മാധ്യമങ്ങളിലെ വ്യക്തി: ആജീവനാന്തം

''കമ്യൂണിസമെന്നാൽ സ്നേഹമല്ല; അത് നമുക്ക് ശത്രുക്കളെ അടിച്ചുവീഴ്ത്താനുള്ള ചുറ്റികയാകുന്നു'-സാംസ്കാരിക വിപ്ലവകാലത്ത് അനുയായികൾക്ക് ചെയർമാൻ മാവോ നൽകിയ സന്ദേശങ്ങളിലൊന്ന് ഇമ്മട്ടിലായിരുന്നു. ആ സമയത്ത് ഷി ജിൻപിങ്ങിന് പ്രായപൂർത്തിയായിട്ടില്ല; എന്നല്ല, ഷിയുടെ പിതാവ് പ്രതിവിപ്ലവകാരികളുടെ കൂടെയുമായിരുന്നു. അതിന്റെപേരിൽ ജയിലിൽ കിടന്നിട്ടുണ്ട്. എന്നിട്ടും, ഷിയുടെ മനസ്സിൽനിന്ന് 'കമ്യൂണിസ്റ്റ് ചുറ്റിക' മാഞ്ഞുപോയില്ല. ശത്രുനിഗ്രഹത്തിന് പറ്റിയ ഒന്നാന്ത​രം ആയുധം അതാണെന്നതിൽ സംശയമില്ലാത്തതുകൊണ്ടുതന്നെ. അത് ശരിയാണെന്ന്​ ഇപ്പോൾ കാലവും തെളിയിച്ചിരിക്കുന്നു. മാവോവചനം മുറുകെപ്പിടിച്ചയാൾ ഇപ്പോൾ സാക്ഷാൽ മാവോതന്നെയായി പരിണമിച്ചിരിക്കുന്നു. 20ാം പാർട്ടി കോൺഗ്രസിന്റെ കൊടി താഴുമ്പോൾ, ഷിയുടെ തിരുവായ്ക്ക് ഇനി മധുരമനോഞ്ജ ചൈനയിൽ എതിരില്ല. വല്ല വിധേനയും എതിരുനിൽക്കുമെന്ന് തോന്നിയ സകല നേതാക്കളെയും ചുറ്റികയടിച്ചൊതുക്കി. ആജീവനാന്തം വാഴാനുള്ള വിളംബരമായിരുന്നു ഇത്തവണത്തെ പാർട്ടി കോൺഗ്രസ്; അതിനപ്പുറമുള്ള അജണ്ടകളൊക്കെയും വെറും കെട്ടുകാഴ്ച മാത്രം. ഇനിയങ്ങോട്ട് ചൈനയുടെ ഭാഗധേയം ഷിയുടെ 'കമ്യൂണിസ്റ്റ് ചുറ്റിക'യുടെ ബലത്തിലാണ്​.

പത്തുവർഷം മുമ്പാണ് ആദ്യമായി പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലെത്തിയത്. നാലു മാസം കഴിഞ്ഞപ്പോൾ രാജ്യത്തിന്റെ പ്രസിഡന്റുമായി. അന്നു തുടങ്ങിയതാണ് ആജീവനാന്ത പദവിക്കായുള്ള പുതിയ 'സാംസ്കാരിക വിപ്ലവം'. സി​​ദ്ധാ​​ന്തം, ച​​രി​​ത്ര​​ജ്ഞാ​​നം, ​പ്രാ​​യോ​​ഗി​​ക​​നീ​​ക്ക​​ത്തെ​​ക്കു​​റി​​ച്ച ആ​​ഴ​​ത്തി​​ലു​​ള്ള ധാ​​ര​​ണ എന്നീ കാര്യങ്ങളാണ് മ​​ഹ​​ത്താ​​യ വി​​പ്ല​​വ​​പ്രസ്ഥാ​​ന​​ത്തെ മു​​ന്നോ​​ട്ടുന​​യി​​ക്കാ​​ൻ മാ​​വോ നി​​ഷ്​​​ക​​ർ​​ഷി​​ച്ച മൂ​​ന്നു നി​​ബ​​ന്ധ​​ന​​ക​​ൾ. ആ നിബന്ധനകളൊന്നും തെറ്റിച്ചില്ല. മാവോയുടെ മധുരമനോഞ്ജ ചൈനയെ 'മധുരമനോഞ്ജ മുതലാളിത്ത ചൈന'യെന്ന് ഭേദഗതിചെയ്യാനുള്ള നീക്കങ്ങളായിരുന്ന​ല്ലോ ഷിയുടെ സാംസ്കാരിക വിപ്ലവത്തിന്റെ അടിത്തറ. ചെയർമാന്റെ വാചകത്തിൽ പറയുന്ന 'പ്രായോഗിക നീക്കത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ'കൊണ്ടു മാ​ത്രം ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു അതിന്. വൻ വിജയമായിരുന്നു ആ പദ്ധതി. സമാന്തരമായി പാർലമെന്റും പാർട്ടിയും​ കേ​ന്ദ്രീകരിച്ച് അരങ്ങേറിയ ഭേദഗതികളുടെ പിൻബലം ചരിത്രജ്ഞാനം തന്നെ. ഷി ​​ജി​​ൻ​​പി​​ങ്ങി​​നെ ആ​​ജീ​​വ​​നാ​​ന്ത നേ​​താ​​വാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി 2018ൽതന്നെ പാർലമെന്റ് പാസാക്കിയിരുന്നു. മാവോ മാത്രമേ ചൈനയെ ആജീവനാന്തം സേവിച്ചിട്ടുള്ളൂ. ശേഷംവന്ന ​െഡങ് സിയാവോ, നേതാക്കൾക്ക് കാലാവധി നിശ്ചയിച്ചു. കൂടിവന്നാൽ രണ്ടു ടേം മതിയെന്ന് നിഷ്കർഷിച്ച് ഭരണഘടനയിൽ എഴുതിച്ചേർത്തു. എന്നുവെച്ചാൽ, പത്ത് വർഷത്തിനപ്പുറം പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകാൻ കഴിയില്ല; അതുവഴി പ്രസിഡന്റുമാകാനൊക്കില്ല. ഡങ്ങിന്റെ രണ്ട് പിൻഗാമികളും ആ അച്ചടക്കപാതയിൽ സഞ്ചരിച്ചു. അതിനുശേഷമാണ്, ഷിയുടെ ഊഴം. 19ാം പാർട്ടി കോൺഗ്രസിൽ ഈ പരിപാടി നിർത്താനുള്ള ആദ്യ ചുവടുകളൊരുക്കി; അതിനുശേഷം പാർലമെന്റിൽ എതിരില്ലാതെ പാസാക്കി. എല്ലാം കഴിഞ്ഞ്, 20ാം പാർട്ടി കോൺഗ്രസിൽ അന്തിമ അനുമതിയും വാങ്ങി. ഇനിമുതൽ പാർട്ടി സെക്രട്ടറിയും ചൈനീസ് പ്രസിഡന്റും ഷി ജിൻ പിങ് തന്നെ. ഒന്നുകിൽ മരണം വരെ, അതല്ലെങ്കിൽ ഭരണത്തിന്റെ രസം മടുത്ത് സ്വയം ഇറങ്ങിപ്പോകുംവരെ.

ഇതിനിടയിൽ ആരെങ്കിലും 'കമ്യൂണിസ്റ്റ് ചുറ്റിക'യുമായി പുതിയ സാംസ്കാരികയുദ്ധവുമായി ഇറങ്ങിപ്പുറപ്പെട്ടാൽ, അവരെ പ്രതിരോധിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവർഷം പാർട്ടിയെയും സർക്കാറി​നെയും നയിക്കാനുള്ള പോളിറ്റ് ബ്യൂറോയെ തിരഞ്ഞെടുത്തതൊക്കെ ഏറെ സൂക്ഷിച്ചാണ്. 24 പേരിൽ രണ്ടോ മൂന്നോ പേരൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങൾ. ഒരാളും 'രണ്ടാം മാവോ'ക്കെതിരെ ഒരക്ഷരം പറയില്ലെന്ന് നൂറു തരം. പാതിയാകാശത്തിന്റെ അവകാശികൾ പെണ്ണുങ്ങളാണെന്ന് ​ചെയർമാൻ പറഞ്ഞിട്ടുണ്ടെങ്കിലും തൽക്കാലം ഷി അത് കാര്യമായെടുക്കുന്നില്ല. അതുകൊണ്ട്, പോളിറ്റ്ബ്യൂറോയിൽ പെണ്ണുങ്ങളില്ല. പാ​​ർ​​ട്ടി​​യി​​ലെ ര​​ണ്ടാ​​മ​​നാ​​യി​​രു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ലീ ​​കെ​​ക്വി​​യാ​​ങ്ങി​​ന്റെ പേരും സ്റ്റാ​​ൻ​​ഡി​​ങ് ക​​മ്മി​​റ്റി പട്ടികയിൽ കാണാനില്ല. എന്നുവെച്ചാൽ, ലീ ​​കെ​​ക്വി​​യാ​​ങ്ങിനു പകരം അടുത്ത മാർച്ചിൽ പുതിയ പ്രധാനമന്ത്രി വരുമെന്നർഥം. ചുരുക്കിപ്പറഞ്ഞാൽ, 'ഒറ്റയാൾ ചൈന'യുടെ നാളുകളാണ് ഇനിയങ്ങോട്ട്.

