ലോകരാഷ്​ട്രങ്ങളിൽ ഭരണം കൈയാളുന്നതും അവയെ നിയന്ത്രിക്കുന്നതും​ ആരാണ്​? സർക്കാറുകളോ അതോ രഹസ്യാന്വേഷണ ചാരസംഘങ്ങളോ? ഒരുകൂട്ടം അന്താരാഷ്​ട്ര മാധ്യമങ്ങൾ പൗരാവകാശ സംഘങ്ങളുടെ പിന്തുണയോടെ നടത്തിയ അന്വേഷണ വിശകലനങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം പുറത്തുവിട്ട 'പെഗസസ്​ പ്രോജക്​ട്​' റിപ്പോർട്ടാണ്​ ഈ ചോദ്യം അനിവാര്യമാക്കുന്നത്​. വിവിധ രാജ്യങ്ങളിലെ ന്യായാധിപന്മാർ, രാഷ്​ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ നിർബാധം ചോർത്തപ്പെട്ടതു സംബന്ധിച്ച വിവരങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. ജനങ്ങളുടെ സ്വകാര്യതകളോ അവകാശങ്ങളോ മാനിക്കാതെ ചൂഴ്​ന്നു​നോക്കുന്നതും അതിക്രമിച്ചു കടക്കുന്നതും തങ്ങളുടെ അവകാശമായി കരുതുന്ന, ചാരപ്പണിയിലെ മികവ്​ രാജ്യതന്ത്രത്തി​െൻറ മേന്മയായി വാഴ്​ത്തുന്ന ഇസ്രായേലി​​ലെ ചാരവിവരസാ​ങ്കേതിക വിദ്യാസ്​ഥാപനമായ എൻ.എസ്​.ഒയെയും അവരുടെ ചാരപ്പണിക്കോപ്പുകളും ഉപയോഗപ്പെടുത്തിയാണ്​ വിവരങ്ങൾ ചോർത്തിയിരിക്കുന്നത്​. ജനാധിപത്യ ഭരണക്രമം നിലവിലില്ലാത്ത രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ പ്രയോഗിച്ച്​ വിവരശേഖരണവും ചാരപ്പണിയും നടത്തുന്നത്​ മു​േമ്പ അറിയപ്പെടുന്ന കാര്യമാണ്​. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന്​ പുകൾ​െപറ്റ ഇന്ത്യയിലെ സുപ്രീംകോടതി ജഡ്​ജിയുടെയും മാധ്യമപ്രവർത്തകരുടെയും പൗരാവകാശ പ്രവർത്തകരുടെയും മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയുമുൾപ്പെടെ മുന്നൂറിലേറെ ഫോണുകളിൽ ചാരപ്പണി നടത്തി വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗുരുതരവും രാജ്യം എത്തിനിൽക്കുന്ന അപകട പാതയെക്കുറിച്ചുള്ള കൃത്യമായ ദിശാസൂചിയുമാണ്​.

