മേയ് 23ന് കേന്ദ്ര വനം^പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 396ാം നമ്പർ ഗസറ്റ് വിജ്ഞാപനത്തിലെ ‘മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള (കന്നുകാലിചന്തയുടെ നിയന്ത്രണ) ചട്ടം’ പരിശോധിച്ച മൂന്നു ഹൈകോടതികൾ മൂന്നു തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയത് ജുഡീഷ്യറിയെകുറിച്ച് സാമാന്യജനത്തിന് പലവിധ സന്ദേഹങ്ങളും ജനിപ്പിക്കാൻ ഇടയാക്കിയേക്കാം. വിവാദ ഉത്തരവ് വഴി കന്നുകാലികളെ വിൽക്കുന്നത് തടയുന്നതിലൂടെ അവയെ അറുത്ത് മാംസം ഭക്ഷിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കപ്പെടുകയാണെന്ന മദിരാശി ഹൈകോടതിയുടെ മധുര ബെഞ്ച് ചൂണ്ടിക്കാട്ടുമ്പോൾ കേരള ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാവട്ടെ, എവിടെയാണ് മൃഗകശാപ്പ് നിരോധനമുള്ളത് എന്ന്് ചോദിച്ച്, വലിയൊരു വിഭാഗത്തിെൻറ ആശങ്ക അസ്ഥാനത്താണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ എന്ന പേരിൽ, കശാപ്പുകാർക്ക് പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ വിൽക്കാൻ പാടില്ലെന്നും അങ്ങനെ കൈമാറുന്നത് ശിക്ഷാർഹമാണെന്നും പരാമൃഷ്ട ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ഉത്തരവിെൻറ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങുന്നതിനപ്പുറം, കേന്ദ്രസർക്കാറിെൻറ നീക്കത്തിനു പിന്നിൽ രാഷ്ട്രീയം തിരയാൻ പോകേണ്ട എന്ന പരോക്ഷ താക്കീതാണ് ചീഫ് ജസ്റ്റിസ് നവ്നീതി പ്രസാദും ജസ്റ്റിസ് രാജ വിജയരാഘവനും നൽകിയത്.
അതിനിടയിൽ, ഗോഭക്തനായ രാജസ്ഥാൻ ഹൈകോടതി ജഡ്ജി, ജോലിയിൽനിന്ന് വിരമിച്ച ദിവസം ഹിന്ദുത്വയെ സേവിച്ച രസകരമായ കാഴ്ചയും നമുക്ക് കാണാൻ കഴിഞ്ഞു. നേപ്പാളിലേതുപോലെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്ത ജസ്റ്റിസ് മഹേഷ് ചന്ദ്രശർമ, 139പേജ് വരുന്ന വിധിന്യായത്തിലൂടെ നിരത്തിയ ഗോമാഹാത്മ്യങ്ങൾ വരുംതലമുറ വായിക്കാനിടവന്നാൽ നമ്മുടെ തലമുറയുടെ ബുദ്ധിവികാസത്തെ കുറിച്ചോർത്ത് ചിരിച്ചു മണ്ണ് കപ്പാതിരിക്കില്ല. 33കോടി ദേവീദേവന്മാർ കുടിയിരിക്കുന്നത് പശുവിലാണെന്നും അതിെൻറ കൊമ്പിലൂടെ ബ്രഹ്മോർജം (കോസ്മിക് എനർജി) ആവാഹിച്ചെടുക്കുന്നുണ്ടെന്നും ഗോമൂത്രത്തിെൻറയും പശുനെയ്യിെൻറയും ‘പഞ്ചഗവ്യയുടെ’യും (പശുവിെൻറ ചാണകം, മൂത്രം, പാൽ, നെയ്യ് തുടങ്ങിയവ ചേർത്തുള്ള മിശ്രിതം) 11 േശ്രഷ്ഠതകൾ അറിയേണ്ടതാണെന്നും വിധിന്യായത്തിൽ സവിസ്തരം പ്രതിപാദിക്കുമ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥയെ കാലിത്തൊഴുത്തിൽ കൊണ്ട് കെട്ടിയതിെൻറ നാണക്കേട് സഹിക്കുകയേ നിർവാഹമുള്ളൂ. ജസ്റ്റിസ് കർണെൻറ മനോനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിക്ക് ഈ ന്യായാധിപെൻറ കാര്യത്തിൽ എന്താണാവോ പറയാനുള്ളത്?
