സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധരിൽ നല്ലപങ്കും കേരള ‘വികസന മാതൃക’യുടെ വാഴ്ത്തുപാട്ടുകാരാണ്. പാർശ്വവത്കരിക്കപ്പെട്ട ദലിത്-ആദിവാസി ജീവിതത്തെക്കുറിച്ച് പഠനം നടത്തുന്ന ചിലർ മാത്രമാണ് ഇത് ആരുടെ മാതൃകയെന്ന് ചോദ്യമുയർത്തുന്നത്. പൊതുവിൽ അക്കാദമിക പണ്ഡിതന്മാർ ഉയർത്തിപ്പിടിക്കുന്ന കേരള വികസന മാതൃകക്കെതിരെയാണ് സാമ്പത്തിക കാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യൻ. യു.ഡി.എഫ്- എൽ.ഡി.എഫ് മുന്നണികളുടെ സഹയാത്രികനല്ലാത്തതിനാൽ ബോധപൂർവം ചിലർ ജോസ് സെബാസ്റ്റ്യെൻറ വാദങ്ങളെ അവഗണിക്കാനും ശ്രമിക്കുന്നു.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉയർത്തുന്ന കണക്കുകളെ ചോദ്യംചെയ്യുകയാണ് അദ്ദേഹം. സ്വന്തം കണ്ടെത്തലുകൾ മുഴുവൻ ശരിയാണെന്ന് ജോസ് സെബാസ്റ്റ്യൻ വാദിക്കുന്നില്ല. എന്നാൽ കേരളം തെൻറ കണ്ടെത്തലുകൾകൂടി സംവാദത്തിന് വിഷയമാക്കണമെന്നാണ് അഭിപ്രായം. പൊതുവിഭവങ്ങളുടെ നീതിരഹിതമായ വിതരണത്തെയാണ് േജാസ് സെബാസ്റ്റ്യൻ തുറന്നുകാട്ടുന്നത്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
‘കേരള മോഡൽ’ എന്ന അടിസ്ഥാനധാരണക്കെതിരെയാണോ താങ്കൾ വിമർശനം ഉന്നയിക്കുന്നത്. പൊതുവിഭവ സമാഹരണത്തിൽ കേരളം കഴിഞ്ഞ അമ്പതു വർഷമായി പിന്നിലാണെന്ന് വിലയിരുത്തിയത് എന്ത് അടിസ്ഥാനത്തിലാണ്?
കേരള മോഡൽ ഒരു വലിയ വികസന മാതൃകയാണെന്ന് പൊതുവേ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പൊതുവിഭവ സമാഹരണത്തിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ആരും പറയുന്നില്ല. വെറും നാല് ഇനങ്ങളിൽ മാത്രമാണ് കേരളത്തിൻെറ വിഭവസമാഹരണം നടക്കുന്നത് -പെട്രോൾ, മദ്യം, ലോട്ടറി, മോട്ടോർ വെഹിക്കിൾ. ഈ നാല് ഇനങ്ങളിൽനിന്നാണ് 59 (58.7) ശതമാനം തനത് വരുമാനം. അതിൽതന്നെ 35 ശതമാനം ഭാഗ്യക്കുറിയിൽനിന്നാണ്. 1970-71ൽ മദ്യവും ഭാഗ്യക്കുറിയും മൊത്തം തനതു വരുമാനത്തിൻെറ 14.77 ശതമാനം സംഭാവന ചെയ്തു.
2000-01 ആകുമ്പോഴേക്കും ഇത് 24.31 ശതമാനം ആയി വർധിച്ചു. 2016-17 ആകുമ്പോഴേക്കും 34.46 ശതമാനം ആയി വർധിച്ചു. ഇത് സൂചിപ്പിക്കുന്നത് കേരളത്തിൽ പൊതുവിഭവ സമാഹരണത്തിൻെറ ഭാരംകൂടിയത് പുറമ്പോക്കിൽ താമസിക്കുന്നവരിലും പാവപ്പെട്ടവരിലുമാണെന്നാണ്. 1970കൾക്കു ശേഷം മധ്യവർഗത്തിൽനിന്നും സമ്പന്നവർഗത്തിൽനിന്നും നികുതിയുടെ ഭാരം പതുക്കെ പുറമ്പോക്കിൽ കിടക്കുന്നവരുടെയും പാവപ്പെട്ടവരുടെയും ചുമലിലേക്ക് മാറ്റിവെച്ചു.
പാവപ്പെട്ടവരുടെ മേൽ അമിതമായ ഭാരം കെട്ടിവെക്കുന്നത് ക്രമേണ സംഭവിച്ചതാണ്. വിവിധ വരുമാനതലത്തിലുള്ളവരുടെ നികുതിഭാരം ശാസ്ത്രീയമായി താരതമ്യപ്പെടുത്തിയാൽ താഴ്ന്ന വരുമാനക്കാരുടെ മേലുള്ള നികുതിഭാരം ഒരുപക്ഷേ, മറ്റു വിഭാഗങ്ങളെക്കാളും കൂടുതലാണെന്ന് തെളിയും. സാമ്പ്രദായിക അക്കാദമിക പഠനങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടില്ല.
അത് ബോധപൂർവം സംഭവിച്ചതാണോ?
അങ്ങനെ പറയാനാവില്ല. നികുതി വിലയിരുത്തുന്ന രീതിശാസ്ത്രത്തിൽ മാറ്റം വരുത്തണം. നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്ക് ഇക്കാര്യത്തിൽ രീതിശാസ്ത്രപരമായ പിഴവാണ് സംഭവിച്ചത്. ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി എന്ന സ്ഥാപനമാണ് അതിനു തുടക്കമിട്ടത്. ഇന്ത്യയിലെ വളരെ പ്രസിദ്ധരായ സാമ്പത്തിക ശാസ്ത്രജ്ഞരുള്ള സ്ഥാപനമാണിത്.
അവർ സംസ്ഥാനങ്ങളെ താരതമ്യപഠനം നടത്തിയപ്പോൾ കേരളത്തിെൻറ കാര്യത്തിൽ ചില പിഴവുകൾ സംഭവിച്ചു. വൻതോതിൽ പുറംവരുമാനം വരുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോഴത്തെ കണക്ക് പരിശോധിച്ചാൽ ഏതാണ്ട് 33 ശതമാനംവരെ പുറംവരുമാനമാണ്. എന്നാൽ, ഇത് നമ്മുടെ ആഭ്യന്തര വരുമാനത്തിൽ കൃത്യമായി പ്രതിഫലിക്കുന്നില്ല. ജി.എസ്.ടി.പി എന്ന് പറയുന്നത് സംസ്ഥാനത്തിനകത്ത് ഉണ്ടാകുന്ന വരുമാനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സങ്കൽപമാണ്. അതിൽ വൻതോതിൽ പുറം വരുമാനം വരുന്ന സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള ശേഷി കേരളത്തിൽ ഉണ്ടായില്ല. കേരളത്തിെൻറ ആളോഹരി വരുമാനം മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നിൽ ആയിരിക്കുമ്പോഴും ആളോഹരി ഉപഭോഗത്തിെൻറ കാര്യത്തിൽ കേരളം മുന്നിലാണ്.
