സർക്കാർ വെറും ലക്ഷങ്ങളാണ് നഷ്ടപരിഹാരം തരുക, കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞാൽ ഞങ്ങൾ കോടികൾ തരാമെന്ന് പറഞ്ഞ് ചിലർ വീട്ടിലേക്ക് വന്നു. എനിക്ക് എന്തിനാണ് പൈസ? എനിക്ക് തരാമെന്ന് പറഞ്ഞ പണം മുഴുവൻ എടുത്തു കൊള്ളൂ, പകരം നിങ്ങൾ കൊന്നുകളഞ്ഞ എന്റെ ഒരു കുഞ്ഞിനെയെങ്കിലും തിരിച്ചുതരാൻ സാധിക്കുമോ?
പുറത്തേക്കു പോയ മക്കളാരെങ്കിലും വരാൻ വൈകിയാൽ ആധിപിടിച്ച് വീർപ്പുമുട്ടാറില്ലേ? കുഞ്ഞുങ്ങളുടെ കൈയിൽ ഒരു മുറിവുപറ്റിയാൽ ഉള്ളുനീറിപ്പോവാറില്ലേ നിങ്ങൾക്ക്? മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം എന്ന് ചിന്തിക്കാറില്ലേ നമ്മളെല്ലാവരും?. ഞാനും അങ്ങനെയൊക്കെത്തന്നെയായിരുന്നു. കഴിവതും തല്ലുകൊണ്ടുപോലും വേദനിപ്പിക്കാതെ ഞാനും ഭാര്യ ലാൽബീയും കൊണ്ടുനടന്നതാണ് മക്കളെ. ആ മക്കളിൽ ആറു പേർ- സുഫിയാ ബാനു, മെഹ്ബൂബ് ,അഫ്രീൻ ബാനു, ഷഹീൻ ബാനു, ഖാജാ, ഹുസൈൻ എന്നിവർ ഇന്നീ ഭൂമുഖത്തില്ല, ലാൽബീയും അവളുടെ ഉദരത്തിൽ വളർന്നുവന്നിരുന്ന കുഞ്ഞുമില്ല.
മരിച്ചതല്ല, വർഗീയവാദികൾ കശാപ്പ് ചെയ്ത് കൊലപ്പെടുത്തിയതാണ് ഗർഭസ്ഥ ശിശുവടക്കം എന്റെ മക്കളെയും പ്രിയപ്പെട്ടവളെയും. 21 വർഷമായി ഇതെല്ലാം നടന്നിട്ട്. ഇക്കാലമത്രയും ആ തീയും നെഞ്ചിലിട്ട് ഞാൻ ജീവിക്കുന്നു. ഞാൻ മാത്രമെന്തിന് അവശേഷിച്ചു എന്ന് ആദ്യം കുറേക്കാലം ആലോചിച്ചിരുന്നു. പിന്നെയെനിക്ക് മനസ്സിലായി അവർക്ക് നീതി ഉറപ്പാക്കാനാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്ന്, 2002ൽ ഗുജറാത്തിൽ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല എന്ന പ്രചാരവേല കള്ളമാണ് എന്ന് ലോകത്തോട് സാക്ഷ്യപ്പെടുത്താനാണ് ജീവിച്ചിരിക്കുന്നതെന്ന്. എത്രയൊക്കെ വേദനിപ്പിക്കപ്പെട്ടാലും വിദ്വേഷവും വൈരവും കൊണ്ടല്ല സ്നേഹവും ക്ഷമയും കൊണ്ട് വേണം മറുപടി നൽകാൻ എന്ന് സഹജീവികളെ പറഞ്ഞു പഠിപ്പിക്കുകയാണ് എന്റെ ശിഷ്ടജീവിത ദൗത്യമെന്ന്.
