്കൂ... അതാണ് മേരി മഗ്ദലീന. മകനേ... പ്രിയപ്പെട്ടവർ എപ്പോഴും നമുക്ക് മുഖം തിരിഞ്ഞിരിക്കും. ചില സായാഹ്നങ്ങളിൽ നമ്മൾ ഗ്രാമത്തിലെ നദിക്കരയിലേക്ക് വസ്ത്രങ്ങൾ അലക്കാൻ പോകുമായിരുന്നു. ഒരിക്കൽ ആ വഴി വന്ന ഒരു മരപ്പണിക്കാരനാണ് നമ്മളോട് ആദ്യമായി ആ ചോദ്യം ചോദിച്ചത്, ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ്?”

 

പുറത്ത് പൂന്തോട്ടത്തിനരികെ ആ കാവൽക്കാരൻ പതിവുപോലെ ഉലാത്തുന്നുണ്ട്. പൂന്തോട്ടത്തിൽ ചില വനശലഭങ്ങൾ വിരുന്നിനെത്തിയിരിക്കുന്നു. വിളമ്പുകാരൻ അവിടേക്ക് ഓടിയെത്തുകയും ആ കാവൽക്കാര​ന്റെ ചെകിട്ടത്ത് ആഞ്ഞടിക്കുകയുംചെയ്തു. പിന്നെ ഒരു മൽപ്പിടിത്തമായിരുന്നു. പെട്ടെന്ന് സൈറൺ മുഴങ്ങി. ആരൊക്കെയോ ചിലർ പൂന്തോട്ടത്തിലേക്ക് ഓടിയെത്തി. അവർ എല്ലാവരും ചെർന്ന് കാവൽക്കാരനേയും വിളമ്പുകാരനേയും മർദിച്ചു. ചിലർ ശവമേ... എന്ന് ഉറക്കെ വിളിച്ചു. ഒരാൾ ആ കാവൽക്കാര​ന്റെ കഴുത്തിൽ അമർത്തിപ്പിടിച്ചു. അയാളുടെ കണ്ണുകൾ തുറിക്കുകയും നാവ് പുറത്തേക്ക് തള്ളുകയും ചെയ്തു. വിളമ്പുകാരൻ മണ്ണിൽ മുഖംപൂഴ്ത്തി കിടക്കുകയാണ്. വൃദ്ധ തുടരുന്നു.

“മകനേ... ഒരിക്കൽ നി​ന്റെ അപ്പനുമായി ഞാൻ പട്ടണത്തിൽ സർക്കസ് കാണാൻപോയിരുന്നു. അവിടെ ഉത്സവമായിരുന്നു. മൈതാനത്ത് പലപല ടെന്റുകളിലായി പലതരം കളികളുണ്ടായിരുന്നു. ഒരു ടെന്റ് പക്ഷികളുടെ സങ്കേതമായിരുന്നു. മറ്റൊരു ടെന്റിൽ കത്തിയേറായിരുന്നു. ഇനിയുമൊരു ടെന്റിൽ കഴുതകളുടെ പ്രദർശനമായിരുന്നു. സർക്കസുകാരുടെ ടെന്റിലേക്ക് കയറുമ്പോൾ വായിൽനിന്നും തീ തുപ്പുന്ന ഒരു വൃദ്ധൻ നിൽപ്പുണ്ടായിരുന്നു. ഉള്ളിലേക്ക് കയറുമ്പോൾതന്നെ നമ്മെ ആശ്ചര്യപ്പെടുത്താനായി നിയോഗിക്കപ്പെട്ടവനായിരുന്നു അയാൾ. രഹസ്യമായി അയാൾ ചോദിക്കുന്നു, ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ്?” കുറച്ചുനേരം അവർ നിശ്ശബ്ദയായി ഇരുന്നു. പിന്നീട് വലംകൈ നിലത്തുകുത്തി ഏറെ ആയാസപ്പെട്ട് എഴുന്നേറ്റു. സാവധാനത്തിൽ നടന്നു. ഏതാനും ചുവടുകൾ മുന്നോട്ടുവെച്ച ശേഷം ഒന്ന് തിരിഞ്ഞുനിന്നു. എന്നിട്ട് രൂക്ഷമായി അവരെ​ന്റെ മുഖത്തേക്കുതന്നെ നോക്കി. പിന്നെ ഉച്ചത്തിലുച്ചത്തിൽ ചിരിച്ചു.

“മകനേ... തീവണ്ടിഗതാഗതം പുനഃസ്ഥാപിച്ചിരിക്കയാൽ രാത്രി തന്നെ ഞാൻ മടങ്ങുകയാണ്. തീവണ്ടിയിലെ ഒഴിഞ്ഞൊരു കമ്പാർട്ട്മെന്റിൽ തോല് പൊളിഞ്ഞ് പഞ്ഞിയെല്ലാം പുറത്തേക്ക് തള്ളിനിൽക്കുന്ന ആ പഴഞ്ചൻ ബെർത്തിൽ കിടന്ന് ഇന്ന് രാത്രി ഞാൻ നിന്നെ വീണ്ടും പ്രസവിക്കും...”

ആ പൂന്തോട്ടത്തിൽ ഇപ്പോഴും മൽപ്പിടിത്തം തുടരുകയാണ്. എനിക്ക് ഉറക്കംവരുന്നു. പുറത്ത് ഇരുട്ട് കനക്കുന്നു. ഒരു ദിവസം അസ്തമിക്കുകയാണ്. അവസാനത്തെ അതിഥിയും വന്നുപോയിരിക്കുന്നു. നാളെയാണ് വിധിദിനം. എല്ലാം വേഗമാകട്ടെ. ഉറക്കത്തിലേക്ക് പടിയിറങ്ങവെ ആരോ വിളിച്ചുചോദിക്കുന്നു, ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ്?

(അവസാനിച്ചു)

Tags:    
News Summary - weekly litrature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT