ന്യൂനപക്ഷ രാഷ്ട്രീയശക്തി ക്ഷയിപ്പിക്കാൻ കുറുക്കുവഴികൾ

വംശീയവിദ്വേഷം പരമാവധി കത്തിച്ചുനിർത്തി രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ പീഡിപ്പിക്കാനും തുരത്താനും മുഖ്യധാരയിൽനിന്ന് പുറന്തള്ളാനുമുള്ള ആസൂത്രിത പരിപാടി പരമാവധി വിജയിപ്പിക്കാനാണ് സംഘ്പരിവാർ നീക്കമെന്ന് ഓരോ ദിവസവും അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2019 ആഗസ്റ്റിൽ ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ് മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ച നടപടി പുനഃപരിശോധിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ അനിശ്ചിതമായി നീളുന്നു. അതിനിടെ, മുസ്‍ലിം ഭൂരിപക്ഷ കശ്മീർ താഴ്വരയിലെ നിയോജകമണ്ഡലങ്ങളെ ഇലക്​ഷൻ കമീഷൻ ഏകപക്ഷീയമായി പുനർവിഭജിച്ച് ഒരേ ഒരു മണ്ഡലം മാത്രം വർധിപ്പിച്ചു; ജനസംഖ്യ കുറവായ ജമ്മുവിൽ ആറ് സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തു. ജമ്മുവിൽ മണ്ഡല സമ്മതിദായകരുടെ എണ്ണം കശ്മീരിലെ അപേക്ഷിച്ച് നന്നേ കുറവാണെന്നോർക്കണം. അതുകൊണ്ട് മതിയാക്കാതെ കശ്മീരിലെ പല മണ്ഡലങ്ങളും സംവരണ സീറ്റുകളായി മാറ്റുകയും ചെയ്തു. ഇപ്പോഴിതാ ഹിന്ദുത്വർക്ക് എന്നും തലവേദനയായ അസമിലും അതേ തന്ത്രം പയറ്റാൻ പോവുന്നു. 2001ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയിൽ 30.9 ശതമാനമായിരുന്നു മുസ്‍ലിംകൾ. 2011ൽ അത് 34.22 ആയി ഉയർന്നു. 126 നിയമസഭ സീറ്റുകളും 14 ലോക്സഭ സീറ്റുകളുമുള്ള അസമിൽ നിലവിൽ 31 എം.എൽ.എമാരും രണ്ട് ലോക്സഭാംഗങ്ങളും മുസ്‍ലിംകളാണ്. ഒരാൾപോലും ബി.ജെ.പി ടിക്കറ്റിൽ ജയിച്ചവരല്ലെന്നുമാത്രം. മുസ്‍ലിം ജനസംഖ്യയിൽ നാലിൽ മൂന്നു ഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളായാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 35 നിയമസഭ മണ്ഡലങ്ങളിൽ അവരുടെ വോട്ട് നിർണായകമാണ്; ആറ് ലോക്സഭ മണ്ഡലങ്ങളിലും തഥൈവ. സംസ്ഥാനത്തെ നിയമസഭ-ലോക്സഭ സീറ്റുകളുടെ എണ്ണം കൂടാൻ സാധ്യതയില്ലെങ്കിലും മുസ്‍ലിംകൾക്ക് ഒരിക്കലും മത്സരിക്കാൻ സാധ്യമല്ലാത്ത സംവരണസീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണ് ഇലക്​ഷൻ കമീഷന്റെ അജണ്ട. അതുപ്രകാരം പട്ടികജാതിക്കാരുടെ സംവരണസീറ്റുകൾ എട്ടോ ഒമ്പതോ കൂട്ടും; പട്ടികവർഗക്കാരുടേത് 16-19 സീറ്റുകളും വർധിക്കും. ഈ നടപടികൊണ്ട് മതിയാക്കാതെ ​ഹോജയ്, ബജാലി, ബിശ്വനാഥ്, താറുൽപുർ ജില്ലകളെ മറ്റു നാലു ജില്ലകളിൽ ലയിപ്പിക്കാനാണ് അടുത്ത നീക്കം. അങ്ങനെ വരുമ്പോൾ പല മണ്ഡലങ്ങളിലും മുസ്‍ലിം സമ്മതിദായകരുടെ എണ്ണം ഗണ്യമായി കുറയും. ഹിന്ദുഭൂരിപക്ഷം പല സീറ്റുകളിലും വർധിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് എം.എൽ.എ ദേവബ്രത സൈക്യ ചൂണ്ടിക്കാട്ടുന്നു. 2019ൽ പുറത്തുവന്ന ദേശീയ പൗരത്വപട്ടികയിൽനിന്ന് 19 ലക്ഷം അപേക്ഷകർ പുറന്തള്ളപ്പെട്ടതും തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭവും മറക്കാറായിട്ടില്ലല്ലോ. അന്ന് കോടതി ഇടപെട്ടതുമൂലം പുനഃപരിശോധന നടന്നപ്പോൾ എല്ലാ ഉപാധികളും പാലിച്ച അപേക്ഷകരിൽ ചിലർകൂടി പൗരത്വപ്പട്ടികയിൽ സ്ഥലം പിടിച്ചുവെങ്കിലും വലിയൊരു വിഭാഗം രാജ്യമില്ലാത്തവരായി അവശേഷിക്കുകയാണ്. അവരെയൊക്കെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നതായിരുന്നു പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ വാഗ്ദാനം. സംഗതിവശാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റു; തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടി മമത ബാനർജി വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.

