എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും ശരിവെക്കുന്നതായി ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം. ആകെയുള്ള 182ൽ 156 സീറ്റുകൾ നേടി അഭൂതപൂർവമായ വിജയത്തോടെയാണ് ഭാരതീയ ജനത പാർട്ടി ഏഴാം തവണയും ഗുജറാത്തിൽ ഭരണത്തിലേറുന്നത്. ഡൽഹിയിൽനിന്ന് ഗുജറാത്തിലേക്ക് ഇറങ്ങിക്കളിക്കാൻ കച്ചമുറുക്കിയ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യമായിരുന്നു ഇത്തവണ മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസിനേക്കാൾ ബി.ജെ.പിയെ അമ്പരപ്പിച്ചിരുന്നത്. എന്നാൽ, അതിനെ വമ്പിച്ച സാധ്യതയാക്കി മാറ്റാൻ അവർക്ക് സാധിച്ചെന്നു ഫലങ്ങൾ തെളിയിക്കുന്നു. ആദ്യമേ ദുർബലമായ കോൺഗ്രസിന്റെ കൂടുതൽ തളർച്ചക്ക് ഇടയാക്കിയെന്നതാണ് ഫലങ്ങളുടെ ആദ്യനോട്ടം സൂചിപ്പിക്കുന്നത്.
ഗുജറാത്തിൽ ഭരണമല്ല, ഭൂരിപക്ഷം കൈവിട്ടുപോകുന്നതുപോലും അഭിമാനപ്രശ്നമായി കണ്ട ബി.ജെ.പി, ആം ആദ്മിയുടെ കടന്നുവരവുകൂടി കണ്ട് അതിശക്തമായ പ്രചാരണപ്രവർത്തനമാണ് കാഴ്ചവെച്ചത്. 18 കോടിയിലെത്തിയ ലോകത്തെ ഏറ്റവും വലിയ അംഗബലമുള്ള രാഷ്ട്രീയകക്ഷിയും 2021ലെ കണക്കനുസരിച്ച് തൊട്ടടുത്ത ഏഴു ദേശീയ രാഷ്ട്രീയകക്ഷികളുടെ മൊത്തം വരുമാനം കൈപ്പിടിയിലൊതുക്കിയ അതിസമ്പന്ന പാർട്ടിയുമാണ് ബി.ജെ.പി. ഗുജറാത്തിലെ മുഴുവൻ ചെലവും കേന്ദ്രം നേരിട്ടുവഹിക്കുകയായിരുന്നു. കാമ്പയിൻ പൂർണമായി നടത്തിയതും അജണ്ട നിശ്ചയിച്ചതുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നായിരുന്നു. 33 ജില്ലകളിലായി 31 റാലികളാണ് മോദി നടത്തിയത്. വോട്ടർപട്ടികയിലെ ഓരോ പേജിനും പ്രമുഖ് (പന്നാ പ്രമുഖ്) എന്നതിനു പകരം ഇത്തവണ അഞ്ചു പേരടങ്ങുന്ന സമിതിയായിരുന്നു. ഈ സമിതികൾ 82 ലക്ഷം കുടുംബങ്ങളെയാണ് ഉന്നമിട്ടത്. അതുവഴി അഞ്ചുകോടിയോളം വോട്ടർമാരുള്ള ഗുജറാത്തിൽ ഇത്തവണ രണ്ടുകോടി വോട്ട് നേടിയെടുക്കണമെന്നായിരുന്നു ആസൂത്രണം. ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയിരുന്ന ഗ്രാമീണമേഖലയെ കീഴടക്കാൻ 3556 മാജിക്ഷോകൾ, 3700 തെരുവുനാടകങ്ങൾ, 1400 ഇടങ്ങളിൽ ലൈവ് ടാബ്ലോകൾ എന്നിവ ഒരുക്കിയപ്പോൾ നഗരം പിടിക്കാൻ 1700ഫ്ലാഷ് മോബുകൾ, 182 മണ്ഡലങ്ങളെയും കവർ ചെയ്ത് 1200 ഇടങ്ങളിലായി 150 സ്മാർട്ട് രഥയാത്രകൾ, 1400 ഇടങ്ങളിൽ യൂത്ത് വിത്ത് നമോ ബാൻഡുകൾ...ഇങ്ങനെ ആളും അർഥവും നിറഞ്ഞാടിയ പ്രചാരണമായിരുന്നു ബി.ജെ.പിയുടേത്.