ഇറച്ചിക്കായുള്ള മൃഗക്കശാപ്പും വിശ്വാസപരമായ ബലിയും നിരോധിക്കാൻ ഭരണഘടനയുടെ 21, 25 ഖണ്ഡികകൾ വിഭാവന ചെയ്യുന്ന മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കിയാവണം മൃഗങ്ങളോടുള്ള ക്രൂരത തടയാൻ എന്ന പേരിൽ ഏതാനും മൃഗങ്ങളെ കശാപ്പിനായി ഇടപാട് നടത്തുന്നത് വിലക്കുന്ന തരത്തിലുള്ള ഉത്തരവ് പരസ്ഥിതി മന്ത്രാലയം ഇറക്കിയിരിക്കുന്നത്. എട്ടു പേജ് വരുന്ന ഉത്തരവ് വായിച്ചാൽ ഏത് മണ്ടനും മനസ്സിലാവും കൃഷിക്കാരോടുള്ള സ്നേഹമോ മൃഗങ്ങളോടുള്ള മമതയോ അല്ല, മറിച്ച് മാംസം ഭക്ഷിക്കുന്നവരോടുള്ള കെറുവാണ് ഉത്തരവിെൻറ കാതലെന്ന്. ‘കശാപ്പിന്നായി വിൽക്കാനല്ല കന്നുകാലിയെ കൊണ്ടുവന്നിരിക്കുന്നത്’ എന്ന് ആനിമൽ മാർക്കറ്റ് കമ്മിറ്റിക്ക് ഉടമ രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്ന് പുതുതായി കൂട്ടിേച്ചർത്ത 22ാം വകുപ്പ് വ്യവസ്ഥവെക്കുന്നുണ്ട്. അതുപോലെ, ‘അറുക്കാനല്ല, കൃഷി ആവശ്യത്തിനുവേണ്ടിയാണ് മൃഗത്തെ വാങ്ങുന്നത് ’ എന്ന് ഇടപാടുകാരനും ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് സഹിതം സാക്ഷ്യപ്പെടുത്തണം. കർഷകസമൂഹം മച്ചിപ്പശുക്കളെയും കറവവറ്റിയവയെയും ഉപയോഗശൂന്യമായ കാള–പോത്തുകളെയും വിറ്റൊഴിക്കാൻ തെരഞ്ഞെടുക്കുന്ന ഗ്രാമീണ ചന്തകളുടെമേൽ ഇമ്മട്ടിലൊരു കർശനനിയന്ത്രണം കൊണ്ടുവരുന്നത് മാംസാഹാരികളെ ലക്ഷ്യംവെച്ചല്ലാതെ മറ്റെന്താണ്? വീട്ട്മുറ്റത്തും മട്ടുപ്പാവിലും വെച്ചാണോ സാധാരണ കാലിക്കച്ചവടം നടക്കാറ്?
ഭരണഘടന വാഗ്ദാനം ചെയ്യുന്ന എണ്ണമറ്റ അവകാശങ്ങളെ ഈ നിയന്ത്രണം ഹനിക്കുന്നുണ്ട്. ഒന്ന്, സ്വാദിഷ്ഠപ്രകാരം ഭക്ഷണം കഴിച്ച് അന്തസ്സോടെ ജീവിക്കാനുള്ള 21ാം അനുഛേദം വകവെച്ചുതരുന്ന അവകാശം. രണ്ട്: മതാചാരങ്ങൾ അനുഷ്ഠിക്കാനും ആചരിക്കാനുമുള്ള അവകാശം (അനുഛേദം 25). മൂന്ന്: രാജ്യത്ത് എവിടെയും തനിക്ക് ഇഷ്ടമുള്ള ജോലിചെയ്യാനുള്ള അവകാശം (അനുഛേദം 19(1)(ജി) ). ആരാണ് താങ്കളെ ബീഫ് വിൽക്കുന്നതിൽനിന്ന് തടയുന്നത് എന്ന കേരള ഹൈകോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം ലളിതം; കേന്ദ്രസർക്കാർ തന്നെ. കാലിച്ചന്തയിൽ വിൽക്കാൻ കൊണ്ടുവരുന്ന മൂരിക്കുട്ടിയെയോ പോത്തിനെയോ അറുക്കാൻ പാടില്ലെന്ന് നിർദേശിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ആരാണ് അധികാരം നൽകിയത്? മൃഗങ്ങളോടുള്ള ക്രൂരതയും മൃഗക്കശാപ്പും സമീകരിക്കുന്നതിലൂടെ ന്യൂനാൽ ന്യൂനപക്ഷം വരുന്ന ബ്രാഹ്മണ വിഭാഗത്തിെൻറ പ്രാക്തന ചിന്താഗതി 130കോടി മനുഷ്യരുടെമേൽ അടിച്ചേൽപിക്കുകയല്ലേ? ഗോവധനിരോധനത്തിെൻറ പരിധിയിലേക്ക് എരുമയെയും പോത്തിനെയും ഒട്ടകത്തെയുംകൂടി കൊണ്ടുവന്ന് ‘വെജിറ്റേറിയനിസ’ത്തിന് ഔദ്യോഗിക മുദ്ര ചാർത്താൻ ശ്രമിക്കുകയല്ലേ ഹിന്ദുത്വ സർക്കാർ. മൃഗങ്ങളോടുള്ള ക്രൂരത പാവം ആടിനോട് ആവാമെന്നാണോ? അറേബ്യൻ നാടുകളിൽനിന്ന് കുടിയേറിയ ഇനങ്ങളാണ് ഇന്ത്യയിലെ കോലാടുകളും ചെമ്മരിയാടുകളുമെന്ന് സംഘ്ബുദ്ധിജീവികൾ ധരിച്ചുവെച്ചിട്ടുണ്ടാവണം.
