ബി.ജെ.പിയുടെ ബി ടീം ആണ് ആം ആദ്മി പാർട്ടിയെന്ന് കുറേക്കാലമായി കോൺഗ്രസ് ആരോപിച്ചുവരുന്നുണ്ട്. രണ്ട് പാർട്ടികളും നേരിൽ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ആപ് മത്സരിക്കുന്നതിനെചൊല്ലിയാണ് ഈ വാദം ഉയരാറ്. അത് ഒരു കടന്ന പ്രയോഗമായിരിക്കാം. ആ പാർട്ടി ഒരു സാധ്യത മുതലെടുത്ത് മത്സരത്തിനിറങ്ങുന്നതാവും. എന്നാൽ, അതിദേശീയതക്കും മതപരമായ സ്വത്വത്തിനും അമിത പ്രാധാന്യം നൽകി ഭിന്നിപ്പിക്കൽ അജണ്ടയുമായി മറ്റൊരു വശത്ത് ആപ് ഇപ്പോൾ ബി.ജെ.പിയുടെ രീതിയിൽ തന്നെ മുന്നോട്ടുപോകാൻ തുടങ്ങിയിരിക്കുന്നു.
പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ 2020ൽ, താൻ ഹനുമാൻ ഭക്തനാണെന്ന് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൃദുഹിന്ദുത്വത്തിലേക്ക് ചായുന്നുവെന്ന ആരോപണം ഉയർന്നപ്പോഴായിരുന്നു ഈ നീക്കം.
അതിൽപിന്നെ അദ്ദേഹം ഡൽഹിയിലെ സ്കൂളുകളിൽ പ്രത്യേക ദേശഭക്തി ക്ലാസുകൾ തുടങ്ങി, കേന്ദ്രത്തിന്റെ നയങ്ങളെ തുറന്നെതിർക്കുന്നത് നിർത്തി, പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി നിവാസികൾ നടത്തിയ സമരത്തെ പിന്തുണക്കാനും നിന്നില്ല. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെക്കുറിച്ച് ചോദിക്കവേ ഈയിടെ അദ്ദേഹം തിരക്കിട്ട് ഇറങ്ങിപ്പോയ സംഭവവുമുണ്ടായി.
തന്റെയോ പാർട്ടിയുടെയോ ഹിന്ദു പ്രാമാണികത പ്രദർശിപ്പിക്കുന്നതിൽ ഒതുങ്ങുന്നില്ല കെജ്രിവാൾ. അയോധ്യയിൽ നിർമാണം ആരംഭിച്ച ശ്രീരാമ ക്ഷേത്രത്തിന്റെ താൽക്കാലിക മാതൃക ഡൽഹി സർക്കാർ തന്നെ സജ്ജമാക്കി- കെജ്രിവാളും മന്ത്രിസഭാംഗങ്ങളും കുടുംബങ്ങളും ചേർന്ന് ദീപാവലി നാളിൽ പൂജ നടത്താൻ വേണ്ടി. സർക്കാർ ഇത്തരത്തിൽ ചെയ്തുകൂടെന്നും ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹത്തിന് അറിയും. പക്ഷേ, അതൊന്നും ഗൗനിക്കുന്നില്ലെന്ന് മാത്രം.
ഡൽഹിയിൽനിന്ന് ഗോവയിലേക്ക്
പാർട്ടി ഒരു കടന്നുകയറ്റം ആഗ്രഹിക്കുന്ന ഗോവയിൽ അതിലേറെ വലിയ കളിയാണ് ഒരുങ്ങുന്നത്. തങ്ങളുടെ പാർട്ടി അധികാരത്തിലെത്തിയാൽ ഗോവക്കാർക്ക് അവരുടെ മതതീർഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ ദർശനത്തിന് കൊണ്ടുപോകുന്ന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കെജ്രിവാൾ. എന്തുകൊണ്ട് പാർസികളെയും ബുദ്ധ മതക്കാരെയും അവിശ്വാസികളെയും പരിഗണിക്കുന്നില്ല എന്നെല്ലാം ചോദിച്ച് ഉടൻ കുറെ ട്രോളുകൾ ഇറങ്ങി. പക്ഷേ, ചിരിച്ച് തള്ളേണ്ട ഒരു കാര്യമല്ല അത്.
