മുതലാളിത്ത സ്വകാര്യവത്കരണത്തിനെതിരെ പ്രസംഗിച്ചും സമരം ചെയ്തും മറ്റുള്ളവരെ അതിലേക്ക് നയിച്ചവരുമായ പണ്ഡിതർ ഉന്നത വിദ്യാഭ്യാസ കസേരകളിലിരുന്ന് 2020 ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കണമെന്ന് നിർദേശം നൽകുന്നു. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന പാണ്ഡിത്യം ഒരു തലമുറയെ വഴിതെറ്റിക്കും
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗതിയെക്കുറിച്ച് വ്യാകുലപ്പെടുന്ന കേരള സമൂഹത്തെയാണ് അടുത്ത കാലത്തായി നാം കാണുന്നത്. അമിത രാഷ്ട്രീയവത്കരണം വിദ്യാഭ്യാസത്തിന്റെ പ്രയോഗത്തെയും പഠനങ്ങളെയും ബാധിക്കും. രാഷ്ട്രീയ പ്രവർത്തനം നടത്താൻ മാത്രമായി കോളജുകളിലും സർവകലാശാലകളിലും പഠിക്കാൻ ചേരുന്നവർ വിദ്യാർഥികളുടെ സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും വിദ്യാഭ്യാസസ്ഥാപനം പുലർത്തേണ്ട ജനാധിപത്യ രീതികളെക്കുറിച്ചുമെല്ലാം ബോധമുള്ളവരാണ്. എന്നാൽ, പഠിക്കുകയും അതുവഴി പഠിക്കുന്ന വിഷയങ്ങളിൽ പുതിയ അറിവിനെ ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്നവരും വിരളമായി മാത്രമാണ് മുന്നോട്ടുവരുന്നത്.
ശാസ്ത്രം, ചരിത്രം, ഭാഷ എന്നിവയിലെ പുതിയ അറിവുകളെയും പഠനരീതികളെയും സ്വായത്തമാക്കുന്ന മാത്രയിൽ ആ വിഷയം നൽകുന്ന ആവിഷ്കാരഭാഷയും പരിപ്രേക്ഷ്യവും വിദ്യാർഥികളിൽ പ്രതിഫലിക്കും. താൻ പഠിക്കുന്ന വിഷയവുമായി ഒരു ബന്ധംപോലും തോന്നാത്ത രീതിയിൽ ഒരു വിദ്യാർഥിക്ക് സംസാരിക്കാനോ ചിന്തിക്കാനോ കഴിയില്ല. നമ്മുടെ വിദ്യാർഥി നേതാക്കൾ യാന്ത്രികരീതിയിൽ പ്രവർത്തിക്കുന്നത് കാണുമ്പോൾ പഠനത്തിന്റെയും അതിന്റെ രീതിബോധത്തിന്റെയും ഒരു ലാഞ്ഛനപോലും അവരിൽ പ്രതിഫലിക്കുന്നില്ലെന്ന് തോന്നിപ്പോകുന്നു.
യാന്ത്രികമായി പഠിക്കുന്ന പ്രത്യയശാസ്ത്ര പാഠങ്ങൾ നൽകിയിരുന്ന യുക്തിബോധം പോലും പ്രസ്ഥാനത്തിന്റെ അംഗബലമെന്ന മുഖ്യ ലക്ഷ്യത്തിൽ ഇല്ലാതായിപ്പോകുന്നു. വിദ്യാർഥി നേതാക്കളും അവരുടെ കാഴ്ചപ്പാടും ഭാഷയും ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ സൂചകമാണ്.
