രാജ്യത്ത് സംവരണവും ഭൂപരിഷ്കരണവും നിലനിർത്തുവാൻ വേണ്ടി നെഹ്റു മുന്നോട്ടുവെച്ച ഭരണഘടനാ പരിരക്ഷയും അതിനെ എതിർത്ത മോദിയുടെ നേതാവിെൻറ നിലപാടും കണ്ണടച്ച് ഇല്ലാതാക്കാനാവാത്ത ചരിത്രയാഥാർഥ്യങ്ങളാണ്, രേഖകളാണ്
രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിൻമേലുള്ള ചർച്ചക്ക് മറുപടി പറയവെ പ്രധാന മന്ത്രി നരേന്ദ്ര മോദി മറ്റു പല വിഷയങ്ങളോടൊപ്പം പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു സംവരണത്തിന് എതിരായിരുന്നു എന്ന് പ്രസ്താവിക്കുകയുണ്ടായി.ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ച ചരിത്ര യാഥാർഥ്യങ്ങൾ അറിയാതെയോ അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചോ നടത്തിയ കളവായ പ്രസ്താവനയാണ് അതെന്ന് പറയേണ്ടിയിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിൽ സംവരണത്തിന് തുടക്കം കുറിച്ചത് 1948ലാണ്.മദ്രാസിലെ ഓ.പി.രാമസ്വാമി റെഡ്ഢിയാരുടെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാർ മദ്രാസിലെ സർക്കാർ മെഡിക്കൽ-എഞ്ചിനീയറിംഗ് കോളജുകളിൽ ബ്രാഹ്മണരല്ലാത്ത ഹിന്ദുക്കൾക്ക് ആറ് സീറ്റും, ബ്രാഹ്മണർക്ക് ആറ് സീറ്റും, മുസ് ലിം, ആംഗ്ലോ ഇന്ത്യൻ- ക്രൈസ്തവർ, യൂറോപ്യൻമാർ എന്നിവർക്ക് ഒന്ന് വീതം, മറ്റുളളവർക്കും ഹരിജനങ്ങൾക്കും രണ്ട് വീതം സീറ്റുകൾ സംവരണം ചെയ്ത് ഉത്തരവിറക്കി.
ആ ഉത്തരവ് പിന്നീട് അറിയപ്പെട്ടത് Communal. G.O. എന്നായിരുന്നു. പിന്നാക്ക ജാതിക്കാർക്ക് സംവരണം നൽകിയ ആ സർക്കാർ ഉത്തരവ് ചെമ്പകം രാജൻ, സി.ആർ ശ്രീനിവാസൻ എന്നീ വിദ്യാർഥികൾ മദ്രാസ് ഹൈകോടതിയിൽ ചോദ്യംചെയ്തു. ഭരണഘടനയുടെ 15(1) ഉം 29(2) ഉം അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന തുല്യനീതി എന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നായിരുന്നു അവരുടെ വാദം.ഹർജിക്കാരുടെ വാദങ്ങൾ ശരിവെച്ച മദ്രാസ് ഹൈ കോടതി സംവരണം നൽകിക്കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച് റദ്ദാക്കി.
ഇത് പിന്നീട് സുപ്രിം കോടതിയുടെ ഫുൾ ബെഞ്ച് ശരി വെക്കുക കൂടി ചെയ്തതോടെ സംവരണം എന്ന ആശയം എന്നന്നേക്കും ഇല്ലാതാവും എന്ന സാഹചര്യമുണ്ടായി.ഈ ഘട്ടത്തിലാണ് പ്രധാന മന്ത്രി നെഹ്റു കോടതി വിധി മറികടന്നു കൊണ്ട് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായത്തിൽ പെട്ടവർക്ക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നല്കാൻ ഒന്നാം ഭരണ ഘടന ഭേദഗതി കൊണ്ടുവന്നത്. ഭരണഘടനയുടെ അനുച്ഛേദം 15 ൽ കൂട്ടിച്ചേർത്ത 15(4) അനുച്ഛേദം ഇപ്രകാരമാണ് :-
"15(4) ഈ അനുച്ഛേദത്തിലോ അനുച്ഛേദം 29ലെ (2) ഖണ്ഡത്തിലോ ഉള്ള യാതൊന്നും സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും വിഭാഗങ്ങളിൽ പെട്ട പൗരരുടെ ഉന്നമനത്തിനു വേണ്ടിയോ പട്ടിക ജാതികൾക്കും പട്ടിക ഗോത്ര വര്ഗങ്ങള്ക്കും വേണ്ടിയോ ഏതെങ്കിലും പ്രത്യക വ്യവസ്ഥ ഉണ്ടാക്കുന്നതിന്റെ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ല".പിന്നാക്കജാതിവിഭാഗങ്ങൾക്കു സർക്കാർ സ്ഥാപനങ്ങളിൽ സംവരണം നൽകിക്കൊണ്ട് നിയമം നിർമിക്കുവാൻ രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകളെ പ്രാപ്തമാക്കിയത്.മേൽ വിവരിച്ച 15(4)അനുച്ഛേദമാണ്.
