നടുവണ്ണൂർ: കോവിഡ് മഹാമാരി സമാന്തര വിദ്യാഭ്യാസത്തിെൻറ നടുവൊടിച്ചപ്പോൾ പാരലൽ കോളജ് അധ്യാപകർ പട്ടിണിയിൽ. തൊഴിൽതേടി പലരും തെരുവിൽ. പതിറ്റാണ്ടോളം പാരലൽ കോളജ് അധ്യാപകനായ നടുവണ്ണൂരിലെ കാവുന്തറ അജേഷ് ഇപ്പോൾ പച്ചക്കറിവിൽപന നടത്തിയാണ് ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്.
നാലു മാസമായി തുടരുന്ന ലോക്ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ച വിഭാഗമാണ് പാരലൽ കോളജ് അധ്യാപകർ. ജില്ലയിൽ നൂറുകണക്കിന് പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളുമാണ് അടഞ്ഞുകിടക്കുന്നത്. സ്കൂൾ അവധിക്കാലം പാരലൽ കോളജുകളുടെയും ട്യൂഷൻ സെൻററുകളുടെയുമൊക്കെ നല്ല കാലമായിരുന്നു. ആയിരക്കണക്കിനാളുകൾക്കാണ് ഈ മേഖലയിൽ ചെറുതല്ലാത്ത തൊഴിലവസരങ്ങളുണ്ടായിരുന്നത്.
എന്നാൽ, ലോക്ഡൗൺ കാര്യങ്ങൾ മാറ്റിമറിച്ചു. കോളജുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും ഇവരെ പ്രതിസന്ധിയിലാക്കുന്നു. ഭീമമായ വാടക കൊടുക്കാനാകാതെ പലതും പൂട്ടുന്ന അവസ്ഥയാണുള്ളത്. ഇവർക്ക് ഇതുവരെ ഒരു ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഭൂരിഭാഗം അധ്യാപകരും ഇപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് ഉപജീവനം നടത്തുന്നത് മറ്റു തൊഴിലുകൾ ചെയ്താണ്. കോക്കല്ലൂർ ഗ്യാലക്സി കോളജിലെ പ്രിൻസിപ്പലായിരുന്നു അജേഷ്. കോളജിലെ ഫിസിക്സ് വിഷയം പഠിപ്പിക്കുന്ന മികച്ച അധ്യാപകനായ അജേഷ് ലോണും മറ്റു പ്രാരബ്ധങ്ങളുമുള്ളതുകൊണ്ടാണ് പച്ചക്കറിവണ്ടിയുമായി നിരത്തിലിറങ്ങിയത്. കൂട്ടിന് ഇതുപോലെ തൊഴിൽ നഷ്ടപ്പെട്ട ബസ് ഡ്രൈവർ ദിപീഷുമുണ്ട്. ഓരോ ദിവസവും രാവിലെ കോഴിക്കോട്ടുനിന്ന് പച്ചക്കറി എടുത്ത് കാവുന്തറ ഭാഗങ്ങളിൽ ചില്ലറവിൽപന നടത്തുകയാണ് സുഹൃത്തുക്കളായ ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.