ഭരണഘടന പൗരജനങ്ങൾക്ക് വിഭാവനം ചെയ്യുന്ന തുല്യാവകാശത്തിനുമേൽ മതസ്വത്വത്തെ പ്രതിഷ്ഠിക്കുന്ന പിന്തിരിപ്പനും ചിദ്രത സൃഷ്ടിക്കുന്നതുമായ ഒരു നീക്കമാണത്-സംഘ് പരിവാറും ബി.ജെ.പിയും വർഷങ്ങളായി പയറ്റിവരുന്ന അതേ നയം.
ഒരു ഇന്ത്യക്കാരൻ ഹിന്ദുവോ മുസ്ലിമോ ക്രൈസ്തവനോ സിഖോ ആകുന്നതിനു മുമ്പ് ഒരു ഇന്ത്യക്കാരനാണ്. വൈവിധ്യമാണീ നാടിന്റെ കരുത്ത്. എന്നാൽ, ഇത്തരം നടപടികൾ അതിനെ തളർത്തുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യും. അത്തരം ധ്രുവീകരണത്തിന്റെ വിനാശകരമായ ഫലങ്ങൾ വിഭജനകാലത്ത് രാഷ്ട്രം ഒരുപാട് അനുഭവിച്ചതാണ്. രാഷ്ട്രീയക്കാർ വിതച്ച വൈരത്തിന്റ വിത്ത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ നശിപ്പിച്ചു. വർഷങ്ങൾ വേണ്ടിവന്നു നമുക്ക് സാധാരണനില കൈവരിക്കാൻ. ജവഹർലാൽ നെഹ്റുവും മറ്റു നേതാക്കളും അതിനായി കഠിനയത്നം തന്നെ നടത്തി.
നമ്മുടെ രാജ്യത്തെ നിലവിലെ ഭരണകൂടം പ്രഖ്യാപനത്തിലും നിലപാടുകളിലും വിഭാഗീയത മുന്നോട്ടുവെക്കുകയാണ്. ദശലക്ഷക്കണക്കിന് മുസ്ലിംകളെ പൗരത്വത്തിൽ നിന്ന് അകറ്റിനിർത്താനുള്ള തെറ്റായ നീക്കമായിരുന്നില്ലേ പൗരത്വ നിയമ ഭേദഗതി. ഇതുപോലൊരു സാഹചര്യത്തിൽ മതനിരപേക്ഷ നയങ്ങൾ മുന്നോട്ടുവെക്കുക എന്നത് പ്രതിപക്ഷ പാർട്ടികളിൽ അർപ്പിതമായ വലിയ ഉത്തരവാദിത്തമാണ്. ദൗർഭാഗ്യവശാൽ ചുരുക്കം ചിലർ മാത്രമേ അത് നിർവഹിക്കുന്നുള്ളു. പലരും ഭൂരിപക്ഷ പ്രീണനത്തിന്റെ വലയിൽ കുരുങ്ങുന്നത് മുസ്ലിംകളാദി ന്യൂനപക്ഷങ്ങളെ പേടിയിലാഴ്ത്തുന്നുണ്ട്.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുസ്ലിംകൾക്കെതിരെ ഉഗ്രപ്രവൃത്തികളാണ് ചെയ്തുകൂട്ടുന്നത്. അത് അനുയായികൾക്ക് ഇഷ്ടപ്പെടുന്നുമുണ്ട്. കേവലം തെരഞ്ഞെടുപ്പ് ജയത്തിനുവേണ്ടി മാത്രം ചെയ്തുകൂട്ടുന്നതല്ല അതൊന്നും, അത് ആ സർക്കാരിന്റെ നയം തന്നെയാണ്. അവർ വീണ്ടും അധികാരമേറിയാൽ എന്തൊക്ക അനിഷ്ടങ്ങൾ സംഭവിച്ചില്ല എന്നു മാത്രമേ ചോദിക്കേണ്ടി വരൂ.
