ഒരുകാലത്ത് കേരളത്തിലെ ഏതാണ്ടെല്ലാ വീടുകളിലെയും പോലെ ആകാശവാണിക്കൊപ്പമായിരുന്നു അമ്മ ഞങ്ങളെ ചിട്ട പഠിപ്പിച്ചെടുത്തത്. അതിരാവിലെ ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂൺ തുടങ്ങുമ്പോൾ എഴുന്നേൽക്കണം. അതു കേൾക്കുമ്പോഴെ ഉറക്കം മുറിയുന്നതിെൻറ നീരസമായിരുന്നു. വന്ദേമാതരം, വെങ്കിടേശ്വര സുപ്രഭാതം, ഉദയഗീതം ഒക്കെ ആകുമ്പോഴേക്കും പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് പഠിക്കാനിരുന്നിരിക്കും. അപ്പോഴും റേഡിയോ മൂളിക്കൊണ്ടിരിക്കും. കറൻറ് പോയാലും കാലാവസ്ഥ കലിതുള്ളിയാലും ബാറ്ററി ഇട്ട് പ്രവൃത്തിപ്പിക്കാവുന്ന, വീട്ടിലെ എത്ര സ്ഥലമില്ലായ്മയിലും ഒതുങ്ങിക്കൂടുന്ന ഒത്തിരി വർത്തമാനം പറയുന്ന ഇത്തിരി കുഞ്ഞൻ. ചിലപ്പോൾ റേഡിയോ സ്റ്റാൻഡിൽ, ചിലപ്പോൾ അലക്കു കല്ലിെൻറ അടുത്ത്. മറ്റുചിലപ്പോൾ അടുക്കളയിലുമൊക്കെ ഇടം പിടിച്ച് ഒരു കാരണവരെ പോലെ കഥ പറയുന്നതുകേൾക്കാം.
ഒരുപാട് വെള്ളം കുടിക്കണമെന്ന് ‘പ്രകാശധാര’യിൽ പറഞ്ഞത് അനുസരിച്ചിരുന്ന വീട്ടമ്മമാർ. മക്കൾക്ക് സ്പൂൺ ഫീഡിങ്ങ് പാടില്ലന്ന് ‘മഹിളാലയ’ത്തിൽ പറഞ്ഞതിനാൽ ഒരു ഇത്തിരി ഉദാരതയോടെ സ്ട്രിക്റ്റ് ആയ അമ്മ. ഇന്ന് സീരിയൽ കണ്ണുനീരിന് അടിമകളായ വീട്ടമ്മമാരെയും വീട്ടച്ഛന്മാരെയുംകാൾ പൗരബോധം ഉള്ള സമൂഹത്തെ വളർത്തിയെടുത്ത പോയകാലത്തെ ജനപ്രിയ മാധ്യമമായിരുന്നു റേഡിയോ.
ചലച്ചിത്രഗാനം കേൾക്കുമ്പോൾ പഠിക്കേണ്ട എന്ന ഇളവുണ്ടായിരുന്നു. അതുകൊണ്ട് ചലച്ചിത്രഗാന സമയങ്ങൾ ഗുണനപ്പട്ടികയെക്കാൾ മനപ്പാഠമായിരുന്നു. നാടക ഗാനം കേട്ട് കെ.എസ്. ജോർജിനെയും കെ.പി.എസി. സുലോചനയേയും അനുകരിച്ച് പാട്ട് പാടിയ മധുരമാമ്പഴക്കാലം കൂടിയാണ് റേഡിയോ തന്ന ഞായറാഴ്ചകൾ. പിന്നാലെ വരുന്ന ‘ബാലലോകം’. കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം ബാലലോകം പരിപാടിയിൽ പങ്കെടുക്കണമെന്നായിരുന്നു. നടക്കാത്ത മോഹമായി തന്നെ അത് അവശേഷിച്ചു. ശനിയാഴ്ചകളിലെ ‘രശ്മി’ പഠിപ്പിച്ച പാട്ട് ഇന്നും നാവിൻ തുമ്പത്തുണ്ട്. ഉച്ചയോടെ പ്രാദേശിക വാർത്ത, കൗതുക വാർത്ത, ഡൽഹിയിൽനിന്നുള്ള വാർത്തകൾ... അതുകഴിഞ്ഞാണ് കാത്തിരുന്ന ആ സംഭവത്തിെൻറ വരവ്.