ബി.ജെ.പിയുടെ സംസ്ഥാന ഭരണനേട്ടങ്ങൾ കാര്യമായൊന്നും എടുത്തുകാട്ടാനില്ലാതിരിക്കെ, പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു കഴിഞ്ഞവർഷം സെപ്റ്റംബറിൽ വിജയ്രൂപാണിയെ മാറ്റി കന്നി എം.എൽ.എയായ ഭൂപേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് ആനന്ദിബെൻ പട്ടേൽ മുഖം കെടുത്തിയപ്പോൾ കൊണ്ടുവന്നതായിരുന്നു രൂപാണിയെ. തലമാറിയതു കൊണ്ടും സംസ്ഥാനത്തിന്റെ സ്ഥിതി മാറിയില്ല. എന്നല്ല, മോർബിയിലെ തൂക്കുപാല ദുരന്തംപോലെ പിഴവുകൾ ഏറുകയായിരുന്നു. എന്നാൽ, അപ്പോഴും പതിറ്റാണ്ടിലേറെ പഴകിയ മോദിയുടെ വികസനക്കഥയാണ് ബി.ജെ.പി എടുത്തുകാട്ടിയത്. എന്തിനധികം, വിജയാഹ്ലാദത്തിൽ അമിത് ഷാ ട്വീറ്റ് ചെയ്തപ്പോഴും പുകഴ്ത്തിയത് മോദിയുടെ ഗുജറാത്തിനെ.
കഴിഞ്ഞവർഷം പട്ടേലിനെ കൊണ്ടുവന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ സമുദായത്തിനിടയിൽ ബി.ജെ.പിക്കു കുറഞ്ഞുവന്ന പിന്തുണ വീണ്ടെടുക്കുകയെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. ഇത്തരത്തിൽ പുതിയ ജാതിസമവാക്യങ്ങൾ പണിതും തീവ്രഹിന്ദുത്വ വംശീയരാഷ്ട്രീയം ആളിക്കത്തിച്ചും മുന്നനുഭവങ്ങളിൽനിന്നു മുതൽക്കൂട്ടിയാണ് ബി.ജെ.പി ഭൂരിപക്ഷം വർധിപ്പിച്ചത്. ബി.ജെ.പിക്കെതിരായ ബദലായി നഗര മധ്യവർഗം കാണുന്ന ആം ആദ്മി ഹിന്ദുത്വരാഷ്ട്രീയത്തിൽ ഒരു മുഴം നീട്ടിയെറിഞ്ഞാണ് ഇത്തവണ ഗുജറാത്തിൽ അവതരിച്ചത്. കറൻസികളിൽ ദൈവങ്ങളുടെ ചിത്രം മുദ്രണം ചെയ്യാനും ഏക സിവിൽ കോഡിന് ആവശ്യപ്പെട്ടും ഹൈന്ദവതീർഥയാത്രാ സൗജന്യം വാഗ്ദാനം ചെയ്തും കെജ്രിവാൾ എത്തിയത് ബി.ജെ.പിക്കു കാര്യങ്ങൾ എളുപ്പമാക്കി. അതോടെ അമിത് ഷാ 2002ലെ വംശഹത്യയുടെ അവകാശവാദവുമായി രംഗത്തെത്തി. വംശഹത്യ കേസുകളിൽനിന്നു സംഘ്പരിവാർ നേതാക്കളും പ്രവർത്തകരുമൊക്കെ കുറ്റമുക്തി നേടുകയും സംഭവത്തിൽ തങ്ങൾക്കെതിരെ വിരൽചൂണ്ടുകയും കേസിനുപോകുകയും ചെയ്തവരെ അഴിയെണ്ണിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു 2002ൽ 'തീവ്രവാദികളെ പാഠം പഠിപ്പിച്ച' കഥയുമായി ഷാ പ്രചാരണം കൊഴുപ്പിച്ചത്. ഇങ്ങനെ ജാതിചിന്തയും മതവൈരവും തീവ്രദേശീയതയുമൊക്കെ സമം ചേർത്തുള്ള പ്രചാരണസൂത്രത്തിലൂടെയാണ് ബി.ജെ.പി ഗുജറാത്തിലെ ഏറ്റവും ഉയർന്ന മാർജിനിലേക്ക് എത്തുന്നത്.
