എ.ഐ നിർമിത പ്രതീകാത്മക ചിത്രം

അവർ എന്നെക്കുറിച്ചെന്താവും ചിന്തിക്കുന്നത്?

ഒരു സദസ്സിൽനിന്ന് മാറിനിന്ന് അവിടെയുള്ള മറ്റുള്ളവരെല്ലാം തന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന ചിന്ത ഒരാൾക്ക് വന്നുകഴിഞ്ഞാൽ അത് അയാളെ വലിയ വിപത്തിലാക്കും. ഒരുപക്ഷേ, ആ സദസ്സിലെ ഒരാൾപോലും ഇങ്ങനെ ഈ മനുഷ്യനെക്കുറിച്ച് ഓർത്തിട്ടുപോലുമുണ്ടാകില്ല 

കുഞ്ഞുങ്ങളുടെ സംസാരങ്ങൾ ശ്രദ്ധിക്കാനും വിചാരലോകത്തെ അറിയാനും കഴിയുന്നത്ര ഞാൻ ശ്രമിക്കാറുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും മാതാപിതാക്കളുടെ ജീവിതരീതികളുടെയും സ്വഭാവസവിശേഷതകളുടെയും പ്രതിഫലനമായി മാറാറുണ്ട്. പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ സർഗപരമായ കഴിവുകളുടെ പരിപോഷണത്തിനുവരെ തടസ്സമായും മാതാപിതാക്കളുടെ ജീവിതവീക്ഷണങ്ങൾ മാറാറുണ്ട്.

കുറച്ചുനാൾ മുമ്പ് കുടുംബത്തിലെ ഒരുകൂട്ടം കുഞ്ഞുങ്ങളുടെ ചെറുസല്ലാപം ശ്രദ്ധിക്കാനിടയായി. എല്ലാവരും അഞ്ചോ ആറോ വയസ്സുകാർ. നാല് കുട്ടികളിൽ ഒരാൾ മാത്രം സ്വൽപം മാറി, ഒരൽപം വിമ്മിട്ടത്തോടെ മറ്റുള്ളവർ സംസാരിക്കുന്നത് നോക്കിനിൽക്കുകയാണ്. മറ്റുള്ളവർ പലതും പറയുകയും ചിരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവർ നാലുപേരും അവിടെനിന്ന്​ പോവുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ്, ഈ കുട്ടിക്കൂട്ടത്തെ വീണ്ടും ഞാൻ കണ്ടുമുട്ടി. അന്നും ആ കുട്ടി തനിച്ചാണ്. അവരോടൊപ്പം കൂട്ടുകൂടുന്നുമില്ല. ഞാൻ ആ കുഞ്ഞിനെ വിളിച്ച് കാര്യമന്വേഷിച്ചു.

അവൻ പറഞ്ഞു. ‘‘കഴിഞ്ഞ ദിവസം അങ്കിൾ നോക്കിയിരിക്കുമ്പോൾ, അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് എന്നെ കളിയാക്കുകയായിരുന്നു. അവർ മൂന്നുപേരും വലിയ കൂട്ടാണ്. ഞാൻ തനിച്ചാണ്’’

ആ കുഞ്ഞിന്‍റെ പരിഭവം എന്നിൽ വല്ലാത്ത വിഷമമുണ്ടാക്കി.

ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങും മുമ്പേതന്നെ ആ കുട്ടിയുടെ മനസ്സ് സംഘർഷഭരിതമായി തുടങ്ങിയിരിക്കുന്നു. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നു, എല്ലാവർക്കും തന്നോട് വിരോധമാണ് എന്നിത്യാദി ചിന്തകൾ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു.

