കീടനാശിനി ഉപയോഗം 50 ശതമാനം കുറക്കുക എന്നതാണ് ജൈവവൈവിധ്യ ചട്ടക്കൂടിന്റെ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമാണ്, ഇവിടെ കീടനാശിനികൾ കുറക്കുന്നതിനുള്ള എല്ലാ നീക്കങ്ങളെയും ലോബികൾ ശക്തമായിത്തന്നെ നേരിടും
ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് ഉയർത്തുന്ന വെല്ലുവിളികൾ ലോകത്തെപ്പറ്റി പുനർവിചിന്തനം നടത്തുന്നതിൽ നമ്മെ നിർബന്ധിതരാക്കും. നമ്മുടെ സാമ്പത്തികചിന്തയിൽ ആവശ്യമായ തിരുത്തൽ കൊണ്ടുവരാനും പ്രേരിപ്പിക്കും. കാനഡയിലെ മോൺട്രിയലിൽ നടന്ന 15ാമത് കോൺഫറൻസ് ഓഫ് പാർട്ടി (COP15) യിൽ ജൈവവൈവിധ്യ ചർച്ചകൾക്ക് ശേഷം ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന് 196 രാജ്യങ്ങൾ പിന്തുണ നൽകി.
വരുന്ന നാലു വർഷത്തിനുള്ളിൽ അവയെക്കുറിച്ച് പഠിച്ചശേഷം, 2030 ഓടെ 23 ആഗോളലക്ഷ്യങ്ങൾ കൈവരിക്കാം എന്ന ഒരു കരാറിലെത്തി - ഇത് 2050 ഓടെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള കാഴ്ചപ്പാടിലേക്ക് ലോകത്തെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജൈവവൈവിധ്യ നഷ്ടം തടയുകയും നഷ്ടപ്പെട്ടത് തിരിച്ചെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ആറാമത്തെ കൂട്ടവംശനാശത്തിലേക്ക് നയിക്കുന്ന പാരിസ്ഥിതിക - നിർണായക ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് പ്രാധാന്യമർഹിക്കുന്നു.
യു.എസ് നാഷനൽ അക്കാദമി ഓഫ് സയൻസസ് ഈ ഭീമാകാരമായ ജൈവവൈവിധ്യ തകർച്ചയെ ബയോളജിക്കൽ അനിഹിലേഷൻ’ എന്നാണ് വിശേഷിപ്പിച്ചത്. ഇക്കുറി ഇത് മനുഷ്യപ്രേരിതമാണ്. ഇങ്ങനെ തുടർന്നാൽ കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ ദശലക്ഷത്തിലധികം ജീവജാലങ്ങൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കും.
അതിമനോഹരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വ്യക്തമായ ഒരു സമയക്രമത്താൽ രൂപപ്പെടുത്തിയിട്ടുള്ള ജൈവവൈവിധ്യ കരാർ, താപനില വർധന നിയന്ത്രണത്തിലാക്കാനുള്ള ആഗോളശ്രമങ്ങളെ ശക്തിപ്പെടുത്തും. എല്ലാത്തിനുമുപരി, ജൈവവൈവിധ്യവും കാലാവസ്ഥ വ്യതിയാനവും ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
വഷളായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ പ്രതിസന്ധിയെ ചെറുക്കാനുള്ള ഏതൊരു അന്താരാഷ്ട്ര ശ്രമത്തിനും കൂട്ടായി ഊർജസ്വലമായ ഒരു ജൈവവൈവിധ്യ വിഭവം ആവശ്യമാണ്. അതുകൊണ്ടാണ് ചരിത്രപരമായ ജൈവവൈവിധ്യ കരാറിനെ മോൺട്രിയൽ ചട്ടക്കൂടും പാരിസ് ഉടമ്പടിയും ചേർന്നുള്ള പാരിസ് ക്ഷണം’ ആയി വീക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നത്.
ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് ലക്ഷ്യമിടുന്നത് 2030 ഓടെ ഭൂമിയുടെ 30 ശതമാനം സംരക്ഷിക്കുക എന്നതാണ്. ദശാബ്ദങ്ങളായി നശിച്ചുകൊണ്ടിരിക്കുന്ന ഭൂവിഭവങ്ങളുടെ 17 ശതമാനം മാത്രമേ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നുള്ളൂ, അതിനെ 30 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ അത്യന്തം മലിനമായ സമുദ്രങ്ങളുടെ സംരക്ഷണം 30 ശതമാനമാക്കി ഉയർത്തുക, ജീർണിച്ച പരിസ്ഥിതി വ്യവസ്ഥകൾ 30 ശതമാനം പുനഃസ്ഥാപിക്കുക, പ്രതിവർഷം 500 ബില്യൺ ഡോളർ ദോഷകരമായ സബ്സിഡികൾ കുറക്കുക, 2030 ഓടെ കീടനാശിനികളുടെ ഉപയോഗം 50 ശതമാനം കുറക്കുക, ആനുകൂല്യങ്ങൾ പങ്കുവെക്കാൻ അനുവദിക്കുക തുടങ്ങി സുസ്ഥിര വികസനത്തിനായുള്ള ഒരു രൂപരേഖ തയാറാക്കുക, ആദിവാസികളുടെയും വനവാസികളുടെയും അവകാശങ്ങൾ നിലനിർത്തുക എന്നിവയെക്കുറിച്ചും കരാർ പറയുന്നു.
സർക്കാറുകൾ, സ്വകാര്യ മേഖല, ചാരിറ്റികൾ എന്നിവയിൽ നിന്ന് ഓരോ വർഷവും 200 ബില്യൺ ഡോളർ സാമ്പത്തിക സഹായം സമാഹരിക്കേണ്ടതിന്റെ ആവശ്യകത മോൺട്രിയൽ ചട്ടക്കൂട് വ്യക്തമാക്കുന്നതിനാൽ, ഫണ്ടുകൾ ശരിയായി വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണസംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. അംഗരാജ്യങ്ങൾ ചട്ടക്കൂട് വ്യവസ്ഥകൾ എങ്ങനെ നടപ്പാക്കുന്നെന്ന് സൂക്ഷ്മമായി നിരീക്ഷിക്കാനും സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഒരു സംയോജിത മോണിറ്ററിങ് സംവിധാനമാണ് കുമ്മിങ് - മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനെ 2010 ലെ ജൈവവൈവിധ്യ ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ലക്ഷ്യങ്ങൾ ആഗോളമാണെങ്കിലും, ഒരു രാജ്യത്തിനും പ്രത്യേകമല്ലെങ്കിലും, അവ സാക്ഷാത്കരിക്കുന്നത് വികസ്വര സമ്പദ് വ്യവസ്ഥകളുടെ ദേശീയ താൽപര്യം കണക്കിലെടുത്തായിരിക്കും.
2030 ഓടെ കീടനാശിനി ഉപയോഗം പകുതിയായി കുറക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ബ്രസീലും അർജന്റീനയും ഇന്ത്യയും അസ്വസ്ഥരാണെങ്കിലും, വർധിച്ചുവരുന്ന പൊതുജനസമ്മർദം അടിസ്ഥാന തത്ത്വങ്ങൾക്കനുസൃതമായി പരിവർത്തനത്തിലേക്ക് നീങ്ങുന്ന നയങ്ങൾ ഉചിതമായി നടപ്പാക്കാൻ നയ രൂപകർത്താക്കളെ നിർബന്ധിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യവസായിക കൃഷിസമ്പ്രദായം 80 ശതമാനം ആഗോള വനനശീകരണത്തിനും 52 ശതമാനം ഭൂവിഭവങ്ങൾ നശിപ്പിക്കപ്പെടുന്നതിനും വഴി വെക്കുന്നു. വംശനാശഭീഷണി നേരിടുന്ന 28,000 ഇനങ്ങളിൽ 86 ശതമാനത്തിനും ഭീഷണിയാകുന്ന ഭക്ഷ്യവിപണി പരിഷ്കരിക്കാതെ നഷ്ടം നികത്തുക സാധ്യമല്ല.