കർണാടകയിലെ ഗുൽബർഗയിൽനിന്ന് 1967ൽ ഗുജറാത്തിലെത്തിയതാണ് ഞാൻ. വിവാഹശേഷം നരോദ പാട്യയിൽ കുടുംബവുമൊത്ത് സമാധാനത്തോടെ ജീവിച്ചുവരുകയായിരുന്നു. അയൽവാസികളോട് ഞങ്ങൾക്കും ഞങ്ങളോട് അയൽവാസികൾക്കും സ്നേഹവും സഹകരണവുമൊക്കെയായിരുന്നു. 2002 ഫെബ്രുവരി 28ന് ഒരു ബന്ദാഹ്വാനമുണ്ട് എന്ന് കേട്ടിരുന്നു. ഗോധ്രയിൽ ട്രെയിനിന് തീവെച്ച് ആളുകളെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ബന്ദ് എന്ന് ഒരു ഹോട്ടലുകാരൻ പറഞ്ഞു. ഗോധ്രയും അഹ്മദബാദും തമ്മിൽ എത്ര അകലമുണ്ട്. ഇവിടെ അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞാനെന്നല്ല ഒരാളും കരുതിയിരുന്നില്ല. പക്ഷേ, ഞങ്ങൾക്ക് തെറ്റിയിരുന്നു.
നെറ്റിയിൽ കാവിക്കെട്ടും കൈകളിൽ കമ്പിയും വാളും വടിയും ചവണയുമൊക്കെയായി മുദ്രാവാക്യങ്ങളും മുഴക്കി കൃഷ്ണ നഗറിൽനിന്നും കുബേ നഗറിൽനിന്നുമൊക്കെ ആളുകൾ ഞങ്ങളുടെ ഏരിയയിലേക്ക് എത്തിച്ചേർന്നു. അവർ വഴിയിൽ കാണുന്നവരെയൊക്കെ ആക്രമിക്കുന്നതു കണ്ട് ഭാര്യയോടും മക്കളോടും വീട്ടിനകത്ത് തന്നെയിരിക്കാൻ ഞാൻ പറഞ്ഞു. ഞങ്ങളുടെ ഭാഗത്ത് ഒരു തെന്നിന്ത്യക്കാരൻ കട നടത്തിയിരുന്നു. പ്രശ്നം കനക്കുന്നതു കണ്ട് അയാൾ കടയടച്ച് മടങ്ങാൻ ഒരുങ്ങുകയായിരുന്നു, ആക്രമികൾ അവിടേക്ക് ഓടിവന്ന് ആ കടയുടെ ഉള്ളിലിട്ട് കത്തിച്ചു. മറ്റൊരാളെ മൂത്രപ്പുരയിലിട്ട് വെട്ടി നുറുക്കി വലിച്ചെറിയുന്നത് കണ്ടു. വൈകാതെ അവർ എന്റെ വീട്ടിലേക്കും വരുമെന്ന് കണ്ട് ഞാൻ ഭാര്യയെയും മക്കളെയും കൂട്ടി ഭയന്ന് ഓടാൻ തുടങ്ങി.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പോക്കടുത്തുവെച്ച് ബി.ജെ.പി നേതാവ് ഡോ. മായാ ബെൻ കോട്നാനി വരുന്നത് കണ്ടു. അവരെ ഞങ്ങൾക്ക് നേരിട്ട് അറിയുന്നതാണ്. അവർ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും പോയിട്ടുണ്ട്, വീട്ടിൽ പോയി ചായ കുടിച്ചിട്ടുണ്ട്, ലാൽബി ഗർഭിണിയായപ്പോൾ മായാ ഭായി ഡോക്ടറെയാണ് കാണിച്ചത്. ഞാൻ മജീദാണെന്നും എന്നെയും കുടുംബത്തെയും രക്ഷിക്കണമെന്നും ചെന്ന് പറഞ്ഞുനോക്കി. ‘വേഗം സ്ഥലം വിട്ടോളൂ അല്ലെങ്കിൽ നീയും കൊല്ലപ്പെടു’മെന്ന് പറഞ്ഞ് ആട്ടിവിടുകയാണവർ ചെയ്തത്.