എന്നാൽ, കോളജുകളിലും സർവകലാശാലകളിലും ചേരുന്ന ബഹുഭൂരിപക്ഷം വിദ്യാർഥികളും സ്വന്തമായി പഠിക്കാനും അത് തരുന്ന കഴിവുകളെ പ്രയോജനപ്പെടുത്തി വിവിധങ്ങളായ അവസരങ്ങളെ തേടാനുമാണ് ശ്രമിക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും ഏതെങ്കിലും മത്സരപ്പരീക്ഷ മനസ്സിൽകണ്ട് ജോലിക്കായി ശ്രമിക്കുന്നവരാണ്. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള വഴിയാണ് ഇത്തരം പഠനങ്ങൾ. ബി.എഡ് പ്രവേശനത്തിനുള്ള തിരക്ക് ഈ കാര്യമാണ് ബോധ്യപ്പെടുത്തുന്നത്.
സ്കൂൾ അധ്യാപകരാവാൻ മത്സരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഡോക്ടർമാരും നഴ്സുമാരാവാൻ ശ്രമിക്കുന്നവരെയും നാം കാണുന്നു. എന്നാൽ, അതിനപ്പുറം പഠിക്കുന്ന വിഷയത്തിൽ നിപുണത നേടാനും അതിൽ ഉൽപാദിപ്പിക്കപ്പെടുന്ന അറിവ് രൂപങ്ങളെ അറിയാനും പ്രയോഗിക്കാനും വേണ്ട കാത്തിരിപ്പോ പ്രയത്നമോ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് കുറവാണ്. ഉന്നത വിദ്യാഭ്യാസ നിലവാരത്തിന്റെ മറ്റൊരു സൂചകമാണിത്.
നിയമപഠനം നടത്തുന്ന എല്ലാ കോളജുകളിലും രാഷ്ട്രീയ പ്രവർത്തനത്തിന്റെ അതിപ്രസരം നമുക്ക് കാണാം. രാഷ്ട്രത്തെ സംബന്ധിച്ചും അതിൽ നിലനിൽക്കുന്ന നിയമങ്ങളെക്കുറിച്ചും പഠിക്കേണ്ടുന്ന കുട്ടികൾ രാഷ്ട്രീയപ്രവർത്തകരാവുന്നതും സമൂഹത്തിന്റെ മാറ്റത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നിയപഠനകേന്ദ്രങ്ങൾ രാഷ്ട്രീയ ഇടങ്ങളായി മാറുന്നത്.
എന്നാൽ, രാഷ്ട്രീയപ്രവർത്തകർക്ക് പേരിന്റെ മുന്നിൽ ചേർക്കാനുള്ള വെറും ഒരു വാക്കാണ് അഡ്വക്കറ്റ് എന്ന ബിരുദമെന്ന് നമുക്ക് തോന്നുന്നത് അത് ചേർത്തിട്ടുള്ള പല രാഷ്ട്രീയ നേതാക്കളും നിയമവുമായി ഒരു ബന്ധവുമില്ലാത്ത ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴാണ്. അഡ്വക്കറ്റ് എന്നത് മാറി ‘ഡോക്ടർ’ എന്ന പുതിയ പേരിലേക്ക് സ്ഥാനക്കയറ്റം നേടാനാണ് ഇപ്പോഴത്തെ ശ്രമം.
മികച്ച രീതിയിൽ പ്രബന്ധരചന നടത്തുന്ന നിരവധി മലയാളികൾ രാജ്യത്തെ വിവിധ ഗവേഷണസ്ഥാപനങ്ങളിൽ അധ്യാപകരായും ഗവേഷകരായും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ സമർപ്പിച്ച ഒട്ടുമിക്ക പി.എച്ച്.ഡി പ്രബന്ധങ്ങളും നിരാശജനകമാണ്. ചരിത്രത്തിലും ഭാഷയിലും ശാസ്ത്രത്തിലും ഇതേ അവസ്ഥയാണ്. നിശ്ശബ്ദമായി സ്വയം നവീകരിക്കുന്ന ഒരേർപ്പാടുകൂടിയാണ് ഗവേഷണം. ഒരാളുടെ ശക്തിയും കോട്ടവും മനസ്സിലാക്കുന്ന വഴികൂടിയാണത്.
