'ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോർക്കുക: ലോകത്തെ വൻശക്തിരാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച് അവർ പറയുന്നത് വിശ്വസിക്കരുത്. അവർക്ക് തരിമ്പും മനുഷ്യത്വമില്ല. കഴിഞ്ഞ 17 വർഷമായി ഞങ്ങൾ അവരോട് കേണുപറയുന്നു, ഈ ഉപരോധമൊന്ന് നീക്കിത്തരാൻ. അവർ അത് ശ്രദ്ധിച്ചതേയില്ല. എന്നിട്ടിപ്പോൾ അവർ ഞങ്ങളെ കൊല്ലാൻ തിരക്കുകൂട്ടുകയാണ്'
ജോലിക്കായി ഫീൽഡിൽ പോകുമ്പോഴെല്ലാം സ്വന്തം കുഴിമാടത്തിലേക്കുള്ള നേർക്കുനേർ വഴിയിലാണ് ഞാനെന്നു തീർച്ചപ്പെടുത്താറുണ്ട്. ഒരു മൂലയിൽനിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ആരുടെയൊക്കെയോ കടുത്ത ഭീഷണിയായൊരാളാണ് എന്ന കരുതലോടെയാണ് എന്റെ ഓരോ ചുവടുവെപ്പും.
ഞാൻ ഒരു പോരാളിയല്ല. ഒരിക്കലും തോക്കേന്തിയിട്ടില്ല. ഒരു പോരാട്ടത്തിലും ഏർപ്പെട്ടിട്ടില്ല. ഇസ്രായേലിനോ മറ്റു വല്ലവർക്കുമോ ഞാനൊരു ഭീഷണിയാണെന്നും കരുതുന്നില്ല. ജനങ്ങളുടെ കഥ രേഖപ്പെടുത്തുന്ന വെറുമൊരു എഴുത്തുകാരൻ മാത്രമാണ് ഞാൻ. പക്ഷേ, അതുതന്നെയാണ് എന്റെ അപരാധവും.
ഒരു അധിനിവേശ ശക്തിക്ക്, ഇസ്രായേലിന് ഞാൻ ഒരു പോരാളിയേക്കാൾ ഭീഷണിയാണ്. പോരാളികൾ മരണപ്പെട്ടേക്കാം. അതോടെ അവരുടെ യാത്ര തീർന്നു. എന്നാൽ, ഒരു എഴുത്തുകാരൻ എന്നനിലയിൽ ഞാൻ പറഞ്ഞ കഥകൾ എന്നെന്നും നിലനിൽക്കും. അതെന്റെ ജനതയുടെ ചരിത്രരേഖയാണ്. ചരിത്രത്തെ മറയ്ക്കാനുള്ള മിടുക്കിൽനിന്നാണ് അധിനിവേശം കരുത്തുനേടുന്നത്.
അതിനെതിരെ പ്രതിരോധം തീർത്ത് ഞങ്ങളുടെ ജനതയെക്കുറിച്ച നേരുകൾ നിലനിർത്തി സംരക്ഷിച്ചുപോരുന്ന പണിയാണ് ഞങ്ങളെടുക്കുന്നത്. അധിനിവേശകരാൽ വ്യവസ്ഥാപിതമായി കൂട്ടക്കൊല ചെയ്യപ്പെടുകയാണവർ. അവരുടെ ദേശം മായ്ച്ചുകളയുകയാണ്. കാരണം, ഞങ്ങളുടെ അധിനിവേശകന് ഞങ്ങളുടെ മണ്ണ് വേണം.
ആക്രമണത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിൽ ഞാൻ വാർത്തകൾക്കായി ഫീൽഡിൽ പോയിരുന്നു. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രി പോലെ ഏറ്റവും സുരക്ഷിതമായി പോകാൻ കഴിയുന്ന ഇടങ്ങളിലേക്കാണ് ഞാനിറങ്ങിയത്. യുദ്ധവിമാനങ്ങൾ ആശുപത്രികൾ ഉന്നമിടുമെന്ന് കരുതിയതേയല്ല. എന്നാൽ, ഇപ്പോഴിതാ അതും. ഗസ്സയിൽ ചെയ്യരുതാത്ത കുറ്റകൃത്യങ്ങൾ ഒന്നുമില്ല എന്നു തെളിയിച്ചിരിക്കുന്നു ഇസ്രായേൽ.
ഞാൻ ആശുപത്രിയുടെ അടുത്തുള്ള ഒരു കഫേയിൽ കയറി. ഒരുകൂട്ടം മാധ്യമപ്രവർത്തകർ അവിടെയുണ്ട്. കാരണം, അവിടെ വൈദ്യുതിയും ഇൻറർനെറ്റ് കണക്ഷനും ഉണ്ടായിരുന്നു. അവിടെ കഴിയുന്ന ഓരോ സെക്കൻഡും കാശു കൊടുത്തുവാങ്ങിയ സമയം പോലെയായിരുന്നു.