1972 -73 കാലത്ത് ആളോഹരി ഉപഭോഗത്തിൽ കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1983 ആയപ്പോൾ കേരളം മൂന്നാംസ്ഥാനത്തേക്ക് എത്തി. 1999 -2000 മുതൽ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. അവസാനം നടന്ന നാഷനൽ സാമ്പിൾ സർവേയും ഇക്കാര്യം ശരിവെക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യേതര വസ്തുക്കളുടെ ഉപഭോഗമാണ് കേരളത്തിൽ ഗണ്യമായി വർധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ നികുതി പിരിക്കുന്നതിൽ സംസ്ഥാനങ്ങളുടെ ശേഷി വളരെ കുറവാണ്. കേരളം ആഡംബര വസ്തുക്കൾ വിറ്റഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായി. അതിനാൽ വലിയതോതിൽ നികുതി പിരിക്കാനുള്ള സാധ്യതയുണ്ട്. കേരളം അത് പ്രയോജനപ്പെടുത്തിയില്ല. സാമ്പത്തിക ശാസ്ത്രജ്ഞർ ഇക്കാര്യം ചൂണ്ടിക്കാണിച്ചില്ല.
അതേസമയം ഇക്കാലത്ത് നടന്ന പഠനങ്ങളിൽ നികുതിപിരിവിൽ കേരളം മുന്നിലാണെന്നും നികുതിപിരിവിൽ കേരളത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് പഠനങ്ങൾ ആവർത്തിച്ചു. നികുതിപിരിവിൽ മുന്നിലാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി എന്തുകൊണ്ട് വന്നുവെന്നതിന് ഇവർ ഉത്തരം പറയണം. അതേസമയം കേന്ദ്ര അവഗണനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉരുവിട്ടുകൊണ്ടിരുന്നു. സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് വൻതോതിൽ മുതൽമുടക്ക് (ആരോഗ്യം, വിദ്യാഭ്യാസത്തിലും) നടത്തിയതിനാലാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നും പ്രചരിപ്പിച്ചു. അതിനാൽ കേന്ദ്രം സഹായിക്കണമെന്ന് ഒരു കൂട്ടർ പറഞ്ഞു. എൺപതുകളിൽ പറഞ്ഞതാകട്ടെ കേരളം സേവന അധിഷ്ഠിത സംസ്ഥാനമാണെന്നാണ്.
സേവനമേഖലക്ക് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലാത്തതിനാലാണ് പ്രതിസന്ധി നേരിടുന്നതെന്നും സൂചിപ്പിച്ചു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയക്കാരെ സംബന്ധിച്ചുള്ള കേന്ദ്രവിരുദ്ധം എന്നത് എല്ലാകാലത്തും ഉയർത്താൻ പറ്റിയ മുദ്രാവാക്യമായി. യഥാർഥത്തിൽ സംഭവിച്ചത് പൊതുവിഭവ സമാഹരണത്തിൽ കേരളം അമ്പേ പരാജയപ്പെട്ടുവെന്നതാണ്. ഇത് മനസ്സിലാക്കാൻ സ്ഥിതിവിവര കണക്ക് പരിശോധിച്ചാൽ മതി. 1957- 58 മുതൽ 67- 68 വരെയുള്ള 10 വർഷം പൊതുവിഭവത്തിൽ കേരളത്തിെൻറ ഓഹരി 4.45 ശതമാനമായിരുന്നു. 2007-08 മുതൽ 2017-18 വരെ 10 വർഷം എടുത്താൽ കേരളത്തിെൻറ ഓഹരി 4.51 ശതമാനമാണ്. ഉപഭോഗത്തിൽ കേരളം എട്ടാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യ ആകമാനം സമാഹരിക്കുന്ന പൊതുവിഭവത്തിൽ ചെറുവർധന മാത്രം. ഗൾഫ് പണത്തിെൻറ ഒഴുക്കുമൂലം എഴുപതുകളുടെ മധ്യംമുതൽ നികുതി നൽകാനുള്ള ശേഷിയുടെ കാര്യത്തിൽ കേരളം വൻകുതിപ്പ് നടത്തി. പക്ഷേ ഇന്ത്യൻ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന മൊത്തം പൊതുവിഭവത്തിൽ കേരളത്തിെൻറ ഓഹരി ഉയർന്നത് ചെറിയ 0.06 ശതമാനം മാത്രം.
ഇതിന് കാരണം എന്തായിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന തട്ടിപ്പാണോ? ഇക്കാര്യം ഡോ. എം. കുഞ്ഞാമനും ചൂണ്ടിക്കാണിച്ചിരുന്നില്ലേ?
അതും ഉണ്ടാവാം. കേരളം നികുതിപിരിവിൽ മുന്നിലാണ് എന്ന് ഉദ്യോഗസ്ഥതലത്തിൽ വലിയ പ്രചാരണം എത്തിച്ചു. ദേശീയ അടിസ്ഥാനത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളും ഇതു പറഞ്ഞു. നികുതിപിരിവ് ഇവിടെ കാര്യക്ഷമമല്ലാതായി. എൽ.ഡി.എഫ്- യു.ഡി.എഫ് കാലത്ത് ഇതുതന്നെ സംഭവിച്ചു. മുന്നണികൾ ഇക്കാര്യത്തിൽ വ്യത്യസ്തതയില്ല. ഇത് ശാസ്ത്രീയമായ പഠനത്തിൻെറ അടിസ്ഥാനത്തിലാണ് പറയുന്നത്. അഴിമതിയെക്കാളേറെ ‘നനഞ്ഞിടം കുഴിക്കുക’ എന്ന സമീപനമാണ് കേരളം സ്വീകരിച്ചത്. മദ്യത്തിൽനിന്നും പെട്രോളിൽനിന്നും എളുപ്പം നികുതി പിരിക്കാമെന്ന് കണ്ടെത്തി. 1960-61ൽ മദ്യത്തിൻെറ നികുതി 25 ശതമാനമായിരുന്നു. അത് സർക്കാർ പതുക്കെ പതുക്കെ 50 ആയി വർധിപ്പിച്ചു.
ഇന്നിപ്പോൾ 210 ശതമാനമായി. മൊത്തത്തിൽ നികുതിവരുമാനം വർധിച്ചു. എന്നാൽ, വർധിച്ചത് മദ്യനികുതിയാണ്. അതുപോലെ പെട്രോളിയത്തിലും നികുതി വെട്ടിപ്പ് നടക്കില്ല. മോട്ടോർ വെഹിക്കിൾ രജിസ്റ്റർ ചെയ്യേണ്ടതിനാൽ അവിടെയും നികുതിവെട്ടിപ്പ് നടക്കില്ല. ഭാഗ്യക്കുറി സംസ്ഥാനം നേരിട്ട് നടത്തുന്നതുമാണ്. മറ്റ് മേഖലകളിലെല്ലാം വൻതോതിൽ നികുതിവെട്ടിപ്പ് നടന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പുള്ള സംസ്ഥാനം കേരളമാണ്. അതിൽ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും പങ്കുണ്ട്.