നേപ്പാൾ അതിർത്തിയിലൂടെയുള്ള കന്നുകാലി കടത്ത് തടയണമെന്ന സുപ്രീംകോടതിയുടെ പഴയ ഉത്തരവും 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമവും മുന്നിൽവെച്ചാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ ചുട്ടെടുത്തിരിക്കുന്നത്. 1960ലെ നിയമം മൃഗക്കശാപ്പ് തടയാനുള്ളതല്ല, പ്രത്യുത കശാപ്പ് നടത്തുമ്പോൾ പരമാവധി വേദനരഹിതമാക്കുന്നതിനും മറ്റു ക്രൂരതകൾ തടയുന്നതിനുമുള്ളതാണ്. പുതിയ ഉത്തരവ് വാസ്തവത്തിൽ ഈ നിയമത്തിെൻറ പച്ചയായ ലംഘനമാണ്. ‘മനുഷ്യരാശിക്കുള്ള ഭക്ഷണമായാണ്’ ഈ നിയമം മൃഗങ്ങളെ കാണുന്നത്. നിയമം എന്താണോ അനുവദിക്കുന്നത് അതിനു നേർ വിപരീതമായാണ് മോദി സർക്കാർ ചെയ്തിരിക്കുന്നത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ മൂരിക്കുട്ടനെ അറുത്തപ്പോഴേക്കും അത് മഹാപാതകമായി കണ്ട് രാഹുൽ ഗാന്ധി അലമുറയിട്ടത് ഗോഭക്തിയിൽ ആർ.എസ്.എസിനെ വെല്ലാനുള്ള അമിതാവേശം കൊണ്ടാവാനേ തരമുള്ളൂ. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കന്നുകാലി കടത്തിെൻറ പേരിൽ പത്തുമനുഷ്യരെ പച്ചക്ക് കൊന്നപ്പോൾ മൗനത്തിലായിരുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ കണ്ണൂരിലെ ‘പരസ്യ കശാപ്പി’നെ കുറിച്ച് കേട്ടപ്പോൾ സടകുടഞ്ഞെഴുന്നേറ്റതിൽനിന്നുതന്നെ, ഇക്കാലമത്രയും പശുവിെൻറ പിന്നാലെ വോട്ടുതേടി നടന്ന കോൺഗ്രസിെൻറ ജീർണപാരമ്പര്യത്തിൽനിന്ന് ‘ന്യൂജനറേഷനും’ മോചിതമായിട്ടില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. കശാപ്പ് നിരോധന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന ഗൗരവതരമായ ഇടപെടലിനെ ഇകഴ്ത്തിക്കാട്ടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ േപ്രരിപ്പിക്കുന്ന ചേതോവികാരവും മറ്റൊന്നല്ല. ഗോഭക്തിയുടെ വിഷയത്തിൽ കോൺഗ്രസ് വിതച്ചതാണ് ബി.ജെ.പി ഇന്ന് കൊയ്യുന്നത്. കോൺഗ്രസ് ഭരിച്ച മിക്ക സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുടൻ തന്നെ ഗോവധനിരോധനനിയമം കൊണ്ടുവന്നിരുന്നു എന്ന് മാത്രമല്ല, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങ് ഗോമൂത്ര പരീക്ഷണത്തിനും പഞ്ചഗവ്യ ഉൽപാദനത്തിനും വിപുല പദ്ധതികൾ ആവിഷ്കരിക്കുകപോലുമുണ്ടായി. പക്ഷേ, ഗോഭക്തിയുടെ പാരവശ്യം തുറന്നുസമ്മതിക്കാൻ സംഘ്പരിവാർപോലും തയാറല്ല എന്നതുകൊണ്ടാണ് പിൻവാതിലിലൂടെ നിരോധനം നടപ്പാക്കാൻ കുത്സിത മാർഗങ്ങൾ തേടുന്നത്.
