മാധ്യമ സെൻസർഷിപ്പിന്റെ കൂടുതൽ കൂടുതൽ മൂർച്ചയുള്ള ആയുധങ്ങൾ ഇന്ത്യ സർക്കാർ പുറത്തെടുക്കുന്നതിന്റെ പുതിയ രണ്ട് ഉദാഹരണങ്ങളാണ് ഒരാഴ്ചക്കുള്ളിൽ രാജ്യം കണ്ടത്. അടിയന്തരാവസ്ഥക്കാലത്തെ അതേ കാര്യക്ഷമതയോടെ, എന്നാൽ അതിനേക്കാൾ വ്യാപ്തിയോടെ, വാർത്തകളെ നിയന്ത്രിക്കാനും സർക്കാർപക്ഷ അവകാശവാദങ്ങൾ ചോദ്യംചെയ്യപ്പെടാതെ പ്രചരിപ്പിക്കാനും ചടുലമായ നീക്കങ്ങളാണ് നടക്കുന്നത്. ഗുജറാത്ത് വംശഹത്യയെ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ വിലക്കിയത് അപ്രതീക്ഷിതമല്ല. ഡോക്യുമെന്ററിയുടെ വിഡിയോയും ലിങ്കും അടക്കം യൂട്യൂബ്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യുക മാത്രമല്ല, ആ ഡോക്യുമെന്ററി പങ്കുവെക്കുന്നതും അതിനെപ്പറ്റി അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതുമെല്ലാം വിലക്കിയതായാണ് വാർത്ത. ഈ നടപടിക്ക് ന്യായമായി സർക്കാർ വക്താവ് പറഞ്ഞത് ബി.ബി.സി ഡോക്യുമെന്ററി വെറും അപവാദപ്രചാരണവും േപ്രാപഗണ്ടയുമാണെന്നാണ്. അത് പക്ഷപാതപരമാണ്, വസ്തുനിഷ്ഠമല്ല, കൊളോണിയൽ ചിന്താഗതിയുടെ പ്രകടനമാണ് എന്നെല്ലാം വിമർശനമുയർത്തിയിട്ടുണ്ട്. ഇതേ തരത്തിൽ വിവിധ സർക്കാർപക്ഷ കേന്ദ്രങ്ങൾ ഡോക്യുമെന്ററി വിലക്കിനെ ന്യായീകരിക്കുന്നുണ്ട്. വിലക്കപ്പെട്ട ഡോക്യുമെന്ററി നേരിട്ട് കണ്ട് പരിശോധിച്ച ശേഷമല്ല ഇത്തരം അഭിപ്രായങ്ങൾ രൂപപ്പെട്ടതെന്ന് വ്യക്തമാണ്. ഡോക്യുമെന്ററിയിലെ വിവരണങ്ങളോട് യോജിപ്പില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞ പ്രധാനമന്ത്രി ഋഷി സുനക് പോലും അത് കണ്ടതായി അവകാശപ്പെട്ടിട്ടില്ല. അതേസമയം ഗുജറാത്ത് വംശഹത്യയിലെ ഭരണകൂട പങ്കിനെപ്പറ്റി, അന്ന് അതേപ്പറ്റി ഇന്ത്യയിൽ വന്ന് അന്വേഷിച്ച ബ്രിട്ടീഷ് സംഘം വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചതായിട്ടാണ് അക്കാലത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അറിയിക്കുന്നത്. അതെല്ലാം കുപ്രചാരണമാണെന്ന് ഇന്ത്യ സർക്കാർ ആരോപണമുന്നയിച്ചശേഷവും സ്ട്രോ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഡോക്യുമെന്ററി വിലക്കിയത് ഇന്ത്യയുടെ പ്രതിച്ഛായക്ക് തിളക്കം കൂട്ടുകയല്ല ചെയ്തതെന്ന് പറയേണ്ടതില്ല. മാത്രമല്ല, ഡോക്യുമെന്ററി തയാറാക്കുമ്പോൾ ബി.ബി.സി, മോദി അടക്കം പരാമർശിക്കപ്പെട്ട എല്ലാവരുടെയും പ്രതികരണം ചോദിച്ചിരുന്നു. വ്യാജ ആരോപണങ്ങളെങ്കിൽ അക്കാര്യം തെളിവുസഹിതം വിശദീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പ്രകാശനശേഷം വിലക്കുന്നതിലൂടെ ലോകത്തിന് നാം നൽകുന്ന സൂചന, സത്യം എന്തുതന്നെയായാലും അത് പറയുന്നതാണ് പ്രശ്നം എന്നാണല്ലോ. ഡോക്യുമെന്ററി നിരോധിച്ചതാകട്ടെ, വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലൂടെയാണ്. ഈ ഉത്തരവ് ആധാരമാക്കുന്നതോ, 2021ലെ ഐ.