ഇതിനെയൊക്കെ സഹായിച്ചത് ഇവിടത്തെ അക്കാദമിക് പണ്ഡിതന്മാരുടെ തെറ്റായ നിഗമനങ്ങളാണ്. യഥാർഥത്തിൽ കേരളത്തിൽനിന്ന് കൺസൽട്ടൻസി വഴി കോടിക്കണക്കിന് രൂപ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി എന്ന സ്ഥാപനം കൊണ്ടുപോയി. അവർക്കെതിരെ ഏതെങ്കിലും ഒരു പൗരൻ കേസ് കൊടുക്കേണ്ടതാണ്. അവരാണ് കേരളം നികുതിപിരിവിൽ മുന്നിലാണെന്ന് ആവർത്തിച്ചു പറഞ്ഞത്. നികുതി പിരിക്കാതെ കടമെടുക്കുന്നതിന് വഴി തെളിച്ചത് ഇവരുടെ പഠന റിപ്പോർട്ടുകളാണ്.
സംസ്ഥാനം നിരന്തരം കടമെടുക്കുന്നതിന് കാരണം ഇതാണോ?
അതെ. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കടമെടുക്കാതെ മറ്റു മാർഗമില്ലെന്ന് രാഷ്ട്രീയക്കാരും പറഞ്ഞു. അങ്ങനെയാണ് നമ്മൾ കടക്കെണിയിൽ അകപ്പെട്ടു തുടങ്ങിയത്. നികുതി പിരിച്ച് ചെലവ് നടത്താൻ കഴിയുന്നില്ല എന്ന അവസ്ഥയുണ്ടായപ്പോഴാണ് കടം വാങ്ങാൻ തുടങ്ങിയത്.
എല്ലാവരും പറഞ്ഞത് കടമെടുക്കാതെ മറ്റ് മാർഗമില്ല. ഈ അനുമാനത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എത്തി. പൊതുസമൂഹത്തിൽനിന്ന് ആരും ഇതിനെ ചോദ്യംചെയ്തില്ല. 1983- 84 മുതൽ കടംവാങ്ങിത്തുടങ്ങി.
ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായിക് അടക്കമുള്ളവർ ഇതിനെ പിന്തുണക്കുകയായിരുന്നോ ?
നികുതിഭാരം ഏറെയുള്ള സംസ്ഥാനമാണ് കേരളം എന്നാണ് ഇടതുപക്ഷത്തിൻെറ പൊതുവിലയിരുത്തൽ. ഇവർ പെർകാപിറ്റ ടാക്സ് എടുത്ത് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യും. അത് കൂടുതലാണ്. പക്ഷേ നമ്മുടെ ആവശ്യങ്ങളും കൂടുതലാണ്. കേരളത്തിൻെറ പെർകാപിറ്റ ചെലവും കൂടുതലാണ്. കേരളീയരുടെ ജീവിതനിലവാരത്തിലും മുന്നിലാണ്. നമുക്ക് ഇത് നിലനിർത്തണമെങ്കിൽ പൊതുവിഭവങ്ങൾ കൂടുതൽ സമാഹരിക്കേണ്ടതുണ്ടെന്ന സത്യം അക്കാദമിക് പണ്ഡിതർ പറയുന്നില്ല.
പ്രഭാത് പട്നായിക് അടക്കമുള്ള ഇടതുപക്ഷ ചിന്തകർ കേന്ദ്രവിരുദ്ധ മനോഭാവത്തിലാണ്. അവരെല്ലാം കേന്ദ്രത്തിൽനിന്ന് എല്ലാം കിട്ടണമെന്നാണ് വാദിച്ചത്. സംസ്ഥാനത്തിന് വിഭവസമാഹരണത്തിൽ വലിയ പരിമിതികളുണ്ടെന്നായിരുന്നു അവരുടെ പ്രധാന വാദം. അത് ഭാഗികമായി ശരിയാണ്.
ചരക്ക് സേവന നികുതി (ജി.എസ്.ടി) കേരളത്തിന് വലിയ ഗുണം ചെയ്യും എന്ന് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചപ്പോൾ ‘‘അത് ഒറ്റമൂലിയല്ല; കേരളത്തിനു വലിയ നേട്ടമില്ലെന്ന് പറയാൻ’’ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു? ജി.എസ്.ടി നടപ്പാക്കുന്നതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകളിൽനിന്ന് കരകയറാമെന്ന കേരളത്തിെൻറ പ്രതീക്ഷ അസ്ഥാനത്താണെന്നും താങ്കൾ പറഞ്ഞിരുന്നു..?
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ 2015ൽ ഡോ. അനിതകുമാരിയുമായി ചേർന്ന് ജി.എസ്.ടി സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ചരക്കുകളുടെ മേൽ നേരത്തേ തന്നെ നികുതി ഉണ്ടായിരുന്നു. പിന്നെ കൂടുതലായി വരുന്നത് സേവനങ്ങളുടെ മേലുള്ള നികുതിയാണ്. അതാണ് സംസ്ഥാനങ്ങൾക്ക് കൂടുതലായി കിട്ടുന്നത്. കേരളത്തിെൻറ കാര്യത്തിൽ സേവനമേഖല വളരെ വിപുലമാണ് എന്നായിരുന്നു ഇവരുടെ ധാരണ. കേരളം ഇതിലൂടെ രക്ഷപ്പെടുമെന്ന് റിസർവ് ബാങ്ക് പോലും പറഞ്ഞു. അതിനെ പിന്തുടർന്ന് പല പണ്ഡിതരും പറഞ്ഞത് കേരളം സേവന അധിഷ്ഠിത സംസ്ഥാനമാണ്.
അതിനാൽ, ജി.എസ്.ടി വന്നാൽ ഗുണം ചെയ്യുമെന്നാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുസംബന്ധിച്ച് ആഴത്തിൽ പഠനം നടത്തിയപ്പോഴാണ് ഇവർ പറയുന്നതൊക്കെ തെറ്റാണെന്ന് ബോധ്യമായത്. ജി.എസ്.ടി വരുന്നതിനുമുമ്പ് കേന്ദ്രം സേവനനികുതി പിരിക്കുന്നുണ്ടായിരുന്നു. അതിൽ കേരളത്തിൽനിന്ന് പിരിച്ച സേവന നികുതിയുടെ കണക്ക് പരിശോധിച്ചു. അതിൽ കണ്ടത് രാജ്യത്താകമാനം പിരിക്കുന്ന സേവന നികുതിയുടെ 1.3 ശതമാനം മാത്രമാണ് കേരളത്തിൽനിന്ന് ലഭിക്കുന്നത്. ഇത് കുറയാനുള്ള കാരണം അന്വേഷിച്ചു.
