ഇന്ത്യൻ സമ്പദ്വ്യവസ്ഥ പലപ്പോഴും സാമ്പത്തിക പ്രതിസന്ധികളിൽനിന്നും അടിക്കടിയുള്ള ദുരന്തങ്ങളിൽനിന്നും കരകയറുന്നത് ഗ്രാമീണ മേഖലയുടെ സവിശേഷമായ ചില ഉൾക്കരുത്തുകൾകൊണ്ട് കൂടിയാണ്. ഗ്രാമീണ കാർഷിക^കാർഷികേതര മേഖലകളിലെ ചലനാത്മകത ഏറ്റവും കൂടുതൽ ദർശിക്കാൻ കഴിഞ്ഞിട്ടുള്ളത് എഴുപതുകളിലായിരുന്നു. ഗ്രാമീണ തൊഴിൽ മേഖലയെ ഉണർത്തിയ അടിസ്ഥാന മേഖല വികസനം, ബാങ്ക് ദേശസാത്കരണത്തിെൻറ ഭാഗമായി കാർഷിക വായ്പവിപണിയിലുണ്ടായ മാറ്റങ്ങൾ, കാർഷികക ആധുനികീകരണത്തിെൻറ ഗുണപരമായ വശം എന്ന് പറയാവുന്ന ഉൽപാദന വർധന, ചില പ്രദേശങ്ങളിലെങ്കിലും നടന്ന ഭൂപരിഷ്കരണവും മറ്റു പ്രദേശങ്ങളിലെ ഭാഗികമായ കാർഷിക മുതലാളിത്ത വളർച്ചയും, കാർഷികോൽപന്ന സംസ്കരണ വ്യവസായങ്ങളുടെ വളർച്ച തുടങ്ങി നിരവധി കാര്യങ്ങൾ ഇന്ത്യൻ ഗ്രാമീണ മേഖലയെ എഴുപതുകളിൽ ശക്തിപ്പെടുത്തിയ ഘടകങ്ങളായിരുന്നു. ഇതിലെ എല്ലാ പ്രവണതകളും സർവസ്വീകാര്യമായിരുന്നു എന്നോ സംഘർഷരഹിതമായിരുന്നു എന്നോ ഇവിടെ വിവക്ഷയില്ല. ഹരിതവിപ്ലവം സൃഷ്ടിച്ച പ്രശ്നങ്ങളെക്കുറിച്ച് എഴുപതുകളിൽ നടന്ന ചർച്ചകൾ അതിെൻറ പല ഇരുണ്ടവശങ്ങളും വെളിവാക്കുകയുണ്ടായി.
എഴുപതുകളിൽ ശക്തിയാർജിച്ച പഞ്ചാബിലെ സ്വത്വസമരംതന്നെ അവിടെ ഹരിതവിപ്ലവത്തിെൻറ ഫലമായി കാർഷിക മൂലധനവും വ്യാപാര മൂലധനവും തമ്മിലുണ്ടായ വർഗപരമായ വൈരുധ്യത്തിൽനിന്ന്, അതിെൻറ പ്രത്യാഘാതങ്ങളിൽനിന്ന്, വേറിട്ട് കാണാൻ കഴിയില്ല എന്നതാണ് വസ്തുത. ചരിത്രത്തിലെ ചില വിമർശനങ്ങൾ അവയുടെ പിന്നിലെ നൈതിക ഉത്കണ്ഠകളുടെ പേരിലാണ് നീതിമത്കരിക്കപ്പെടുക. അല്ലാതെ അവയുടെ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ കൃത്യതകളുടെ പേരിലാവണമെന്നില്ല. അങ്ങനെ എക്കാലത്തേക്കും ഉപയോഗിക്കാവുന്ന കൃത്യതകൾ ശാസ്ത്രങ്ങൾക്കുമില്ല. പൊതുവിൽ എഴുപതുകളിലുണ്ടായ സാമ്പത്തിക മാറ്റങ്ങൾ പലതും ഗ്രാമീണ കാർഷിക മേഖലയിൽ ^കാർഷിക വളർച്ചയുടെ കാര്യം എന്നരീതിയിൽ ഇതിനെ ചുരുക്കിക്കാണേണ്ട കാര്യമില്ല^ ക്രയശേഷി വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായിട്ടുണ്ട്. അത് ഇന്ത്യൻ സമ്പദ്ഘടന ഒരു അടഞ്ഞ വ്യവസ്ഥയായി നിലനിന്നിരുന്ന കാലത്ത് പലപ്പോഴും ബാഹ്യാഘാതങ്ങളെ ചെറുക്കാൻ സഹായിക്കുന്ന സാമ്പത്തിക പ്രതിരോധ മേഖലയായി പ്രവർത്തിച്ചിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യൻ സമ്പദ്ഘടനയിൽ ഉണ്ടാവുന്ന ആഘാതങ്ങളെ ഉൾക്കൊള്ളാൻ, ആവാഹിക്കാൻ കെൽപുള്ള ഒന്നായി അത് പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതിെൻറ ചില നിഷേധാത്മകമായ മറുപുറങ്ങൾ ^വിശേഷിച്ചും ദാരിദ്യ്ര നിർമാർജനം നേരിട്ട കാലതാമസങ്ങളും മറ്റു പ്രവണതകളും^ മറന്നുകൊണ്ടല്ല ഇത് പറയുന്നത്.