അതിന് നേരമില്ലാത്തവർക്ക് അടുക്കും ചിട്ടയുമായി ഒരു കാര്യം സമർഥിക്കാൻ കഴിയില്ല.പലപ്പോഴും ആരും വായിക്കാത്ത ഈ പ്രബന്ധങ്ങൾ രാഷ്ട്രീയക്കാർ സമർപ്പിക്കുമ്പോൾ വായിക്കാൻ ആൾക്കാർക്ക് കൗതുകം തോന്നും. ആ തോന്നലിൻ പുറത്ത് വായിക്കുമ്പോഴാണ് അബദ്ധങ്ങളുടെ ഘോഷയാത്ര പുറത്തുകാണുന്നത്.
2020ലെ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തിന്റെ സാർവത്രികത ഇല്ലാതാക്കുന്നുണ്ട്. 14 വയസ്സുവരെയുള്ള സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഈ നയം ഗൗനിക്കുന്നില്ല. മറിച്ച് ആർക്കും ഏതുസമയത്തും പഠിക്കാൻ കഴിയുന്ന ഒരു തുറന്ന വ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നത്. സ്വകാര്യവത്കരണത്തിന്റെ പ്രത്യയശാസ്ത്രമാണ് ഈ നയത്തെ നയിക്കുന്നത്. എന്നാൽ, മുതലാളിത്ത സ്വകാര്യവത്കരണത്തിനെതിരെ പ്രസംഗിച്ചും സമരം ചെയ്തും മറ്റുള്ളവരെ അതിലേക്ക് നയിച്ചവരുമായ പണ്ഡിതർ ഉന്നത വിദ്യാഭ്യാസ കസേരകളിലിരുന്ന് 2020 ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കണമെന്ന് നിർദേശം നൽകുന്നു.
ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന പാണ്ഡിത്യം ഒരു തലമുറയെ വഴിതെറ്റിക്കും. മൂന്നുവർഷമായിരുന്ന ബിരുദപഠനം ഇനിമുതൽ നാലുവർഷമാക്കാൻ തീരുമാനിക്കുന്നതിൽ എന്താണ് യുക്തിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. ബിരുദപഠനം കൂടുതൽ മെച്ചപ്പെടുമോ? എന്താണ് മൂന്നുവർഷത്തെ പഠനത്തിന് പ്രശ്നം? അമേരിക്ക പോലുള്ള വിദേശ സർവകലാശാലകളിൽ നാലുവർഷമാണ് ബിരുദം.
അതുകൊണ്ട് നമ്മളും നാല് വർഷമാക്കി. അപ്പോൾ അവിടെയുള്ള കുട്ടികൾക്ക് കേരളത്തിലും ഇവിടെയുള്ള കുട്ടികൾക്ക് അമേരിക്കയിലും പഠിക്കാമെന്ന വാദമാണ് മുന്നോട്ടു വെക്കുന്നത്. സ്വകാര്യ സർവകലാശാലകൾക്കെതിരെ ദീർഘകാലം സമരം ചെയ്തവർ സ്വകാര്യ സർവകലാശാല കേരളത്തിൽ സ്ഥാപിക്കുന്നതിന് നിയമനിർമാണം നടത്തുകയും അതിന് അംഗീകാരം നൽകുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക അധ്യാപക സംഘടനകളും വിദ്യാർഥികളും 2020ലെ വിദ്യാഭ്യാസ നയത്തിനെതിരാണ്. എന്നാൽ, പ്രവർത്തിക്കുന്നത് തിരിച്ചും ഈ വൈരുധ്യങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കില്ലേ? കാറ്റിനനുസരിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന് ലക്ഷ്യസ്ഥാനത്ത് എത്താനാവുമോ?
(മഹാത്മാഗാന്ധി സർവകലാശാല സാമൂഹികശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.