അന്യായങ്ങളോട് അനുസരണക്കേട് കാണിക്കുക ജനാധിപത്യത്തിൽ ഒരാളുടെ ധാർമിക ബാധ്യതയാണെന്നു പറഞ്ഞത് മാർട്ടിൻ ലൂഥറാണ്. അമേരിക്കൻ തത്ത്വചിന്തകനും കവിയുമൊക്കെയായിരുന്ന തോറോക്ക് പണ്ടേ ഇതേ അഭിപ്രായമായിരുന്നു. സ്വാതന്ത്ര്യത്തിെൻറ അടിസ്ഥാനശിലയായി അദ്ദേഹം ദർശിച്ചത് നിയമലംഘന-നിസ്സഹകരണ സമരങ്ങളെയാണ്. ആ സമരങ്ങളിൽനിന്ന് മാറിനിൽക്കുന്നവരെ വർഗ വഞ്ചകർ എന്നല്ല, അടിമകൾ എന്നാണ് ടിയാൻ വിശേഷിപ്പിച്ചത്. ഇൗ ഫിലോസഫിയൊക്കെ കൃത്യമായി അറിയുന്നതുകൊണ്ടാകാം, ഗാന്ധിജി ദണ്ഡിയാത്ര നടത്തിയതും ഉപ്പുകുറുക്കിയതുമെല്ലാം. പക്ഷേ, കാലെമാക്കെ മാറിയിരിക്കുന്നു. നിർമിതബുദ്ധിയുടെ ഇക്കാലത്ത് മേൽപറഞ്ഞ ദർശനത്തെ പഴയ അൽഗോരിതത്തിെൻറ അകമ്പടിയോടെ എടുത്തുപയോഗിക്കാനാവില്ല. അങ്ങനെ ചെയ്താൽ കോൺഗ്രസുകാർക്ക് വൈറ്റിലയിൽ സംഭവിച്ച അക്കിടിയായിരിക്കും ഫലം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ എണ്ണക്കൊള്ളക്കെതിരായിരുന്നു പാർട്ടിയുടെ സമരം. റോഡ് ഉപരോധിച്ച് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് നിയമലംഘനം നടത്തുന്നതിൽ നേതാക്കൾ ദർശിച്ചത് ഗാന്ധിയൻ മാതൃക മാത്രമാണ്. പക്ഷേ, അതുവഴി പോയ ജോജുവിന് അതൊരു അന്യായമായിട്ടാണ് തോന്നിയത്. രണ്ടു ഭാഗത്തുനിന്നുമുള്ള പ്രതിഷേധം സ്വാഭാവികം. വാഗ്വാദത്തിൽ തുടങ്ങിയ കളി കൈയാങ്കളിയുടെ വക്കുവരെയെത്തി. അതോടെ, കോൺഗ്രസുകാർ സമരം കടുപ്പിച്ചു; സമരം നേരെ ജോജുവിെൻറ വീട്ടുപടിക്കലേക്ക് വ്യാപിപ്പിച്ചു. േജാജുവും വിട്ടുകൊടുത്തില്ല. മാസ് ഡയലോഗുകളുമായി നമ്മുടെ 'ജോസഫും' കത്തിക്കയറി; അതും 'പൊറിഞ്ചു' സ്റ്റൈലിൽ.
ഇനി ന്യായവിചാരങ്ങളുെട ദിവസങ്ങളാണ്. ഇത്തരം വിഷയങ്ങളിൽ ന്യായാന്യായങ്ങൾ ചികഞ്ഞ് ഒരു തീർപ്പിലെത്തുക അതീവ സങ്കീർണം. കോഴിയോ മുട്ടേയാ ആദ്യം എന്ന ചോദ്യം സൃഷ്ടിവാദികളെയും പരിണാമവാദികളെയും ഒരുപോലെ കുഴക്കുന്നതുപോലെത്തന്നെയാണ് വഴിതടയൽ സമരത്തിെൻറ നൈതികത തേടിയുള്ള സംവാദങ്ങളുടെ കാര്യവും. ഭരണകൂടത്തിെൻറ ഇന്ധനക്കൊള്ളക്കും നികുതി ഭീകരതക്കുമെതിരെയാണ് ഗാന്ധിയൻ പാർട്ടി സമരം ചെയ്യുന്നത്. വിഷയമെങ്ങാനും അധികാരികൾ പരിഗണിച്ചാൽ ഗുണം വഴിയിൽ കുടുങ്ങിയ ജോജു അടക്കമുള്ളവർക്കാണ്. മുമ്പ്, പെട്രോളടിക്കാൻ കാശില്ലാത്തതിെൻറ പേരിൽ വിറ്റുകളഞ്ഞ വണ്ടി ടിയാന് തിരിച്ചുവാങ്ങാനും ഇൗ സമര വിജയത്തിലൂടെ സാധിച്ചേക്കും. പറഞ്ഞിെട്ടന്ത്, പൊരിവെയിലത്ത് ആളുകൾ വഴിയിൽ കുടുങ്ങിയതാണ് ജോജുവിെൻറ പ്രശ്നം. ഉപരോധക്കുടുക്കിൽ അകപ്പെട്ടിരിക്കുന്നവരിൽ കുട്ടികളും രോഗികളുമൊക്കെയുണ്ട്. അവർക്കുവേണ്ടിയാണ്, എ.സി വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഉപരോധ സമരത്തിനെതിരെ ബോധവത്കരണം നടത്തിയത്. പക്ഷേ, സമരക്കാർക്ക് അതൊന്നും ബോധിച്ചില്ല. തൽക്കാലത്തേക്ക് ഗാന്ധിയൻ മാർഗങ്ങളിൽനിന്നു വ്യതിചലിച്ച് അവർ നേരെ ജോജുവിെൻറ വാഹനത്തിനുനേരെ കുതിച്ചു. അതുംപോരാഞ്ഞ്, കാര്യമായ അപവാദ പ്രചാരണങ്ങളും നടത്തി. ഇപ്പോൾ ഒത്തുതീർപ്പിനിറങ്ങിയിരിക്കുകയാണ് നേതൃത്വം. മാപ്പുപറഞ്ഞില്ലെങ്കിൽ കോടതിയിൽ കാണാമെന്ന് ജോജുവും.