എന്നാൽ, അടിയന്തരാവസ്ഥക്കുശേഷം നിലവിൽവന്ന ’77ലെ ഫ്യൂഡൽ, വലതുപക്ഷ ജനസംഘം^സ്വതന്ത്ര പാർട്ടി^സിൻഡിേക്കറ്റ് കോൺഗ്രസ് കക്ഷികൾക്ക് മുൻതൂക്കമുണ്ടായിരുന്ന സർക്കാറിെൻറ കാലത്ത് തുടങ്ങിെവച്ച സാമ്പത്തിക പരിഷ്കാരങ്ങൾ പലതും കാർഷിക ഫ്യൂഡൽ വിഭാഗങ്ങൾക്ക് മാത്രം ഗുണകരമായി വരുന്നവയായിരുന്നു. ചരൺ സിങ്, മധു ദന്തവതെ, മോഹൻ ധാരിയ എന്നിവർ അംഗങ്ങളായ സാമ്പത്തിക സമിതി രൂപവത്കരിച്ചെങ്കിലും പുതിയ സാമ്പത്തിക നയത്തിെൻറ ബദൽ രൂപരേഖകൾ പോലും ശരിയായ രീതിയിൽ ആവിഷ്കരിക്കാൻ അവർക്ക് കഴിഞ്ഞില്ല. നെഹ്റുവിയൻ മോഡൽ തകർക്കുമെന്ന് ഇടക്കിടെ ആണയിട്ടുകൊണ്ടിരുന്നു എന്നതൊഴിച്ചാൽ നടപ്പാക്കിയ പരിഷ്കാരങ്ങളൊന്നും സമ്പദ്ഘടനക്ക് ഗുണം ചെയ്തതുമില്ല. 20 ശതമാനം പണപ്പെരുപ്പവും മണ്ണെണ്ണയടക്കം നിരവധി നിത്യോപയോഗ വസ്തുക്കളുടെ നിലക്കാത്ത ദൗർലഭ്യവും ഡീമോണിറ്റൈസേഷനും പെേട്രാൾ വിലവർധനയും മറ്റനേകം പ്രശ്നങ്ങളും സമ്പദ്ഘടനയെ തകർച്ചയിലേക്ക് നയിക്കുകയായിരുന്നു. 1979ലെ ചരൺ സിങ്ങിെൻറ ബജറ്റ് ഈ തകർച്ചയുടെ സാക്ഷ്യപത്രമായിരുന്നു. ജനത പാർട്ടിയുടെ കാലത്ത് കോൺഗ്രസിെൻറ പല പദ്ധതികളിൽനിന്ന് കടംവാങ്ങിയ ‘ഫുഡ് ഫോർ വർക്ക്’ (ജോലിക്ക് കൂലി ഭക്ഷണം) തുടങ്ങിയ ചില പരിപാടികൾ മെച്ചപ്പെട്ടവയായിരുന്നു. എന്നാൽ, അത് കാര്യക്ഷമമായി നടപ്പാക്കിയത് കേരളത്തിലെ യു.ഡി.എഫ് സർക്കാറും ബംഗാളിലെ ഇടതുസർക്കാറും മാത്രമായിരുന്നു. മറ്റ് സ്ഥലങ്ങളിൽ ഇതിനുവേണ്ടിയുള്ള ഭക്ഷ്യശേഖരണം, ഭക്ഷ്യദൗർലഭ്യവും വിലക്കയറ്റവും സൃഷ്ടിക്കുകയും ഫ്യൂഡൽ ഭൂപ്രഭുക്കളെ സഹായിക്കുകയും ചെയ്യുന്നതായിരുന്നു.
