കണ്ണൂരിലെ നാരങ്ങാക്കറി

വടക്കൻ കേരളത്തില്‍ പ്രത്യേകിച്ചും കണ്ണൂരിലെ സദ്യകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു തൊടുകറിയാണിത് നാരങ്ങാക്കറി‌. ഈ രുചികരമായ നാരങ്ങാക്കറി തയാറാക്കുന്ന വിധം ചുവടെ വിവരിക്കുന്നു...

ചേരുവകള്‍: 

  • ഒരു ഇടത്തരം കറി നാരങ്ങയുടെ പകുതി
  • ഇഞ്ചി നുറുക്കിയത്‌ - രണ്ടു ടേബിള്‍ സ്പൂൺ
  • പച്ചമുളക്‌ - 8 മുതൽ 10എണ്ണം
  • വാളന്‍പുളി – രണ്ടു ചെറുനാരങ്ങാ വലിപ്പത്തിൽ
  • ശർക്കര/വെല്ലം - ഒരു വലിയ കഷ്ണം
  • ഷാഹി മുളക്‌ പൊടി - 3-4 ടേബിള്‍സ്പൂൺ
  • ഷാഹി മഞ്ഞൾപൊടി - അരടീസ്പൂൺ
  • കടുക്‌, ഉലുവ, വറ്റൽമുളക്‌, കറിവേപ്പില - വറുത്തിടാൻ
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

നാരങ്ങ ചെറിയ ചതുരക്കഷ്ണങ്ങളായി നുറുക്കി വെക്കുക. പുളി ഏകദേശം ഒരു ലിറ്റർ വെള്ളത്തിൽ (കറിയുടെ അളവിന്​ അനുസരിച്ച്) കുതിർത്തി വെക്കുക. ഒരു പാന്‍ അടുപ്പിൽ വച്ച്‌ ചൂടാവുമ്പോൾ കുറച്ച്‌ എണ്ണയൊഴിച്ച്‌ ഇഞ്ചി, പച്ചമുളക്‌ ഇട്ട്‌ ചെറുതായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി ചേർത്ത്‌ ഒന്ന് ഇളക്കിയ ശേഷം തയാറാക്കിയ പുളിവെള്ളം ഒഴിക്കുക. നന്നായി തിളച്ച്‌ ചെറുതായി കൊഴുത്ത്‌ വരുമ്പോൾ അരിഞ്ഞു വച്ച നാരങ്ങ ചേർക്കാം കൂടെ ആവശ്യത്തിന്​ ഉപ്പും. 

നന്നായി തിളച്ച്‌ കൊഴുത്ത്‌ നാരങ്ങ വെന്തുവെന്ന്​ തോന്നുമ്പോൾ  ശർക്കര ചേർത്ത്‌ വാങ്ങി വെക്കാം. രുചിക്കനുസരിച്ച്‌ പുളിയുടേയും ശർക്കരയുടേയും അളവിൽ മാറ്റം വരുത്താം. ഇനി മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോൾ കടുക്‌, ഉലുവ, വറ്റൽമുളക്‌, കറിവേപ്പില ഇട്ട്‌ പൊട്ടുമ്പോൾ വറുത്തിടുക. കൽച്ചട്ടിയിലാണ് സാധാരണ ഈ  നാരങ്ങാക്കറി ഉണ്ടാക്കുന്നത്‌. വെളിയിൽ വെച്ചാലും 3-4 ദിവസം  കേടാകാതിരിക്കും. ഫ്രിജിൽ വച്ച്‌ ഒന്നോ രണ്ടോ മാസം ഉപയോഗിക്കാം. 

തയാറാക്കിയത്: സംഗീത രാകേഷ് 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.