കേരളത്തിന് എട്ടു കേന്ദ്രമന്ത്രിമാരും നിരവധി മുൻനിര സിവിൽ സർവിസ് ഉദ്യോഗസ്ഥരും ഡൽഹിയിൽ ഉണ്ടായിരുന്ന കാലത്താണ്. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഡൽഹി ജന്തർമന്തറിലെ സമരപ്പന്തലിൽ ഉപവാസം നടത്തി. കേരളത്തിെൻറ വെട്ടിക്കുറച്ച റേഷനരി വിഹിതം പുനഃസ്ഥാപിച്ചുകിട്ടാൻ വേണ്ടിയായിരുന്നു സമരം. ഒരു ചുക്കും നടന്നില്ല. കെ.വി. തോമസ് ഇൗ വകുപ്പിെൻറ മന്ത്രിയായിട്ടും വെട്ടിക്കുറച്ചതു പഴയപടി പുനഃസ്ഥാപിച്ചില്ലെന്നാണ് കേരളത്തിെൻറ ദുരനുഭവം. റേഷൻ വിഹിതം അനുവദിക്കുന്നതിലെ നയംമാറ്റം തിരുത്താനാവാത്ത ഒന്നായി മുന്നോട്ടുപോയി.
ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ മാസങ്ങളിലാണ്, പ്രളയം അടക്കമുള്ള വിഷയങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചത്. ഒന്നല്ല, മൂന്നുവട്ടം അദ്ദേഹത്തിന് അനുമതി നിഷേധിക്കപ്പെട്ടു. ബന്ധപ്പെട്ട മന്ത്രിമാരെ കണ്ടു കാര്യം പറഞ്ഞാൽ മതിയെന്നായിരുന്നു വിശദീകരണം. അതുകൊണ്ടുകൂടിയാവാം, കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഡൽഹിയിൽ വന്നപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചില്ല. എന്നാൽ, സമയം ചോദിച്ചെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ തിരക്കാണെന്ന കാരണം പറഞ്ഞ് പിണറായി വിജയന് കൂടിക്കാഴ്ച അനുവദിച്ചില്ല. രണ്ടു ദിവസം ഡൽഹിയിൽ മുഖ്യമന്ത്രി ഉണ്ടായിട്ടും ആ കൂടിക്കാഴ്ച നടന്നില്ല. സി.പി.എം മുഖ്യമന്ത്രിയോട് ബി.ജെ.പി ധനമന്ത്രിക്കും പ്രധാനമന്ത്രിക്കുമുള്ള രാഷ്ട്രീയ നയവും സമീപനവുമാണ് അത്. അല്ലെങ്കിൽതന്നെ, സി.പി.എം പോളിറ്റ് ബ്യൂറോ- കേന്ദ്ര കമ്മിറ്റികൾക്കു വരുന്ന കൂട്ടത്തിൽ ധനമന്ത്രിയെക്കൂടി കാണാം എന്ന ലൈൻ അംഗീകരിക്കാൻ ബി.ജെ.പി മന്ത്രിക്ക് ബാധ്യതയുമില്ല.
ഇൗ പരിതസ്ഥിതികൾക്കിടയിലാണ് കേരളത്തിന് അവകാശപ്പെട്ടത് ചോദിച്ചുവാങ്ങുന്ന പ്രവർത്തനങ്ങൾക്ക് ഡൽഹിയിലിരുന്ന് ചുക്കാൻ പിടിക്കാൻ ഡോ. എ. സമ്പത്ത് എക്സ് എം.പിയെ പ്രത്യേക പ്രതിനിധിയായി കേരള സർക്കാർ നിയോഗിച്ചിരിക്കുന്നത്. സംഭവിക്കാൻ പോകുന്നത് വളരെ ലളിതമായി പറയാം: ചോദിക്കാൻ ആളില്ലാത്തതല്ല, തരാൻ മനസ്സില്ലാത്തതാണ് കേന്ദ്രത്തിനും കേരളത്തിനും ഇടയിലെ പ്രശ്നം. ഏകോപനമല്ല, എതിർ രാഷ്ട്രീയമാണ് വിഷയം. കേന്ദ്രസർക്കാറിെൻറ മുൻഗണനകളുമായി ഒത്തുചേരുന്ന വല്ലതും കേരള സർക്കാറിെൻറ ആവശ്യങ്ങളാണെങ്കിൽ, അതു നടപ്പായെന്നു വരും. ഫലത്തിൽ, വാദിച്ചു നേടാനും പിടിച്ചുവാങ്ങാനുമുള്ള ഒരു നിയമനമല്ല നടന്നിരിക്കുന്നത്. ഒരു പരിശ്രമം എന്ന നിലയിൽ അതിനെ വ്യാഖ്യാനിക്കാമെന്നു മാത്രം. അതിനേക്കാൾ, ഇൗ നിയമനത്തിന് രാഷ്ട്രീയ താൽപര്യങ്ങളാണ്.