1953 ജൂ​​ൺ 15ന്​ ​​ബെ​​യ്​​​ജി​​ങ്ങി​​ൽ ജനനം. പി​​താ​​വ്​ ഷി ​​ഴോ​​ങ്​​​സു​​ൻ പാ​​ർ​​ട്ടി സ്​​​ഥാ​​പ​​ക​​നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ളായിരുന്നു. പ്രോ​​പ​​ഗ​​ണ്ട ത​​ല​​വ​​ൻ, വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്, നാ​​ഷ​​ന​​ൽ പീ​​പ്​​​ൾ​​സ്​ കോ​​ൺ​​ഗ്ര​​സ്​ വൈ​​സ്​ ചെ​​യ​​ർ​​മാ​​ൻ തുടങ്ങിയ പദവികളൊക്കെ വഹിച്ചയാൾ. പറഞ്ഞിട്ടെന്ത്, 1962ൽ ​​പാ​​ർ​​ട്ടി​​യി​​ലെ വെ​​ട്ടി​​നി​​ര​​ത്ത​​ലി​​ൽ പെട്ടുപോയി. ആദ്യം നാടുകടത്തി, പിന്നെ ജയിലിലിട്ടു. അതോടെ ഷി​​യു​​ടെ പ​​ഠ​​നം മു​​ട​​ങ്ങി; സഹോദരി ആത്മഹത്യ ചെയ്തു. പ്രതിവിപ്ലവകാരികൾക്കുള്ള ചെയർമാന്റെ ശിക്ഷാവിധികളിലൊന്ന് കാ​​ർ​​ഷി​​ക​​വൃ​​ത്തി അ​​ഭ്യ​​സി​​ക്കുകയായിരുന്നു. ടി ശിക്ഷ ഏറ്റുവാങ്ങാൻ ഷി ഷാ​​ങ്​​​ഷി പ്ര​​വി​​ശ്യ​​യി​​ലെ ലി​​യാ​​ങ്​​​യാ ഗ്രാ​​മ​​ത്തി​​ലേ​​ക്ക്​ 'നാ​​ടു​​ക​​ട​​ത്ത​​പ്പെ​​ട്ടു'. ഏഴു വർഷമായിരുന്നു ശിക്ഷാ കാലാവധി. ആ കാലം ഷിയെ പലതും പഠിപ്പിച്ചു. അപ്പോഴും പാർട്ടിക്കൊപ്പം നിലയുറപ്പിക്കാനായിരുന്നു തീരുമാനം. 1974ൽ ​​പാർട്ടി അം​​ഗ​​ത്വം ലഭിച്ചു. പിന്നീടങ്ങോട്ട് പാർട്ടിയായി ജീവിതം. ഹെ​​ബി പ്ര​​വി​​ശ്യ​​യി​​ലെ ലോ​​ക്ക​​ൽ ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി​​യാ​​യിട്ടായിരുന്നു തു​​ട​​ക്കം. തൊട്ടടുത്ത വർഷം, ​​സി​​ങ്​​​ഹു​​വ ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന്​ കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ ബി​​രു​​ദം നേ​​ടി. കെമിക്കൽ എൻജിനീയറിങ്ങിൽ കാ​​ർ​​ഷി​​ക-സൈ​​നി​​ക-പാ​​ർ​​ട്ടി രസതന്ത്രമൊക്കെ പഠിക്കാനുണ്ടായിരുന്നു. അത് സൈനിക നേതൃത്വത്തിലേക്ക് ചേക്കേറാനുള്ള പാതയൊരുക്കി. 1982ൽ, ഹെബിയിലെ ഷെൻഡിങ്ങിലെ ഡെപ്യൂട്ടി സെക്രട്ടറിയായി പാർട്ടി നിയമിച്ചു. തൊട്ടടുത്ത വർഷം സെക്രട്ടറിയായി പ്രമോഷൻ. മൂന്നു വർഷം ആ പദവിയിലിരുന്നു. അതിനുശേഷം, 2002വരെ ഫ്യൂജിയാൻ പ്രവിശ്യയിൽ ഇതേ പണിയെടുത്തു. അതുകഴിഞ്ഞ് അഞ്ചു വർഷം ഷിൻജിയാങ്ങിലും. ഇതിനിടയിൽ, മാർക്സിസ്റ്റ് തിയറിയിൽ ഡി​ഗ്രിയും വാങ്ങി. 2007ലാണ് ആദ്യമായി പോളിറ്റ് ബ്യൂറോയിലെത്തിയത്. തൊട്ടടുത്ത വർഷം, വൈസ്​ പ്രസിഡന്‍റുമായി. അതോടെ, പ്രസിഡന്റ് ഹുജിന്റാവോയുടെ പിൻഗാമി ആര് എന്ന ചോദ്യത്തിനും ഉത്തരമായി.

