ഇന്‍ഷാ മുഷ്താഖ് ജീവിച്ചിരിപ്പുണ്ട്;  നിറങ്ങള്‍ കെട്ടുപോയ ലോകത്ത്

ഓര്‍ക്കുന്നുണ്ടോ ഇന്‍ഷാ മുഷ്താഖിനെ? പേര് ഓര്‍ത്തില്ലെങ്കിലും ആര്‍ക്ക് മറക്കാനാവും ആ മുഖം. നിറയെ ലോഹച്ചീളുകള്‍ തറച്ചുകയറി കാണുന്ന ആരിലും വേദനയും നൊമ്പരവുമേറ്റി ആശുപത്രിക്കിടക്കയില്‍  ബോധമറ്റു കിടക്കുന്ന പെണ്‍കുട്ടിയുടെ മുഖം.  ഒരു വര്‍ഷം മുമ്പ് കശ്മീര്‍ പൊലീസിന്‍െറ പെല്ലറ്റ് ഗണ്ണുകള്‍ നിര്‍ദയം ഉന്നമിട്ട പതിനാലുകാരി. അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്ന കാര്യം തന്നെ സംശയമായിരുന്നു. എന്നാല്‍, ഇന്‍ഷ ജീവിച്ചിരിപ്പുണ്ട്. ഇരുളടഞ്ഞ ലോകത്ത്.  ദയാരഹിതമായ ഒരു നിമിഷത്തില്‍ തകര്‍ന്നുപോയ ജീവിതത്തിന്‍െറ പറഞ്ഞറിയിക്കാനാവാത്ത വേദനയുമായി  ദക്ഷിണ കശ്മീരിലെ സെദേവ് ഗ്രാമത്തിലെ കൊച്ചുവീട്ടില്‍. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും അന്ന് അടഞ്ഞ ആ കണ്ണുകള്‍ പിന്നെ ഒരിക്കലും തുറക്കാനായില്ല.

ഇന്‍ഷ മുഷ്താഖിന്‍െറ ജീവിതം തേടിച്ചെന്ന അല്‍ ജസീറ ലേഖകന്‍ റിഫത് ഫരീദുമായി ഇന്‍ഷയും കുടുംബവും നടുങ്ങുന്ന ആ ഓര്‍മകള്‍ പങ്കുവെച്ചു. ബുര്‍ഹാന്‍ വാനിയെന്ന ഹിസ്ബ് കമാന്‍റര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്കിടെയായിരുന്നു ആ സംഭവം. ശ്രീനഗറില്‍ നിന്നും 55കിലോമീറ്റര്‍ ദൂരെയായിരുന്നു ഷോപിയാന്‍ ജില്ലയിലെ സെദോവ് ഗ്രാമം. പുറത്തെ ശബ്ദം കേട്ട് വീടിന്‍െറ ജനല്‍ തുറന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് ഉന്നമിട്ട വെടിയില്‍ ശിലാവര്‍ഷം പോലെ ലോഹച്ചീളുകള്‍ തുളഞ്ഞുപാഞ്ഞു. നിമിഷാര്‍ധത്തില്‍ കണ്ണില്‍ ഇരുട്ട് കട്ടപിടിച്ചു. അവള്‍ക്ക് ബോധം നഷ്ടപ്പെട്ടു. ജനലിലൂടെ പുറത്തേക്ക് ഊര്‍ന്നുവീണു. പൊലീസുകാര്‍ നിര്‍ദാക്ഷ്യണ്യം അപ്പോഴും അവളുടെ നേര്‍ക്ക് ഉന്നംപിടിച്ചു നില്‍ക്കുകയായിരുന്നു. ആ ദിവസത്തെ അവളുടെ ഓര്‍മ അതോടെ നിലച്ചു. 