വ്യവസായവത്കൃത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ അടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽനിന്നാണ് സേവന നികുതിയുടെ 62 ശതമാനം പിരിക്കുന്നത്. വ്യവസായവത്കരണവും സേവന നികുതിയും തമ്മിൽ ബന്ധമുണ്ട്. വ്യവസായ ഉൽപാദനവുമായി ബന്ധപ്പെട്ട സേവനങ്ങളിൽനിന്നാണ്. പരസ്യം, ലീഗൽ ആൻഡ് ടെക്നിക്കൽ കൺസൽട്ടൻസി, ഫ്രൈറ്റ് ആൻഡ് ഫോർവെഡിങ്, പേറ്റൻറ്, ട്രേഡ് മാർക്ക്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽനിന്നാണ് കേന്ദ്രം സേവനനികുതി പിരിക്കുന്നത്. അതിനാൽ ജി.എസ്.ടി വന്നാലും കേരളത്തിന് ഗുണം ഉണ്ടാകില്ലെന്ന് കണ്ടെത്തി. നമുക്കുള്ളത് ബാങ്കിങ്, ഇൻഷുറൻസ്, ടൂറിസം എന്നീ മേഖലകളിൽനിന്നു ലഭിക്കുന്ന സേവനനികുതി മാത്രമാണ്.
സംസ്ഥാനത്തെ സേവനമേഖലയുടെ വലുപ്പമല്ല. നികുതി പിരിക്കാൻ അടിത്തറയുള്ള സേവനമുണ്ടോയെന്ന് പരിശോധിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ സേവനദാതാക്കൾ വമ്പന്മാരാണ്. എന്നാൽ, നമ്മുടെ സേവനദാതാക്കൾ ചെറു മീനുകളാണ്. അവരുടെ ടേൺ ഓവർ 10-20 ലക്ഷമാണ്. ചെറുകിട കോൺട്രാക്ടർമാർ, ട്രാവൽ ഏജൻസി, ഇൻറർനെറ്റ് കഫേ, ഡൈക്ലീൻ സെൻറർ തുടങ്ങിയവരാണ് നമ്മുടെ പട്ടികയിലുള്ളവർ.
ബോംബെയിലെ ഒരു ഡൈക്ലീൻ സെൻറർ തുടങ്ങാൻ 50 ലക്ഷം രൂപ മുതൽമുടക്കണം. സംസ്ഥാനത്താകട്ടെ 20 ലക്ഷം പ്രതിവർഷം ടേണോവറുള്ള ഡൈക്ലീൻ സെൻറർ അപൂർവമാണ്. ജി.എസ്.ടി വന്നത് 2017ലാണ്. ജി.എസ്.ടി കേരളത്തിന് ഗുണം ചെയ്യില്ലെന്ന് 2015ൽ തന്നെ കണ്ടെത്തിയിരുന്നു. ആ പഠനം ഡോ. തോമസ് ഐസക്ക് കണ്ടിരുന്നു. അദ്ദേഹം വലിയ ബുദ്ധിജീവിയാണ്.
അതിനാൽ, ഇത്തരം കാര്യങ്ങൾ പറയുന്നവരോട് പുച്ഛമാണ്. ഇത്തരത്തിലുള്ള പഠനങ്ങളിലൊന്നും താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. ജി.എസ്.ടിയിലൂടെ കേരളത്തിൽ വലിയ നേട്ടം അദ്ദേഹം പ്രതീക്ഷിച്ചു. അതിനാലാണ് നിയമസഭയിൽ 20 -25 ശതമാനം വർധന ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത്. പഠനറിപ്പോർട്ടിനെക്കുറിച്ച് ചില മാധ്യമങ്ങളിൽ വാർത്ത വന്നുവെങ്കിലും സമൂഹം ചർച്ചെചയ്തില്ല. 2016-17, 2017- 18 വർഷങ്ങളിൽ ഐസക്ക് വിഭവ സമാഹരണത്തിൽ ശ്രദ്ധിച്ചില്ല. ജി.എസ്.ടി പ്രതീക്ഷിച്ചിരുന്നു.
ജി.എസ്.ടിയെക്കുറിച്ചുള്ള പഠനറിപ്പോർട്ട് നിയമസഭയിൽ യു.ഡി.എഫ് ഉപയോഗിച്ചില്ലേ? അക്കാദമിക് രംഗത്തുനിന്ന് ഇക്കാര്യത്തിൽ ഐസക്കിൻെറ സ്വപ്നസങ്കൽപത്തിനെതിരെ എതിർശബ്ദം ഉയരാതിരുന്നത് എന്താണ്?
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടന്ന ജി.എസ്.ടിയെ കുറിച്ചുള്ള പഠനത്തിന് സമൂഹത്തിൽ വലിയ പ്രചാരണം കിട്ടിയില്ല. യു.ഡി.എഫ് പഠനറിപ്പോർട്ട് ഏറ്റെടുത്തില്ല. ആ പഠനത്തിന് അർഹിക്കുന്ന രീതിയിൽ മാധ്യമങ്ങൾ പോലും പ്രാധാന്യം നൽകിയില്ല. ജി.എസ്.ടി വരുന്നതിന് മുമ്പുള്ള പഠനമായിരുന്നു അത്. ഐസക്ക് ആ പഠനത്തെ തള്ളിക്കളഞ്ഞതോടെ മാധ്യമങ്ങൾ വിഷയം ഗൗരവമായി എടുത്തില്ല.
ഇടതുപക്ഷ അക്കാദമിക് ബുദ്ധിജീവികൾ തോമസ് െഎസക്കിനെ പിൻപറ്റിയാണ് നിൽക്കുന്നത്. അദ്ദേഹം കണ്ടില്ലെന്നു നടിച്ചാൽ മറ്റാരും അത് ഏറ്റെടുക്കില്ല. ഏതെങ്കിലും വലിയ ആൾക്കാർ അബദ്ധം പറഞ്ഞാലും ജനം അതിന് പിന്നാലെ പോകും. സൂക്ഷ്മതല കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കേരളത്തിന് ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കിയത്. ഐസക്ക് ഇത് അംഗീകരിക്കാതിരിക്കാൻ മറ്റൊരു കാരണംകൂടിയുണ്ട്. ഇടതുപക്ഷത്തിന് കേരളത്തിലെ വ്യവസായിക പിന്നാക്കാവസ്ഥകൂടി അംഗീകരിക്കേണ്ടിവരും. വ്യവസായിക പിന്നാക്കാവസ്ഥയാണ് പ്രതിസന്ധിക്ക് ഒരു കാരണം. വ്യവസായവത്കരണത്തിനുള്ള സാധ്യത അടച്ചത് തിരിച്ചടിയായി. ധന പ്രതിസന്ധിയിലേക്ക് കേരളത്തെ നയിച്ചത് വ്യവസായിക പിന്നാക്കാവസ്ഥയാണ്.
ഇക്കാര്യത്തിൽ സംസ്ഥാനത്തെ കാർഷികമേഖലക്ക് പങ്കൊന്നുമില്ലേ?