ഹിന്ദുക്കളും ക്രൈസ്തവരും മറ്റു മതവിഭാഗങ്ങളും ഒത്തൊരുമയോടെ കഴിയുന്ന ഗോവ താരതമ്യേന സമാധാനകരമായ നാടാണ്. ഗോവക്കാർ എന്ന ബോധ്യത്തിൽ ഒന്നാണവർ. എല്ലാ സമുദായങ്ങളുടെയും സമ്മിശ്രമാണ് അവിടത്തെ ഗ്രാമങ്ങൾ. ഉത്സവങ്ങൾ അവർ ഒരുമിച്ച് കൊണ്ടാടുന്നു. അവരുടെ ജീവിതത്തിൽ തൃപ്തരും തങ്ങളുടെ ആഘോഷ വേളകൾ ടൂറിസ്റ്റുകളുടെ കടന്നുകയറ്റംമൂലം അലങ്കോലപ്പെടുന്നതിൽ ആകുലരുമാണവർ. പിന്നെ പിന്നെ അക്രമോത്സുക ഹിന്ദുത്വം അവിടെ വെളിപ്പെടാൻ തുടങ്ങി.
ബി.ജെ.പി ആദ്യമൊക്കെ അൽപം ശ്രമിച്ചിരുന്നു; അവിടേക്ക് ബീഫ് കൊണ്ടുവരുന്നത് അനുവദിക്കുകപോലും ചെയ്തിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി കാര്യങ്ങൾ മാറിമറിയുന്നു. അത്തരം ഒരു സാഹചര്യത്തിൽ മറ്റു പാർട്ടികൾ ജാഗ്രത പുലർത്തേണ്ട സ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ വർഗീയത ഇളക്കിവിടാനാണ് നോക്കുന്നത്.
ഓട്ടോ തൊഴിലാളികൾ മുതൽ ഉപരിവർഗ ലിബറലുകൾ വരെയുള്ള സമൂഹത്തിന്റെ നാനാകോണുകളിൽനിന്ന് പിന്തുണ കൈക്കലാക്കിയാണ് കെജ്രിവാൾ അധികാരം നേടിയത്. അഴിമതിവിരുദ്ധ നിലപാടുകൾക്കും ജനക്ഷേമ നയങ്ങൾക്കുമുള്ള ജനസമ്മിതിയായിരുന്നു ലഭിച്ചത്. ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ ഫലപ്പെടുകയും ജനങ്ങൾ അദ്ദേഹത്തെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു. അന്നൊന്നും ഹിന്ദുത്വത്തെയോ വലതു പക്ഷത്തിന്റെ അതിദേശീയതാ നയങ്ങളെയോ തരിമ്പ് പിന്താങ്ങുന്ന ലാഞ്ചനപോലും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കരണംമറിച്ചിലുകൾ അവിശ്വസനീയം മാത്രമല്ല ഞെട്ടിക്കുന്നത് തന്നെയാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹം തെറ്റുപറ്റാത്ത നേതാവാണ്. ഇപ്പോളീ ചെയ്തുകൂട്ടുന്നതുപോലും ബി.ജെ.പിയെ തോൽപിക്കാനുള്ള അടവാണെന്ന് വാദിച്ചുകളയുമവർ.
ആപ് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു ട്രോജൻ കുതിരയാണെന്ന ആരോപണം ശരിയെന്നുതോന്നുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതൊന്നും വെറും തെരഞ്ഞെടുപ്പ് തന്ത്രം അല്ല, മറിച്ച് നയങ്ങളുടെ ചമഞ്ഞൊരുക്ക മാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ അത് വെളിപ്പെടുകയും ചെയ്യും. ഗോവയിലെ കളികൾ വിജയിക്കുമോ എന്ന് പറയാറായിട്ടില്ല. പക്ഷേ, കെജ്രിവാളും പാർട്ടിയും നിലകൊള്ളുന്നത് എന്തിനുവേണ്ടിയാണ് എന്നതിന്റെ രൂപം വ്യക്തമായിക്കഴിഞ്ഞു. അദ്ദേഹം ബി.ജെ.പിയുടെയും പരിവാറിന്റെയും സഹയാത്രികൻ ആയിക്കഴിഞ്ഞിരിക്കുന്നു. ഹിന്ദുത്വമാണ് ഇപ്പോൾ അവരുടെ മുഖമുദ്ര. അല്ല എന്നുണ്ടെങ്കിൽ മുന്നോട്ടുവന്ന് താൻ വർഗീയതക്കെതിരാണ് എന്ന് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കട്ടെ.
(കടപ്പാട്: ദ ഇന്ത്യ കേബിൾ, ദ വയർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.