ഡൽഹിയിൽ കേരള സി.പി.എം അത്രമേൽ ദുർബലമായി ചുരുങ്ങിപ്പോയ ദുഃസ്ഥിതി മറയ്ക്കാനും മാറ്റാനുമുള്ള പരിശ്രമമാണ് സമ്പത്തിെൻറ നിയമനം. ലോക്സഭയിൽ ഒന്നും രാജ്യസഭയിൽ മൂന്നും എന്ന കണക്കിൽ നാല് എം.പിമാരിലേക്ക് കേരള സി.പി.എമ്മിെൻറ ഡൽഹി സാന്നിധ്യം കുറഞ്ഞുപോയതിെൻറ പ്രശ്നങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷമുള്ള ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽതന്നെ പ്രതിഫലിച്ചുകഴിഞ്ഞിട്ടുണ്ട്. പാർലമെൻറിനുള്ളിൽ നയനിലപാടുകൾ പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്നു. പുറത്തും സി.പി.എമ്മിെൻറ ശബ്ദം നേർത്തുപോയിരിക്കുന്നു. മുൻ എം.പിയെന്ന നിലയിൽ പാർലമെൻറിലേക്ക് കടന്നുചെന്ന് പുതുമുഖ എം.പിമാർക്ക് യഥാസമയം പാർട്ടി ലൈനിൽ മാർഗനിർദേശങ്ങൾ നൽകാനും, മന്ത്രാലയങ്ങളിൽ കയറി കേരളത്തിെൻറ നിവേദനങ്ങൾ കൈമാറാനുമൊക്കെ സമ്പത്തിന് സാധിക്കും.
19^1 എന്ന നിലയിലാണ് ലോക്സഭയിൽ യു.ഡി.എഫ്^എൽ.ഡി.എഫ് പ്രാതിനിധ്യം. കേരളത്തിെൻറ ആവശ്യങ്ങൾക്കുവേണ്ടി പണിയെടുക്കുന്നുവെന്ന് അനുനിമിഷം ബോധ്യപ്പെടുത്താൻ യു.ഡി.എഫ് എം.പിമാർ പണിയെടുക്കുന്നു. കേരളത്തിന് കേന്ദ്രത്തിൽനിന്ന് എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അത് തങ്ങൾ മുഖാന്തരമാണെന്നു വരുത്താൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കം ബി.ജെ.പി എം.പിമാരും ശ്രമിക്കുന്നു. ഇതിനിടയിൽ സ്വന്തം ഇടം നഷ്ടപ്പെട്ടുപോകുന്നു, ചെയ്യേണ്ടത് ചെയ്യാതെ പാർട്ടിക്ക് പരിക്കേൽക്കുന്നു എന്നതാണ് സി.പി.എമ്മിെൻറ തിരിച്ചറിവ്. അതിെൻറ അടിസ്ഥാനത്തിൽ, ഒരു വെടിക്ക് പല പക്ഷിയെ വീഴ്ത്താനുള്ള കരുനീക്കമാണ് സമ്പത്തിെൻറ നിയമനം. ഫലപ്രാപ്തി എന്തായാലും, കേരള നിവേദനങ്ങളുടെ ഉച്ചത്തിലുള്ള മുഴക്കം ഇനി ഡൽഹിയിൽ നിന്നു കേൾക്കാം. അതിനപ്പുറം, പിണറായി സർക്കാറിെൻറ കാലാവധി പൂർത്തിയാകാൻ ഒന്നര വർഷത്തോളം മാത്രമാണ് ബാക്കിയെന്നിരിക്കേ, ഇനിയുള്ള ഒരു പ്രവർത്തന വർഷത്തിനിടയിൽ എന്തൊക്കെ നേടിയെടുക്കാൻ സമ്പത്തിന് കഴിയും?