കാർഷികമേഖലയിൽ സംസ്ഥാനത്തിൻെറ വിഭവങ്ങൾക്ക് വില ഇടിഞ്ഞ കാലമാണ്. പലതും കയറ്റുമതി ചെയ്യുന്നതുമാണ്. കയറ്റുമതി ചെയ്യുന്നതിന് മേൽ നികുതി ഏർപ്പെടുത്താൻ ആവില്ല. ഏലം, തേയില, കോഫി തുടങ്ങിയവയെല്ലാം കയറ്റുമതിയാണ്. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. ഉദാഹരണമായി തേങ്ങ പ്രോസസ് ചെയ്യുന്ന യൂനിറ്റുകൾ സംസ്ഥാനത്തില്ല. അത് മുംബൈയിലാണ് പ്രവർത്തിക്കുന്നത്. കേരളം കൃഷി ചെയ്യുന്നുവെന്ന് മാത്രം. കാർഷികോൽപന്നങ്ങൾ പ്രോസസ് ചെയ്യാതെ കയറ്റി അയക്കുന്നത് കേരളത്തിെൻറ പരാജയമാണ്.
വ്യവസായവത്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെങ്കിൽ മാത്രമേ അതെല്ലാം സാധ്യമാവുകയുള്ളൂ. കേരളത്തിൽ വ്യവസായം തുടങ്ങി വിജയിക്കുന്ന വ്യവസായികൾപോലും പിന്നീട് പോകുന്നത് അന്യസംസ്ഥാനങ്ങളിലേക്കാണ്. കേരളത്തിൽ ഒന്നോ രണ്ടോ യൂനിറ്റ് നിലനിർത്തും. ഉദാഹരണമായി വി.കെ.സി കേരളത്തിൽനിന്ന് വികസിച്ചുവന്ന വ്യവസായികളിലൊരാളാണ്. എന്നാൽ, അവർ പിന്നീട് യൂനിറ്റുകൾ തുടങ്ങിയത് തമിഴ്നാട്ടിലാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും വി-ഗാർഡ് പല യൂനിറ്റുകളും കേരളത്തിനു പുറത്താണ്.
ഈസ്റ്റേൺ കറി പൗഡറിൻെറ യൂനിറ്റുകളും പുറത്തുതന്നെ. തൊഴിൽ സമരങ്ങൾ ഉണ്ടായാലും വിപണിയിലുള്ള അവരുടെ കച്ചവടം നിലനിർത്താൻ വേണ്ടിയാണ് പലരും മറ്റു സംസ്ഥാനങ്ങളിൽ യൂനിറ്റ് സ്ഥാപിക്കുന്നത്. അതുപോലെ ഇവിടത്തെക്കാൾ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടും. കൂടുതൽ ലാഭം ലഭിക്കും. ഈസ്റ്റേൺ കറിപൗഡർ അടിമാലി യൂനിറ്റിൽ സമരം തുടങ്ങിയപ്പോൾ തമിഴ്നാട്ടിലെ യൂനിറ്റിലെ സാധനങ്ങളാണ് അവർ വിപണിയിലിറക്കിയത്.
അവിടെ കൂലിച്ചെലവ് കുറവാണ്. അതോടൊപ്പം ഇതൊരു തന്ത്രവുമാണ്. ട്രേഡ് യൂനിയൻ പ്രശ്നം ഉണ്ടാവുകയാണെങ്കിൽ യൂനിയൻ നേതാക്കളെ ഇതരസംസ്ഥാനത്തിലേക്ക് സ്ഥലംമാറ്റം നൽകാം. അതിന് മറ്റ് സംസ്ഥാനത്ത് യൂനിറ്റ് ആവശ്യമാണ്. കേരളത്തിലെ 80 ശതമാനം വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോൾ അവരെല്ലാം ഇതേ മാതൃക പിന്തുടരുന്നുണ്ട്. അവരെല്ലാം വ്യവസായത്തിന്, വ്യാപാരത്തിനായി കണ്ടെത്തിയത് മറ്റ് സംസ്ഥാനത്തിലെ യൂനിറ്റുകളാണ്.
ജി.എസ്.ടിയിൽ കുറവ് സംഭവിച്ചത് സംബന്ധിച്ച് തോമസ് ഐസക്കിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റേറ്റ് പഴയതായിരുന്നുവെങ്കിൽ കുറച്ചുകൂടി തുക ലഭിച്ചേനെ. സംസ്ഥാനത്ത് 14 -15 ശതമാനം ഉണ്ടായിരുന്ന സാധനങ്ങൾക്ക് 4- 5 ശതമാനമായി കുറഞ്ഞു. അതോടുകൂടി കേരളത്തിന് വലിയ നഷ്ടം ഉണ്ടായി. നികുതി നൽകൽ സംസ്കാരം കേരളീയ ജനതയിൽ കുറവാണ്.
അഞ്ചുവർഷം മാറിമാറി ഭരിക്കുന്ന മുന്നണി രാഷ്ട്രീയവും പൊതുവിഭവ സമാഹരണവും തമ്മിൽ ബന്ധമുണ്ട്. ഭരണപക്ഷം പൊതു വിഭവസമാഹരണത്തിന് ഏതെങ്കിലും നിർദേശം മുന്നോട്ടുെവച്ചാൽ ഉടൻ പ്രതിപക്ഷം എതിർക്കും. ഭരണകക്ഷി എതിർപ്പ് മറികടന്ന് ഇക്കാര്യത്തിൽ മുന്നോട്ടുപോകില്ല. ഭരണപക്ഷം മുന്നോട്ടുെവച്ചത് ഉടൻതന്നെ പിൻവലിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവർ ഒന്നുകിൽ കടമെടുക്കും. അല്ലെങ്കിൽ മദ്യത്തിന് നികുതി വർധിപ്പിക്കും. അതുമല്ലെങ്കിൽ പുതിയ ഭാഗ്യക്കുറി തുടങ്ങും. ഇതെല്ലാം സർക്കാറിൻെറ സാമ്പത്തിക സമാഹരണത്തിനുള്ള എളുപ്പവഴികളാണ്.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ അഥവാ ദരിദ്രരുടെ പോക്കറ്റടിച്ചാണ് സർക്കാർ ഖജനാവിലേക്ക് പണം കണ്ടെത്തുന്നതെന്ന് പറയുന്നതിൽ അർഥമുണ്ടോ? അതിന് തെളിവുകൾ എന്താണ് ?
മദ്യം സർക്കാർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ലളിതമായി പറഞ്ഞാൽ ഒരു കുപ്പി മദ്യം 100 രൂപക്ക് വാങ്ങി ആയിരം രൂപക്ക് വിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിൽ 80 ശതമാനവും എക്സൈസ് ഡ്യൂട്ടി മറ്റ് ടാക്സുകളും ആണ്. അതിനാൽ ബിവറേജസ് കോർപറേഷൻ വലിയ ലാഭത്തിലാണ്. സർക്കാർ പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന ഇടതു ബുദ്ധിജീവികളുടെ പ്രഖ്യാപനം എല്ലാവരും ഏറ്റുചൊല്ലുന്നുണ്ട്. യാഥാർഥ്യം അതല്ല. കേരളത്തിൽ പാവപ്പെട്ടവരാണ് നികുതി അടക്കുന്നത്.