ഇക്കാര്യം എന്‍റെ മനഃശാസ്ത്രജ്ഞനായ ഒരു സുഹൃത്തുമായി പങ്കുവെക്കുകയുണ്ടായി. ഒട്ടും അത്ഭുതപ്പെടാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നൂറ്റാണ്ടുകളായി മനുഷ്യരോടൊപ്പമുള്ളതാണ് ഈ മനോഭാവം. ഒരു സദസ്സിൽനിന്ന് മാറിനിന്ന് അവിടെയുള്ള മറ്റുള്ളവരെല്ലാം തന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന ചിന്ത ഒരാൾക്ക് വന്നുകഴിഞ്ഞാൽ അത് അയാളെ വലിയ വിപത്തിലാക്കും. ഒരുപക്ഷേ, ആ സദസ്സിലെ ഒരാൾപോലും ഇങ്ങനെ ഈ മനുഷ്യനെക്കുറിച്ച് ഓർത്തിട്ട് പോലുമുണ്ടാകില്ല. ആ വ്യക്​തിയിൽ സഹജമായ സംശയമനസ്സിന്‍റെ സൃഷ്ടിയാണിത്. താൻ ഒരു വിലപ്പെട്ട, എല്ലാവരുടെയും അസൂയക്ക് പാത്രമാകാൻ തക്ക ഉൽകർഷയുള്ള ഒരു സംഭവമാണ്, തന്നെ തകർക്കാൻ എല്ലാവരും ഗൂഢാലോചന നടത്തുകയാണ് എന്നിത്യാദി ചിന്തകളിൽനിന്നാണ് ആ സംശയമനസ്സ് ഉത്ഭവിക്കുന്നത്. അങ്ങനെയുള്ള മനുഷ്യർ എപ്പോഴും അസ്വസ്ഥരായിരിക്കും. ഞാൻ മാറിനിന്ന വേളയിൽ എന്താണ് നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞത് എന്ന് മറ്റുള്ളവരോട് കെഞ്ചിച്ചോദിക്കാൻപോലും അവർ മടിക്കില്ല. അതേക്കുറിച്ച് ആലോചിച്ച് എത്ര വിലപ്പെട്ട സമയമാണ് അവർ നഷ്ടപ്പെടുത്തുന്നുണ്ടാവുക? മനഃശാസ്ത്രജ്ഞനായ സുഹൃത്തുമായുള്ള സംസാരത്തിന് പിന്നാലെ ഒരുപാട് മുഖങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു.

സമാനസ്വഭാവത്തിലുള്ള ഒരു പ്രശ്നം ഈയിടെ കൈകാര്യം ചെയ്യേണ്ടിവന്നു. തുടക്കത്തിൽ സൂചിപ്പിച്ചത് ചെറിയ കുഞ്ഞുങ്ങളുടെ കാര്യമാണെങ്കിൽ ഇത് മുതിർന്ന നാലഞ്ച് സുഹൃത്തുക്കളുടെ കാര്യമാണ്. നിങ്ങൾ എന്താണ് ചിന്തിച്ചതെന്നും ചർച്ച ചെയ്തതെന്നും വിഷയത്തിലെ ഇരു കക്ഷികളെയും ഒറ്റക്കും കൂട്ടായും വിളിച്ച് സംസാരിച്ച് വ്യക്തത വരുത്തി പരിഹരിച്ച് സന്തോഷത്തോടെ പിരിഞ്ഞ അനുഭവമായിരുന്നു അത്. സിവിൽ സർവിസ് ജീവിതത്തിന്‍റെ ആരംഭകാലത്ത് സബ് കലക്ടർ ആൻഡ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ആയിരുന്നപ്പോൾ കോടതി മുറിയും മറ്റുമുണ്ടായിരുന്നു. ആ കാലത്തേക്ക് തിരിച്ചുപോയ പോലെ ഈ മഞ്ഞുരുക്കൽ വേള എനിക്കനുഭവ​പ്പെട്ടു.

ഞങ്ങളാരും നിന്നെക്കുറിച്ച് മോശമായി പറയുകയോ ചിന്തിക്കുകയോ ചെയ്യാറില്ലെന്നും നല്ലത് മാത്രമേ ചിന്തിച്ചിട്ടുള്ളൂവെന്നും സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഈ സുഹൃത്തിന്‍റെ മുഖത്ത് സന്തോഷാശ്രു നിറഞ്ഞിരുന്നു. സംഘർഷഭരിതമായിരുന്ന ആ ‘കോടതിമുറി’ പൊട്ടിച്ചിരിയോടെയാണ് പിരിഞ്ഞത്. ഞാൻ നിർവഹിച്ചതിൽ വെച്ചേറ്റവും വലിയ രക്ഷാപ്രവർത്തനം ഒരുപക്ഷേ ഇതായിരിക്കും. നമ്മുടെ സൗഹൃദ വലയത്തിലുമുണ്ടാകും ഇത്തരം സ്വഭാവമുള്ള സുഹൃത്തുക്കൾ. അവരെ ആ ചുഴിയിൽനിന്ന് കരകയറ്റാൻ നമുക്കല്ലാതെ പിന്നെ ആർക്കാണാവുക?

ലോകത്തിന് ആത്മീയതയുടെ ഔന്നത്യങ്ങൾ സമ്മാനിച്ച ദലൈലാമയുടെ വാക്കുകൾ അന്വർഥമാണ്.

‘‘പകയും വിദ്വേഷവും ഭയത്തിലേക്ക് നയിക്കും. മറ്റുള്ളവരോടുള്ള പരിഗണനയും സഹാനുഭൂതിയും ആത്മവിശ്വാസം വർധിപ്പിക്കാൻ നമ്മെ സഹായിക്കും.’’

Tags:    
News Summary - Mental health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.