അതിമനോഹരമായ പശ്ചാത്തലസംഗീതവുമായി ‘രഞ്ജിനി’യുടെ കടന്നുവരവ്. ഒരു മണിക്കൂർ നീളുന്ന ശ്രോതാക്ക ആവശ്യപ്പെട്ട ആ ചലച്ചിത്രഗാന പരിപാടിയുടെ മൂല്യം ഇപ്പോൾ എഫ്.എം റേഡിയോകളിൽ തലയും വാലും മുറിച്ച് തലങ്ങനെയും വിലങ്ങനെയും പായുന്ന പാട്ടുകൾ കേൾക്കുേമ്പാൾ ഒാർമവരും. ഏത് സിനിമ, ആരു പാടി, സംഗീതം നൽകിയത് ആര്, ആരുെട വരികൾ ഇങ്ങനെ അറിയണമെന്നു കരുതുന്ന ഒരു വിവരവുമില്ലാതെ പാട്ടുകൾ ചീറ്റിത്തെറിക്കുകയാണ് എഫ്.എമ്മിൽ. രജ്ഞിനി പാട്ടുകാരെ മാത്രമല്ല, ഗാനരചയിതാവിനെയും സംഗീത സംവിധായകനെയും ആദരിച്ചിരുന്നു.
പാട്ടുകാരെയും പാട്ടെഴുതിയ ആളെയും സംഗീത സംവിധായകനെതയും സിനിമയെയും പരിചയപ്പെടുത്തി പാട്ടിനെ നെഞ്ചോടു അടുപ്പിച്ച ആ റേഡിയോക്കാലം അതിജീവിപ്പിച്ച മലയാള ചലച്ചിത്ര ഗാനശാഖ. ‘സന്യാസിനിയെയും അകലെ അകലെ നീലാകാശത്തെയും മലയാളിയുടെ നിത്യഹരിത ഗാനങ്ങളാക്കിയത് ആകാശവാണിയായിരുന്നു.
‘തമിഴ്ചൊൽമാല’ തൊട്ടപ്പറുത്തുള്ള തമിഴ്നാടിനെ വീട്ടിലെത്തിച്ചു. ‘കമൻറ്സ് ഫ്രം ദ പ്രസ്സ്, ടു ഡേ ഇൻ പാർലമെൻ്റ് ഒക്കെ കേട്ട് വിലയിരുത്തുന്ന അച്ഛൻ വലിയ സംഭവമായിരുന്നു. മലയാള മാസങ്ങൾ കാണാതെ പഠിച്ചത് റേഡിയോയ്ക്കൊപ്പമാണ്. സന്തോഷ് േട്രാഫി ഫുട്ബാളും ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു േട്രാഫി വള്ളം കളിയും ഞങ്ങളുടെ വീടുകളെ മത്സരക്കളമാക്കിയ കാലം. ഒപ്പം ആ നൊസ്റ്റാൾജിക് കമൻററിയുമായി നാഗവള്ളി ആർ.എസ് കുറുപ്പും. ‘‘പുന്നമടക്കായലിലെ പൊന്നോളങ്ങളെ കീറിമുറിച്ച് കാരിച്ചാൽ ചുണ്ടനാണോ ജവഹർ തായങ്കരിയാണോ അതെ..... അത് കാരിച്ചാൽ തന്നെ...’’ എന്ന് പറഞ്ഞ് പിന്നെ ഫോട്ടോ ഫിനിഷിങ്ങിലേക്ക് കടത്തിവിടുന്ന ആ മാസ്മരിക ശബ്ദം.
സോഷ്യൽ മീഡിയ ഇല്ലാതെ, വാട്സ് അപ്പ് ഇല്ലാതെ സെൽഫി ഇടാതെ മനസ്സിലേറ്റിയ വ്യകതിത്വങ്ങൾ സതീഷ് ചന്ദ്രൻ, സുഷമ, വെൺമണി വിഷ്ണു, പ്രതാപൻ. പിന്നെ, നേരിയ നൊമ്പരമായി മാറിയ ആ പഴയ ശബ്ദം മാവേലിക്കര രാമചന്ദ്രൻ. വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്നു പറയുമ്പോൾ വീട്ടിലൊരു ബിഗ്ബി വന്ന മട്ടാണ്.