ഭരണത്തിൽനിന്ന് ഏറ്റവും കൂടുതൽ മുതലെടുത്തത് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘമായിരുന്നു. അവർക്കുവേണ്ട എല്ലാ സഹകരണവും നൽകിയത് ഗാന്ധിസം സ്വന്തം ഹിന്ദുത്വവാദത്തിനു മറയായി ഉപയോഗിച്ചിരുന്ന മൊറാർജി ദേശായിയായിരുന്നു. 1983ൽ അന്നത്തെ പാഠപുസ്തകം തിരുത്തൽ വിവാദത്തെക്കുറിച്ച് ദീർഘമായി എഴുതിയ ലോയിഡ് റുഡോൾഫും സൂസന്ന റുഡോൾഫും പറയുന്നത് ജനസംഘത്തിനുവേണ്ടി ഹിന്ദുത്വ പ്രത്യയശാസ്ത്രം പാഠപുസ്തകങ്ങളിൽ തിരുകിക്കയറ്റാനുള്ള ശ്രമം ആരംഭിച്ചതുതന്നെ മൊറാർജിയായിരുന്നു എന്നാണ്. ഭരണത്തിൽ കയറി മൂന്നുമാസത്തിനുള്ളിൽ ആ ശ്രമം ആരംഭിച്ചു. മൊറാർജി^ജനസംഘം കൂട്ടുകെട്ടിനെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു: ‘‘ദേശായിയുടെ ഹിന്ദുപുനരുദ്ധാനവാദം, സവർണ ജാതിമനോഭാവം, സാമ്പത്തിക യാഥാസ്ഥിതികത്വം എന്നിവ അദ്ദേഹത്തെയും ജനസംഘത്തെയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും അടുപ്പിക്കുന്നവയായിരുന്നു. പാഠപുസ്തക വിവാദത്തിലാണ് അദ്ദേഹത്തിെൻറ ഹിന്ദുത്വവാദം ആദ്യമായി പുറത്തുവന്നത്. തുടർന്ന് ജനസംഘത്തെ പ്രീതിപ്പെടുത്തുന്ന നിരവധി സാംസ്കാരിക നയങ്ങൾ അദ്ദേഹം കൈക്കൊണ്ടു. മതംമാറ്റത്തിനു ശിക്ഷകൾ ഏർപ്പെടുത്താനുള്ള വകുപ്പുകൾ ചേർത്ത മതപരിവർത്തന ബിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി. അദ്ദേഹം പശുവധം രാജ്യവ്യാപകമായി നിരോധിക്കാനുള്ള ഭരണഘടന ഭേദഗതിയെ പിന്തുണച്ചു.’’
നെഹ്റുവിെൻറ കാലത്തുതന്നെ സാംസ്കാരിക നയങ്ങളിൽ പുരോഗമനപക്ഷ സമീപനം ഉണ്ടായിരുന്നെങ്കിലും ഇന്ദിര ഗാന്ധി അധികാരത്തിൽ എത്തിയതോടെയാണ് കൂടുതൽ ദൃഢമായത് എന്ന് റുഡോൾഫും സൂസന്ന റുഡോൾഫും പറയുന്നുണ്ട്. സ്ഥാപനങ്ങളിൽ, പാഠപുസ്തകങ്ങളിൽ, വൈജ്ഞാനിക കേന്ദ്രങ്ങളിൽ, തീവ്രമായ പുരോഗമന സമീപനം ആ കാലത്ത് രൂപപ്പെട്ടുവെന്ന് ആ പഠനം സൂചിപ്പിക്കുന്നു. ഇതിനെതിരെ ശക്തമായ ആക്രമണമാണ് ജനതാസർക്കാർ അഴിച്ചുവിട്ടത്. ഇടതുചരിത്രകാരന്മാരുടെ രചനകൾ പാഠപുസ്തകങ്ങളിൽനിന്ന് നീക്കംചെയ്യുകയും അവരെ പ്രധാന സാമൂഹികശാസ്ത്ര സ്ഥാപനങ്ങളിൽനിന്ന് പുറത്താക്കുകയും ചെയ്തു. റോമില ഥാപ്പർ, സർവേപ്പള്ളി ഗോപാൽ, ബിപിൻചന്ദ്ര, ബരുൺേഡ, ഹർബൻസ് മുഖ്യ, ആർ.എസ്. ശർമ തുടങ്ങി നിരവധി പേർ മൊറാർജി^ജനസംഘം കൂട്ടുകെട്ടിെൻറ ആക്രമണത്തിന് ഇരയായി. 1977 ജൂണിൽ അധികാരത്തിൽ വന്ന ജനതാസർക്കാർ ആ വർഷം ഒക്ടോബറിൽ ബിപിൻചന്ദ്രക്ക് റഷ്യയിൽ നടന്ന ചരിത്ര കോൺഫറൻസിൽ പങ്കെടുക്കാൻ പാസ്പോർട്ട് നിഷേധിച്ചുകൊണ്ട് സ്വന്തം പ്രത്യയശാസ്ത്ര സമീപനം തുറന്നുവ്യക്തമാക്കി. 1100ഓളം സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് ആർ.എസ്. ശർമയുടെ പുസ്തകം പിൻവലിച്ചു. ഥാപ്പറുടെയും ബിപിൻചന്ദ്രയുടെയും പുസ്തകങ്ങൾ ഔദ്യോഗികമായി പിൻവലിച്ചില്ലെങ്കിലും അവ കിട്ടാനില്ലാതായി. ഇന്ന് കാണുന്ന സിവിൽസമൂഹവിരുദ്ധ ഹിന്ദുത്വരാഷ്ട്രീയത്തിെൻറ അഴിഞ്ഞാട്ടം തുടങ്ങിയത് അന്നത്തെ ജനതാസർക്കാറിെൻറ കാലത്തായിരുന്നു.