പിന്നീടുള്ള കാഴ്ച വിവരിച്ചത് ഇന്‍ഷയുടെ മാതാവ് അഫ്രോസ ബാനുവാണ്. പൊട്ടിച്ചിതറിയ ജനല്‍ചില്ലില്‍ കിടക്കുന്ന മകളെ നോക്കിയപ്പോള്‍ കണ്ടത് മുഖമാകെ ചോരയില്‍ കുളിച്ചിരിക്കുന്നതാണ്. ഒരു ഭൂകമ്പമോ മറ്റോ ഉണ്ടായതുപോലെയായിരുന്നു അപ്പോള്‍. എല്ലാവരും കുറച്ച് നിമിഷത്തേക്ക് സ്തംഭിച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാന്‍ പോലുമായില്ല. 

 
ചികിൽസക്ക്​ ശേഷം ഇൻഷാ​ മുഷ്​താഖ്​
 

ഞാന്‍ തലയില്‍ നിന്നും സ്കാര്‍ഫ് ഊരി എന്‍െറ കുഞ്ഞിന്‍െറ മുഖത്തെ രക്തം തുടച്ചുകളയാന്‍ നോക്കി. ആ രംഗം കണ്ട് ഞെട്ടിയ ഞങ്ങള്‍ സഹായത്തിനുവേണ്ടി അലറിവളിച്ചു. പൊടുന്നനെ വൈദ്യുതിയും നിലച്ചു. പിന്നെ എല്ലാം ഇരുട്ടിലായിരുന്നു - 42കാരിയായ ബാനു ആ നശിച്ച ദിനത്തിന്‍െറ ഭയാനകമായ ഓര്‍മ പങ്കുവെച്ചു. 

ഇന്‍ഷയെയും കൊണ്ട് അവര്‍ കുതിച്ചത് ഷോപിയാനിലെ ആശുപത്രിയിലേക്കായിരുന്നു. അവിടെ ഒന്നും ചെയ്യാനാവാത്തതിനാല്‍ ശ്രീനഗറിലെ കശ്മീര്‍ ടെറിട്ടറി കെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ പറഞ്ഞു. നിലയ്ക്കാതെ രക്തം ഒഴുകുന്ന മുഖവുമായി അറുപത്തഞ്ചു കീലോമീറ്റര്‍ ആണ് അവര്‍ ആശുപത്രിയില്‍ എത്താന്‍ യാത്ര ചെയ്തത്!  തുരുതുരെ പെല്ലറ്റുകള്‍ തുളച്ചതിനാല്‍ ഷോപിയാന്‍ ആശുപത്രിയിലുള്ളവര്‍ക്ക് രക്തമൊഴുക്ക് നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ദീര്‍ഘിച്ച രണ്ട് മണിക്കൂറിനൊടുവില്‍ അവര്‍ ആശുപത്രിയില്‍ എത്തി. അപ്പോഴാണ് പെല്ലറ്റ് എന്ന മാരകമായ ആയുധപ്രയോഗത്തെക്കുറിച്ചും മകളുടെ മുഖത്ത് പതിച്ച സാധനത്തെക്കുറിച്ചും ആദ്യമായി തങ്ങള്‍ കേള്‍ക്കുന്നതെന്ന് ബാനു പറയുന്നു. സമാനമായ പരിക്കുകളുമായി നിരവധി പേര്‍ അവിടെ എത്തിയിരുന്നു.

നൂറിലേറെ മുറിവുകള്‍ ആണ് ഇന്‍ഷയുടെ മുഖത്തുണ്ടായിരുന്നത്. അതില്‍ ചിലത് കണ്ണിലും ചിലത് തലച്ചോറിലും. മൂക്കിന്‍െറയും നെറ്റിയുടെയും താടിയുടെയും എല്ലുകള്‍  പൊട്ടി.
ശ്രീനഗറിലെ മഹാരാജ ഹരി സിങ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു പിന്നീടവള്‍.   തങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും അസ്വസ്ഥത ഉളവാക്കുന്ന കാഴ്ച ആയിരുന്നു അതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കണ്ണിന്‍െറ കാഴ്ച തിരിച്ചു പിടിക്കാനുള്ള  ശ്രമം പരാജയപ്പെട്ടു. പിന്നീട് അവര്‍ ശ്രദ്ധിച്ചത് അവളുടെ തലച്ചോര്‍ എങ്ങനെയെങ്കിലും സുരക്ഷിതമാക്കാനായിരുന്നു. 
ഇൻഷാ മുഷ്​താഖ്​ അമ്മയോടൊപ്പം
 