വിവാദ ഉത്തരവ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് മദിരാശി ഹൈകോടതി ജഡ്ജിമാരായ എം.വി. മുരളീധരനും സി.വി. കാർത്തികേയനും നടത്തിയ നിരീക്ഷണങ്ങൾ വിഷയത്തിെൻറ മർമത്തെ സ്പർശിക്കുന്നതാണ്. പൗരന്മാരുടെ മൗലികാവകാശം കവർന്നെടുക്കുന്ന തരത്തിലുള്ള ചട്ടങ്ങൾ ഇറക്കാൻ ഒരു മന്ത്രാലയത്തിനും അധികാരമില്ല എന്നതാണ് അടിസ്ഥാന തത്ത്വം. 1990ലെ സുപ്രീംകോർട്ട് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ കേസിെൻറ വിധിയിൽ പരമോന്നത നീതിപീഠം അടിവരയിട്ട് പറയുന്ന ഭാഗം മധുരബെഞ്ച് എടുത്തുദ്ധരിക്കുന്നുണ്ട്: “Rules whether made under Constitution or a statute, must be intra vires the parent law under which power has been delegated...A delegated legislation or a subordinate legislation must conform exactly to the power granted.” ഭരണഘടനയുടെ കീഴിലോ പാർലമെൻററി നിയമത്തിെൻറ കീഴിലോ ഉണ്ടാക്കിയ ചട്ടങ്ങൾ മാതൃനിയമവുമായി ഒത്തുപോകുന്നതാവണമെന്ന് ചുരുക്കം. ഇവിടെ 1960ലെ ജന്തുപീഡനനിരോധനനിയമത്തിെൻറ ബലത്തിൽ ഹിന്ദുത്വസർക്കാർ എഴുതിച്ചേർത്ത പുതിയ ചട്ടങ്ങൾ മാതൃനിയമത്തെ കശാപ്പ് ചെയ്യുന്നതാണ്. മാത്രമല്ല, ബലി അറുക്കാനുള്ള പൗരെൻറ മതപരമായ അവകാശത്തെ ഒരുത്തരവിലൂടെ എടുത്തുകളയാൻ ഒരു മന്ത്രിക്കും അധികാരമില്ല. 29ാം ഖണ്ഡിക മതസമുദായങ്ങൾക്ക് അവരുടെ സംസ്കൃതി പരിരക്ഷിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കുന്നു. മാംസം രാജ്യത്തെ ഭൂരിഭാഗം പൗരന്മാരുടെയും ജീവിതശൈലിയുടെ ഭാഗമാണ്. ആ അവകാശം പരിരക്ഷിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്്. ഏതെങ്കിലും ഭ്രാന്തമായ വിചാരധാരയുടെ സ്വാധീനത്താൽ അക്രമാസക്തമാവുന്ന ജനസഞ്ചയത്തിന് മുന്നിൽ ആ അവകാശം അടിയറവ് പറയേണ്ടതില്ല. ഈ വിഷയത്തിൽ സൗദി അറേബ്യയിലെ സലഫി പണ്ഡിതന്മാരുടെ ഫത്വക്ക് ഇവിടെ പ്രസക്തിയില്ല. ജനാധിപത്യ–മതേതരമൂല്യങ്ങളുമായി പരിചയമില്ലാത്ത ഈ പണ്ഡിതർക്ക് ഇന്ത്യൻ വ്യവസ്ഥയുടെ പൊരുളോ കാതലോ ഗ്രഹിക്കാൻ സാധിച്ചിട്ടുണ്ടാവണമെന്നില്ല. ഈ മൂല്യങ്ങൾ തൊട്ടുകളിക്കുന്ന വികലചിന്തകളെ കൈകാര്യം ചെയ്യാൻ ഇവിടെ കർക്കശ സംവിധാനമുണ്ട്. ഹിന്ദുത്വ ഫാഷിസം ഉയർത്തുന്ന വെല്ലുവിളികളെ ജനാധിപത്യപരമായാണ് നേരിടേണ്ടത്, അല്ലാതെ, സലഫി ഫത്വകളിലൂടെയല്ല.