എന്നിരുന്നാലും, വർധിച്ചുവരുന്ന ഡിജിറ്റലൈസേഷനും കൃത്രിമബുദ്ധി റോബോട്ടിക്സ്, ഓട്ടോമേഷൻ സംവിധാനങ്ങൾ എന്നിവയുടെ പ്രയോഗവും കൊണ്ടുവരുമ്പോൾ, വ്യാവസായിക ഭക്ഷ്യ മൂല്യ ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുക. ഈ വൈരുധ്യത്തെ എങ്ങനെയാവും ജൈവവൈവിധ്യ ചട്ടക്കൂട് മറികടക്കുക?
അന്താരാഷ്ട്ര ഗ്രൂപ്പുകളുടെയും ഏജൻസികളുടെയും നിരന്തര ശ്രമം, കാർഷിക നയങ്ങൾ പുനഃക്രമീകരിക്കാൻ അംഗരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രയോജനകരമായേക്കും. പക്ഷേ, അത് പൊതുവെ കരുതുന്നത്ര എളുപ്പമല്ലെന്ന് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.
കാർഷിക കോർപറേറ്റുകൾ അത്തരം ശ്രമങ്ങളെ തടയാൻ വലിയ ശക്തി ചെലുത്തുന്നു. ദോഷകരമായ സബ്സിഡികൾ കുറക്കുക എന്നതിനർഥം, മണ്ണിനും പാരിസ്ഥിതിക നാശത്തിനും കാരണമായ കാർഷിക മേഖലയിലെ വ്യാവസായിക ഉൽപന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയെന്നാണ്.
കാർഷിക - പരിസ്ഥിതിശാസ്ത്രത്തിലേക്ക് ഭക്ഷ്യസംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള ധാരാളം തെളിവുകൾ ഇപ്പോൾ ലഭ്യമാണെങ്കിലും, ജൈവവൈവിധ്യ നഷ്ടത്തെ സംരക്ഷിക്കുകയും മാറ്റുകയും ചെയ്യുന്ന പ്രകൃതി അധിഷ്ഠിത പരിഹാരങ്ങളിലേക്കുള്ള മുന്നേറ്റത്തിന് ശക്തമായ തടസ്സങ്ങൾ നേരിടേണ്ടിവരും.
2023 മുതൽ സുസ്ഥിരമായ കൃഷിയിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ടുള്ള പൊതു കാർഷിക നയ (സി.എ.പി) പ്രോഗ്രാമിന് കീഴിൽ യൂറോപ്യൻ യൂനിയൻ 249 ബില്യൺ യൂറോയുടെ യൂറോപ്യൻ യൂനിയൻ ധനസഹായം ആരംഭിച്ചപ്പോൾ, കാർഷിക ബിസിനസ് ലോബികൾ ഭക്ഷ്യസുരക്ഷക്ക് അത് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ഉത്കണ്ഠ അറിയിച്ചു.
അവരുടെ ഇടപാടുകൾ പതിവുപോലെ തുടരാൻ ഭക്ഷ്യസുരക്ഷ ഭീഷണി ഉപയോഗിച്ചാൽ മതി എന്ന് അവർ വിശ്വസിക്കുന്നു. സംഖ്യാപരമായ ലക്ഷ്യങ്ങളില്ലാതെ ലോകമെമ്പാടുമുള്ള കീടനാശിനികളുടെ ഉപയോഗം 2030 ഓടെ 50 ശതമാനം കുറക്കാൻ യൂറോപ്യൻ യൂനിയന് കഴിയുമോ എന്നത് ലോകരാജ്യങ്ങൾക്കു മുന്നിലെ ഒരു പരീക്ഷണമായിരിക്കും.
ഇന്ത്യയിൽ, ഹാനികരമായ കീടനാശിനികൾ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മുൻകാല അനുഭവങ്ങൾ കാണിക്കുന്നു. കേരളത്തിലെ കാസർകോട് ജില്ലയിലെ കശുമാവിൻ തോട്ടത്തിൽ മനുഷ്യജീവന് ദുരന്തം സമ്മാനിച്ച ഭീകര കീടനാശിനിയായ എൻഡോസൾഫാന്റെ ദുരുപയോഗം ലഘൂകരിച്ച തീരുമാനങ്ങൾ ഇതിന് ഉദാഹരണമാണ്.