പല ആശുപത്രികളിലായുള്ള നാലു മാസം നീണ്ട വാസങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ തിരിച്ചത്തെുമ്പോള്‍ കാഴ്ചയുടെ ലോകം ഇന്‍ഷക്ക് പൂര്‍ണമായി നഷ്ടമായിരുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടിട്ടും അവള്‍ വെളിച്ചമോ മുഖങ്ങളോ നിറങ്ങളോ ഇല്ലാത്ത ലോകത്തോട് പൊരുത്തപ്പെടാന്‍ പാടുപെടുകയാണെന്ന് മാതാവ് അഫ്രോസ ബാനു പറയുന്നു. 
വീടിനകത്തും പുറത്തും പൂമ്പാറ്റയെപോലെ പാറി നടന്ന ആ ജീവിതം രണ്ടു മുറി വീടിന്‍െറ ഇടുക്കത്തിലേക്ക് ചുരുങ്ങി. ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനും ടോയ്ലറ്റില്‍ പോവാനും  എല്ലാം മാതാവിന്‍െറ സഹായം കൂടിയേ തീരൂ.  വല്ലപ്പോഴും സ്കൂളില്‍ പോവുന്നതും കൂട്ടുകാരെ സന്ദര്‍ശിക്കുന്നതും ബന്ധുക്കളായ കുട്ടികളുടെ സഹായത്തോടെയാണ്. ഒരു ഡോക്ടര്‍ ആവണമെന്നായിരുന്ന  ഈ മിടുക്കിയുടെ ഏറ്റവും വലിയ സ്വപ്നം. തനിക്ക് സ്വന്തമായി സ്കൂളില്‍ പോവാന്‍ കഴിയുന്നില്ളെങ്കിലും
കണ്ണില്‍ നിന്ന് അക്ഷരങ്ങള്‍ മാഞ്ഞുപോയിട്ടും ആ സ്വപ്നത്തെ അവള്‍ കൈവിട്ടിട്ടില്ല. 

ഇന്‍ഷയെ ഇടക്ക് പൂരിപ്പിക്കുന്നത് അവളുടെ ടീച്ചര്‍ നവീദ് അഹ്മദ് ആണ്. അവളെ പഠിപ്പിക്കുക എന്നത് വലിയൊരു വെല്ലിവിളിയാണെന്ന് പറയുന്നു ടീച്ചര്‍. ഇന്‍ഷയുടെ മാനസികാവസ്ഥ മാറുന്നത് പെട്ടെന്നാണ്. ഒരുവേള പഠിക്കാന്‍ താല്‍പര്യം കാണിച്ചാല്‍ അടുത്ത നിമിഷം ഒന്നും പഠിക്കാനാവുന്നില്ളെന്ന് പറയും.  