12.30 െൻറ പ്രാദേശിക വാർത്തക്ക് ഉച്ചയൂണൊരുക്കത്തിെൻറ താളമുണ്ട്. മീൻ വറക്കുന്ന മണവുമായി കൗതുക വാർത്ത കെട്ടുപിണഞ്ഞുകിടന്നു. രഞ്ജിനിയ്ക്കൊപ്പം ഉച്ചയൂണും. ഇത്രമേൽ നമ്മളെ അച്ചടക്കവും സമയബോധവും പഠിപ്പിച്ച മറ്റൊരു മാധ്യമമുണ്ടോയെന്ന് സംശയമാണ്.
ചായയുടെ മണവുമായി തെക്കു കിഴക്കൻ കാറ്റിലൂടെ ആടിയുലഞ്ഞ് സിലോൺ റേഡിയോയുടെ ഒരു വരവുണ്ട്. ചലച്ചിത്ര ഗാനവും ഇവാഞ്ചലിസ്റ്റ് ദിനകാരെൻറ സുവിശേഷവുമാണ് സ്പെഷ്യൽ. ‘വീണ്ടും സന്ധിക്കുംവരെയും വണക്കം..’ പറഞ്ഞേ തിരിച്ചുപോകൂ.
അന്തിച്ചുവപ്പ് അണഞ്ഞു തുടങ്ങുേമ്പാൾ നാടൻ ശീലുമായി വയലും വീടും നിറയും. അപ്പോഴേക്കും കൈയും കാലും കഴുകി വൃത്തിയായി ഒാരോരുത്തരും വീടിെൻറ കോലായയിൽ കടന്നിട്ടുണ്ടാവും. കൃഷിപാഠവും, കമ്പോളനിലവാരവും പിന്നാലെ. അൽപം ഭക്തി വേണെമന്നുള്ളവർക്ക് ആശ്വാസമായി ഭകതിരസ പ്രധാനമായ സ്പെഷ്യൽ ചലച്ചിത്രഗാനങ്ങളുണ്ട്. കാർഷിക ^ വാണിജ്യമേഖലകളുടെ സ്പന്ദനങ്ങൾ എന്തൊക്കെ എന്ന് ഉൾനാടുകൾ അറിഞ്ഞത് റേഡിയോ തന്ന അറിവിലൂടെയായിരുന്നു.
ചില ദൃശ്യങ്ങൾ പല ഒാർമകളെയും ക്ഷണിച്ചുെകാണ്ടുവരും. ഇന്നും റെയിൽവേ സ്റ്റേഷൻ കാണുേമ്പാൾ പെരുമൺ ദുരന്തവും പ്രഭാതഭേരിയുമാണ് ഒാർമയിൽ ഒാടിവരുന്നത്. കേരളം നടുങ്ങിനിന്ന ആ വാർത്ത അക്കാലത്തു തുടങ്ങിയ ‘പ്രഭാതദേഭരി’ എന്ന പരിപാടിയിലൂടെയാണ് ഞങ്ങൾ അറിഞ്ഞത്. ഒാേരാ ദിവസവും വൈകിയോടുന്ന ട്രെയിനുകളുടെ വിവരം പ്രഭാതഭേരി അറിയിക്കുന്നതും കേട്ട് യാത്രക്കൊരുങ്ങിയവരെക്കുറിച്ച് എനിക്കറിയാം.
അഖില കേരള റേഡിയോ നാടകോത്സവം ഒാരോ വീടുകളുടെയും ഉത്സവമായിരുന്നുവല്ലോ. പത്തു ദിവസവും രാത്രി ഒമ്പതരക്ക് നാടകങ്ങൾ കേൾക്കാൻ നേരത്തേ പാഠങ്ങൾ പഠിച്ചു തീർക്കുകയും േജാലികൾ ഒതുക്കിവെക്കുകയും ചെയ്ത് നാടകങ്ങൾക്കായി കാതോർത്തിരുന്ന ഉത്സവരാവുകൾ. കേരളത്തിലെ എല്ലാ നിലയങ്ങളും മത്സരിച്ച് നാടകങ്ങൾ അവതരിപ്പിച്ച ആ ദിവസങ്ങളിൽ വെള്ളിത്തിരയിൽനിന്നുപോലും ആകാശവാണിയിലെ മൈക്കിനു മുന്നിലേക്ക് സിനിമ താരങ്ങൾ ഇറങ്ങിവന്നു. തിലകനും നെടുമുടിവേണുവും മോഹൻലാലും വരെ ആ നാടകരാവുകളെ ഒാജസ്സുള്ളതാക്കി.