ഞങ്ങൾ പിന്നെയും ഓടി, കിട്ടിയ സ്ഥലങ്ങളിലായി ഭാര്യയേയും മക്കളെയും ഒളിപ്പിച്ചിരുത്തി. പക്ഷേ, ഒരു മുസ്ലിമിനെയും വെറുതേ വിടരുതെന്ന് മുകളിൽനിന്ന് ഓർഡറുണ്ടായിരുന്നു. വീടും കടകളും കൊള്ളയടിച്ചും കത്തിച്ചും ആക്രമികൾ പാഞ്ഞു നടന്നു. ഏഴു മണിയോടെ ഞാൻ എന്റെ ഭാര്യയും മക്കളും ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് ചെന്ന് നോക്കി. അവിടെയാകെ തീ ആളുന്നതാണ് കണ്ടത്. ചുറ്റുപാടുനിന്നും നിലവിളികളാണ് കേട്ടത്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം അവിടമാകെ പരന്നിരുന്നു. ഒരു പെൺകുട്ടിയെ ആക്രമിക്കുന്നതു കണ്ട് അവളെ വെറുതെവിടൂ എന്ന് കരഞ്ഞു പറഞ്ഞ് ഞാൻ ചെന്നു, ആക്രമികൾ എന്നെ തടഞ്ഞുവെച്ച് തലയിൽ വെട്ടി. ബോധം മറഞ്ഞ് ഞാൻ വീണുപോയി. ഏറെ നേരം കഴിഞ്ഞ് ബോധം വന്നപ്പോൾ ഞാൻ പിന്നെയും എഴുന്നേറ്റ് മക്കളെ തിരയാൻ തുടങ്ങി. ജവാൻ നഗറിലും പിന്നെ ഗംഗോത്രി നഗറിലും ചെന്നുനോക്കി. അവിടെ എന്റെ മകൻ യാസീന്റെ കരച്ചിൽ കേട്ടു. അവിടേക്ക് ഓടിച്ചെന്നപ്പോൾ അവന്റെ ശരീരത്തിന്റെ ഏറിയ ഭാഗവും പൊള്ളലേറ്റ് ഒരു കുടിവെള്ള ടാങ്കിൽ തള്ളിയിട്ട നിലയിലായിരുന്നു. പരിചയത്തിലെ മറ്റു പല ആളുകളും അവിടെ മരിച്ചു കിടന്നിരുന്നു. മകന് ജീവൻ ബാക്കിയുണ്ടായിരുന്നു. അവനെ ആശ്വസിപ്പിച്ച് ഒരിടത്ത് കയറ്റിയിരുത്തി. ഞാൻ ഭാര്യയെ തിരയാൻ പുറപ്പെട്ടു- ഉമ്മയെ അവർ കത്തിച്ചുവെന്ന് അവൻ പറഞ്ഞു, എന്നിട്ടും ഞാൻ തിരയാൻ പോയി.