എനിക്കൊന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല. വെറുതേ ഇരുന്ന് വീടിന്‍െറ ചുവരുകളിലേക്ക് തുറിച്ചുനോക്കാന്‍ പോലും... എന്‍െറ പ്രിയപ്പെട്ട മാതാപിതാക്കളെ കാണാന്‍ കഴിയുന്നില്ലല്ളോ എന്നതാണ് ഏറ്റവും വലിയ വിഷമം. എന്‍െറ കുഞ്ഞനിയന്‍മാര്‍ വളര്‍ന്നു വലുതാവുന്നതും കാണാനാവുന്നില്ലല്ളോ...എനിക്ക്  സ്കൂളില്‍ പോവണം. നേരത്തെ പഠിച്ചതുപോലെ പഠിക്കണം. ആരോടും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. ഇപ്പോള്‍ ബ്രെയ്ല്‍ ലിപി പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള ചില ഉപകരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ, ഈ ഗ്രാമത്തില്‍ മിക്ക സമയങ്ങളിലും ഇലക്ട്രിസിറ്റി ഉണ്ടാവാറില്ല. തുടരെ തുടരെ വൈദ്യുതി പോവുന്ന ഗ്രാമാന്തരീക്ഷം ഈ പെണ്‍കുട്ടിയുടെ പഠനമോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.

ഇൻഷാതാഖി​​െൻറ അമ്മ
 

അവള്‍ മുഖത്ത് ധൈര്യം സംഭരിച്ചുവെക്കും. എന്നാല്‍, നിയന്ത്രിക്കാനാവാതെ വരുന്നനേരം വീണുകിടന്ന് കരയുമെന്ന് മാതാവ് വേദനയോടെ പറയുന്നു. 
മകള്‍ മരിച്ചുപോയിരുന്നെങ്കില്‍ ഒരുപക്ഷെ, ആ ദുഖം അതിജീവിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നു. പക്ഷെ, കാഴ്ചയില്ലാത്ത എന്‍റെ കുഞ്ഞിനെ കാണുന്ന ഓരോ ദിനങ്ങളും ചേര്‍ന്ന് എന്നെ കൊന്നുകൊണ്ടിരിക്കുകയാണ് -അവിടെ ചെന്ന ബി.ബി.സി ഫോട്ടോഗ്രാഫര്‍ ആബിദ് ഭട്ടിനോട് പിതാവ് മുഷ്താഖ് പറഞ്ഞു. ആശുപത്രിയില്‍ ഐ.സി.യുവില്‍ കിടക്കുന്ന ഇന്‍ഷയുടെ പഴയ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ടായിരുന്നു ഈ വാക്കുകള്‍. 

എന്‍െറ പ്രിയപ്പെട്ട നിറങ്ങളാണ് പിങ്കും നീലയും. ആ നിറങ്ങളിലുള്ള ഉടുപ്പുകളുമുണ്ട്. അവയൊന്നും  ഇപ്പോള്‍ കാണാനാവുന്നില്ല. പക്ഷെ, ഉമ്മ പറഞ്ഞു തരും ഇന്ന നിറത്തിലുള്ള ഉടുപ്പാണ്  ഞാന്‍ അണിഞ്ഞിരിക്കുന്നതെന്ന് -ചുണ്ടില്‍ ആ നേരം വിടര്‍ന്ന മനോഹരമായ പുഞ്ചിരിയെ നൊടിയിടെ വിഷാദം തട്ടിയെടുത്തു. ചിലപ്പോള്‍ എനിക്ക് എന്‍െറ മുഖം കാണണമെന്ന് തോന്നും. എനിക്കറിയാം അത് പെല്ലറ്റുകളാല്‍ വികൃതമായിട്ടുണ്ടെന്ന്. ഞാന്‍ ഇപ്പോള്‍ ഒരു വെറുമൊരു അന്ധയല്ല.  എന്‍െറ കണ്ണുകള്‍ അടച്ചുകെട്ടപ്പെട്ടതാണ് - കേള്‍ക്കുന്നരുടെ ഉള്ളിലേക്ക് ലോഹച്ചീളുകള്‍ പായിക്കുന്ന ഇന്‍ഷയുടെ വാക്കുകള്‍ക്കൊപ്പം ചില കാര്യങ്ങള്‍ കൂടി പറയുന്നുണ്ട് റിഫത് ഫരീദ്. 
 1989ല്‍ പ്രക്ഷോഭം തുടങ്ങിയതു മുതല്‍ 60,000ത്തിലേറെ പേര്‍ ആണ് 
കശ്മീര്‍ താഴ്വാരത്ത് കൊല്ലപ്പെട്ടത്. 

