സർവകലാശാല നിയമനങ്ങളുടെ പേരിൽ ചാൻസലർ കൂടിയായ ഗവർണറും സർക്കാറും തമ്മിലെ പോര് നാൾക്കുനാൾ സങ്കീർണമായി തുടരുന്നതിനിടെ, നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട അത്യധികം പ്രാധാന്യമുള്ള ഒട്ടനേകം വിഷയങ്ങൾ ചർച്ചയാകാതെ പോകുന്നുണ്ട്. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ മാതൃകാപരമായി നടത്തിവന്നിരുന്ന വിദൂര, സമാന്തര മേഖലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ആകെ താളംതെറ്റിയിരിക്കുന്നു. പ്രവർത്തനം തുടങ്ങിയെന്ന് ഇനിയും പറയാൻ കഴിയാത്തവിധം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന ശ്രീനാരായണ ഓപൺ സർവകലാശാല സ്ഥാപിക്കപ്പെട്ടതോടെയാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു പ്രതിസന്ധി ഉടലെടുത്തത്. ഈ അധ്യയന വർഷത്തോടെയെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന സർക്കാറിന്റെ വാഗ്ദാനം വിശ്വസിച്ചവരെയെല്ലാം നിരാശപ്പെടുത്തുംവിധമാണ് അധികാരികളുടെ നടപടികളത്രയും. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ തുടങ്ങിയ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് ഇക്കുറിയും പ്രതീക്ഷിച്ചതുപോലെ കോഴ്സുകൾ തുടങ്ങാനായിട്ടില്ല. ഇതുവഴി, പതിനായിരങ്ങളുടെ വിദ്യാഭ്യാസ സ്വപ്നത്തിനാണ് മങ്ങലേറ്റിരിക്കുന്നത്.
വിദൂര വിദ്യാഭ്യാസസമ്പ്രദായത്തെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020ൽ കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് പൊതുവിൽ വിലയിരുത്തപ്പെട്ട ഈ സർവകലാശാല പക്ഷേ, കേരളത്തിലെ വിദ്യാർഥികൾക്ക് കെണിയായി മാറുകയാണ് ചെയ്തത്. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല ആക്ടിലെ ചില വ്യവസ്ഥകളാണ് വിനയായത്. ഓപൺ സർവകലാശാല വരുന്നതോടെ, കേരളത്തിലെ ഇതര സർവകലാശാലകളുടെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ പഠനരീതികൾ അവസാനിപ്പിക്കണമെന്നായിരുന്നു ആക്ടിലെ വ്യവസ്ഥകളിലൊന്ന്. നിയമസഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ഈ വ്യവസ്ഥ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ചില പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ഭേദഗതിക്ക് ഭരണപക്ഷം തയാറായില്ല. അതിന്റെ ഫലമാണിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സർവകലാശാല സ്ഥാപിതമായ വർഷം തന്നെ യു.ജി.സിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ, കോഴ്സുകൾ തുടങ്ങാൻ അതു പോരാ. ഓരോ കോഴ്സിനും യു.ജി.സിയുടെ കീഴിലുള്ള ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ (ഡി.ഇ.ബി) കൂടി അംഗീകാരം വാങ്ങണം. അതിന് വലിയ നടപടിക്രമങ്ങളുണ്ട്. അത് യഥാസമയം നിർവഹിക്കുന്നതിൽ സർവകലാശാല പരാജയപ്പെട്ടതോടെ ആദ്യ വർഷം ഒരൊറ്റ കോഴ്സുപോലും തുടങ്ങാൻ കഴിയാത്ത സ്ഥിതിയായി. മറുവശത്ത്, ആക്ടിലെ വ്യവസ്ഥകൾ പ്രകാരം മറ്റു സർവകലാശാലകൾക്ക് വിദൂര, സമാന്തര കോഴ്സുകൾ ആരംഭിക്കാനും കഴിയാതെ വന്നു. അതോടെ, സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ മേഖല പാടെ നിശ്ചലമായി. പിന്നീട്, പ്രത്യേക ഉത്തരവിറക്കിയാണ് മറ്റു സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകിയത്.
ഈ വർഷവും ദുരന്തം ആവർത്തിച്ചുവെന്ന് പറഞ്ഞാൽ അധികമാകില്ല. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ, മുൻവർഷത്തേതുപോലെ ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയുടെ കോഴ്സുകൾക്ക് ഡി.ഇ.ബിയുടെ അനുമതി ലഭിച്ചിരുന്നില്ല. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം അനുമതി ലഭിച്ചതാകട്ടെ, നാമമാത്ര കോഴ്സുകൾക്കും. അതിന് മറ്റു സർവകലാശാലകളിലേതിനേക്കാൾ കൂടുതൽ ഫീസും നൽകണം. ഈ തുച്ഛമായ കോഴ്സുകളുടെ പേരിൽ മറ്റു സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം നിർത്തലാക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഫലത്തിൽ, മുൻവർഷത്തെപോലെത്തന്നെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിശ്ചലമായ അവസ്ഥ. ഇക്കാര്യം വിവാദമായപ്പോൾ, ഹൈകോടതി ഇടപെട്ടു. ശ്രീനാരായണ ഓപൺ സർവകലാശാലയിൽ ഇല്ലാത്ത കോഴ്സുകൾ മറ്റു സർവകലാശാലകൾക്ക് നടത്താമെന്ന് കോടതി ഉത്തരവിട്ടു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. കോഴ്സുകൾക്ക് ഡി.ഇ.ബിയുടെ അനുമതി വാങ്ങുന്നതിനും മറ്റും ചുരുങ്ങിയ സമയം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ആ നടപടി ക്രമങ്ങൾ പൂർത്തിയാക്കിവേണം പ്രവേശന പ്രക്രിയ ആരംഭിക്കാൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കേരള സർവകലാശാല വിദൂര കോഴ്സുകൾക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷ സമർപ്പിക്കാൻ വിദ്യാർഥികൾക്ക് ഒരാഴ്ചപോലും തികച്ചില്ല. മറ്റു സർവകലാശാലകളുടെ കാര്യവും വ്യത്യസ്തമല്ല. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻപോലും സാധിച്ചിട്ടില്ല. ചുരുക്കത്തിൽ, റെഗുലർ കോളജുകളിൽ അഡ്മിഷൻ ലഭിക്കാത്ത ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളുടെ അവസാന ആശ്രയമായ ഇത്തരം കേന്ദ്രങ്ങൾ ഇല്ലാതാകുന്ന പരിതഃസ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ച് വലിയ ചർച്ചയും വാഗ്വാദങ്ങളും നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങളത്രയും. ഈ ഒച്ചപ്പാടുകൾക്കിടയിൽ പെരുവഴിയിലായ പാവം വിദ്യാർഥികളുടെ കാര്യം കൂടി പരിഗണിക്കാൻ അധികാരികൾ തയാറാവേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.