കീടനാശിനി ഉപയോഗം 50 ശതമാനം കുറക്കുക എന്നതാണ് ജൈവവൈവിധ്യ ചട്ടക്കൂടിന്റെ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമാണ്, ഇവിടെ കീടനാശിനികൾ കുറക്കുന്നതിനുള്ള എല്ലാ നീക്കങ്ങളെയും ലോബികൾ ശക്തമായിത്തന്നെ നേരിടും.
കൂടാതെ, 30 ശതമാനം ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുകയും ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ജൈവവൈവിധ്യത്തിന്റെ നഷ്ടം തടയാനും ശ്രമിക്കുന്ന വ്യാവസായിക വികസന - അടിസ്ഥാനസൗകര്യ വികസന നയങ്ങളുമായി കൊമ്പുകോർക്കാനും ഇടയുണ്ട്.
ഛത്തിസ്ഗഢിലെ ഹസ്ദിയോ ആരന്ദ് കൽക്കരിപ്പാടങ്ങളിലെ ഖനന പ്രവർത്തനങ്ങൾക്കെതിരെ ആദിവാസി സമൂഹങ്ങൾ നടത്തിയ നീണ്ട പ്രതിഷേധങ്ങളെ തുടർന്ന്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ ജൈവവൈവിധ്യ വിലയിരുത്തൽ തന്നെ കണ്ണുതുറപ്പിക്കുന്നതാണ്.
ജൈവ സ്വത്തിന്റെ സമ്പന്നമായ ശേഖരം എന്ന നിലയിൽ, ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണം. അതുപോലെ, ജൈവവൈവിധ്യ സമ്പന്നമായ അന്തമാൻ- നികോബാർ ദ്വീപുകളിലെ മെഗാ സ്ട്രാറ്റജിക് പ്രോജക്ടുകളുടെ പേരിൽ 8,00,000 ത്തിലധികം മരങ്ങൾ വെട്ടിമാറ്റാൻ സാധ്യതയുണ്ട്, ഇവിടെ രണ്ട് ദേശീയ പാർക്കുകളും ഒരു ബയോസ്ഫിയർ റിസർവുമുണ്ട്.
അതിനു പകരമായി ഹരിയാനയിലും മധ്യപ്രദേശിലും വനവത്കരണം ആസൂത്രണം ചെയ്യാനുള്ള നീക്കത്തെ പരിസ്ഥിതി പ്രവർത്തകർ ചോദ്യം ചെയ്തിട്ടുണ്ട്. ഹിമാലയത്തിലെ ചാർ-ധാം റോഡ് പദ്ധതി മറ്റൊരു ഉദാഹരണമാണ്. സുപ്രീംകോടതി നിയോഗിച്ച സമിതി ഉന്നയിച്ച ആശങ്കകൾ പോലും അവഗണിക്കപ്പെട്ടു.
പ്രകൃതി ഒരുക്കിയ ഇക്കോസിസ്റ്റം പ്രദാനം ചെയ്യുന്ന സേവനങ്ങൾക്ക് സാമ്പത്തിക മൂല്യം നൽകണമെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ചെയ്താൽ, ജൈവവൈവിധ്യ നാശത്തിൽ നിന്നുള്ള സാമ്പത്തിക നഷ്ടം അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടത്തേക്കാൾ എത്രയേറെ വലുതാണെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരും.
അതിനാൽ പ്രകൃതി നൽകുന്ന സമ്പത്ത് കണ്ടെത്തുന്നതിന് പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യനിർണയം നിർണായകമാണ്. പാരിസ്ഥിതിക ശാസ്ത്രമില്ലാതെ സാമ്പത്തികശാസ്ത്രം ഉണ്ടാവില്ല എന്ന വസ്തുത വിസ്മരിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.