പത്ത് ദിവസത്തെ നാടകോത്സവം കേൾക്കാൻ നേരത്തെ പാഠങ്ങൾ പഠിച്ചുതീർക്കുന്ന നിഷ്കളങ്ക ബാല്യം ഇന്നൊരു കോമഡിയായി തോന്നിയേക്കാം. കൈവെള്ളയിൽ പോലും ‘ബാഹുബലി’ കാണുന്ന തലമുറയോട് ആകാശവാണി പകർന്നുതന്ന വിജ്ഞാനത്തിെൻറയും വിനോദത്തിെൻറയും പൊയ്പ്പോയ പ്രതാപം പറഞ്ഞു മനസ്സിലാക്കാനാവുമെന്നു തോന്നുന്നില്ല. അവർക്ക് ഉച്ചാരണ വൈകല്യം നിറഞ്ഞ് കൊഞ്ചിക്കുഴയുന്ന തലയും വാലും ഇല്ലാത്ത എഫ്.എം ചലച്ചിത്ര ഗാനങ്ങളാണല്ലോ റേഡിയോ.
ഞായറാഴ്ച രാത്രിയിെല ‘കണ്ടതും കേട്ടതും’ ആക്ഷേപഹാസ്യത്തിെൻറ മുള്ളാണികൾ കൊണ്ടു കുത്തി പരിക്കേൽപ്പിച്ചിരുന്നത് രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും പൊയ്മുഖങ്ങളെയായിരുന്നു.
യുവവാണിയിലൂടെ പരിചയപ്പെടുത്തിയ മിന്നുംതാരങ്ങൾ എത്രയോപേർ. ‘ഒരുനിമിഷം’ പരിപാടിയിലൂടെ താരങ്ങളായി മാറിയവർ. സർവകലാശല യുവജനോത്സവ പ്രതിഭകൾ മാറ്റുരച്ചിരുന്നു യുവവാണിയിൽ. മെയ്ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വിപ്ലവസിനിമ ഗാനങ്ങൾ, മലയാളിയുടെ മഹോത്സവത്തിന് ഓണപ്പാട്ടുകൾ, വിഷുവിന് വിഷുപ്പാട്ടുകൾ അങ്ങനെ ഓരോ സീസണിലും അനുയോജ്യമായ സിനിമാഗാനങ്ങളുമായി റേഡിയോ കടന്നുവന്ന കാലം ഇപ്പോൾ സുഖമുള്ളൊരു ഒാർമയാണ്.
സിനിമ കാണാനുള്ളതു മാത്രമല്ല, കേൾക്കാനുമുള്ളതാണെന്നു പഠിപ്പിച്ചത് ആകാശവാണിയാണ്. വെള്ളിത്തിരയിലെ നിഴലുകളെ ആറ്റിക്കുറുക്കി ബോൺസായി ആക്കി ശബ്ദരൂപത്തിൽ അത് വീടുകളെ തിയറ്ററുകളുമാക്കി മാറ്റി.
എത്ര പറഞ്ഞാലും അനുസരിക്കാത്ത വികൃതികളായിരുന്നു കുട്ടിക്കാലത്തെ ഞങ്ങൾ. ചേച്ചിയോടും അനിയനോടും തല്ലുകൂടുമ്പോൾ ഇടയിൽക്കടക്കുന്ന അമ്മയ്ക്ക് പിൻതുണയുമായി എത്തുന്നത് ചിലപ്പോൾ ആകാശവാണിയാകും. ‘അടുത്തഗാനം ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്ന സിനിമയിലേത്. ഉടൻ എളിയിൽ കൈകുത്തി നിസ്സഹായതയോടെ അമ്മയുടെ വക ഡയലോഗ് ‘‘അതു ഞാനാണ് ആ ജീവിക്കാൻ മറന്നുപോയ സ്ത്രീ, റേഡിയോയ്ക്ക് വരെ അതറിയാം’’. റേഡിയോവിനോട് കലിപ്പ് തോന്നുന്ന അപൂർവ്വം ചില നിമിഷങ്ങളിലൊന്ന്.
