ബംഗളൂരു: അനധികൃതമെന്ന് പറഞ്ഞ് ബനശങ്കരി മെട്രോ സ്റ്റേഷൻ പരിസരത്തെ 35 തെരുവുകച്ചവടക്കാരെ ട്രാഫിക് പൊലീസ് ഒഴിപ്പിച്ചു. അതേസമയം, തങ്ങൾക്ക് നിയമപരമായ എല്ലാ രേഖകളും ഉണ്ടെന്നും എന്നിട്ടും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിക്കൽ നടന്നിരിക്കുന്നതെന്നും കച്ചവടക്കാർ ആരോപിച്ചു.
നിയമം ലംഘിച്ചാണ് ഒഴിപ്പിക്കലെന്ന് ബി.ബി.എം.പി തെരുവുകച്ചവടക്കാരുടെ ടൗൺ കമ്മിറ്റി അംഗമായ മഞ്ജുനാഥ് പറഞ്ഞു. ബി.ബി.എം.പി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ ട്രാഫിക് പൊലീസിന് അധികാരമില്ല. നടപടികളിൽ മാനദണ്ഡം പാലിച്ചിട്ടില്ല.
ഒഴിപ്പിക്കണമെങ്കിൽ നേരത്തേ തന്നെ കടക്കാരെ വിവരം അറിയിക്കണം, കച്ചവടം നടത്താനുള്ള ബദൽ സ്ഥലങ്ങൾ അവർക്ക് നൽകുകയും വേണം. ഈ നടപടികളൊന്നും പാലിക്കപ്പെട്ടിട്ടില്ല. രണ്ടുദിവസങ്ങൾക്ക് മുമ്പ് ട്രാഫിക് പൊലീസ് സ്പെഷൽ കമീഷണർ ഡോ. എം.എ. സലീം ഇവിടം സന്ദർശിച്ചിരുന്നു.
എന്നാൽ ഒഴിപ്പിക്കാനായുള്ള ഉത്തരവ് ട്രാഫിക് പൊലീസിന് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നൽകപ്പെട്ടിട്ടുള്ള സ്ഥലത്തല്ല കച്ചവടക്കാർ കച്ചവടം നടത്തിയിരുന്നതെന്ന് ബി.ബി.എം.പി അധികൃതർ പറയുന്നു.
കൈയേറ്റം നടത്തിയായിരുന്നു കച്ചവടം. ഇവിടങ്ങളിൽ നിന്ന് മാറി നിശ്ചയിച്ച സ്ഥലങ്ങളിൽ കച്ചവടം നടത്തണമെന്ന് ഇവരോട് ഏറെ കാലമായി ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. ഇവിടെയുള്ള ക്ഷേത്രത്തിന്‍റെ പരിസരങ്ങൾ തെരുവുകച്ചവടക്കാർ മൂലം ബുദ്ധിമുട്ടിലാണ്.
അപകടത്തിനും സാധ്യത ഏറെയാണ്. നിലവിലുള്ള സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് കച്ചവടം നടത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. എന്നാൽ അവർ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.