ബി.ജെ.പി സംസ്ഥാനങ്ങളിലെ ഭരണനേട്ടമാണ് വിജയകാരണമെങ്കിൽ ഹിമാചൽ പ്രദേശിൽ അവർ പരാജയപ്പെടേണ്ടതല്ല. സംസ്ഥാനത്ത് ഭരണനേട്ടമോ, നേതൃത്വമോ ബി.ജെ.പിക്കു ചൂണ്ടിക്കാണിക്കാനില്ലെന്നും മോദി-ഷാ ദ്വയത്തെ അവലംബിച്ചു മാത്രമേ അവർക്കു നീങ്ങാനാവുന്നുള്ളൂ എന്നുകൂടി തെളിയിക്കുന്നു ഹിമാചലിലെ അവരുടെ പരാജയം. ഇരുവരും ഗുജറാത്തിൽ തമ്പടിച്ച ഒഴിവിൽ കോൺഗ്രസ് കുറെയൊക്കെ ആത്മവിശ്വാസത്തോടെ ഉണർന്നുപ്രവർത്തിച്ചതുമൂലം അവർക്ക് ജയം സ്വന്തമാക്കാനായി. ഗുജറാത്തിലെ വൻപ്രഹരത്തിൽ പുളയുന്ന കോൺഗ്രസിന് സാന്ത്വനമായി ഹിമാചൽ വിജയം. പക്ഷേ, 40 സീറ്റുകൾ നേടി ബി.ജെ.പിയെ 15 സീറ്റിനു പിന്നിലാക്കി ജയിച്ചുകയറിയിട്ടും തോറ്റവരെ ഭയക്കേണ്ട നിലയാണ് അവർക്ക്. വിജയം തങ്ങൾക്കനുകൂലമല്ല എന്നു കണ്ടതോടെ ബി.ജെ.പി പണച്ചാക്കിന്റെ കുതിരക്കച്ചവട രാഷ്ട്രീയം പരീക്ഷിക്കാനായി അങ്ങോട്ടു തിരക്കിട്ടെത്തിക്കഴിഞ്ഞതു തന്നെ കാരണം. ജയിച്ചവരെ കാലുമാറാതെ നോക്കാൻ അടച്ചുറപ്പുള്ള റിസോർട്ടുകൾ കോൺഗ്രസിന് അന്വേഷിക്കേണ്ടിവരുന്നുവെന്നത് വാസ്തവത്തിൽ അവരുടെയല്ല, അവർക്കുവേണ്ടി വലവിരിക്കുന്നവരുടെ രാഷ്ട്രീയ ഗതികേടും പാപ്പരത്തവുമാണ് വിളിച്ചറിയിക്കുന്നത്. ആളും അർഥവും വിഭവശേഷിയുമെല്ലാം പ്രതിയോഗികളുടെ പതിന്മടങ്ങുള്ള ബി.ജെ.പിയുടെ ഇത്തരം കുതികാൽവെട്ടുതന്ത്രങ്ങൾ കൂടി രാഷ്ട്രീയവിജയങ്ങളായി ആഘോഷിക്കപ്പെടുന്നത് നമ്മുടെ ജനാധിപത്യത്തെ മരണഭീതിയിലാഴ്ത്തുകയാണ് എന്നുകൂടി ഈ ജയപരാജയ വിശകലനങ്ങളിൽ മറന്നുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.