2012ലെ പാർട്ടി കോൺഗ്രസിലാണ് പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതൽതന്നെ ആജീവനാന്ത നേതാവാകാൻ പണി തുടങ്ങി. കേ​​ന്ദ്ര​​ ക​​മ്മി​​റ്റി​​യു​​ടെ​​യും ​പോ​​ളി​​റ്റ്​​​ബ്യൂ​​റോ​​യു​​ടെ​​യും അം​​ഗ​​സം​​ഖ്യ വെ​​ട്ടി​​ച്ചു​​രു​​ക്കിയത് അതിനായിരുന്നു. സ്​​​റ്റാ​​ൻ​​ഡി​​ങ്​ ക​​മ്മി​​റ്റി, സ്​​​റ്റേ​​റ്റ്​ കൗ​​ൺ​​സി​​ൽ, കേ​​ന്ദ്ര സൈ​​നി​​ക ​​ക​​മീ​​ഷ​​ൻ എ​​ന്നീ മൂ​​ന്നു പ്ര​​ധാ​​ന നേ​​തൃ​​ത​​ല സ​​മി​​തി​​ക​​ളി​​ലെ 70 ശ​​ത​​മാ​​നം പേ​​രെ​​യും മാ​​റ്റി. സം​​ഘ​​ട​​ന ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​നെ​​ന്ന്​ ഷി​​യും ആ​​രാ​​ധ​​ക​​രും പ​​റ​​യു​​മെ​​ങ്കി​​ലും സ്വ​​ന്തം ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ട​​വു​​ക​​ളാ​​ണൊ​​ക്കെ​​യും എ​​ന്ന​​തു സ​​ത്യം. അഴിമതിക്കെതിരായ പോരാട്ടമൊക്കെ വലിയ തമാശയായിരുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളുടെയും സെൻസർഷിപ്പിന്റെയും പത്തുവർഷം കൂടിയാണ് കടന്നുപോയത്. ടിയാനൻമെൻ സംഭവത്തിനുശേഷം, ഏറ്റവും കൂടുതൽ അടിച്ചമർത്തൽ നടന്നത് ഇക്കാലത്തായിരുന്നുവെന്ന് കണക്കുനിരത്തി സമർഥിച്ചിരിക്കുന്നത് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആണ്. അത്യാവശ്യത്തിന് നെറ്റിൽ കയറി വിക്കിപീഡിയ ഒന്നു നോക്കാമെന്നുവെച്ചാൽപോലും രക്ഷയില്ലാത്തത്രയും സെൻസർഷിപ്. ഇങ്ങനെയൊക്കെയാണെങ്കിലും, ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ്. മാർക്സിയൻ തത്ത്വങ്ങൾ ബലികഴിച്ച്​ മുതലാളിത്തത്തെ പുൽകിയപ്പോൾ വന്നുഭവിച്ചതാണീ സമ്പത്തൊക്കെയും. അതിന്റെ ബലത്തിലാണ് ഈ ആജീവനാന്ത പദവി. പാ​ട്ടു​കാ​രി​യാ​യ ഗ്ലാ​മ​ർ​ഗേ​ൾ പെ​ങ്​ ലീ ​യു​വാ​നെ​യാ​ണ് ജീവിത സഖി. ഒരു മകൾ.

Tags:    
News Summary - Political career of Chinese President Xi Jinping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT