മംഗളൂരു: വ്യവസായി ബി.എം. മുംതാസ് അലിയെ ദുരൂഹസാഹചര്യത്തിൽ ഫൽഗുനി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി ആയിശ എന്ന റഹ്മത്ത്, ഭർത്താവും അഞ്ചാം പ്രതിയുമായ ശുഐബ്, രണ്ടാം പ്രതി അബ്ദുൽ സത്താർ, മൂന്നാം പ്രതി സിറാജ് എന്നിവരാണ് അറസ്റ്റിലായത്. അലിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലേക്ക് കടന്ന റഹ്മത്ത് തിരിച്ചു സഞ്ചരിക്കുന്നതിനിടെ മംഗളൂരുവിനടുത്ത കല്ലടുക്കയിൽനിന്നാണ് അറസ്റ്റിലായത്.
മുൻ കോൺഗ്രസ് എം.എൽ.എയും ജെ.ഡി.എസ് നേതാവുമായ മുഹിയുദ്ദീൻ ബാവയുടെ സഹോദരനായ ബി.എം. മുംതാസ് അലിയുടെ (52) മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. അലിയുടെ കാർ കിടന്ന കുളൂര്‍ പാലത്തിനടിയില്‍ ഫൽഗുനി പുഴയിലായിരുന്നു മൃതദേഹം. ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തിൽപെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു.
അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്തുണ്ടായിരുന്നു. കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ പുലര്‍ച്ച മുംതാസ് അലി ബ്യാരി ഭാഷയിൽ അയച്ച സന്ദേശത്തിൽ ജീവനൊടുക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. പുലര്‍ച്ച മൂന്നോടെ മുംതാസ് അലി വീടുവിട്ടതായാണ് മകള്‍ പൊലീസിനോട് പറഞ്ഞത്. ഹണിട്രാപ് ഇരയാണ് അലിയെന്ന് സഹോദരൻ ഹൈദരലി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഈ ദിശയിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇതര സ്ത്രീയുമായി ബന്ധമുണ്ടെന്ന രീതിയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ മുംതാസ് അലിയില്‍നിന്ന് ജൂലൈ മുതല്‍ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഇനിയും അത്രയും ആവശ്യപ്പെട്ട് ഭീഷണി തുടരുകയാണെന്നാണ് പരാതിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.