ഇന്നത്തെ മോദിസർക്കാറും പിന്തുടരുന്നത് ഇതേ സാമ്പത്തിക^സാംസ്കാരിക നയങ്ങളാണ്. ഇന്ത്യൻ ഗ്രാമീണമേഖല പാടെ തകർന്നിരിക്കുന്നു. രൂക്ഷമായ പണക്ഷാമം നിരവധി കുത്സിതനയങ്ങളിലൂടെ സൃഷ്ടിച്ച് ഉൗഹക്കച്ചവട മൂലധനത്തിെൻറ ദല്ലാൾ മാത്രമായി സർക്കാർ മാറിയിരിക്കുന്നു. ഇടക്കാലത്ത് (1999^2004) വാജ്പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന ബി.ജെ.പി സർക്കാറും ഇത്തരം നയങ്ങളാണ് പിന്തുടർന്നിരുന്നത്. െഎ.സി.എച്ച്.ആർ, െഎ.സി.എസ്.എസ്.ആർ, എൻ.സി.ഇ.ആർ.ടി, യു.ജി.സി തുടങ്ങിയ സ്ഥാപനങ്ങളെ സമഗ്രമായി ലക്ഷ്യമിടുന്ന സമീപനം അക്കാലത്തു നാം കണ്ടതാണ്. കൂടാതെ വേദിക് വിദ്യാഭ്യാസം, വേദിക് ഗണിതം, ജ്യോതിഷപഠനം തുടങ്ങിയവ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയതും അക്കാലത്താണ്. ആ സർക്കാറിെൻറ സാമ്പത്തിക നയങ്ങളിൽ ചിലത് കോൺഗ്രസിെൻറ നവലിബറൽ നയങ്ങൾ പിന്തുടരുന്നതായിരുന്നു എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതാണവർ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമാക്കി വിദ്യാഭ്യാസനയങ്ങളിലെ പ്രതിലോമതകൾ മറച്ചുപിടിക്കാൻ ഉപയോഗിച്ചത്.
ഇന്ത്യയിലെ സാംസ്കാരിക മേഖലയിലും സാമ്പത്തിക മേഖലയിലും ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ ഹിന്ദുത്വശക്തികൾ അധികാരത്തിൽ വരുമ്പോൾ മാത്രം ഉണ്ടാകുന്ന സവിശേഷ പ്രവണതകളാണ്. അവരുടെ ലക്ഷ്യം ജനങ്ങളെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുകയും സാംസ്കാരികമായി അധഃപതിപ്പിക്കുകയുമാണ്. ഒന്ന് മറ്റൊന്നിെൻറ മറയായി ഉപയോഗിക്കുന്ന ഹീനയുക്തി അതിെൻറ അടിസ്ഥാനമാവുന്നു. മറ്റു സർക്കാറുകളുടെ കാലത്തുണ്ടാകുന്ന പ്രശ്നങ്ങളിൽനിന്ന് വ്യത്യസ്തമായി ഇതിനെ കാണണം എന്ന് ഡോ. കെ. ബാലഗോപാൽ ആവർത്തിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റിൽ മോദി അധികാരത്തിൽ വന്നതിനുശേഷം 4000 കോടിയോളം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സബ്സിഡികൾ 2200 കോടി രൂപയിൽനിന്ന് 390 കോടിയായി കുറച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ മൊത്തം 14,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. സ്വന്തം രാഷ്ട്രീയ^പ്രത്യയശാസ്ത്ര അജണ്ടക്കുവേണ്ടി ഒരുവശത്തു സാമ്പത്തിക മേഖലയും മറുവശത്ത് വിദ്യാഭ്യാസ മേഖലയും നിസ്സാരമായി തകർക്കുന്നതാണ് ഹിന്ദുത്വശക്തികൾ നയിക്കുന്ന സർക്കാറുകളുടെ പൊതുസമീപനം. ഈ വ്യത്യാസം മനസ്സിലാക്കാതെയുള്ള രാഷ്ട്രീയ ഇടപെടലുകൾ, ആരുടേതായാലും മുമ്പുംഗുണം ചെയ്തിട്ടില്ല. ഇപ്പോഴും ഗുണം ചെയ്യുന്നില്ല, ഇനിയും ഗുണം ചെയ്യില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.