ടി നിയമത്തിലെ ‘പ്രത്യേക എമർജൻസി അധികാര’വും. ഈ ‘അടിയന്തരാവസ്ഥ’ ചട്ടം അനുസരിച്ച് സമൂഹമാധ്യമങ്ങൾ പോലുള്ള മധ്യവർത്തികൾ (ഇന്റർമീഡിയറി) സർക്കാർ ആവശ്യപ്പെടുന്ന ഉള്ളടക്കം എടുത്തുമാറ്റാൻ ബാധ്യസ്ഥരാണ്. സമൂഹവിരുദ്ധ ഉള്ളടക്കം ഒഴിവാക്കാനുള്ള ചട്ടം മനസ്സിലാക്കാം. പക്ഷേ, സർക്കാറിനെ വിമർശിക്കുന്ന എന്തും എടുത്തുമാറ്റുന്ന സ്ഥിതി വരുമ്പോൾതന്നെ, കോടതി ഇടപെടേണ്ടി വരുവോളം വിദ്വേഷ പോസ്റ്റുകൾ നിർബാധം അനുവദിക്കപ്പെടുന്നുമുണ്ടെന്നത് ഈ നിയമത്തിന്റെ യഥാർഥ ലക്ഷ്യമെന്തെന്ന് തെളിച്ചുകാട്ടുന്നുണ്ട്. ഇതിനിടക്കാണ് ഇപ്പോൾ സെൻസർഷിപ്പിന്റെ അതിശക്തമായ ആയുധമായി ഐ.ടി ചട്ട ഭേദഗതിയിൽ ഒരു കരടുവ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യാജവാർത്തകൾ എടുത്തുമാറ്റേണ്ടിവരുമെന്നതിന് പുറമെ, വാർത്ത നേരോ വ്യാജമോ എന്ന് സർക്കാർ വകുപ്പായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) തീരുമാനിക്കുമെന്നാണ് കരടുചട്ടം പറയുന്നത്. ഇതുപ്രകാരം പി.ഐ.ബി വ്യാജമെന്ന് പറയുന്നതെല്ലാം സമൂഹമാധ്യമങ്ങളടക്കം ഓൺലൈൻ വേദികളിൽനിന്ന് ഒഴിവാക്കേണ്ടിവരും. സമഗ്രാധിപത്യ രാജ്യങ്ങളിൽ മാത്രം കാണുന്ന ഈ സമഗ്ര സെൻസർഷിപ് മാധ്യമരംഗത്തെ മുഴുവൻ ഭരണകൂടത്തിന്റെ ഉച്ചഭാഷിണികളാക്കി മാറ്റും. സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാകും.
സർക്കാറിന്റെ വീഴ്ചകൾ തുറന്നുകാട്ടാനും സർക്കാർ നിലപാടുകളെ വിമർശിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് പ്രസക്തി നൽകുന്നത്. ‘‘എന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്; സൃഷ്ടിപരമായ വിമർശനം ജനാധിപത്യത്തെ ശക്തമാക്കുമെന്നതിനാൽ ജീവൽപ്രധാനമാണ്’’ എന്നുപറഞ്ഞ പ്രധാനമന്ത്രി മോദി, 2017ലെ ആ പ്രസ്താവനയിൽനിന്ന് തിരിഞ്ഞുനടക്കുകയാണോ? രാജാവിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ലെന്നും ഭരണകർത്താക്കളെ വിമർശിക്കാൻ കഴിയുമ്പോഴാണ് ജനാധിപത്യ സ്വാതന്ത്ര്യം പുലരുന്നതെന്നും എടുത്തുപറയേണ്ടതില്ല. നേരായതും പ്രസാധനയോഗ്യമായതുമായ വാർത്ത സർക്കാർ വകുപ്പ് തീരുമാനിക്കുമെന്ന് വരുന്നതോടെ ആ സ്വാതന്ത്ര്യം ഇല്ലാതാകും. അങ്ങനെ തീരുമാനിക്കാനുള്ള യോഗ്യതയോ അടിസ്ഥാന വൈദഗ്ധ്യമോ പോലും പി.ഐ.ബിക്കില്ലെന്ന് ഇതിനകം അവർ നടത്തിയ വസ്തുതാപരിശോധനകളിൽ (ഫാക്ട് ചെക്) തെളിഞ്ഞുകഴിഞ്ഞതാണ്. വ്യാജമെന്ന് മുദ്ര ചാർത്താനുള്ള മാനദണ്ഡമെന്ത്, അതിന്റെ തെളിവുകളെന്ത് എന്നുപോലും പറയാതെ ‘വ്യാജ’മെന്ന ചാപ്പ കുത്തുന്ന അവരുടെ രീതി പലതവണ തുറന്നുകാട്ടപ്പെട്ടതാണ്. കോവിഡ് കാലത്ത് ഗുജറാത്തിൽ നടന്ന വെന്റിലേറ്റർ ഇടപാട് സംബന്ധിച്ച വാർത്തയെ വ്യാജമെന്ന് വിളിക്കാൻ പി.ഐ.ബി നിരത്തിയ കാരണങ്ങൾ പരിഹാസ്യമാംവിധം ബാലിശമായിരുന്നു. പി.ഐ.ബിക്ക് നൽകാനുദ്ദേശിക്കുന്ന അമിതാധികാരത്തെ എഡിറ്റേഴ്സ് ഗിൽഡ് അടക്കം എതിർത്തിട്ടുണ്ട്. ജോഷിമഠ് ദുരന്തത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഈയിടെ സർക്കാർ വകുപ്പുകൾക്ക് നൽകിയ നിർദേശംകൂടി പുതിയ നീക്കങ്ങളോട് ചേർത്തുവായിക്കണം. ശരിയായ വിവരം ലഭ്യമാക്കില്ല, സർക്കാറിനനുകൂലമല്ലാത്തത് വാർത്തയാക്കിക്കൂടാ എന്നൊക്കെയാണല്ലോ ഇതിന്റെയെല്ലാം ചുരുക്കം. സത്യത്തെ അത്രമേൽ ഭയക്കുന്ന രാജ്യമാവുകയാണോ നാം?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.