ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാറുകളായ രജനികാന്ത്, വിജയ് എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി മീരാ മിഥുൻ. രജനീ കാന്തും വിജയും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ട്വീറ്റിലൂടെ നടിയും മുൻ ബിഗ് ബോസ് താരവുമായ മീര ഉന്നയിച്ചിരിക്കുന്ന ആരോപണം. 'സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ഞാൻ നിയമനടപടി സ്വീകരിക്കും. ദൈവം എല്ലാം കാണുന്നുന്നുണ്ട്' എന്നും നടി പറയുന്നു.
'തമിഴ്നാട് എന്നെ ബഹിഷ്കരിച്ചു. അതിന് നന്ദി. അതുകൊണ്ടാണല്ലോ ഞാനിന്ന് ഒരു സൂപ്പർമോഡൽ ആയത്. രാജ്യാന്തര തലത്തിൽ വരെ ഞാൻ ഇന്ന് ശ്രദ്ധിക്കപ്പെടുന്നു. തമിഴ് സിനിമാ മേഖലയും എന്നെ ബഹിഷ്കരിച്ചു. അതുകൊണ്ട് ഞാനിന്ന് ബോളിവുഡിലും ഹോളിവുഡിലും എത്തി. എന്നിട്ടും എന്തിനാണ് തമിഴ്നാട് എന്‍റെ പുറകേ വരുന്നത്, എന്നെ പറ്റി പറയുന്നത് മാത്രമാണോ ഇവരുടെയെല്ലാം ജോലി'. മീര ചോദിക്കുന്നു.
'തമിഴ്നാട് തമിഴന്മാർക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ വിചാരിക്കുന്നു. എന്നുവെച്ചാൽ ഹിന്ദുക്കൾക്ക് വേണ്ടിയുള്ളത്. ക്രിസ്ത്യാനികളും മലയാളികളുമാണ് ഇവിടം ഭരിക്കുന്നത്. അവർ തമിഴ് സ്ത്രീകളോട് നീതി പുലർത്തുന്നുമില്ല. എന്‍റെ കോപം ഉണർന്നാൽ കണ്ണകിയെ പോലെ തമിഴ്നാടിനെ ചുട്ടുകരിക്കാനും ഞാൻ മടിക്കില്ല' എന്ന് ട്വീറ്റ് ചെയ്യുന്ന 'മീര തമിഴ്നാടിനെ നശിപ്പിക്കൂ' എന്ന് നരേന്ദ്രമോദിയോട് അഭ്യർഥിക്കുകയും ചെയ്യുന്നു.
അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന രജനീകാന്ത് ചിത്രമായ അണ്ണാത്തെയിൽ കീർത്തി സുരേഷാണ് മുഖ്യവേഷത്തിലെത്തുന്നത്. വിജയിന്‍റെ ചിത്രത്തിൽ മാളവിക മോഹനാണ് നായിക.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സഹമത്സരാർഥികളോട് മോശമായി പെരുമാറിയതിന്‍റെ പേരിൽ വിവാദത്തിലായ താരമാണ് മീര. എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയിലെത്തുന്നത്. താനാ സേർന്ത കൂട്ടം, ബോധയേറി ബുദ്ധി മാറി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. നേരത്തേ, കമൽഹാസൻ, തൃഷ എന്നിവർക്കെതിരെ ആരോപണങ്ങളുമായി മീര രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.