ന്യൂനപക്ഷ പദവി: കേന്ദ്രത്തിനെതിരെ അലീഗഢിന്‍െറ സത്യവാങ്മൂലം

ന്യൂഡല്‍ഹി: 1981ല്‍ പാര്‍ലമെന്‍റ് നിയമനിര്‍മാണത്തിലൂടെ പുനഃസ്ഥാപിച്ച ന്യൂനപക്ഷ പദവി എടുത്തുകളയണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുമാറ്റത്തെ അലീഗഢ് മുസ്ലിം സര്‍വകലാശാല സുപ്രീംകോടതിയില്‍ ചോദ്യംചെയ്തു. രാഷ്ട്രീയ പരിഗണനകള്‍വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് കേന്ദ്ര സര്‍വകലാശാല സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറുമ്പോള്‍ മാറ്റാന്‍ കഴിയുന്നതല്ല ന്യൂനപക്ഷ പദവിയെന്നും സത്യവാങ്മൂലം ഓര്‍മിപ്പിച്ചു. അലീഗഢിന് ന്യൂനപക്ഷ സ്ഥാപന പദവി നല്‍കാന്‍ കഴിയില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിനെതിരായ നിലപാടുമായി കേന്ദ്ര സര്‍വകലാശാല സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ന്യൂനപക്ഷ പദവിക്കുവേണ്ടി മാത്രമാണ് 1951ലെ അലീഗഢ് നിയമത്തില്‍ 1981ല്‍ പാര്‍ലമെന്‍റ് ഭേദഗതി കൊണ്ടുവന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഇന്ത്യന്‍ മുസ്ലികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യംവെക്കുന്നതാണ് സര്‍വകലാശാലയെന്ന് ഭേദഗതിയിലുണ്ട്. 1967ല്‍ അസീസ് ബാഷ കേസിലെ വിധിയെ തുടര്‍ന്ന് നഷ്ടമായ ന്യൂനപക്ഷ പദവി തിരിച്ചുപിടിക്കാനാണ് ഈ ഭരണഘടനാഭേദഗതി കൊണ്ടുവന്നത്. അലീഗഢ് മുസ്ലിം സര്‍വകലാശല സ്ഥാപിച്ചത് മുസ്ലിംകളല്ളെന്നും പാര്‍ലമെന്‍റ് ആണെന്നും അസീസ് ബാഷ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.

നേരത്തേ അലഹബാദ് ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ന്യൂനപക്ഷ പദവിയെ പിന്തുണച്ച കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടുമാറ്റിയതിന് ന്യായീകരണമൊന്നും ബോധിപ്പിച്ചിട്ടില്ല. പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമില്ല. 1981ലെ പാര്‍ലമെന്‍റിന്‍െറ നിയമനിര്‍മാണം പാര്‍ലമെന്‍റിനോടുള്ള അലക്ഷ്യമാണെന്നും ഹൈകോടതി വിധിക്കെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നും സര്‍വകലാശാല ബോധിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.