ഏറ്റവുമൊടുവിൽ ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല നിർണയത്തിനെതിരെ പുതിയ വാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അസം മുഖ്യമന്ത്രിയും ബി.ജെ.പിയുടെ തീവ്രമുഖവുമായ ഹിമന്ത ബിശ്വശർമ. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ പുനർനിർണയം തികച്ചും അനീതിയാണെന്ന തന്റെ വാദം ന്യായീകരിച്ചുകൊണ്ട് ശർമ പറയുന്നതിങ്ങനെ: സർക്കാറിന്റെ രണ്ടു കുട്ടികൾ എന്ന നയം അംഗീകരിച്ചവരെ അവഗണിച്ച് 12 കുട്ടികളെ ജനിപ്പിക്കുന്നവർക്ക് പാരിതോഷികമായി മണ്ഡലങ്ങൾ വർധിപ്പിക്കുന്നത് ശരിയാണോ! അതിനാൽ 2011ലെയല്ല 2001ലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തും. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി മണ്ഡലം പുനർനിർണയിച്ച് ജനന നിയന്ത്രണം നടത്താത്തവർക്ക് പാരിതോഷികം നൽകുന്ന നിലവിലെ സ്ഥിതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമനിർമാണംവഴി മാറ്റുമെന്ന് ശർമ പറയുന്നു. അതായത്, ഹിന്ദുക്കൾ കുടുംബാസൂത്രണം സ്വീകരിക്കുമ്പോൾ മുസ്‍ലിംകൾ കഴിയുന്നത്ര സന്താനങ്ങളെ ഉൽപാദിപ്പിക്കുകയാണ്. അതിനാലാണ് അവരുടെ ജനസംഖ്യ വർധിക്കുന്നത് എന്ന്. കശ്മീരിൽ എതിർശബ്ദങ്ങൾ പൂർണമായി അടിച്ചമർത്തി പട്ടാളത്തെ ഉപയോഗിച്ച് ഇലക്​ഷൻ കമീഷൻ മണ്ഡലം പുനർനിർണയിച്ച മാതൃക അസമിലും പിന്തുടരും എന്നാവണം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയതിന്റെ ധ്വനി. എന്നാൽ, ബി.ജെ.പി തങ്ങളുടെ നേട്ടത്തിനായി മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളുടെ അതിരുകൾ മാറ്റിവരക്കാനുള്ള നീക്കത്തെ ​പ്രതിപക്ഷം എതിർക്കുന്നു. ബദ്റുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വക്താവ് അമീനുൽ ഇസ്‍ലാം മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. പക്ഷേ, നേരത്തേ പൗരത്വപ്രശ്നത്തിലെന്നപോലെ മുസ്‍ലിം ശക്തി ക്ഷയിപ്പിക്കാനുള്ള കുതന്ത്രങ്ങൾക്കെതിരായ പ്രതിഷേധം എത്രത്തോളം സഫലമാവുമെന്ന് നിലവിലെ സാഹചര്യത്തിൽ കണ്ടറിയണം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ മുഴുവൻ തിരഞ്ഞുപിടിച്ച് യു.എ.പി.എ ചുമത്തി ജയിലിലടക്കുന്നതാണല്ലോ ഡൽഹിയിലും യു.പിയിലും കണ്ടത്.

Tags:    
News Summary - madhyamam editorial 2023 january 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.