ന്യൂഡല്‍ഹി: ബാലാവകാശ നിയമങ്ങള്‍ കാറ്റില്‍ പറത്തി അസം അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് എട്ടുംപൊട്ടും തിരിയാത്ത ആദിവാസി-ഗോത്രവര്‍ഗ കുട്ടികളെ ഹിന്ദുത്വവത്കരണത്തിന് ഗുജറാത്തിലേക്കും പഞ്ചാബിലേക്കും മറ്റും കടത്തുന്നതായി വെളിപ്പെടുത്തല്‍. മത സ്പര്‍ധയുടെ ബാലപാഠങ്ങളാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഈ കുട്ടികളെ തകൃതിയായി അഭ്യസിപ്പിക്കുന്നത്. അടുത്ത കാലത്തായി ബോഡോകള്‍ അടക്കം ആദിവാസി, ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് ന്യൂനപക്ഷങ്ങളുമായി ശത്രുത വര്‍ധിച്ചുവരുന്നതായും ‘ഒൗട്ട്ലുക്’ വാരിക നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നു.
മൂന്നിനും 11നും ഇടക്ക് പ്രായമുള്ള 31 ആദിവാസി പെണ്‍കുട്ടികളെ ഹൈന്ദവവത്കരിക്കാന്‍ ഗുജറാത്തിലേക്കും പഞ്ചാബിലേക്കും കൊണ്ടുപോയതിന്‍െറ വിശദാംശങ്ങളാണ് ഒൗട്ട്ലുക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്. കുട്ടികളെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കണമെന്ന ബാലാവകാശ കമീഷന്‍, ശിശുക്ഷേമ സമിതി എന്നിവയുടെ ഉത്തരവുകള്‍ ഗുജറാത്ത്, പഞ്ചാബ് സര്‍ക്കാറുകളുടെ സഹായത്തോടെ സംഘ് സ്ഥാപനങ്ങള്‍ അട്ടിമറിച്ചു.
വിദ്യാഭ്യാസത്തിന് അവസരം നല്‍കാനെന്ന പേരിലാണ് രാഷ്ട്രീയ സേവിക സമിതി, സേവാ ഭാരതി എന്നീ സംഘ്പരിവാര്‍ സംഘടനകള്‍ ഇവരെ അസമില്‍നിന്നു കടത്തിയത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും ഈ കുട്ടികളുമായി ബന്ധപ്പെടാന്‍ മാതാപിതാക്കള്‍ക്കുപോലും കഴിഞ്ഞിട്ടില്ല. അനാഥശാലകളില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു.
2012നും 2015നുമിടയില്‍ അസമില്‍നിന്ന് 5,000ല്‍പരം കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് പൊലീസിന്‍െറയും സന്നദ്ധ പ്രവര്‍ത്തകരുടെയും കണക്ക്. ഇതില്‍ 800 പേരെങ്കിലും 2015ല്‍ മാത്രം കാണാതായവരാണ്. ദൈവസങ്കല്‍പവും ആരാധനാ രീതിയും വ്യത്യസ്തമായ അസമിലെ ഗോത്രവിഭാഗക്കാരെ ഹിന്ദുത്വത്തിലേക്ക് വഴിനടത്താനുള്ള പദ്ധതിയാണ് കുട്ടികളെ കടത്തി ഹിന്ദുത്വ പാഠശാലകളില്‍ അഭ്യസിപ്പിക്കുന്നതിലൂടെ നടപ്പാക്കുന്നത്.
അസമിലെയും മറ്റും അതിര്‍ത്തി മേഖലകളില്‍ സംഘ് സംഘടനകളായ സേവാ ഭാരതി, വിദ്യാഭാരതി, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയവയുടെ പ്രവര്‍ത്തനം സജീവമാണ്. ഹിന്ദുത്വ ആശയങ്ങളിലേക്ക് ആദിവാസി മനസ്സിനെ ഉറപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് ഇവര്‍ നടത്തുന്നത്.
2015 ജൂണ്‍ ഒമ്പതിനാണ് 31 ആദിവാസി പെണ്‍കുട്ടികളെ അസമിന്‍െറ അഞ്ച് അതിര്‍ത്തി ജില്ലകളില്‍നിന്നായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുവന്നത്. രാഷ്ട്രസേവിക സമിതി പ്രചാരികക്കൊപ്പം സഞ്ചരിച്ച കുട്ടികളെ ജൂണ്‍ 11ന് ഡല്‍ഹിയിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷിച്ച് പൊലീസ് സ്റ്റേഷനിലത്തെിച്ചെങ്കിലും മുകളില്‍നിന്നുള്ള ഉത്തരവു പ്രകാരം വിട്ടയച്ചു. കുട്ടികളെ തിരികെ മാതാപിതാക്കളെ ഏല്‍പിക്കാന്‍ അസമിലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള കമീഷന്‍ സംസ്ഥാന പൊലീസിനും ദേശീയ ബാലാവകാശ സംരക്ഷണ കമീഷനും നിര്‍ദേശം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
അതേസമയം, ‘അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അനാഥരാക്കപ്പെട്ട’ 20 പെണ്‍കുട്ടികളെ വിദ്യാഭ്യാരതി ട്രസ്റ്റുമായി ബന്ധപ്പെട്ട ഹാല്‍വാദിലെ സരസ്വതി ശിശുമന്ദിരം ദത്തെടുത്തതായി ജൂണ്‍ 17ന് വാര്‍ത്ത വന്ന കാര്യം വാരികയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റുള്ളവര്‍ പാട്യാലയിലെ മാതാ ഗുരുജി കന്യാ ഛത്രവാസിലാണ് എത്തിപ്പെട്ടത്. നിയമവിരുദ്ധമായി കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത് കണ്ടത്തെിയ സന്നദ്ധ പ്രവര്‍ത്തകരെ പ്രദേശിക ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.
12 വയസ്സില്‍ താഴെയുള്ള കുട്ടികളെ വിദ്യാഭ്യാസത്തിന്‍െറ പേരില്‍ സംസ്ഥാനത്തിന് പുറത്തേക്കു കൊണ്ടുപോകുന്നില്ളെന്ന് ഉറപ്പുവരുത്തണമെന്ന് മണിപ്പൂര്‍, അസം സര്‍ക്കാറുകള്‍ക്ക് 2010ല്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന അനാഥാലയങ്ങില്‍ അസമില്‍നിന്നും മണിപ്പൂരില്‍നിന്നുമുള്ള 76 കുട്ടികളെ കടത്തിക്കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്നതു സംബന്ധിച്ച കേസിലാണ് ഈ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.