അലീഗഢ് യൂനിവേഴ്സിറ്റിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ അലീഗഢില്‍ പ്രവര്‍ത്തിക്കുന്ന അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി (എ.എം.യു) ഇന്ത്യയില്‍ പലപ്പോഴും വിവാദങ്ങളുടെ ഇരയായിരുന്നു. അറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1898) മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച്, 1875ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ളോ-ഓറിയന്‍റല്‍ കോളജ് ആണ്, പിന്നീട് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയായി (1920) വികാസംപ്രാപിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകളുടെ ധൈഷണികവും വൈജ്ഞാനികവുമായ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസ പ്രസ്ഥാനമാണത്. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിറകില്‍ നില്‍ക്കുന്ന മുസ്ലിംകളുടെ പുരോഗതിയില്‍ എ.എം.യു പോലൊരു സ്ഥാപനം വഹിക്കുന്ന പങ്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എ.എം.യുവിന് പുറമേ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ ആണ് മുസ്ലിംകളുടെ മുന്‍കൈയില്‍ ആരംഭിച്ച ഇന്ത്യയിലെ മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം (1920).  അതിന് പുറമേ, പേരെടുത്തുപറയാവുന്ന മറ്റൊരു സ്ഥാപനം ഈ സമൂഹത്തിന്‍െറതായിട്ടില്ല. ഇവ രണ്ടുമാകട്ടെ രാജ്യം സ്വതന്ത്രമാകുന്നതിനുമുമ്പ് സ്ഥാപിതമായവയാണ്. അതായത്, സ്വതന്ത്ര ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്ത് അടയാളപ്പെടുത്താവുന്ന ഒരു സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ മുസ്ലിംകള്‍ക്കായിട്ടില്ല എന്നര്‍ഥം. അത്തരമൊരു പശ്ചാത്തലത്തില്‍ എ.എം.യുവിന്‍െറ പ്രസക്തി വലുതാണ്.

എന്നാല്‍, എ.എം.യുവിനെ തകര്‍ക്കാനും താറടിക്കാനുമുള്ള ശ്രമങ്ങള്‍ രാജ്യത്ത് നിരന്തരം നടക്കുന്നുണ്ട്. സംഘ്പരിവാര്‍ ശക്തികളാണ് പലപ്പോഴും അതിന്‍െറ മുന്നണിയില്‍.  എ.എം.യുവിന്‍െറ ന്യൂനപക്ഷ സ്വഭാവം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഒൗദ്യോഗികതലത്തില്‍ നടക്കുന്നത്. എന്നാല്‍, എ.എം.യുവിനെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിച്ച് പ്രതിച്ഛായ തകര്‍ക്കുന്നതാണ് മറ്റൊരു പണി. സംഘ്പരിവാറിന്‍െറ പ്രചണ്ഡമായ പ്രചാരണത്തില്‍ പലരും കുടുങ്ങിയിട്ടുണ്ട്. നമ്മുടെ കേരളത്തില്‍, കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ ഷൗക്കത്ത് സംവിധാനം ചെയ്ത ഒരു സിനിമയില്‍ തീവ്രവാദത്തിന്‍െറ വളര്‍ത്തുപുരയായിട്ടാണ് എ.എം.യുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍നിന്നുതന്നെ ആ സ്ഥാപനത്തോടുള്ള അസഹിഷ്ണുതയും മുന്‍വിധിയും എത്ര വിപുലമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

എ.എം.യുവിന്‍െറ ന്യൂനപക്ഷ പദവി എപ്പോഴും തര്‍ക്കവിഷയമായിരുന്നു. 1981ല്‍ പാര്‍ലമെന്‍റ് പാസാക്കിയ എ.എം.യു ഭേദഗതി നിയമം സെക്ഷന്‍ 2 (1) ‘ഇന്ത്യയിലെ ന്യൂനപക്ഷം അവരുടെ ഇഷ്ടത്തിന് സ്ഥാപിച്ച സ്ഥാപനം’ എന്ന് എ.എം.യുവിനെ നിര്‍വചിക്കുന്നുണ്ട്. അതേസമയം, സ്ഥാപനത്തിലെ പ്രവേശങ്ങളിലും നിയമനങ്ങളിലും മുസ്ലിം സമൂഹത്തിനുള്ള സവിശേഷ അധികാരവുമായി ബന്ധപ്പെട്ട് നിയമ, സാങ്കേതിക തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താനും സംശയരഹിതമായി അതിന്‍െറ ന്യൂനപക്ഷ സ്വഭാവം പുന$സ്ഥാപിക്കാനും നാളിതുവരെയുള്ള സര്‍ക്കാറുകള്‍ സന്നദ്ധമായിട്ടില്ല എന്നതാണ് വാസ്തവം.