ആശയം എന്തായിരുന്നാലും ഖജനാവിന് അർഥശൂന്യമായ പാഴ്ച്ചെലവാണ് സമ്പത്തിെൻറ നിയമനം. പ്രതിപക്ഷ സംസ്ഥാനങ്ങളോടോ, ഫെഡറൽ തത്ത്വങ്ങളോടോ മോദിസർക്കാറിന് ബഹുമാനമില്ലെന്നു തിരിച്ചറിയുന്ന സി.പി.എം തന്നെ കേന്ദ്ര^സംസ്ഥാന ഏകോപനത്തിന് എന്ന പേരിൽ പ്രത്യേക പ്രതിനിധിയെ ഡൽഹിയിൽ നിയമിച്ചുവെന്നതാണ് വിരോധാഭാസം. മുഖ്യമന്ത്രിയോ മന്ത്രിമാരോ സമ്മർദം ചെലുത്തിയിട്ട് നടക്കാത്ത കാര്യങ്ങളാണ് സമ്പത്തിെൻറ ചുമലിലേക്ക് വെച്ചുകൊടുക്കുന്നത്. ഡൽഹിയിലെ ബ്യൂറോക്രാറ്റുകളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനായ റസിഡൻറ് കമീഷണറും മറ്റും നോക്കുകുത്തിയായി നിൽക്കുന്നിടത്താണ് പുതിയൊരു പദവിയും ഒാഫിസും മറ്റു സന്നാഹങ്ങളും ഒരുക്കുന്നത്. അവർ പരാജയമാണെന്ന കുറ്റസമ്മതം കൂടിയാണ് സമ്പത്തിെൻറ നിയമനം.
ഡൽഹിയിൽ കേരളത്തിന് പ്രത്യേക പ്രതിനിധിയല്ല, പ്രത്യേക മന്ദിരം തന്നെയുണ്ട്. ഡൽഹിയിലെ കേരളത്തിെൻറ ആവശ്യങ്ങൾക്കായി പ്രവർത്തിക്കേണ്ട ഇൗ കേരള ഹൗസ് പക്ഷേ, ഒന്നാന്തരം വെള്ളാനയാണ്. കാവേരി നദീജല തർക്കത്തിൽ കേരളത്തിെൻറ താൽപര്യം സംരക്ഷിക്കാൻ പ്രവർത്തിച്ച ‘കാവേരി സെൽ’ മുതൽ, കൊച്ചിൻ ഹൗസ് പുതുക്കിപ്പണിത അഴിമതിവരെ, കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കഥകൾ പലതുണ്ട്. കേരള ഹൗസിെൻറ ഉദ്യോഗസ്ഥ സംവിധാനം ഉത്തമ ലക്ഷ്യത്തോടെ ഉടച്ചുവാർക്കേണ്ട സ്ഥാനത്താണ്, സാമ്പത്തികമായി നിലയില്ലാക്കയത്തിൽ നിൽക്കുന്ന കേരളം മറ്റൊരു പാഴ്ച്ചെലവുകൂടി നടത്തുന്നത്. കേരള ഹൗസിൽ എത്തുന്ന ഏതു മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും വളച്ചെടുത്ത് ശിങ്കിടികളായി നിൽക്കാൻ കെൽപുള്ള ഒരുപറ്റം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് മുമ്പും ഇന്നും കേരള ഹൗസ്. അവിടേക്കാണ് ഒരു പ്രത്യേക പ്രതിനിധികൂടി കടന്നുവരുന്നത്.