ചെറുകഥ, കവിത, കർണ്ണാടക സംഗീതം, വായ്പ്പാട്ട്, കാക്കാരിശ്ശിനാടകം, കഥകളി സംഗീതം, ഹരികഥാകാലക്ഷേപം അങ്ങനെ റേഡിയോ കേൾപ്പിക്കാത്ത കലാരൂപങ്ങൾ ഇല്ലായിരുന്നു. ഇത്രയേറെ കലാപ്രസ്ഥാനങ്ങൾ ഇൗ നാട്ടിലുണ്ടെന്ന് ആകാശവാണിയെപ്പോലെ ബോധ്യപ്പെടുത്തിയ മറ്റാരാണുള്ളത്..? ഇടയ്ക്കിടെ ഡൽഹിയിലേക്ക് പ്രക്ഷേപണം മാറ്റിപ്പിടിക്കുേമ്പാൾ കളി മുടക്കാൻ മാത്രം ഇടിച്ചുകുത്തി പെയ്ത മഴയോടുള്ള ഇൗർഷ്യ തോന്നിയിരുന്നു.
സ്കൂളിലെ സാഹിത്യ സമാജത്തിൽ പാട്ടുപാടാൻ ഗുരുവായി നിന്നതും ആകാശവാണിയാണ്. റേഡിയോയിലെ ലളിത സംഗീതപാഠത്തിനൊപ്പം ഉരുവിട്ടു പഠിച്ച പാട്ടുകളായിരുന്നു അത്. അടുത്തിടെ ടി.വിയിൽ ‘ഗജകേസരി യോഗം’ എന്ന സിനിമ കണ്ടപ്പോൾ ഒാർമ വന്നത് റേഡിയോവിൽ പഠിപ്പിച്ചിരുന്ന ഹിന്ദി പാഠങ്ങളായിരുന്നു. വിദ്യാഭ്യാസപരിപാടികളുമായി അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളേയും കൈയിലെടുക്കാൻ റേഡിയോക്ക് കഴിഞ്ഞു. ച്ചു. പിൽക്കാലത്ത് ബി.എഡ്ഡിനു പഠിച്ചപ്പോൾ റേഡിയോ ലസ്സൺ തയ്യാറാക്കിയത് പഴയ വിദ്യാഭ്യാസ പരിപാടികൾ ഓർത്തെടുത്താണ്. പിന്നീടെപ്പോഴോ പരസ്യങ്ങളുമായി റേഡിയോ ചങ്ങാത്തത്തിലായി. മൈക്കിൾസ് ടീ, ഇദയം നല്ലെണ്ണ, നിജാംപാക്ക്, ഉജാല, പോൺസ് ഡ്രീം ഫ്ളവർ ടാൽക്... അങ്ങനെയെത്രയെത്ര പരസ്യങ്ങളും പരസ്യഗാനങ്ങളും. അക്കാലത്തെ മിമിക്രി വേദികളിൽ അവയൊക്കെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.
അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാതെ ഇങ്ങോട്ടു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവെര ഇക്കാലത്തും റേഡിയോ എന്നാണ് വിളിക്കുന്നത്. ജനങ്ങൾക്ക് അങ്ങോട്ട് പറയാനുള്ള പരിമിതികളായിരുന്നു അതിനു കാരണം. റേഡിയോ പറയുന്നു േശ്രാതാവ് കേൾക്കുന്നു. റേഡിയോ പരിപാടികളെപ്പറ്റിയുള്ള േപ്രക്ഷകെൻറ അഭിപ്രായം കത്തായി വരുന്ന ‘കത്തുകളും അവയ്ക്കുള്ള മറുപടികളും’, ഇഷ്ടമുള്ള പാട്ടുകൾ രഞ്ജിനിയിലും പൂന്തേനരുവിയിലും ആവശ്യപ്പെടുന്നതും ഒഴിച്ചാൽ പൊതുജനപങ്കാളിത്തം ഒട്ടും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ േശ്രാതാവും റേഡിയോവും തമ്മിൽ അടുപ്പം കൂടിയിട്ടുണ്ട്. പക്ഷേ, പരിപാടികളുടെ നിലവാരം കുത്തനെ കുറഞ്ഞു. തികച്ചും കച്ചവടപരമായാണ് ഇന്ന് പരിപാടികൾ നീങ്ങുന്നത്.