അവരുടെ നികുതിപ്പണമാണ് ഖജനാവ് നിറക്കുന്നത്. എന്നാൽ സർക്കാർ അവർക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാറില്ല. ഉദാഹരണമായി ഒരു ഓട്ടോറിക്ഷക്കാരൻ രാവിലെ അഞ്ച് ലിറ്റർ പെട്രോൾ അടിക്കുന്നു. 30 ശതമാനം നികുതിയാണ് സർക്കാറിൽ എത്തുന്നത്. ഇത് എല്ലാ ദിവസവും സർക്കാറിന് നൽകിക്കൊണ്ടിരിക്കും. ആ തൊഴിലാളി മദ്യപിക്കുന്ന ആളാണെങ്കിൽ വൈകീട്ട് 150 രൂപയുടെ മദ്യം കുടിക്കും. അതിൽനിന്നും 100 രൂപ സർക്കാർ ഖജനാവിൽ എത്തും. ജീവിതം മുഴുവൻ ദുരിതമനുഭവിക്കുമ്പോൾ അതിൽനിന്ന് കരകയറാം എന്ന പ്രതീക്ഷയിൽ മിക്ക തൊഴിലാളികളും ഭാഗ്യക്കുറി എടുക്കുന്നു. ഭാഗ്യക്കുറിയുടെ 40 രൂപയും അങ്ങനെ സർക്കാരിലേക്ക് തന്നെ എത്തും.
കേരളത്തിലെ കോളനിനിവാസികളായ കൂലിപ്പണിക്കാരും സമാനമായ ജീവിത അവസ്ഥയിലൂടെ കടന്നുപോകുന്നവരുമായ പാവങ്ങളാണ് സർക്കാറിെൻറ ഖജനാവ് നിറക്കുന്നവർ. ഇങ്ങനെ നികുതിയടയ്ക്കുന്ന ഇതിലും ചില സാമൂഹിക വിഭാഗങ്ങൾ മുന്നിലും പിന്നിലും ആണ്. കോളനി നിവാസികളിൽ ബഹുഭൂരിപക്ഷവും ദലിതരും മറ്റ് സമാന ജാതി വിഭാഗങ്ങളുമാണ്. മേൽജാതി വിഭാഗങ്ങളിൽനിന്നുള്ളവർ കുറവാണ്. ഉദാഹരണത്തിന് മദ്യപാനത്തിൽനിന്ന് അകലം പാലിക്കുന്നവരാണ് മുസ്ലിം വിഭാഗം.
അവർ ഭൂരിപക്ഷമുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മദ്യ ഉപഭോഗം കുറവാണ്. ആളോഹരി മദ്യ ഉപഭോഗം മുസ്ലിംകൾക്ക് ഇടയിൽ കുറവാണ്. ക്രൈസ്തവരിൽ തീരദേശം മാറ്റിനിർത്തിയാൽ വളരെ ദരിദ്രർ കുറവാണ്. തീരദേശത്ത് ക്രിസ്ത്യാനികളുടെ ചെറിയ ശതമാനമേയുള്ളൂ. കേരളത്തിൽ നടത്തിയ സൂക്ഷ്മ പഠനം അനുസരിച്ച് നികുതിഭാരം എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെയല്ല അനുഭവപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും പാവപ്പെട്ട വിഭാഗങ്ങളായ പട്ടികജാതി-പട്ടികവർഗങ്ങളും മറ്റു ദരിദ്രരുമാണ് സർക്കാറിന് ഏറ്റവുമധികം നികുതി നൽകുന്നത്. അവരാണ് കേരളത്തിെൻറ ഉൽപാദന ശക്തി. നികുതി ഭാരം കോളനികളിലുള്ള പാവപ്പെട്ടവരുടെയും പട്ടികജാതിവർഗം ഉൾപ്പെടെയുള്ളവരുടെയും ചുമലിലാണ്. ഇവർക്കിടയിൽ വലിയ പാപ്പരീകരണം നടക്കുന്നു. അത് സാവധാനമാണ് നടക്കുന്നത്. കേരളത്തിലെ വിഭവസമാഹരണത്തിൽ നടക്കുന്ന അനീതിയാണ് ഇതിന് കാരണം.
സർക്കാറിന് മുന്നിൽ മറ്റു മാർഗങ്ങൾ എന്തെല്ലാമാണ്? അതെല്ലാം നടപ്പാക്കുക സാധ്യമാണോ?
സർക്കാറിന് നിലവിലെ സംവിധാനത്തിന് പകരം വസ്തുനികുതിയും കെട്ടിടനികുതിയും പിരിക്കാവുന്നതാണ്. കെട്ടിടനികുതി പിരിക്കാൻ ഗ്രാമപഞ്ചായത്തുകൾ ഏൽപിച്ചെങ്കിലും അത് ഫലപ്രദമായി നടക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയപ്പോൾ 1993ൽ പറഞ്ഞത് ഓരോ അഞ്ച് വർഷവും പ്രോപർട്ടി ടാക്സ് പുതുക്കി നിശ്ചയിക്കണമെന്നാണ്.
എന്നാൽ, 1993ന് ശേഷം 2013ലാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. ഇരുപത് വർഷക്കാലം കേരളം ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ഇതിലൂടെ പൊതുവിഭവ സമാഹരണത്തിനുള്ള വലിയ സാധ്യതയാണ് അടച്ചുകളഞ്ഞത്. സംസ്ഥാനത്ത് ഒരു വ്യക്തിക്ക് തന്നെ രണ്ടും മൂന്നും കെട്ടിടങ്ങളുണ്ട്. നിരവധി ഫ്ലാറ്റുകൾ വാങ്ങിയവരുണ്ട്. ഇടത്തരം വിഭാഗത്തിലുള്ള ഒരാൾ നൽകുന്ന നികുതി വർഷത്തിൽ 15,000 രൂപയാണ്. അത് 50,000 രൂപ ആയാലും അവർക്ക് നൽകാൻ കഴിയും.
സമ്പന്നരിൽനിന്ന് നികുതി പിരിക്കാനുള്ള അവസരങ്ങൾ സർക്കാർ പ്രയോജനപ്പെടുത്തിയില്ല. ജനറലായി പ്രോപർട്ടി ടാക്സ് വർധിപ്പിക്കണം. നികുതി വർധിപ്പിച്ചിരുന്നുവെങ്കിൽ വൻകിട കെട്ടിടങ്ങളും ഉയരുമായിരുന്നില്ല. ഒരാൾ നിരവധി വീടുകൾ നിർമിക്കില്ല. അതു വഴി പരിസ്ഥിതിയെയും സംരക്ഷിച്ചേനെ.