ഒന്നാം ഭരണഘടനാ ഭേദഗതിക്കെതിരായ എതിർപ്പ് സംബന്ധിച്ച് മോദി ത െൻറ പ്രസംഗത്തിൽ പറയാഞ്ഞതും രാജ്യം അറിഞ്ഞിരിക്കേണ്ടതുമായ ഒരു കാര്യമുണ്ട്. ഈ ഭേദഗതിയെ അതിശക്തമായി എതിർത്തയാൾ മോദിയുൾപ്പെടെയുള്ള സംഘപരിവാറുകാരുടെ പുണ്യപുരുഷനായ ഹിന്ദുമഹാസഭ-ജനസംഘം നേതാവ് ഡോ.ശ്യാമ പ്രസാദ് മുഖർജി ആയിരുന്നു. ഒന്നാം ഭരണ ഘടന ഭേദഗതി പാസ്സാക്കിയത് തെരഞ്ഞെടുത്ത പാർലമെന്റ് ആയിരുന്നില്ല. അന്ന് താൽക്കാലിക പാർലമെന്റ് ആയി പ്രവർത്തിച്ചത് ഭരണഘടനാ നിർമാണ സഭയായിരുന്നു.
രാജ്യ സഭ ഉണ്ടായിരുന്നില്ല ഒന്നാം ഭരണഘടനാ ഭേദഗതി ചർച്ചക്കിടയിൽ നെഹ്റുവും ശ്യാമ പ്രസാദ മുഖർജിയും തമ്മിൽ ചൂടേറിയ വാദപ്രതിഭാഗങ്ങൾ നടന്നിരുന്നു എന്നാണ് ചരിത്രം പറയുന്നത്. തെരഞ്ഞടുക്ക പ്പെടാത്ത ഒരു താത്കാലിക പാർലമെന്റ് ഇതുപോലുള്ള പരമപ്രധാന മായ ഭേദഗതി കൊണ്ട് വരരരുത് എന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന മുഖർജിയുടെ പ്രധാന വാദം. അതിെൻറ പശ്ചാത്തലം കൂടി പറയാം.
സ്വാതന്ത്ര്യ ലബ്ധിക്ക് പിന്നാലെ രാജ്യത്തെ ഭൂപരിഷ്കരണ നിയമങ്ങളെല്ലാം പട്ന,മധ്യപ്രദേശ് അലഹബാദ് ഹൈകോടതികൾ അസാധുവാക്കുകയും ഈ വിധികളെ സുപ്രിംകോടതി ശരിവെക്കുകയും ചെയ്തതോടെ പാവപ്പെട്ട ലക്ഷോപലക്ഷം കർഷകർ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടു.
ഈ ഘട്ടത്തിലാണ് ഭൂപരിഷ് കരണ നിയമങ്ങൾക്കു പരിരക്ഷ നൽകുന്ന വകുപ്പുകൾ ചേർത്ത് ഭരണഘടനാ ഭേദഗതി ജവഹർലാൽ നെഹ്റു കൊണ്ടുവന്നത്. ഭൂരാജാക്കന്മാരുടെ പ്രതിനിധികൾ എന്ന് ആരോപിക്കപ്പെട്ടിരുന്ന ന്യാധിപന്മാർ പുറപ്പെടുവിച്ച വിധികൾക്ക് നിയമസാധുത ഇല്ലാതാക്കുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
അതിൻപ്രകാരം പുതുതായി 31ബി എന്ന ഒരു അനുച്ഛേദവും ഒമ്പതാം പട്ടികയും ഭരണഘടനയിൽ കൂട്ടിച്ചേർത്തുകൊണ്ട് രാജ്യത്തെ ഭൂപരിഷ്കരണ നിയമങ്ങൾ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി.ഒമ്പതാം പട്ടികയിലെ നിയമങ്ങളുടെ ഭരണഘടന സാധുത ഒരു കോടതിയിലും ചോദ്യം ചെയ്യുവാൻ പറ്റില്ലെന്നും നിഷ്കർഷിക്കപ്പെട്ടു.
രാജ്യത്ത് സംവരണവും ഭൂപരിഷ്കരണവും നിലനിർത്തുവാൻ വേണ്ടി നെഹ്റു മുന്നോട്ടുവെച്ച ഭരണഘടനാ പരിരക്ഷയും അതിനെ എതിർത്ത മോദിയുടെ നേതാവിെൻറ നിലപാടും കണ്ണടച്ച് ഇല്ലാതാക്കാനാവാത്ത ചരിത്രയാഥാർഥ്യങ്ങളാണ്, രേഖകളാണ്.
ചരിത്രത്തെ വെട്ടിത്തിരുത്തി വികലമാക്കുകയും അസത്യങ്ങൾ തിരുകിക്കയറ്റുകയും ചെയ്യുന്ന സമീപനം പാഠപുസ്തകങ്ങളിലും രാഷ്ട്രീയ പ്രസംഗവേദികളിലും മാത്രമല്ല,പാർലമെൻറിലേക്കും വ്യാപിപ്പിക്കുന്ന സമീപനം വഴി രാഷ്ട്രശിൽപികളെ മാത്രമല്ല രാജ്യത്തെത്തന്നെയാണ് പ്രധാനമന്ത്രി അവഹേളിക്കുന്നത്.
(കേരളത്തിെൻറ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.