പാഴ്ച്ചെലവ് അധ്വാനവർഗ സർക്കാറിന് പുതിയ കാര്യമൊന്നുമല്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവിധോദ്ദേശ്യ വിദേശ യാത്രകളും അതുവഴി ഖജനാവിനുണ്ടാവുന്ന പ്രാരബ്ധവും പ്രളയാനന്തര കേരള നിർമിതിയുടെ ഭാഗമത്രേ. കാബിനറ്റ് പദവിയും ഒാഫിസ് സംവിധാനവുമായി ഡൽഹിയിലെ സ്ഥാനപതിയായി മാറുന്ന എ. സമ്പത്തിേൻറത് മാത്രമല്ല ചെലവേറിയ രാഷ്ട്രീയ^പുനരധിവാസ നിയമനം. ഗീത ഗോപിനാഥ് െഎ.എം.എഫിലേക്ക് പോയതുവഴി ഉണ്ടായ ഒഴിവ് മാറ്റിവെച്ചാൽ ശാസ്ത്രം, നിയമം, മീഡിയ, പ്രസ്, പൊലീസ്, വികസനം എന്നീ രംഗങ്ങളിലായി മുഖ്യമന്ത്രിക്ക് ഉപദേശികൾ ആറ്. ഉപദേശി ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോ എന്ന ക്രമപ്രശ്നം പിന്നെയും ബാക്കി. മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തിയെന്ന അവകാശവാദങ്ങൾ പൊളിച്ചാണ് സ്ഥാനപതിക്കും മുേമ്പ, കാബിനറ്റ് റാങ്കിൽ മറ്റു മൂന്നുനാലു പേരെ നിയമിച്ചത്. ഭരണപരിഷ്കാര കമീഷൻ ചെയർമാനായി വി.എസ്. അച്യുതാനന്ദൻ, മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി ആർ. ബാലകൃഷ്ണപിള്ള, ചീഫ് വിപ്പായി കെ. രാജൻ, മിഷൻ കോഒാഡിനേറ്ററായി ചെറിയാൻ ഫിലിപ് ^എല്ലാം രാഷ്ട്രീയ പുനരധിവാസം. ഉദ്യോഗസ്ഥതലത്തിൽ പ്രത്യുപകാര പുനരധിവാസം അതു വേറെ. വിരമിച്ചശേഷവും മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനായ ടി. ബാലകൃഷ്ണൻ മുതൽപേരെ പുതിയ ലാവണങ്ങളിൽ കുടിയിരുത്തുന്നത് മറ്റൊന്നുകൊണ്ടുമല്ല.
സ്ഥാനപതിയും സന്നാഹങ്ങളും വരെട്ട. എന്നാൽ, കേന്ദ്ര^സംസ്ഥാന ഏകോപനത്തിന് പ്രത്യേക പ്രതിനിധിയെ വെച്ചിരിക്കുന്ന കേരള ഹൗസിന് മലയാളികളുമായി സൗഹാർദം സ്ഥാപിക്കാൻ എന്നു കഴിയുമെന്ന ചോദ്യമാണ് ഡൽഹിയിലെ മലയാളികൾ ഉയർത്തുന്നത്. ഡൽഹിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും അവരവരുടെ ഭവനുകളുണ്ട്. അവിടേക്ക് സ്വന്തം വീട്ടിലേക്കു ചെല്ലുന്ന മാനസികാവസ്ഥയോടെ അതതു സംസ്ഥാനക്കാർക്ക് കയറിച്ചെല്ലാം. സൗഹാർദവും സഹകരണവും പ്രതീക്ഷിക്കാം. എന്നാൽ, കേരള ഹൗസിെൻറ സ്ഥിതി അതല്ല. ഡൽഹിയിലെ മലയാളി കേരള ഹൗസിലുള്ള ജീവനക്കാർക്ക് അസുഖകരമായ സാമീപ്യമാണ്. മറുനാട്ടിൽ എത്തി, സ്വന്തം ഭാഷ സംസാരിക്കാൻ കഴിയുന്ന ഇടത്തേക്ക് സഹായത്തിനോ ഉപദേശത്തിനോ കയറിച്ചെല്ലുന്നവർക്ക് പുച്ഛവും ധിക്കാരവും കലർന്നതാവും സ്വീകരണം. അവിടത്തെ കാൻറീനിൽ സ്വന്തം കാശു മുടക്കി ഭക്ഷണം കഴിക്കാൻപോലും മലയാളി ചെല്ലുന്നത് മടിച്ചു മടിച്ച്, നിവൃത്തികേടുകൊണ്ടാണ്. ചോദ്യം ചെയ്യലിനോ ഭേദ്യം ചെയ്യലിനോ സന്നദ്ധനാവേണ്ട രാവണൻകോട്ടയായി കേരള ഹൗസ് മാറിപ്പോയിരിക്കുന്നു എന്നതാണ് സ്ഥിതി. അത് മറ്റൊരു കഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.