പാലിലെ മായം തടയാന്‍ 10 കല്‍പനകള്‍

ന്യൂഡല്‍ഹി: ഭാവിതലമുറയോടുള്ള ഗുരുതര കുറ്റകൃത്യമെന്ന നിലയില്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. പാലില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കായി  10 കല്‍പനകളും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, യു.യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ചു.

ഈ കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷ ഉറപ്പുവരുത്താന്‍  ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നിവ ചെയ്തതുപോലെ നിയമമുണ്ടാക്കാന്‍ സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. ശിശുക്കളുടെ പ്രധാന ആഹാരം പാല്‍ ആയതിനാല്‍ വരുംതലമുറയെയാണ് ഇതേറ്റവും ബാധിക്കുന്നത്. അതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ 10 നിര്‍ദേശങ്ങള്‍ നടപ്പാക്കണം.

  1. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം ഫലപ്രദമായി നടപ്പാക്കണം
  2. കീടനാശിനികള്‍, കാസ്റ്റിക് സോഡ, മറ്റു രാസവസ്തുക്കള്‍ എന്നിവ പാലില്‍ ചേര്‍ക്കുന്നത് കണ്ടത്തെിയാല്‍ സംസ്ഥാനത്തെ ക്ഷീരവിതരണക്കാര്‍ക്കും റീട്ടെയില്‍ വില്‍പനക്കാര്‍ക്കും അതിലുള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ  കടുത്ത നടപടിയെടുക്കുമെന്ന് ഡെയറികളെയും നടത്തിപ്പുകാരെയും സര്‍ക്കാര്‍ അറിയിക്കണം
  3. പാലില്‍ മായംചേര്‍ക്കലിന് സാധ്യതയുള്ള പ്രദേശങ്ങളും സീസണുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടത്തെുകയും സാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്കയക്കുകയും വേണം
  4. സംസ്ഥാനത്ത് പാലിലെ മായം പരിശോധിക്കുന്നതിന് ലബോറട്ടറികളുണ്ടെന്നും അവക്കെല്ലാം എന്‍.എ.ബി.എല്‍ അംഗീകാരം ഉണ്ടെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉറപ്പുവരുത്തണം. സംസ്ഥാന ഭക്ഷ്യപരിശോധനാ കേന്ദ്രങ്ങളും ജില്ലാ ഭക്ഷ്യപരിശോധനാ കേന്ദ്രങ്ങളും എല്ലാവിധ പരിശോധനാ സംവിധാനങ്ങളോടെയും സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാറും ഉറപ്പുവരുത്തണം,
  5. പാല്‍ അതത് സ്ഥലങ്ങളില്‍വെച്ച് സാമ്പിളെടുത്ത് അപ്പപ്പോള്‍ പരിശോധിക്കാന്‍ പ്രാഥമിക പരിശോധനാ കിറ്റുകളുമായി സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ വാനുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ജില്ലാ ഭക്ഷ്യസുരക്ഷാ അതോറിറ്റികളും ഒരുക്കണം
  6. സംസ്ഥാനങ്ങളില്‍ ഇടക്കിടെ മുന്നറിയിപ്പില്ലാതെ സര്‍വേ  നടത്തണം. ദേശീയതലത്തില്‍ എഫ്.എസ്.എസ്.എ.ഐയും അത്തരം സര്‍വേകള്‍ നടത്തണം,
  7. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ  ഓരോ സംസ്ഥാനവും ചീഫ് സെക്രട്ടറിയുടെയോ ക്ഷീരവകുപ്പ് സെക്രട്ടറിയുടെയോ അധ്യക്ഷതയില്‍  സംസ്ഥാനതല സമിതിയും കലക്ടര്‍ അധ്യക്ഷനായി ജില്ലാതല സമിതിയുമുണ്ടാക്കണം. സംസ്ഥാനത്തും ജില്ലയിലും പാലില്‍ മായം ചേര്‍ക്കാന്‍ കൈക്കൊണ്ട നടപടികള്‍ ഈ സമിതികള്‍ അവലോകനം ചെയ്യണം
  8. പാലില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പ് വെബ്സൈറ്റ് തുറന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങളും പരാതിക്കുള്ള നടപടിക്രമങ്ങളും  സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണം. പരാതി നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമീഷണര്‍മാരെ ബന്ധപ്പെടാനുള്ള വിലാസം വെബ്സൈറ്റില്‍ ലഭ്യമാക്കണം. ഇതുകൂടാതെ പരാതി രേഖപ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങളും ടോള്‍ഫ്രീ നമ്പര്‍ തുടങ്ങണം
  9. സംസ്ഥാന ഭക്ഷ്യസുരക്ഷാ അതോറിറ്റിയും കമീഷണറും പാലില്‍ മായം ചേര്‍ക്കുന്നത് വഴി ആരോഗ്യത്തിനുണ്ടാകുന്ന ഹാനിയെക്കുറിച്ചും ഭക്ഷ്യസുരക്ഷാ നിലവാരം സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കണം
  10. ഭക്ഷ്യസുരക്ഷാ അതോറിറ്റിയിലെയും അതിലെ ഉദ്യോഗസ്ഥരുടെയും അഴിമതിയും മറ്റ് അധാര്‍മിക നടപടികളും പരിശോധിക്കാന്‍ പരാതി പരിഹാര സംവിധാനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ രൂപം നല്‍കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.