പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കൈയിലെടുക്കൂ
പുത്തനൊരായുധം നിനക്കത്
പുസ്തകം കൈയിലെടുക്കൂ...
ബ്രെഹ്തിന്റെ വിഖ്യാതമായ ഈ വരികളെ വർത്തമാന ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയക്രമത്തോട് കൂട്ടിച്ചേർത്ത് വായിച്ചാണ് പ്രമുഖ മറാത്ത എഴുത്തുകാരൻ ശരൺ കുമാർ ലിംബാളെ കഴിഞ്ഞദിവസം കേരളത്തെ അഭിസംബോധന ചെയ്തത്. ത്രിശൂലമല്ല, പുസ്തകങ്ങളാണ് ആധുനിക പൗരന്മാർക്ക് ഭരണകൂടം കൈമാറേണ്ടതെന്ന് കഴിഞ്ഞദിവസം, സംസ്ഥാന നിയമസഭ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനച്ചടങ്ങിൽ അദ്ദേഹം ഓർമപ്പെടുത്തി. പുസ്തകങ്ങളെയും അതുവഴി അറിവിനെയും ആയുധമാക്കാൻ ആഹ്വാനം ചെയ്യുകയും അതോടൊപ്പം അതിന് വഴികാണിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാറിനെയും നിയമസഭാ അധികാരികളെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഏതർഥത്തിലും, നമ്മുടെ സർക്കാറും നിയമസഭയും ആ അഭിനന്ദനം അർഹിക്കുന്നു. ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരു നിയമസഭ അന്താരാഷ്ട്ര നിലവാരമുള്ളൊരു പുസ്തകോത്സവം വളരെ വിജയകരമായി സംഘടിപ്പിച്ചിരിക്കുന്നു. സാധാരണഗതിയിൽ നിയമസഭകളുടെ പ്രവർത്തനം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ, കേരളത്തിൽ ഒരാഴ്ചക്കാലം അത് ജനങ്ങൾക്ക് തുറന്നുകൊടുത്ത് അക്ഷര സംവാദത്തിന്റെയും സർഗാത്മക സാംസ്കാരിക വിനിമയത്തിന്റെയും വേദിയാക്കി മാറ്റുന്നതിൽ സ്പീക്കർ എ.എൻ ഷംസീറിന്റെ നേതൃത്വത്തിൽ നിയമസഭയുടെ കൈകാര്യ കർത്താക്കൾ വിജയിച്ചു. ഇതൊരു മഹാചരിത്രം തന്നെ; എക്കാലവും തുടരേണ്ട മാതൃകയും.
1921ൽ, ട്രാവൻകൂർ ലെജിസ്ലേറ്റിവ് ലൈബ്രറി എന്ന പേരിൽ ആരംഭിച്ച നിയമസഭാ ഗ്രന്ഥശാലയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ജനുവരി ഒമ്പതുമുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചത്. അക്ഷരാർഥത്തിൽ, സഭാതലം നിറഞ്ഞ സർഗാത്മക കാഴ്ചകളുടെ വേദിയായി ഈ ദിനരാത്രങ്ങൾ. എഴുത്തുകാർക്കും വായനക്കാർക്കുമൊരു പുതിയ സംവാദ സംഗമവേദി ഒരുക്കുന്നതിൽ അധികൃതർ വിജയിച്ചുവെന്നുതന്നെ പറയാം. 125ഓളം പ്രസാധകരാണ് മേളയിൽ പങ്കെടുത്തത്; മൂക്കാൽ ലക്ഷത്തിൽ പരം പുസ്തകങ്ങളുടെ പ്രദർശനം നടന്നു; 80 പുസ്തകങ്ങളെങ്കിലും പ്രകാശനം ചെയ്യപ്പെട്ടു. ഓരോ ദിവസവും പതിനായിരങ്ങളാണ് നിയമസഭാ മന്ദിരത്തിലേക്ക് ഒഴുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എഴുപതിനായിരത്തിൽപരം വിദ്യാർഥികൾ പുസ്തകമേളക്കെത്തി എന്നത് ഒട്ടും ചെറിയ കാര്യമല്ല. സന്ദർശകർക്ക് ടൂറിസം വകുപ്പിന്റെ കൂടി സഹകരണത്തോടെ സിറ്റി റൈഡ് സംഘടിപ്പിച്ചതും നിയമസഭാ മ്യൂസിയവും ലൈബ്രറിയും കാണാൻ അവസരമൊരുക്കിയതും പുസ്തകോത്സവത്തിന്റെ മാനങ്ങൾ വിപുലമാക്കി. സാധാരണഗതിയിൽ, നിയമസഭാ മന്ദിരങ്ങൾ പൊതുജനങ്ങൾക്ക് അപ്രാപ്യമായ ഇടങ്ങളാണ്. അവിടേക്കുള്ള പ്രവേശനം അത്ര എളുപ്പത്തിൽ സാധ്യമല്ല. എന്നാൽ, ജനാധിപത്യത്തിന്റെ ആസ്ഥാനമന്ദിരം തങ്ങളുടേതുകൂടിയാണെന്ന ധാരണ പൊതുജനങ്ങൾക്കു പകരുംവിധമുള്ള ഒരുക്കങ്ങളാണ് സംഘാടകർ അവിടെ നടത്തിയത്. ആ അർഥത്തിൽ പുതിയൊരു ജനാധിപത്യ ബോധത്തിന്റെയും സാക്ഷരതയുടെയും തുടക്കമായി ഈ അക്ഷരോത്സവമെന്ന് പറയാം.
ഏഴ് ദിനരാത്രങ്ങളിൽ അവിടെ നടന്ന സംവാദങ്ങൾ അറിവിന്റെ പുതിയ ജനാധിപത്യവത്കരണത്തിനുള്ള അത്യുജ്വലമായൊരു മാധ്യമമായി വർത്തിച്ചുവെന്നുതന്നെ പറയണം. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുകയും ഫാഷിസ്റ്റ് ഭരണകൂടം ഫെഡറലിസത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് സംവാദങ്ങൾകൊണ്ട് പ്രതിരോധം തീർക്കുകയായിരുന്നു കേരളം. ടീസ്റ്റ സെറ്റൽവാദ്, രേവതി ലോൽ തുടങ്ങി ദേശീയതലത്തിൽ ഫാഷിസ്റ്റ് ഭരണക്രമങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമെല്ലാം അണിനിരന്ന സംവാദ വേദികൾ പുതിയ പ്രതീക്ഷകളുടേതുകൂടിയാണ്. ഈ കെട്ട കാലത്തും സംവാദത്തിന്റെ വാതിലുകൾ അടഞ്ഞിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് ആ വേദിയിലെത്തിയവരോരുത്തരും. പുസ്തകോത്സവത്തിനൊപ്പം ഈ സംവാദ മാതൃകകളും തുടരേണ്ടതുണ്ട്. അഥവാ, പുതിയ സംവാദങ്ങളുടെയും ഉൾക്കൊള്ളലുകളുടെയും വേദികൂടിയായി ഇനിയും വിപുലമാകേണ്ട സവിശേഷ സാംസ്കാരിക ഇടം തന്നെയാണ് ജനകീയ സർക്കാർ നേരിട്ട് നടത്തുന്ന ഈ മേള. അതിനുള്ള പ്രാപ്തിയും സംവിധാന ബലവും നമ്മുടെ സംസ്ഥാനത്തുണ്ട് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
കാൽനൂറ്റാണ്ടിലേറെക്കാലമായി കേരള ചലച്ചിത്ര അക്കാദമി അന്താരാഷ്ട്ര ചലച്ചിത്രോത്സവം വിജയകരമായി നടത്തിവരുന്നു; സമാനമായ രീതിയിൽ സംഗീത നാടക അക്കാദമി കുറച്ചുവർഷമായി രാജ്യാന്തര നാടകോത്സവവും സംഘടിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാഹിത്യോത്സവവും നമുക്ക് സാധ്യമാണ് എന്നു ഈ മേള തെളിയിച്ചിരിക്കുന്നു. സാഹിത്യസാംസ്കാരികവ്യവഹാരങ്ങൾ സ്വകാര്യസ്ഥാപനങ്ങൾക്കു കൈയൊഴിഞ്ഞു കൊടുത്ത് അവരുടെ അടഞ്ഞ വാണിജ്യ, സങ്കുചിതതാൽപര്യങ്ങൾക്ക് ധനസഹായം നൽകി നോക്കിനിൽക്കുന്ന പതിവു വിട്ടു സ്വന്തം മുൻകൈകൾ സർക്കാറിനുമാവും എന്നു തെളിയിക്കാൻ സഭാനാഥനും സഹപ്രവർത്തകർക്കും സാധിച്ചിരിക്കുന്നു. സാംസ്കാരികവകുപ്പ്, കേരള സാഹിത്യ അക്കാദമി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ സർവകലാശാല വകുപ്പുകൾ തുടങ്ങിയവയുമായി ചേർന്ന് സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആശയങ്ങൾക്കും അഭിരുചികൾക്കും ആസ്വാദനങ്ങൾക്കുമുള്ള ജനകീയ അക്ഷരോത്സവമാക്കി ഇത് മാറ്റാൻ കഴിയും. ആ ഒരു ശുഭപ്രതീക്ഷയോടെയാവും കേരളത്തിന്റെ ഈ അന്താരാഷ്ട്ര സാഹിത്യോത്സവം കൂടുതൽ വിപുലമായി വരും വർഷവും തുടരുമെന്ന പ്രഖ്യാപനം. അതുവഴി പുതിയൊരു സാഹിത്യ, സംവാദസംസ്കാരത്തിന് നാന്ദി കുറിക്കപ്പെടട്ടെ. അങ്ങനെ ജനതയുടെ അക്ഷരസ്നേഹത്തിന് ജനാധിപത്യത്തിന്റെ വഴിവെട്ടിയ ചരിത്രവും കേരളത്തിന് സ്വന്തം പേരിൽ കുറിക്കാൻ കഴിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.