ജോജുവിെൻറ ബോധവത്കരണത്തെ അരാഷ്ട്രീയവാദമെെന്നാക്കെ വിളിക്കാം; ട്വൻറി20 ഗൂഢാലോചനയെന്നു മുദ്രകുത്താം; അതുമല്ലെങ്കിൽ പിണറായി ഭക്തിയെന്നു ട്രോളുകയുമാകാം. അതൊന്നും ജോജുവിന് പ്രശ്നമല്ല. പണ്ടേ ഹർത്താലിനെതിരെ പരസ്യനിലപാടെടുത്ത വ്യക്തിയാണ്. അതിെൻറ തുടർച്ചയായി കണ്ടാൽ മതി ഇതിനെയും. ഏതായാലും, ജോജുവിെൻറ 'ബോധവത്കരണം' ഏറ്റവും ഗുണം ചെയ്തത് ഇടത് യുവ സംഘത്തിനാണ്. സമരങ്ങൾ കൂടുതൽ അച്ചടക്കപൂർണമായിരിക്കണമെന്നാണ് ഇൗ ക്ലാസിനുശേഷം സഖാവ് റഹീം അണികൾക്ക് നൽകിയ ഉപദേശം. നിയമസഭ തല്ലിപ്പൊളിച്ച സഖാക്കളെ ന്യായീകരിക്കേണ്ട നേരത്ത് വേറെ കാപ്സ്യൂൾ വന്നുകൊള്ളും.
വഴിതടയൽ-ഹർത്താൽ വിരുദ്ധ നിലപാടൊക്കെയാണ് മുഖമുദ്രയെങ്കിലും സ്വന്തം കാര്യത്തിൽ ജോജുവും ഇൗ തത്ത്വങ്ങളൊക്കെ മറന്ന് വാഹനത്തിനുമുന്നിൽ വട്ടം ചാടി ആളുകളെ മെനക്കെടുത്തിയ ചരിത്രവുമുണ്ട്. പത്തിരുപത് വർഷങ്ങൾക്കു മുമ്പാണ്. സിനിമയിലൊക്കെ അത്യപൂർവമായി സെക്കൻഡുകൾ മാത്രം മുഖം കാണിച്ചിട്ടുള്ള സമയം. സുഹൃത്തിനെ യാത്രയയക്കാൻ എയർപോർട്ടിൽ പോയതായിരുന്നു ജോജുവും രണ്ടുമൂന്ന് കൂട്ടുകാരും. വിമാനമിറങ്ങി വരുന്ന മമ്മൂട്ടിയെയാണ് അവരവിടെ കണ്ടത്. മമ്മൂട്ടി നേരെ സ്വന്തം വാഹനത്തിൽ കയറി. കടുത്ത മമ്മൂക്കഫാനായ ജോജുവും പിന്നാലെ കൂടി റെയിൽവേ ഗേറ്റിനുമുന്നിലായി വട്ടംചാടി. നേരെ മമ്മൂട്ടിക്കു മുന്നിൽ ചെന്ന് ആ ശബ്ദത്തിൽ ഒരൊറ്റ ഡയലോഗാണ്: ''മമ്മൂട്ടിയെ തോൽപിക്കാനാവില്ല മക്കളെ...''. 'ജഗന്നാഥ'െൻറ ഭാഷയിൽ പറയുകയാണെങ്കിൽ അതോടെ മമ്മൂട്ടി ഫ്ലാറ്റ്! ആ സൗഹൃദം പിന്നീട് സിനിമയോളം വളർന്നു. അഭിനയകലയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി സിനിമയിൽ അവസരം ചോദിച്ചുനടക്കുന്ന മോഹെൻറ കഥപറയുന്ന 'ബെസ്റ്റ് ആക്ടർ' ആയിരുന്നു ആ സൗഹൃദത്തിെൻറ നിറഞ്ഞവേദികളിലൊന്ന്. സിനിമയിലെ മോഹെൻറ അവസ്ഥ തന്നെയായിരുന്നു അതുവരെയും ജോജുവിെൻറയും അവസ്ഥ. ഒന്നര പതിറ്റാണ്ട് കാലം ചാൻസ് ചോദിച്ചുനടന്നാണ് ഒടുവിൽ വലിയൊരു അഭിനയ പ്രതിഭയുടെ മുന്നിലെത്തിപ്പെട്ടത്. മമ്മൂട്ടിയാണ് അയാളിലെ പ്രതിഭ തിരിച്ചറിഞ്ഞതെന്നു പറഞ്ഞാലും തെറ്റാകില്ല. അതിനുശേഷം, ചെറുവേഷങ്ങളെങ്കിലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പോയിപ്പോയി ഇപ്പോൾ എവിടെയെത്തിയെന്നു േചാദിച്ചാൽ, ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്റർ എന്നു വേണമെങ്കിൽ മറുപടി പറയാം. ഒാസ്കറിനുള്ള ഇന്ത്യൻ നോമിനേഷനുകളിൽ ജോജു അഭിനയിച്ച 'നായാട്ടു'മുണ്ട്!