ഞങ്ങൾക്കറിയാം, ഇസ്രായേലിന് ഗസ്സയെ ലോകത്തുനിന്ന് മുറിച്ചുമാറ്റണം. അവിടത്തെ ജനങ്ങളുടെ ദുരിതവും ഇസ്രായേലിന്റെ അതിക്രമങ്ങളും ലോകത്തിനു കാണിച്ചുകൊടുക്കുന്നവരെ കൊല്ലണം. ഇസ്രായേലിന്റെ ഉന്നമാണ് എന്നറിയാം. എന്നാലും ഞങ്ങൾക്ക് ജോലിചെയ്തേ പറ്റൂ.
ഒരു കവചംപോലെ, PRESS എന്ന് മുദ്രണംചെയ്ത മേൽക്കുപ്പായവും തലമൂടാൻ ഒരു നീല ഹെൽമറ്റും ധരിച്ചാണ് ഞാൻ ഇറങ്ങുക. അതെന്നെ കാത്തുകൊള്ളും എന്ന തോന്നലുമായി. മാധ്യമപ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞാൽ ഇസ്രായേലി മിസൈലുകളിൽനിന്ന് ഒഴിവാകാമെന്നായിരുന്നു ധാരണ.
എന്നാൽ, അതെന്നെ സംരക്ഷിക്കില്ല. സഹപ്രവർത്തകർ ദിനേന കൊലചെയ്യപ്പെടുന്നു. ഇസ്രായേലി വ്യോമാക്രമണം കഴിഞ്ഞയാഴ്ച 10 ജേണലിസ്റ്റുകളുടെ ജീവനെടുത്തു. ഡസൻ കണക്കിന് ആളുകൾക്ക് ഗുരുതര പരിക്കേറ്റു.
ഓരോ വട്ടം വാർത്ത കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നതുപോലുള്ള ഞെട്ടലാണുളവാകുക. ഓരോ തവണ പുറത്തുപോകുമ്പോഴും അതെന്റെ അവസാനത്തെ ചുവടായിരിക്കും എന്നുതോന്നും. ദൈവസഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കും. എന്റെ കാര്യത്തിനല്ല, ഒമ്പത് മാസം മാത്രം പ്രായമുള്ള എന്റെ മകനുവേണ്ടി. അവൻ പിതാവില്ലാതെ വളരരുതേ എന്നാണ് തേട്ടം. എന്റെ ദുരിതം ഞാൻ അനുഭവിച്ചോളാം. എന്നാൽ, അവൻ കഷ്ടപ്പെടുന്നത് എനിക്ക് താങ്ങാനാവില്ല.
വീടു വിട്ടിറങ്ങുമ്പോൾ, PRESS എന്നെഴുതിയ മേൽക്കുപ്പായം എടുത്തണിയുമ്പോൾ, ഒരു ഇരയാണ് പോകുന്നത് എന്നമട്ടിലാണ് വീട്ടുകാരുടെ നോട്ടം. ഭാര്യ പിഞ്ചുമോനെയെടുത്ത് എന്റെയരികിൽ വരും. അതെന്തിനാണെന്ന് എനിക്ക് നന്നായറിയാം.
ജോലിക്കായി പുറത്തിറങ്ങാനുള്ള തീരുമാനം ഞാൻ പുനഃപരിശോധിക്കണം, അവരുടെ കൂടെ വീട്ടിൽ നിൽക്കണം. കുഴഞ്ഞുപോകും മുമ്പ്, അവരുടെ മുന്നിൽ കണ്ണുനീർ ഉറ്റിവീഴുംമുമ്പ് ഞാൻ ബൈ പറയും. അവർക്കു കരുത്തോടെ നിൽക്കുന്ന എന്നെയാണല്ലോ ആവശ്യം. അതെന്റെ അവസാനത്തെ സലാം പറച്ചിലാകാം; അവസാനത്തെ ആശ്ലേഷവും.
ഈ ദിനങ്ങളിൽ ഗസ്സയിൽ ഒരു മാധ്യമപ്രവർത്തകന്റെ ജോലിയിൽ ഞാൻ നേരിടുന്ന വെല്ലുവിളി ഇതു മാത്രമല്ല, മരണം നിഴൽപോലെ പിറകെയുണ്ട്. എന്നാൽ, ഓരോ നാളും കാണുന്ന ഹൃദയഭേദകമായ കാഴ്ചകൾക്കു മുന്നിൽ പതറാതിരിക്കുക, അതിജീവിതരുടെ കഥകൾക്കു മുന്നിൽ കണ്ണീരണിയാതെ നിൽക്കുക -അതാണ് ഏറ്റവും വിഷമകരം.
ജീവാപായമില്ലാതെ രക്ഷപ്പെട്ടവർ വാസ്തവത്തിൽ അതിജീവിച്ചു എന്നു പറഞ്ഞുകൂടാ. കുടുംബം മുഴുവൻ കൊല്ലപ്പെടുകയോ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുകയോ ചെയ്താൽ പിന്നെ അവർക്ക് എന്ത് അതിജീവനമാണ്!