കാലിച്ചന്ത ഉത്തരവിെൻറ സ്പഷ്ടമായ ബലഹീനത, മൃഗങ്ങളുടെ ക്ഷേമവും കർഷകരുടെ അഭിവൃദ്ധിയും നോക്കേണ്ടത് പരിസ്ഥിതി മന്ത്രാലയമല്ല; മറിച്ച് കൃഷിവകുപ്പും അതിന് കീഴിലുള്ള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്മെൻറും ആണ് എന്ന അടിസ്ഥാന സംഗതി വിസ്മരിച്ചു എന്നതാണ്. കർഷകരോട് അശേഷം സ്നേഹമുണ്ടെങ്കിൽ അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന കർക്കശ വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ഭരണകൂടം മുതിരില്ലായിരുന്നു. ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിെൻറ 40 ശതമാനം സ്വരൂപിക്കുന്നത് പാൽവറ്റിയ ഉരുക്കളെ ചന്തയിൽ വിറ്റാണ്. ഗോവധനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലെല്ലാം പശുക്കളുടെയും കാളകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുരേഖപ്പെടുത്തിയതായി കാണാം. ഇനി വിൽപനകൂടി വിലക്കപ്പെടുന്നതോടെ കർഷകസമൂഹത്തിെൻറ നട്ടെല്ലൊടിയും എന്നു മാത്രമല്ല, ഈ രംഗത്തുനിന്ന് ക്ഷീരകർഷകരടക്കമുള്ളവർക്ക് പിൻവലിയുകയേ നിവൃത്തിയുള്ളൂ. ഇവിടെയാണ് കന്നുകാലി കശാപ്പിനെതിരായ സംഘ്പരിവാറിെൻറ കൊണ്ടുപിടിച്ച നീക്കത്തിനു പിന്നിൽ കോർപറേറ്റ് അജണ്ടയുണ്ടോ എന്ന് പരിശോധിക്കേണ്ടിവരുന്നത്. യൂറോപ്യൻ യൂനിയൻ, ആസ്േട്രലിയ, ന്യൂസിലാൻഡ്, അമേരിക്ക തുടങ്ങിയ വൻ പാൽപ്പൊടി ഉൽപാദകർ സബ്സിഡി നിരക്കിൽ ഇന്ത്യയുടെ വിപുലമായ വിപണിയിലേക്ക് മിൽക്പൗഡർ കൊണ്ട് ചൊരിയാൻ കാത്തിരിക്കുകയാണെത്ര. അതുപോലെ, മാട്ടിറച്ചിയുടെ ലഭ്യത കുറയുമ്പോൾ വിദേശകമ്പനികൾക്ക് നമ്മുടെ മാർക്കറ്റിൽ ഇറങ്ങിക്കളിക്കാം. അതിനെല്ലാമുപരി, ഇന്ത്യയിൽനിന്നുള്ള മാംസക്കയറ്റുമതിക്കാരെല്ലാം ആർ.എസ്.എസുമായി ഏറ്റവും അടുപ്പമുള്ളവരാണെന്നതിനാൽ ആഭ്യന്തര ഉപഭോഗം കുറച്ചുകൊണ്ടുവന്ന് കയറ്റുമതി തോത് പരമാവധി വർധിപ്പിക്കാനുള്ള പദ്ധതി അണിയറയിൽ ആവിഷ്കരിക്കുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഫാഷിസത്തിെൻറ ഈ കടന്നുകയറ്റത്തെ നിയമപരമായും സാമൂഹികപരമായുമാണ് നേരിടേണ്ടത്. ഈ വിഷയത്തിൽ രൂപപ്പെടുന്ന സർക്കാർ വിരുദ്ധ സഖ്യത്തിലേക്ക് നേരെ ചൊവ്വേ ചിന്തിക്കുന്ന മുഴുവൻ ജനങ്ങളും അണിചേരുമെന്നും ഹിന്ദുത്വസർക്കാറിന് ഉത്തരവ് പിൻവലിക്കേണ്ടിവരുമെന്നും പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.