1995ൽ പുറത്തിറങ്ങിയ 'മഴവിൽകൂടാര'മായിരുന്നു ആദ്യ സിനിമ. അതിനുശേഷം ഫ്രണ്ട്സ്, ഇൻഡിപെൻഡൻസ് എന്നീ ചിത്രങ്ങളിലും മുഖംകാണിച്ചു. കാര്യമായ റോളുകളില്ലാത്ത സിനിമകൾ; എന്തിന് ഒരു ഡയലോഗുപോലുമില്ല. 'ദാദാ സാഹിബാ'ണ്(2000) ആദ്യ ശബ്ദ ചിത്രം. സാക്കിർ അലിയായി അതിൽ വേഷമിട്ടതിന് ആദ്യമായി സിനിമയിൽനിന്ന് പ്രതിഫലവും വാങ്ങി. പിന്നെയും പത്തുവർഷം ജൂനിയർ ആർടിസ്റ്റ് എന്ന ലേബലിൽതന്നെയാണ് ലൊക്കേഷനുകൾ കേറിയിറങ്ങിയത്. നൂറിനടുത്ത് സിനിമകളിൽ അഭിനയിച്ചു; അതിൽ നാൽപതിലെങ്കിലും പൊലീസ് വേഷമായിരുന്നു. ആദ്യ സമയങ്ങളിലൊക്കെ പാസിങ് സീനുകളിലും തല്ലുകൊള്ളി പൊലീസ് വേഷവുമൊക്കെയായിരുന്നുവെങ്കിൽ പിന്നെ മട്ടുമാറി. മായാമോഹിനി, ഹോട്ടൽ കാലിഫോർണിയ, ആക്ഷൻ ഹീറോ ബിജു, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കളി, പൂമരം, ഞാൻ മേരിക്കുട്ടി, ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കാക്കിവേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആക്ഷൻ ഹീറോയിലെ മിനിമോൻ കറകളഞ്ഞ തമാശകളിലൂടെ നിറഞ്ഞാടിയപ്പോൾ ജോസഫിലെ നായക കഥാപാത്രവും നായാട്ടിലെ മണിയനും പ്രേക്ഷക മനസ്സുകൾ കീഴടക്കി. ജോസഫിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും (പ്രത്യേക പരാമർശം) സ്വഭാവനടനുള്ള സംസ്ഥാന അവാർഡും നേടി. ഹലാൽ ലൗ സ്റ്റോറി, ചോല, ജൂൺ, കസിൻസ്, 1983, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി അഭിനയ പ്രതിഭ വിളിച്ചോതുന്ന എത്രയോ സിനിമകൾ വേറെയുമുണ്ട്.
1977 ഒക്ടോബർ 22ന് തൃശൂർ ജില്ലയിലെ കുഴൂരിൽ പരേതട്ടിൽ േജാർജിെൻറയും റോസിയുടെയും മകനായി ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പഠനത്തിനുശേഷമാണ് സിനിമാ മോഹവുമായി മദിരാശിയിലേക്ക് വണ്ടികേറിയത്. സംവിധാന സഹായിയായി തുടക്കം. 15 വർഷം കറങ്ങിനടന്നിട്ടും ക്ലച്ച് പിടിക്കാതായതോടെ, നിർത്തി വേറെ പണിക്കുപോകാൻ പലരും ഉപദേശിച്ചതാണ്. പക്ഷേ, അങ്ങനെ നിർത്താനൊക്കുമോ? ഇപ്പോൾ സിനിമ നിർമാണത്തിലും കൈവെച്ചുതുടങ്ങി വിജയിച്ചിരിക്കുന്നു. അബ്ബയാണ് ഭാര്യ. ഇയാൻ, സാറ, ഇവാൻ എന്നീ മൂന്നു മക്കൾ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നിലമ്പൂർ കവളപ്പാറയിലെ ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിലൊക്കെ പെങ്കടുത്തിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചലഞ്ച് നടത്തിയതും ചിലയാളുകളെ ചൊടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.