ടി.വിയിൽ കളി നേരിൽ കാണുന്നതിനു മുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമറിയുന്ന കമൻററിയിലൂടെയായിരുന്നു സുനിൽ ഗവാസ്കറും കപിൽദേവും രവി ശാസ്ത്രിയുമൊക്കെ ഇഷ്ടക്കാരായത്.
ഏതു മേഖലയിലെയും ഏതു വ്യകതിത്വങ്ങളെയും റേഡിയോ വീട്ടിൽ എത്തിച്ചു. കഥാപ്രസംഗരംഗത്തെ അതികായനായ സാംബശിവനും, പാരഡി കഥാപ്രാസംഗികനായ വി.ഡി. രാജപ്പനും റേഡിയോ വിടവിലൂടെ േശ്രാതാവിനോടു കഥകൾ പറഞ്ഞു. അത്തരമൊരു കഥാപ്രസംഗത്തിലാണ് തിരിച്ചടിച്ച ആദ്യത്തെ അടിമ സ്പാർട്ടക്കസിനെ കേട്ടത്. അന്ന് ആ കഥ കേട്ട് കരഞ്ഞുപോയിട്ടുണ്ട്. ഇന്ന് ഒരു ദലിത് ആക്ടിവിസ്റ്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ അന്നു കേട്ട സ്പാർട്ടക്കസ് സ്വാധീനിച്ചത് ഓർത്തെടുക്കാൻ കൗതുകം തോന്നാറുണ്ട്.
പുട്ടിനു തേങ്ങാപ്പീര പോലെ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ചൂടൻ തെരഞ്ഞെടുപ്പ് വാർത്തകൾ ഒരു സംഭവം തന്നെയായിരുന്നു. ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം വരുന്നതിനു മുമ്പ് എണ്ണിച്ചുെട്ടടുക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിലെ കയറ്റിറക്കങ്ങളുടെ പിരിമുറുക്കം പകർന്നു തന്നത് റേഡിയോയാണ്. നട്ടപ്പാതിരാത്രിയിൽ കേരളം ആരു ഭരിക്കുമെന്ന് ഭൂരിപക്ഷക്കണക്ക് കൂട്ടി ലോകത്തെ ആ റേഡിയോ യന്ത്രം അറിയിക്കുേമ്പാൾ പെട്രോമാക്സ് വെളിച്ചത്തിൽ പിറവിയെടുത്ത ജാഥകൾ ഞങ്ങളുടെ വീടിനുമുന്നിലൂടെ ഇന്നലെയാണ് കടന്നുപോയത് എന്നു തോന്നിപ്പോയിട്ടുണ്ട്.
വിവിധ് ഭാരതിയിലെ ഹിന്ദി ഗാനങ്ങൾ. അങ്ങനെ റേഡിയോയെപ്പറ്റി പറയാൻ വിശേഷങ്ങൾ ഏറെയുണ്ട്. അന്ന് മലയാളിക്ക് ഹിന്ദി അത്രമേൽ പരിചയമില്ലാത്ത കാലം. എല്ലാ ജോലിയും തീർത്ത് കുട്ടികളുടെ പഠന സമയവും കഴിഞ്ഞ് രാത്രി സമയം റേഡിയോ വെച്ചാൽ കിട്ടിയിരുന്ന ഹിന്ദി ഇംഗ്ലീഷ് പരിപാടികൾ കുറച്ചൊന്ന് മുഷിപ്പിച്ചിരുന്നു. അതുകൊണ്ടാവാം ദൂരദർശൻപോലൊരു ചോയിസ് കിട്ടിയപ്പോൾ അതും ദൃശ്യവും കൂടി ഇണങ്ങിയപ്പോൾ ആകാശവാണിയെ തിരസ്കരിച്ച് ജനം അങ്ങോട്ട് ചേക്കേറിയത്. പിന്നീടുവന്ന കേബിൾ ടി.വി സംസ്കാരം, സ്വകാര്യചാനലുകൾ, സോഷ്യൽമീഡിയ, വാട്സ് ആപ്പ് ഇവയൊക്കെ റേഡിയോയെ പുറകോട്ടടിച്ചു. എങ്കിലും ഒാരോ വീട്ടിലെയും ഒരംഗം കണക്കെ ഇത്രമേൽ ജീവിതത്തിനു മേൽ കെട്ടിപ്പുണർന്നുകിടന്ന മറ്റൊരു യന്ത്രവും ഉണ്ടാവില്ല, റേഡിയോ പോലെ.