2016 ജനുവരി 11ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലമാണ് എ.എം.യുവിനെ വീണ്ടും വാര്‍ത്തയില്‍ കൊണ്ടത്തെിച്ചത്. 1981ലെ നിയമത്തെ ആധാരമാക്കി, 2004ലെ മെഡിക്കല്‍ പി.ജി പ്രവേശത്തിന് 50 ശതമാനം സീറ്റുകള്‍ മുസ്ലിം സമുദായത്തിനുവേണ്ടി യൂനിവേഴ്സിറ്റി സംവരണം ചെയ്തിരുന്നു. ഈ തീരുമാനം അലഹബാദ് ഹൈകോടതി റദ്ദാക്കി. അന്നത്തെ കേന്ദ്ര സര്‍ക്കാറും യൂനിവേഴ്സിറ്റി അധികൃതരും സുപ്രീംകോടതിയെ സമീപിച്ചു. നടന്നുവന്നുകൊണ്ടിരിക്കുന്ന ആ കേസിലാണ്, വാദം കേള്‍ക്കുന്ന ബെഞ്ചിന് മുമ്പാകെ റോത്തഗി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് വിരുദ്ധമായാണ് ബി.ജെ.പി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. എ.എം.യുവിന് ന്യൂനപക്ഷ പദവി വേണ്ടെന്നും അലഹബാദ് ഹൈകോടതിയുടെ വിധിക്കെതിരെ കഴിഞ്ഞ  സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുകയാണെന്നും റോത്തഗി സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, കേസുമായി മുന്നോട്ടുപോകാനാണ് എ.എം.യു അധികൃതരുടെ തീരുമാനം.

മുസ്ലിംകള്‍ ‘തീവ്രവാദത്തിലും കുഴപ്പത്തിലും’ ചെന്നുചാടാന്‍ കാരണം അവര്‍ക്ക് വിദ്യാഭ്യാസമില്ലാത്തതാണ് എന്നാണ് ബി.ജെ.പി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍, അവര്‍ക്ക് സൗകര്യപൂര്‍വം വിദ്യ നേടാനുള്ള അപൂര്‍വമായ സംരംഭങ്ങളെപ്പോലും ഇല്ലാതാക്കുന്ന നിലപാടാണ് അലീഗഢിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എ.എം.യുവിന് ന്യൂനപക്ഷ പദവി വേണ്ടതില്ല എന്ന സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാറിന്‍െറ അസഹിഷ്ണുതയുടെയും മുസ്ലിംവിരോധത്തിന്‍െറയും നിദര്‍ശനമാണ്. ദലിതരെക്കാള്‍ പിന്നാക്കമെന്ന് സച്ചാര്‍ സമിതി കണ്ടത്തെിയ ഈ സമൂഹത്തെ മുന്നോട്ടുകൊണ്ടുവരാനുള്ള ഒരു ശ്രമത്തെയും അനുവദിക്കുകയില്ല എന്ന അവരുടെ തീര്‍പ്പിന്‍െറ ഭാഗമാണത്. 14 ശതമാനം വരുന്ന ഒരു ജനസമൂഹം പിന്നാക്കമായി കഴിഞ്ഞാല്‍, അത് രാജ്യത്തിന്‍െറതന്നെ വിഭവശേഷിയെയാണ് ബാധിക്കുക എന്ന പ്രാഥമിക ജ്ഞാനം ഇല്ലാത്തവരല്ല സംഘ്പരിവാറുകാര്‍. എന്നിട്ടും അലീഗഢ് യൂനിവേഴ്സിറ്റിയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാട് അവര്‍ സ്വീകരിക്കുന്നത് അവരുടെ സങ്കുചിത മനസ്സ് കാരണമാണ്. അലീഗഢ് യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ സ്വഭാവം അവ്യക്തതകളില്ലാത്തവിധം സ്ഥാപിക്കുന്ന  നിയമനിര്‍മാണം നടത്തുകയാണ് ന്യൂനപക്ഷക്ഷേമത്തില്‍ ആത്മാര്‍ഥതയുള്ളവര്‍ ചെയ്യേണ്ടത്. അതിനുവേണ്ടിയുള്ള ജനകീയ സമ്മര്‍ദം എല്ലാം ഭാഗത്തുനിന്നും ഉണ്ടായിവരേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT