കോൺഗ്രസിന് പുതിയ സാരഥി

137 വയസ്സെത്തിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പുതിയ അമരക്കാരനായി കർണാടകയിൽനിന്നുള്ള കരുത്തനായ നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 24 വർഷത്തിനുശേഷം 'ഗാന്ധി' കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസിന്‍റെ സാരഥിയാകുന്നത് ഏറെ ശോഷിച്ചുപോകുകയും പുനരുജ്ജീവന പ്രതീക്ഷകൾ നഷ്ടമാകുകയും ചെയ്ത പാർട്ടിയെ അധികാരത്തിന്‍റെ ഇടനാഴികളിലേക്ക് തിരിച്ചുകൊണ്ടുവരുക, വിഭിന്ന രാഷ്ട്രീയ കൈവഴികളെ ഏകോപിപ്പിച്ച് ശക്തമായ രാഷ്ട്രീയ ചേരി നിർമിക്കുക തുടങ്ങിയ അത്ഭുതവൃത്തികൾക്കുവേണ്ടിയാണ്. തീർച്ചയായും ഭാരിച്ച ഈ ചുമതല ഏറ്റെടുക്കാനും അഭിമുഖീകരിക്കാനും നെഹ്റു കുടുംബത്തിന്‍റെ മുഴുവൻ പിന്തുണയും അദ്ദേഹത്തിനുണ്ട്. പോൾ ചെയ്ത വോട്ടിൽ മഹാഭൂരിപക്ഷവും നേടാനായതിലൂടെ സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയുമുണ്ടെന്ന് ഉറപ്പിക്കാം. ഈ പദവി തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ലഭിച്ചുവെന്നത് മറ്റ് ആശ്രിതത്വബോധമില്ലാതെ കാര്യങ്ങൾ നിർവഹിക്കാനുള്ള ആത്മവിശ്വാസവും അദ്ദേഹത്തിന് പ്രദാനംചെയ്യുന്നുണ്ട്. ആ അർഥത്തിൽ ഖാർഗെയും കോൺഗ്രസും നന്ദി പറയേണ്ടത് ഡോ. ശശി തരൂരിനോടാണ്.

ചേറ്റൂർ ശങ്കരൻ നായർക്കുശേഷം കോൺഗ്രസിന്‍റെ അമരക്കാരനാകാൻ ഒരു മലയാളിയുടെ തീവ്രശ്രമം വിഫലമായെങ്കിലും പ്രഹസനമായിപ്പോകേണ്ട തെരഞ്ഞെടുപ്പിനെ രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കുകയും കോൺഗ്രസിനകത്തും പുറത്തും സജീവമാക്കുകയും ചെയ്തത് ശശി തരൂരിന്‍റെ രംഗപ്രവേശവും തന്ത്രപരമായ പ്രസ്താവനകളുമാണ്. ഏറ്റവും മികച്ച ആഭ്യന്തര തെരഞ്ഞെടുപ്പ് പ്രക്രിയ കോൺഗ്രസിനുമുണ്ട് എന്ന് മേനിപറയാനും ഇതുപോലെയൊന്നുണ്ടോ എന്ന് ഇതര പാർട്ടികളോട് ഹർഷപുളകിതമായി ചോദിക്കാനും കോൺഗ്രസിനെ പ്രാപ്തമാക്കിയതും തരൂരിന്‍റെ സ്ഥാനാർഥിത്വമാണ്. ആഭ്യന്തര പോരിലേക്ക് വീണുപോകാതെ സൂക്ഷിച്ച നയചാതുരിയും കീഴ്വഴക്കങ്ങളെയും സാമ്പ്രദായിക രാഷ്ട്രീയ സമീപനങ്ങളെയും തിരുത്തിക്കൊണ്ടുള്ള നിലപാട് പ്രഖ്യാപനങ്ങളും തരൂരിലെ മികച്ച നേതാവിനെ പ്രകടമാക്കി. അതിന്‍റെ അംഗീകാരമാണ് സമൂഹമാധ്യമങ്ങളും കോൺഗ്രസിലെ ചെറുപ്പവും ഖാർഗെക്കൊപ്പം തരൂരിന്‍റെ 'വിജയ'വും ആഘോഷിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത്. അത് മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഖാർഗെക്കും കോൺഗ്രസിനും കഴിഞ്ഞാൽ മോദി സർക്കാറിനെതിരെയുള്ള മൂർച്ചയുള്ള ചാട്ടുളിയായിരിക്കുമദ്ദേഹമെന്നത് നിസ്തർക്കം.