ജയൻറെയും പ്രേം നസീറിൻറെയും ഇന്ദിരഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ഡയാനാ രാജകുമാരിയുടെയും മദർ തെരേസയുടെയും മരണം മലയാളത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ ഗാനങ്ങളുടെ അകമ്പടിയോടെ റേഡിയോ സ്വന്തം ദുഃഖമായി നമ്മെ അറിയിച്ചു. മക്കൾ തിലകം എം.ജി രാമചന്ദ്രെൻ്റ വേർപാട് മൂന്ന് ദിവസത്തെ ദുഃഖാചരണമായി കേരളവും ഏറ്റെടുത്തത് റേഡിയോ വിളിച്ചുപറഞ്ഞു. ആ ദിവസങ്ങളിൽ കഥപറയാത്ത, പാട്ട് പാടാത്ത റേഡിയോ വീടിനെ വിങ്ങുന്ന ശബ്ദത്തിൽ കരയിച്ചുകൊണ്ടിരുന്നു. അങ്ങനെ എത്ര എത്രയോ പ്രശസ്തരുടെ വിടവാങ്ങലുകൾക്കൊപ്പം റേഡിയോ വീടുകളെയും മറ്റൊരു മരണവീടാക്കി.
റേഡിയോയുടെ ശബ്ദ ഇടപെടലുകൾ ഒരു ജനതയുടെ സംസ്കാരത്തെ തന്നെ രൂപപ്പെടുത്തി. അതിനുശേഷം കടന്നുവന്ന മാധ്യമങ്ങൾ ചിലപ്പോഴൊക്കെ സമയബോധമില്ലാത്ത കോമാളികളായെങ്കിൽ റേഡിയോ എന്നും സമയബോധം പഠിപ്പിച്ച ലോക ഘടികാരം തന്നെയായിരുന്നു. വിശ്വ സാഹിത്യവും സംസ്കാരവും പറഞ്ഞുതന്ന റേഡിയോയുടെ നാവ് നമ്മുടെ തലച്ചോറിലേക്ക് പകർന്നുതന്നത് വേറിട്ട അറിവുകളാണ്. എെൻറ ബാല്യവും, കൗമാരവും, യൗവനത്തിൻറെ തുടക്കകാലങ്ങളും റേഡിയോയ്ക്കൊപ്പമാണ് സഞ്ചരിച്ചത്.
ഇന്നും റേഡിയോ എന്നാൽ എനിക്ക് ഓൾഡ് സ്പൈസ് പൗഡറിൻറെയും പോൺസ് സ്നോയുടെയും മണത്തെ ഗൃഹാതുരത്വത്തോടെ ഓർമിപ്പിക്കുന്നതാണ്. വീട്ടിലെ റേഡിയോ സ്റ്റാൻറിൽ ഏറ്റവും ആദരണീയമായ പദവിയിലായിരുന്നു അച്ഛൻ അത് വെച്ചിരുന്നത്. മറക്കാനാവാത്ത അച്ഛനോർമ്മകൾ കൂടിയാണ് റേഡിയോ. ചേച്ചിയും അനിയനുമൊത്ത് ബാലലോകവും രശ്മിയും കേട്ട കാലങ്ങൾ ഇന്ന് ഓർമ്മകളിൽ. കുളി കഴിഞ്ഞ് തിരുനെറ്റിയിൽ രാസ്നാദി പൊടി തിരുമ്മി തന്നിരുന്ന അമ്മയുടെ സ്നേഹം പോലെ മധുരമായിരുന്നു വീട്ടിലെ മറ്റൊരംഗം തന്നെയായിരുന്ന ആ കുഞ്ഞൻ പെട്ടിയുടെ പറച്ചിലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.