സബ്സിഡികൾ എല്ലാം അർഹർക്ക് മാത്രമായി പരിമിതിപ്പെടുത്തണം. 1972 -73 നമ്മുടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ചെലവിൻെറ 5.5 ശതമാനം നികുതി (ഫീസ്)യായിരുന്നു.
അത് കുറഞ്ഞു കുറഞ്ഞ് വന്നു. ഇന്ന് 1.9 ആയിരിക്കുന്നു. അതേസമയം അധ്യാപകരുടെ യു.ജി.സി അടക്കമുള്ള ശമ്പളം വൻതോതിൽ വർധിപ്പിച്ചു. പല സ്വാധീനങ്ങളും വഴി അനർഹരായ ആളുകൾ സബ്സിഡി വാങ്ങുന്നുണ്ട്. ആഡംബര കാറുള്ളവർ, ലക്ഷക്കണക്കിന് രൂപ മുടക്കി വലിയ വീട് വെച്ചവർ, അച്ഛനും അമ്മക്കും സർക്കാർ ജോലിയുള്ള വിദ്യാർഥികൾ ഇവരെയൊക്കെ മിഡിൽ വരുമാന ഗ്രൂപ്പിലാക്കണം.
കർഷക തൊഴിലാളിയെ താഴ്ന്ന വരുമാനമുള്ളവരുടെ ഗ്രൂപ്പിലാക്കണം. അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കണം. ഏറ്റവും അർഹരായവർക്ക് ഫീസ് കുറക്കണം. കോളജ് അധ്യാപകെൻറ മകന് മെഡിക്കൽ കോളജിൽ 30,000 രൂപ ഫീസും സ്വാശ്രയ കോളജിൽ പോകുന്ന കർഷകത്തൊഴിലാളികളുടെ മകന് ഏഴ് ലക്ഷം രൂപ ഫീസും എന്നത് മാറ്റണം. സബ്സിഡികൾ പാവപ്പെട്ടവർക്ക് വേണ്ടി പരിമിതപ്പെടുത്തണം. 2005-06ൽ നമ്മുടെ ധനകാര്യം മോശമാക്കിയതിൽ കെ.എം. മാണിക്കും ഐസക്കിനും തുല്യ പങ്കുണ്ട്.
ഇത് വെറും ആരോപണം മാത്രമാണോ? ഇക്കാര്യത്തിൽ തെളിവുകൾ കണ്ടെത്താനാവുമോ ?
ഉണ്ട്. മാണിയുടെ കാലഘട്ടത്തിലെ കാർഷിക ആദായ നികുതി പരിശോധിച്ചാൽ മതി. 1960കളിൽ സംസ്ഥാനത്തിെൻറ വരുമാനത്തിൽ 5.6 ശതമാനം കാർഷിക ആദായനികുതിയായിരുന്നു. ഇപ്പോൾ അത് വളരെ കുറഞ്ഞു. കാരണം ധനിക കർഷകരെ സഹായിക്കാൻ വേണ്ടി ഇളവ് നൽകിയതാണ്. മാണി കേരളത്തിൽ ചെയ്ത ഏറ്റവും വലിയ ദ്രോഹം മറ്റൊന്നാണ് -1983ൽ മാണി രാജിവെച്ച് പോയ സാഹചര്യം ഓർമയുണ്ടല്ലോ.
ബജറ്റ് മിച്ചം ആണോ അല്ലയോ എന്നതായിരുന്നു അന്നത്തെ തർക്കം. അന്ന് ഡോ. കെ.എൻ. രാജ് വിഭവസമാഹരണത്തിെൻറ കാര്യം ചൂണ്ടിക്കാട്ടി. നികുതി ശാസ്ത്രീയമായി പിരിക്കാനുള്ള പ്രധാന ടൂൾ കമ്മോഡിറ്റി അടിസ്ഥാനമാക്കിയുള്ള റവന്യൂ ആണ്. ഓരോ ഇനത്തിൽനിന്നും എത്ര റവന്യൂ പിരിക്കാൻ കഴിയുമെന്ന് കണക്കാക്കണം. അത് 1960-61 മുതൽ 1980-81 വരെ ഇനം തിരിച്ചുള്ള കണക്ക് നമുക്ക് ലഭ്യമാണ്. അത് പ്രസിദ്ധീകരിച്ച ഫോമിലാണുള്ളത്.
മാണി രാജിവെക്കേണ്ട സാഹചര്യത്തിൽ ഇത് കലക്ട് ചെയ്യുന്ന പരിപാടി നിർത്തലാക്കി. ഇനം തിരിച്ച് വിശദമായ ഡാറ്റ കലക്ട് ചെയ്യുന്ന രീതി 1980-81നുശേഷം സെയിൽ ടാക്സ് വകുപ്പ് അവസാനിപ്പിച്ചു. അതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. അത് ഇടതുപക്ഷം വന്നിട്ടും ഇനം തിരിച്ച് കണക്കെടുത്തില്ല. ശാസ്ത്രീയമായി നികുതി കണക്കാക്കാത്ത അവസ്ഥ ഉണ്ടാക്കി. ഈ രംഗത്ത് പഠനം നടത്തുന്നവർക്ക് യഥാർഥ കണക്ക് ലഭ്യമല്ല. അതോടെ നികുതി അഡ്മിനിസ്ട്രേഷൻ എന്നത് കണക്കിന് കൊട്ടത്താപ്പ് കണക്കായി. ശാസ്ത്രീയമായി പഠനം നടത്താൻ കഴിയാത്ത അവസ്ഥ.
സെൻറർ ഫോർ ടാക്സേഷൻ സ്റ്റഡീസും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ ഇക്കാര്യം പഠിക്കുന്നില്ല. കാരണം യഥാർഥ ഡാറ്റയില്ല. ധനകാര്യ രംഗത്ത് മാണി ചെയ്ത ഏറ്റവും വലിയ ദ്രോഹം ഈ രീതിയിലുള്ള ഡാറ്റ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളെ തടഞ്ഞുവെന്നതാണ്. പണ്ട് ഏകദേശം 180-200 ഇനങ്ങളുടെ ഡാറ്റ ലഭ്യമായിരുന്നു. ഇനങ്ങളുടെ റവന്യൂ, ടേൺ ഓവർ, എക്സപ്ഷൻ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. പിന്നീട് വകുപ്പ് 25 സാധനങ്ങളുടെ ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഈ രീതിയിൽ ഇത് നശിപ്പിച്ച് അടുക്കിയത് കെ.എം. മാണിയുടെ കാലത്താണ്. ഇടതുപക്ഷം അധികാരത്തിൽ എത്തിയിട്ടും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
കെ.എം. മാണിയെപ്പോലെ തോമസ് ഐസക്കും കേരളത്തെ തകർത്തുവെന്നു പറയുന്നത് എന്തുകൊണ്ടാണ്?