ചോർത്തപ്പെട്ടവരുടെ പട്ടിക ഏറെ ദൈർഘ്യമേറിയതാകയാൽ പരിശോധിച്ച്​ ഉറപ്പുവരുത്തി അവരാരെല്ലാമാണെന്ന്​ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്​ മാധ്യമങ്ങൾ. കേന്ദ്രമന്ത്രിസഭയിലെ അതിശക്​തരായ രണ്ടു​ മന്ത്രിമാരും ചില പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ ദേശീയ മാധ്യമങ്ങളിൽ സുപ്രധാനമായ ബീറ്റുകൾ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകരും കൂട്ടത്തിലുണ്ടെന്ന കാര്യം ഇതിനകം സ്​ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തി​െൻറ പരമാധികാരത്തെ അട്ടിമറിക്കുന്ന രാഷ്​ട്രീയ സംഭവവികാസങ്ങൾക്കെതിരെ വിരൽചൂണ്ടിയവരാണ്​ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മാധ്യമപ്രവർത്തകരിൽ അധികപേരും. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചമച്ച്​ കെട്ടിപ്പടുത്ത എൽഗാർ പരിഷദ്​ കേസിൽ കുരുക്കി ദേശീയ അന്വേഷണ ഏജൻസി ജയിലിലടച്ച രാജ്യത്തെ എണ്ണം പറഞ്ഞ മനുഷ്യാവകാശ പ്രവർത്തകരുടെയും അവരുടെ ഉറ്റബന്ധുക്കളുടെയും അനുയായികളുടെയും ഫോണുകളും ഇത്തരത്തിൽ ചാരക്കണ്ണേറിന്​ വിധേയമായിരിക്കുന്നു. ശരിവെക്കാൻ സർക്കാർ കൂട്ടാക്കിയിരുന്നില്ലെങ്കിലും, ഏകാധിപത്യ രാജ്യങ്ങളിൽ നടക്കുന്നതിന്​ സമാനമായി കുറച്ചു വർഷങ്ങളായി മാധ്യമ പ്രവർത്തകരും പൗരാവകാശ പ്രവർത്തകരും ജനാധിപത്യ ഇന്ത്യയിലും സൂക്ഷ്​മ നിരീക്ഷണത്തിലും ചാരവലയത്തിലുമാണെന്ന ആക്ഷേപം അൽപകാലങ്ങളായി ഉയർത്തപ്പെട്ടിരുന്നു. എൽഗാർ പരിഷദ്​ കേസിൽ പ്രതിചേർക്കപ്പെട്ട പലരുടെയും കമ്പ്യൂട്ടറുകളിലേക്ക്​ നുഴഞ്ഞുകയറി തെളിവുകൾ കെട്ടിച്ചമച്ചെടുക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുകളും നേരത്തേ പുറത്തുവന്നിട്ടുള്ളതിനാൽ അതിലും പുതുമയില്ലെന്നു വേണമെങ്കിൽ സമ്മതിക്കാം. എന്നാൽ, ന്യായാധിപന്മാരുടെയും മന്ത്രിസഭയിലെ അംഗങ്ങളുടെയും ഇൻറലിജൻസ്​ മേധാവികളുടെയും ഫോണുകൾ ചോർത്തിയതി​െൻറ യുക്​തിയും ഉദ്ദേശ്യവും ലളിതമായ ആലോചനയിൽ പിടികിട്ടുന്നതല്ല. ആരാണ്​ ആ വിവരങ്ങളുടെ ഗുണഭോക്താക്കൾ​? ന്യായാധിപന്മാരുടെയും സുരക്ഷാ മേധാവികളുടെയും ഫോണുകൾ ഇപ്പറയുംവിധം ചോർത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതുമൂലം ഇന്ത്യൻ നീതിന്യായ വ്യവസ്​ഥയിലും രാജ്യസുരക്ഷയിലും സംഭവിച്ച പരിക്കുകളെക്കുറിച്ച്​ ആരാണൊന്ന്​ ഓഡിറ്റ്​ നടത്തുക?

ചാരവേല നിർവഹിച്ച എൻ.എസ്​.ഒ ഒരു കാര്യം വ്യക്​തമായി പറയുന്നുണ്ട്​- ഏതെങ്കിലും സ്വകാര്യ വ്യക്​തികൾക്കുവേണ്ടി തങ്ങളീപ്പണി ചെയ്യാറില്ലെന്നും സർക്കാറുകൾക്ക്​ മാത്രമാണ്​ സേവനങ്ങളും ഉപകരണങ്ങളും സോഫ്​റ്റ്​വെയറുകളും വിൽക്കാറുള്ളൂ എന്നും. എന്നാൽ, തങ്ങൾക്കീ രക്​തത്തിൽ പങ്കി​െല്ലന്നാണ്​ നമ്മുടെ സർക്കാർ ആണയിടുന്നത്​! രാജ്യത്തെ സർക്കാറി​െൻറ അറിവോ​െടയല്ല ഇന്ത്യയിൽ ഇത്ര ഗുരുതരമായ സ്വകാര്യതാവേട്ട നടന്നിരിക്കുന്നതെങ്കിൽ സംഭവത്തി​െൻറ ഗുരുതരാവസ്​ഥ നമ്മൾ ആലോചിക്കുന്നതിനേക്കാൾ ഏറെ ആഴമുള്ളതാണ്​. ഇതിലൊന്നും പങ്കില്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണ്​ സ്വതന്ത്രമായ ഒരു ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുന്നതിന്​ സർക്കാർ കാലവിളംബം വരുത്തുന്നത്​?

ഒന്നുകിൽ ഇതു ചെയ്​തത്​ തങ്ങൾ തന്നെയെന്ന്​ തുറന്നു പറയാനുള്ള ആർജവം കേന്ദ്രസർക്കാർ കാണിക്കണം. അല്ലെങ്കിൽ, വോട്ടുനൽകി​ തെരഞ്ഞെടുത്തയച്ച ജനാധിപത്യ സർക്കാറിനുപരിയായി മറ്റേതോ ദുരൂഹമായ ഗൂഢസംഘത്തി​െൻറ കൈകളിലാണ്​ ഭരണചക്രത്തി​െൻറ നിയന്ത്രണമെന്ന്​ ജനങ്ങൾക്ക്​ സ്വാഭാവികമായും സംശയിക്കേണ്ടി വരും.

Tags:    
News Summary - madhyamam editorial 2021 july 20 tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.