2016 ജൂലൈ എട്ടിന് ഹിസ്ബ് കമാന്‍റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടു. ആയിരക്കണക്കിനുപേരുടെ നേര്‍ക്ക് ഇന്ത്യന്‍ സുരക്ഷാ സേന പെല്ലറ്റ് ഗണ്ണുകള്‍ പ്രയോഗിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ആദ്യമായി 2010ല്‍ ആണ് കശ്മീര്‍ പൊലീസ് ഈ മാരകായുധ പ്രയോഗം നടത്തിയത്. അതിനു മുമ്പ് മൃഗവേട്ടക്ക് മാത്രമാണ് ഇതുപയോഗിച്ചിരുന്നതത്രെ. പെല്ലറ്റ് ഗണ്ണിന്‍റെ ഒരു തിരയില്‍ മാത്രം 500വരെ ലോഹച്ചീളുകള്‍ കാണും.  തോക്ക് പൊട്ടിയാല്‍ നാനാദിശയിലേക്കും ഇവ ചീറിപ്പായും.  കശ്മീരില്‍ ഉപയോഗിച്ച പെല്ലറ്റുകള്‍ മൂര്‍ച്ചയേറിയവയും കൂടുതല്‍ അപകടകാരിയുമായിരുന്നുവെന്ന് മുറിവേറ്റവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.  ലോഹച്ചീളുകള്‍ സിവിലിയന്‍മാര്‍ക്കുനേരെ വിവേചന രഹിതമായി പ്രയോഗിച്ചതില്‍ കടുത്ത പ്രതിഷേധവുമായി മനുഷ്യാവകാശ സംഘങ്ങള്‍ അടക്കം രംഗത്തുവന്നു. കശ്മീരിന്‍റെ കാഴ്ച  കെട്ടുപോയി  എന്നതായിരുന്നു ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇതിനെ വിശേഷിപ്പിച്ചത്. 

പെല്ലറ്റ്​
 

ആ സമയത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ ആറായിരത്തിലേറെ സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. ഇതില്‍ 1100റോളം പേര്‍ക്ക് കണ്ണിനാണ് മുറിവേറ്റത്. ഇതിന്‍െറ ഇരകളില്‍ ഒരാള്‍ക്കുപോലും സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പരിഗണനയില്‍ ഉണ്ടെന്ന് മാത്രമാണ് അധികൃതര്‍ നല്‍കുന്ന മറുപടി. 

പെല്ലറ്റ് ഗണ്ണുകളുടെ ജീവിക്കുന്ന ഇരകളായ 535 പേര്‍ അടിയന്തര വൈദ്യ പരിചരണം ആവശ്യമുള്ളവരാണെന്ന് ഹെല്‍പ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെി. ഇതില്‍ കൂടുതല്‍ പേരും ഒന്നിലേറെ തവണ ശസ്ത്രക്രിയക്ക് വിധേയരായവരാണത്രെ. നിഗത് ഷാഫി പണ്ഡിറ്റ് എന്നയാളുടെ ശരീരത്തില്‍ 150 ലേറെ തവണയാണ് ശസ്ത്രക്രിയ നടത്തിയത് ! വിടാതെ പിന്തുടരുന്ന വേദനയും പാതി കാഴ്ചയുമായി എഴുതാനും വായിക്കാനുമാവാതെ ഒട്ടനവധി കുട്ടികള്‍ ഈ കൂട്ടത്തില്‍ ഉണ്ട്. മരവിച്ച മനസ്സും ഇരുളടഞ്ഞ ലോകവുമാണ് ഇവരുടെ മുന്നില്‍. 


 

Tags:    
News Summary - Article about insha mushtaq-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.