മല്ലികാർജുൻ ഖാർഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 1885 ഡിസംബർ 28ന് ജന്മമെടുത്ത കോൺഗ്രസിന് ആഭ്യന്തര തെരഞ്ഞെടുപ്പ് എന്നത് അത്ര അപൂർവമായ കാര്യമൊന്നുമല്ല. പാർട്ടി നിലവിൽവന്നതു മുതൽ സ്വാതന്ത്ര്യം ലഭിച്ചതുവരെയുള്ള 62 വർഷത്തെ പ്രതാപകാലത്തും സകല അധികാരങ്ങളോടെയും സ്വതന്ത്ര ഇന്ത്യ വാണരുളിയ സുവർണകാലത്തും കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരങ്ങൾ നടന്നിട്ടുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്‍റെയും നോമിനികൾ തോൽപിക്കപ്പെട്ട കാലവും അധികാരസ്ഥാനീയരായ നെഹ്റു കുടുംബത്തിന്‍റെ കോപമേറ്റുവാങ്ങി പ്രസിഡന്റ് പദം ഒഴിഞ്ഞ് വിസ്മൃതരായി കാലക്ഷേപം ചെയ്യേണ്ടിവന്ന ചരിത്രവും കോൺഗ്രസിനുണ്ട്. പക്ഷേ, അക്കാലയളവിൽനിന്നെല്ലാം വ്യത്യസ്തമായി ഈ ആഭ്യന്തര തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്‍റെ അവസാന കച്ചിത്തുരുമ്പാണ്. സോണിയ ഗാന്ധി രോഗിയാകുകയും തുടർച്ചയായ തോൽവികളും ആഭ്യന്തരമായ വൈരുധ്യങ്ങളും കാരണം രാഹുലും പ്രിയങ്കയും നേതൃത്വം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്തതോടെ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധികൾ പരിഹരിച്ച് സംഘടനയെ കെട്ടിപ്പടുക്കുക എന്നത് ഹിമാലയൻപണിയാണ്. അധികാരത്തിനുവേണ്ടിയുള്ള അകംപോരുകൾ തുടരുന്നത് തടയാനായിട്ടില്ലെങ്കിൽ നേതാക്കളും അണികളും ഇനിയും കൊഴിഞ്ഞുപോകും. അധികാരംകൊണ്ടും സംഘടനാശേഷികൊണ്ടും മാധ്യമങ്ങളെയും സമുദായങ്ങളെയും വിലക്കുവാങ്ങിയും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദമാക്കുന്ന സംഘ്പരിവാറിനെ എതിരിടാനുള്ള ത്രാണിയും രാഷ്ട്രീയ മോഹങ്ങളിൽ ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള രാഷ്ട്രീയ സമചിത്തതയും പ്രകടിപ്പിച്ചുകൊണ്ട് ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതും മറ്റൊരു ഹെർക്കുലിയൻ ജോലിയാണ്.

ഭാരത് ജോഡോ യാത്രയും തെരഞ്ഞെടുപ്പും കോൺഗ്രസിന് ഒരു ക്രിയാത്മകമായ ഉണർവ് സമ്മാനിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യ എന്ന രാഷ്ട്രശരീരം നിർമിക്കപ്പെട്ട അതേ സ്വാതന്ത്ര്യസമരകാലത്ത് രൂപപ്പെട്ടതിനാൽ കോൺഗ്രസിന് രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ പ്രതിനിധാനംചെയ്യാനുള്ള ജന്മസിദ്ധമായ ശേഷിയുണ്ട്. അടിയന്തരാവസ്ഥയടക്കം പഴിപറയാൻ ധാരാളം കാര്യങ്ങളുണ്ടെങ്കിലും ജനാധിപത്യത്തോടും സാംസ്കാരിക വൈവിധ്യങ്ങളോടും കോൺഗ്രസ് പുലർത്തിയ പ്രതിബദ്ധതയാണ് രാജ്യത്തിന്‍റെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും തൂണുകളെ ഇപ്പോഴും നിലനിർത്തുന്നത്. ഹിന്ദുത്വ വംശീയ കടന്നാക്രമണങ്ങളെ ചെറുക്കാൻ സാംസ്കാരിക വൈവിധ്യങ്ങളെ പുൽകാനും മർദിതസമൂഹങ്ങളെ പിന്തുണക്കാനും കഴിയുന്ന രാഷ്ട്രീയ ആശയങ്ങളെ വികസിപ്പിക്കാൻ കോൺഗ്രസിന് സാധിക്കണം. അടിസ്ഥാന ജനവിഭാഗങ്ങളിൽനിന്ന് വളർന്നുവരുകയും യോഗ്യതകളെല്ലാമുണ്ടായിട്ടും അധികാരം നിരന്തരം നഷ്ടപ്പെടുന്നതിന്‍റെ വേദന അനുഭവിച്ചറിയുകയും ചെയ്ത ഖാർഗെക്ക് ഈ 80ാം വയസ്സിൽ ജനാധിപത്യസമൂഹത്തിന്‍റെ പ്രത്യാശകൾക്ക് നിറംകൊടുക്കാനുള്ള ചുമതല കൈവന്നുവെന്നതിൽ ചരിത്രപരമായ ഒരു കാവ്യനീതിയുണ്ട്. അവയെല്ലാം ഉൾക്കൊണ്ട് കോൺഗ്രസിലും രാജ്യത്തും പുതിയ ഉണർവ് സൃഷ്ടിക്കാൻ ഖാർഗെക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

Tags:    
News Summary - Madhyamam Editorial on congress election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.