പോകുംവഴിക്ക് ഞാൻ എന്റെ പെൺമക്കളെ കണ്ടു. അവർ ബലാത്സംഗത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്റെ പെൺകുട്ടികൾ മാത്രമല്ല, അവരുടെ അതേ പ്രായത്തിലുള്ള നിരവധി പേരെ ആക്രമികൾ പിച്ചിച്ചീന്തുന്നു, ശേഷം വെട്ടിനുറുക്കി കത്തിക്കുന്നു. എനിക്ക് പരിചയമുള്ള വീട്ടിലെ പയ്യന്മാരും ആക്രമിക്കൂട്ടത്തിലുണ്ടായിരുന്നു. ഗുഡ്ഡൂ നിന്നോട് ഞങ്ങൾ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂരതകാട്ടുന്നത് എന്ന് ഞാൻ ഒരുത്തനോട് ചോദിച്ചു. അവന് അതൊന്നും കേൾക്കാനുള്ള ക്ഷമ പോലുമില്ലായിരുന്നു. നിറഗർഭിണിയായ ഒരു സ്ത്രീയുണ്ടായിരുന്നു. അവരുടെ വയർ പിളർന്ന് പിഞ്ചുകുഞ്ഞിനെ പുറത്തെടുത്ത് അക്രമം കാണിക്കുന്നതും ഞാനെന്റെ കണ്ണുകൾകൊണ്ട് കണ്ടതാണ്. നടന്ന കാര്യങ്ങളും ആക്രമികളുടെ പേരുവിവരങ്ങളുമെല്ലാം ഞാൻ കോടതിയിൽ തുറന്നു പറഞ്ഞു. ഞാനെന്തിന് പറയാതിരിക്കണം? അതിന്റെ പേരിൽ രണ്ടു തവണ എനിക്കു നേരെ ഭീഷണിയും ആക്രമവുമുണ്ടായി. ഒരിക്കൽ വഴിയിൽവെച്ചും പിന്നൊരിക്കൽ വീടുകയറിയും. സർക്കാർ വെറും ലക്ഷങ്ങളാണ് നഷ്ടപരിഹാരം തരുക, കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞാൽ ഞങ്ങൾ കോടികൾ തരാമെന്ന് പറഞ്ഞ് ചിലർ വീട്ടിലേക്ക് വന്നു. മായാ കോട്നാനി വർഷങ്ങളായി ഈ ആവശ്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
എനിക്ക് എന്തിനാണ് പൈസ? എനിക്ക് തരാമെന്ന് പറഞ്ഞ പണം മുഴുവൻ എടുത്തു കൊള്ളൂ, പകരം നിങ്ങൾ കൊന്നുകളഞ്ഞ എന്റെ ഒരു കുഞ്ഞിനെയെങ്കിലും തിരിച്ചുതരാൻ സാധിക്കുമോ? ഇല്ലല്ലോ? പലരും പേടിച്ചും മടുത്തുമെല്ലാം കേസുകളിൽനിന്ന് പിൻവലിഞ്ഞു, ഞാനും ബിൽകീസ് ബാനുവുമൊക്കെ ഇന്നും നീതിപീഠത്തിൽ പ്രതീക്ഷയർപ്പിച്ച് കോടതികൾ കയറിയിറങ്ങുന്നു.
കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട വകയിൽ അന്നത്തെ കേന്ദ്രസർക്കാർ നൽകിയ നഷ്ടപരിഹാരത്തുക മരിക്കാതെ രക്ഷപ്പെട്ട മക്കൾക്കായി നൽകി. മക്കൾ ബലാത്സംഗം ചെയ്യപ്പെട്ടതിന് നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപ അനുവദിക്കപ്പെട്ടിരുന്നു. ഞാൻ ആ പണം പകുത്ത് അഞ്ചു ലക്ഷം ഭദ്രകാളി ക്ഷേത്രത്തിലും അഞ്ചു ലക്ഷം തീൻ ദർവാസ മസ്ജിദിലും കൊണ്ടുകൊടുത്തു. മസ്ജിദ് ഇമാം പറഞ്ഞു, ഇങ്ങനെയുള്ള പണം പള്ളി എന്തു ചെയ്യാനാണ്? ഞാൻ പറഞ്ഞു- മൂത്രപ്പുരയും ശുചിമുറിയും ഉണ്ടാക്കാൻ എടുത്തുകൊള്ളൂ എന്ന്. അവർ അപ്രകാരം ചെയ്തു. വട് വയിലെ ഫൈസൽ പാർക്കിനടുത്ത് ഒരു ചെറിയ പലചരക്ക് കട നടത്തി ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട് ഞാൻ. എനിക്കതു മതി.