ഗസ്സയിൽ വീട്ടിൽ ഇരിക്കുന്നതും സുരക്ഷിതമല്ല. ഫീൽഡിൽ ജോലിയുമായി പോകുന്നവർ ജീവൻ കൈയിൽപിടിച്ചാണ് നീങ്ങുന്നത്. എന്നെപ്പോലുള്ളവർക്ക് കൊല്ലപ്പെട്ടാലും പ്രശ്നമില്ല. സ്വന്തം ജനതയുടെ ദുരിതപ്പാടുകളുടെ സന്ദേശവാഹകരാണല്ലോ ഞങ്ങൾ. എന്റെ ശബ്ദം കേൾക്കുന്നുണ്ടെന്നത് കൂടുതൽ ഊർജം പകരുന്നു. ‘മോണ്ടോ വീസി’ലെ സഹപ്രവർത്തകരാണ് എന്റെ ശബ്ദം ലോകത്തെത്തിക്കുന്നത്.
ഇന്നു ഞാൻ നിങ്ങൾക്ക് വാർത്ത നൽകുന്നു. നാളെ ഞാനാവാം വാർത്ത. വരുംദിനങ്ങളിൽ മറ്റൊരു സ്റ്റോറി നൽകാൻ എനിക്കാവുമോ എന്നു തീർച്ചയില്ല. ഞാൻ അതിജീവിക്കും എന്നുരുറപ്പുമില്ല. അമേരിക്കയുടെയും യൂറോപ്യൻ രാഷ്ട്രങ്ങളുടെയും കൂടെ ഇസ്രായേൽ ഗസ്സ ചീന്തിനെ തുടച്ചുനീക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഒരിക്കൽ കൂടി ഞങ്ങളെ അഭയാർഥികളായി തെണ്ടിക്കണമവർക്ക്. ഞങ്ങൾക്ക് ആതിഥ്യം നൽകാൻ ഈജിപ്തിനുമേൽ സമ്മർദംചെലുത്തുകയാണ്. എന്നാൽ, നിർമൂലനം ചെയ്യപ്പെട്ടാലും സ്വന്തം മണ്ണിലും വീട്ടിലും നിൽക്കാൻതന്നെയാണ് ഗസ്സയിലെ ഭൂരിഭാഗവും തീരുമാനിച്ചിരിക്കുന്നത്.
എന്റെ ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോർക്കുക: ലോകത്തെ വൻശക്തി രാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച് അവർ പറയുന്നത് വിശ്വസിക്കരുത്. അവർക്ക് തരിമ്പും മനുഷ്യത്വമില്ല.
കഴിഞ്ഞ 17 വർഷമായി ഞങ്ങൾ അവരോട് കേണുപറയുന്നു, ഈ ഉപരോധമൊന്ന് നീക്കിത്തരാൻ. അവർ അത് ശ്രദ്ധിച്ചതേയില്ല. എന്നിട്ടിപ്പോൾ അവർ ഞങ്ങളെ കൊല്ലാൻ തിരക്കുകൂട്ടുകയാണ്.
എന്റെ സ്റ്റോറികൾ ലൈവ് ആക്കി നിർത്തുമ്പോൾ നിങ്ങൾ എന്നെ ജീവിപ്പിക്കുകയാണ്. ഓർക്കുക: ഞാനും ഒരു സാധാരണ ജീവിതം കൊതിച്ചിരുന്നു. എന്റെ കുട്ടികളുടെ കളിചിരികളും ഭാര്യ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ സുഗന്ധവുമുള്ള ഒരു കൊച്ചുവീട് ഞാൻ ആറ്റുനോറ്റിരുന്നു. ആ ഇത്തിരി സ്വപ്നമാണ് മാനവികതയുടെ രക്ഷകരായി വേഷംകെട്ടുന്ന ലോകം ഞെരിച്ചുകൊല്ലാൻ ഒത്തുചേരുന്നത്.
എന്നെ ഓർക്കുക, നിവൃത്തിയില്ലാതെ നിർബന്ധിതമായി ഈ ലോകത്തുനിന്ന് വിടപറയാൻ തയാറെടുത്തുനിൽക്കുന്ന ഞാൻ പോകുന്നത് മെച്ചപ്പെട്ട ഒരു ലോകത്തേക്കാണ്-അമേരിക്കയും ഇസ്രായേലും നിലനിൽക്കാത്ത ഒരു ലോകത്തേക്ക്.
(ഫലസ്തീൻ റൈറ്റേഴ്സ് യൂനിയൻ അംഗവും അമേരിക്കയിലെ ‘മോണ്ട് വെയ്സ്’ ഓൺലൈൻ പത്രത്തിലെ മാധ്യമപ്രവർത്തകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.