രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബർ അവസാനിക്കുമ്പോൾ കഴിഞ്ഞ ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നിരീക്ഷിക്കുന്ന ഔദ്യോഗികവേദി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി -സി.എം.ഐ.ഇ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ എട്ടു ശതമാനമായിരുന്ന നിരക്ക്, 8.3 ശതമാനത്തിലേക്ക് ഉയർന്നതാണ് ഡിസംബറിലെ ചിത്രം. 2021 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ ഡിസംബറിൽ 8.96ൽനിന്ന് 10.09 ശതമാനമായി ഉയർന്നു. ഗ്രാമങ്ങളിൽ നേരിയ ശതമാനം നിരക്ക് കുറഞ്ഞു. തൊഴിൽ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി വർധിച്ചതിനാൽ ഇതു കാര്യമാക്കാനില്ലെന്നാണ് റിപ്പോർട്ട് പുറത്തുവിട്ട വേദിയുടെ എം.ഡി മഹേഷ് വ്യാസ് പറയുന്നത്.
അതേസമയം കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ പൊതുതെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ഭരണകക്ഷിയായ ബി.ജെ.പി സൗജന്യ ധാന്യവിതരണ പദ്ധതിയും തൊഴിൽദാന പരിപാടികളും പ്രഖ്യാപിച്ച് മുന്നോട്ടുവരുന്നത് കാര്യങ്ങളുടെ കിടപ്പ് സർക്കാറിന് ബോധ്യപ്പെട്ടതുകൊണ്ടു കൂടിയാവണം. അതിനാൽ കൺമുന്നിലുള്ള സത്യത്തെ കണക്കുകൾ ശരിവെക്കുമ്പോൾ അതിനെതിരെ കൺകെട്ട് അഭ്യാസങ്ങൾ മതിയാവില്ല.
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഇന്ത്യ പൂർത്തീകരിച്ച വർഷമാണ് കഴിഞ്ഞുപോയത്. മഹാമാരിയായ കോവിഡിന്റെ പിടിയിലകപ്പെട്ട് ശ്രമകരമായ ഒരു തുടക്കമായിരുന്നു കഴിഞ്ഞ ആണ്ടിന്റേതെങ്കിലും ക്രമേണ കോവിഡ് പിടിയിൽനിന്ന് ലോകവും രാജ്യവും മോചിതമായിക്കൊണ്ടിരുന്നു. എന്നാൽ, ശേഷവും രാജ്യത്തെ സമ്പദ്വ്യവസ്ഥ വേണ്ടത്ര പച്ചപിടിച്ചുകാണുന്നില്ല. യുക്രെയ്ൻ യുദ്ധവും തുടർന്നുണ്ടായ റഷ്യൻ ഉപരോധവും എണ്ണ വിലയിലെ മാറ്റങ്ങളുമെല്ലാം വരുത്തിയ വ്യതിയാനങ്ങൾ സാമ്പത്തികരംഗത്തെ അവതാളത്തിലാക്കിയെന്നതു ശരിയാണ്. എന്നാൽ, അതിൽനിന്നു കരകയറാനുള്ള ബദ്ധശ്രദ്ധ ഇനിയും കേന്ദ്രസർക്കാർ പുലർത്തുന്നില്ലെന്നുവേണം കരുതാൻ. സർക്കാർവിലാസം കുത്തകകളുടെ കുത്തനെയുള്ള വളർച്ചയും അനുദിനം നടുവൊടിയുന്ന മധ്യ, കീഴ് വിഭാഗങ്ങളുടെ അധോനിലയും അതാണല്ലോ പറയുന്നത്. അതിന്റെ പ്രത്യക്ഷസാക്ഷ്യമായി വേണം തൊഴിലില്ലായ്മയുടെ ഈ ഗുരുതരാവസ്ഥയെ കാണാൻ.
കോവിഡ് ദുരവസ്ഥയിൽനിന്ന് രാജ്യം കരകയറുമ്പോഴും പൗരന്മാരുടെ ജീവിതപ്രശ്നങ്ങൾ പരിഹൃതമാവാതെ തുടരുകയാണ്. 2020ലെ കണക്കുമായി താരതമ്യം ചെയ്ത് സി.എം.ഐ.ഇ തന്നെ പറയുന്നത് ഒക്ടോബർ 2022ൽ 14 ദശലക്ഷം ആളുകളുടെ തൊഴിൽ കമ്മിയുണ്ടായി എന്നാണ്. ഇതിന്റെ മൂന്നിൽ രണ്ടും സ്ത്രീജനങ്ങളുടേതാണ്. രണ്ടുകോടി തൊഴിലവസരമൊരുക്കുമെന്ന് വാഗ്ദാനം ചെയ്തുവന്ന, മോദി സർക്കാറിന്റെ കാലത്ത് 14 കോടി പേരാണ് തൊഴിൽരഹിതരായുള്ളത്. 20-24 വയസ്സിനിടയിലുള്ള 42 ശതമാനം പേർക്ക് പണിയൊന്നുമില്ല. നോട്ടുനിരോധനംകൊണ്ടുമാത്രം 2.30 ലക്ഷം ചെറുകിട തൊഴിൽ യൂനിറ്റുകളാണ് പൂട്ടിപ്പോയത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ചതോടെ സർക്കാറിന്റെ തൊഴിലവസരങ്ങളാണ് ആയിരക്കണക്കിനു നഷ്ടമായത്. അതിനെല്ലാം അപ്പുറമാണ് സുരക്ഷിതമായ തൊഴിലിനുവേണ്ട സാമൂഹികാന്തരീക്ഷം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കളിച്ച് ഭരണകക്ഷിയും അണികളും രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തിക്കളയുന്നത് തൊഴിൽവിപണിയെയാണ് കൂടുതൽ അസ്ഥിരപ്പെടുത്തുക. ഇങ്ങനെ പിഴച്ച നയപരിപാടികളിലൂടെ അവസരം തുലച്ചതാണ് തൊഴിലില്ലായ്മ നിരക്ക് പിടിവിട്ട് മുകളിലോട്ടുകയറാൻ നിമിത്തമായതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിൽ മികവ് നേടിയിട്ടും അതിനനുസൃതമായതോ പോകട്ടെ, സുരക്ഷിതമായ ജോലിസാധ്യതതന്നെ കുറഞ്ഞുവരുന്നതായാണ് കഴിഞ്ഞ ഒന്നൊന്നര ദശകക്കാലത്തെ അനുഭവം. ഇന്ത്യയിൽ 15നും 24നും ഇടയിൽ പ്രായമുള്ളവർ ജനസംഖ്യയുടെ 40 ശതമാനവും കവിയും. എന്നാൽ, സി.എം.ഐ.ഇയുടെതന്നെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ പറയുന്നത്, ബിരുദപഠനം വിജയകരമായി പൂർത്തീകരിക്കുന്ന അഞ്ചുപേരിൽ ഒരാൾക്ക് രാജ്യത്ത് തൊഴിൽ നേടാനാവാതെപോവുന്നു എന്നാണ്. തൊഴിൽ നേടുന്നവരിൽതന്നെ തൊഴിൽസമയം, തൊഴിലിട അന്തരീക്ഷം, വരുമാനം എന്നിവയിലെ ഇന്ത്യനവസ്ഥ ഇപ്പോഴും മോശമായി തുടരുന്നതും വിദേശത്തേക്കു പറിച്ചുനടാനുള്ള പ്രവണതക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ മസ്തിഷ്ക ചോർച്ച രാജ്യത്തെക്കുറിച്ച് ഭരണാധികാരികൾ വരച്ചുകാണിക്കുന്ന ചിത്രങ്ങളുടെ ശോഭ കെടുത്തിക്കളയുന്നു.
എല്ലാം തെളിയിക്കുന്നത്, വിലക്കയറ്റവും തൊഴിലില്ലായ്മയും നിയന്ത്രിച്ചുകൊണ്ട് ജീവിതസുരക്ഷ എന്ന പൗരസഞ്ചയത്തിന് ഒരു സർക്കാറിൽനിന്ന് ലഭ്യമാകേണ്ട പ്രാഥമിക അവകാശംപോലും നിഷേധിക്കപ്പെടുന്നു എന്നാണ്. അതു പരിഹരിക്കാൻ വാചാടോപമല്ല, പ്രായോഗിക മാർഗമെന്തുണ്ട്, അതു കണ്ടെത്താനും നടപ്പാക്കാനും കേന്ദ്ര ഗവൺമെന്റ് എന്തു ചെയ്യുന്നുവെന്നാണ് ജനത്തിന് അറിയേണ്ടത്. ജീവൽ പ്രശ്നങ്ങൾക്കുനേരെ കൈയുംകെട്ടി നോക്കിനിൽക്കുകയും മുഖംമിനുക്കാൻ മറ്റു നാനാവഴികൾ തേടുകയും ചെയ്യുന്ന ഭരണകൂടം നടുവൊടിഞ്ഞ് അടിപടലം തകർന്നുപോകുന്ന രാജ്യത്ത് എങ്ങനെയാണാവോ സ്വന്തം അധികാരസിംഹാസനം നിലനിർത്തുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.