എന്റെ കഥ പലവട്ടം കോടതികൾക്കും മാധ്യമങ്ങൾക്കും എഴുത്തുകാർക്കും മുന്നിൽ ഞാൻ പറഞ്ഞതാണ്. ഇനി അതൊന്നും പറയരുതെന്നും ഓർമിക്കരുതെന്നും വിചാരിക്കാറുണ്ട്. പക്ഷേ കൈ കഴുകി ഭക്ഷണം കഴിക്കാൻ പാത്രത്തിന് മുന്നിൽ വന്നിരിക്കുമ്പോൾ എനിക്കെന്റെ കുഞ്ഞുങ്ങളുടെ ഓർമ മനസ്സിൽ വരും. കരഞ്ഞ് കരഞ്ഞ് ഒരു ചപ്പാത്തിപോലും മുഴമിപ്പിക്കാനാവാതെ എഴുന്നേറ്റ് പോകും. ഉറങ്ങാൻ കിടക്കുമ്പോഴും അന്ത്യരംഗങ്ങളും അലറിക്കരച്ചിലും ഓർമവരും, ഒരു പോള കണ്ണടക്കാനാവാതെയാണ് പല രാത്രികളും ഞാൻ കഴിച്ചുകൂട്ടുന്നത്. കരഞ്ഞു കരഞ്ഞ് മിഴികളിൽനിന്ന് കണ്ണുനീരിന് പകരം രക്തം വരുന്ന അവസ്ഥയായി. കുഞ്ഞുങ്ങളുടെ ചിത്രങ്ങളും കേസ് രേഖകളുമെല്ലാം തുറന്ന് നോക്കിക്കൊണ്ടിരിക്കും. ഇന്നല്ലെങ്കിൽ നാളെ നിശ്ചയമായും നീതി ലഭിക്കുമെന്ന് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കും, സർവതും പരമകാരുണ്യവാനായ പടച്ച തമ്പുരാനിലർപ്പിക്കും. എന്നെപ്പോലെ നൂറുകണക്കിന് മനുഷ്യർ നീറിയും ഉരുകിയും ജീവിക്കുമ്പോഴാണ് ഗുജറാത്തിൽ ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലയെന്ന് ചിലർ കൊട്ടിഘോഷിക്കുന്നത്.
പ്രിയപ്പെട്ടവർക്കാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പേരിൽ പ്രതികാരം വീട്ടാൻ നടക്കാറുണ്ട് ചിലർ. എന്നോടുതന്നെ പലരും ചോദിക്കാറുണ്ട് അവരോട് വെറുപ്പില്ലേ, പകയില്ലേ എന്നെല്ലാം. എന്നെപ്പോലെ ഇത്രയധികം കുടുംബാംഗങ്ങളെ ഒരുമിച്ച് നഷ്ടപ്പെട്ടവർ ഈ ഭൂമുഖത്തുതന്നെ അപൂർവമായിരിക്കും. സകലരെയും സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്ന അല്ലാഹു എനിക്ക് ക്ഷമ നൽകി അനുഗ്രഹിച്ചിരിക്കുന്നു. എനിക്ക് ഒരു മനുഷ്യനോടും മതത്തിനോടും വിദ്വേഷമോ പകയോ ഇല്ല, ആരോടും പകരം വീട്ടാനും ഞാനില്ല. ഒരാളോട് പകപോക്കുമ്പോൾ നിരപരാധികളായ നൂറുകണക്കിന് മനുഷ്യരാണ് അതിന്റെ പേരിൽ വേദനയും ദുരിതവും പേറേണ്ടി വരുക. ചെല്ലുന്ന നാടുകളിലെല്ലാം കാണുന്ന മനുഷ്യരോട് ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്ത്യ നാം എല്ലാവരുടേയുമാണ്. ഇവിടെ ഒരു വിവേചനവും പാടില്ല. നീതി പുലർന്നു കാണണമെന്ന ഒരു ആഗ്രഹം എനിക്കുണ്ട്, അത് ഡൽഹിയിലെ പരമോന്നത കോടതിയിൽനിന്നോ അതുമല്ലെങ്കിൽ പടച്ചവന്റെ കോടതിയിൽ നിന്നോ ലഭിക്കുമെന്ന ഉറച്ച വിശ്വാസവുമുണ്ട്.
(സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മഞ്ചേരിയിൽ സംഘടിപ്പിച്ച ‘ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധം’ പരിപാടിയിൽ പങ്കെടുക്കവെ റഷാദ് വി.പിയുമായി പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.