2006ലാണ് തോമസ് ഐസക് ആദ്യമായി ധനമന്ത്രിയായത്. 2006- 07ൽ കേന്ദ്രം ധന ഉത്തരവാദിത്ത നിയമം കൊണ്ടുവന്നു. റവന്യൂ കമ്മി 2007-08ഓടെ ഇല്ലാതാക്കണമെന്ന് നിർദേശിച്ചു. ഇല്ലാതാക്കുന്ന സംസ്ഥാനങ്ങൾ കടം എഴുതിത്തള്ളുന്നതുപോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഐസക് അന്ന് ധനകാര്യ സുസ്ഥിരതക്കു വേണ്ടി ശ്രമിക്കേണ്ട കാലമാണ്. എന്നാൽ, അതിനുവേണ്ടി ചെറിയ ശ്രമം നടത്തിയത് യു.ഡി.എഫുകാരാണ്.
ഐസക്കിൻെറ ആദ്യ ബജറ്റിൽതന്നെ ധന ഉത്തരവാദിത്ത നിയമം എന്നത് ലോകബാങ്ക് പദ്ധതിയാണെന്നും നവലിബറൽ സിദ്ധാന്തമാണെന്നും ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞു. അത് കേരളത്തിന് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിഭവ സമാഹരണത്തിനുള്ള സാധ്യതകളുണ്ടെന്ന് ഐസക്കിന് നല്ല ബോധ്യമുണ്ട്. എന്നിട്ടും അദ്ദേഹം അക്കാര്യം പരിശോധിച്ചില്ല.
ഇടതുപക്ഷക്കാരുടെ ഈ വാചാടോപം തുടർന്നു. കടം എടുക്കുന്നതാണ് കേരളത്തിെൻറ മാർഗം എന്ന് ആവർത്തിച്ചു. കടമെടുത്തു വികസിപ്പിക്കാം എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതീക്ഷ. അന്ന് ധനകാര്യ സുസ്ഥിരതക്കുവേണ്ടി ഐസക്ക് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ധാന്യ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. അതിസമ്പന്നരിൽനിന്നും ഇടത്തരം വിഭാഗങ്ങളിൽനിന്നും വിഭവസമാഹരണത്തിന് ഐസക് ശ്രമിച്ചില്ല. പൊതുവിഭവ സമാഹരണത്തിന് ബോധപൂർവം ശ്രമം നടത്തിയില്ല. ധനമന്ത്രി എന്ന നിലയിൽ കേരളത്തെ കടക്കെണിയിൽ അകപ്പെടുത്തുന്നതിൽ ഐസക്കിനു വലിയ പങ്കുണ്ട്.
ഐസക് അന്ന് പറഞ്ഞത് മൂലധന ചെലവിന് കടമെടുക്കുന്നത് പ്രശ്നമല്ലെന്നാണ്. എന്നാൽ, കണക്കുകൾ പരിശോധിച്ചാൽ 20 വർഷത്തിനിടയിൽ മൂലധനച്ചെലവിനാണെന്ന് പറഞ്ഞ് എടുത്ത കടത്തിൽ 33 ശതമാനം മാത്രമേ അതിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി വകമാറ്റി നിത്യനിദാന ചെലവുകൾക്ക് ഉപയോഗിച്ചു. കടം എടുത്തതിൻെറ 67 ശതമാനമാണ് ഇങ്ങനെ ഉപയോഗിച്ചത്. വികസന പ്രവർത്തനങ്ങൾക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് കാർഷിക വ്യവസായിക മേഖലകളിലെ മുരടിപ്പ് മാറ്റുകയോ തൊഴിലില്ലായ്മ കുറക്കുകയോ ചെയ്തിട്ടില്ല.
പൊതു ചെലവിനെക്കുറിച്ച് പറയുമ്പോൾ സർക്കാർ ജീവനക്കാർക്ക് എതിരായ വലിയ ആക്രമണമാണ് താങ്കൾ നടത്തുന്നത്. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ ജീവിതമുള്ള വിഭാഗത്തെ മാറ്റിത്തീർക്കാൻ കഴിയുമോ? അവർ അതിന് തയാറാകുമോ ?
പൊതു ചെലവിെൻറ കാര്യം ഇതിനെക്കാൾ രസകരമാണ്. വരുമാനവും ചെലവും തമ്മിൽ ഒരു ബന്ധമുണ്ട്. 2017-18 കണക്ക് പ്രകാരം നമ്മുടെ മൊത്തം ചെലവിൽ 62.78 ശതമാനം രണ്ടു കാര്യങ്ങൾക്കാണ് - സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും. അത് സംസ്ഥാന ജനസംഖ്യയിൽ വെറും അഞ്ച് ശതമാനം വരുന്ന ആളുകൾക്കാണ്. ജനസംഖ്യ 3.40 കോടിയാണ്. അതിൽ 5.5 ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥരും 5.5 ലക്ഷം പെൻഷൻകാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുമാണ് ഇതിെൻറ ഗുണഭോക്താക്കൾ.
ഇതെല്ലാം കൂടി കൂട്ടിയാലും 15 ലക്ഷത്തിൽ നിൽക്കും. ഉദ്യോഗസ്ഥർ ചോദിക്കുന്നത് തങ്ങൾ അധ്വാനിച്ചിട്ടാണ് ശമ്പളം പറ്റുന്നതെന്നാണ്. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളത്തിൻെറയും പെൻഷൻെറയും കാര്യത്തിൽ വലിയ സംഖ്യയാണ് നീക്കിവെക്കുന്നത്. അതേസമയം, കർണാടകത്തിൽ അവരുടെ റവന്യൂ വരുമാനത്തിൽ 23 ശതമാനമാണ് നീക്കിെവച്ചിരിക്കുന്നത്. കൂടുതൽപേർക്ക് തൊഴിൽ കൊടുക്കാനുള്ള ഒരു മേഖലകൂടിയായി സർക്കാർ സർവിസ് മാറിയിട്ടുണ്ട്.
നമ്മുടെ ശമ്പള-പെൻഷൻ ചെലവുകൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പൊതുവിഭവം കൂടുതൽ നീതിപൂർവകമായി വിതരണം ചെയ്യുന്നതിനെക്കുറിച്ചാവണം കേരളം ചർച്ചചെയ്യേണ്ടത്. ശമ്പളവും പെൻഷനും നിശ്ചിത ശതമാനമായി കുറക്കണം.
ഇത് വെറുമൊരു ഉട്ടോപ്യൻ സ്വപ്നമല്ലേ. സർക്കാർ ജീവനക്കാർ ഒരിക്കലും ഇത് അംഗീകരിക്കാൻ പോകുന്നില്ല ?
ഉദ്യോഗസ്ഥർ സംഘടിതവിഭാഗമാണ്. സാധാരണ ജനങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കണം. മൊത്തം വരുമാനത്തിന് ഒരു നിശ്ചിത ശതമാനം മാത്രമേ ശമ്പളവും പെൻഷനുമായി നൽകാവൂ.
ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണം എന്നാണോ? അതോ ശമ്പളത്തിൽ കുറവ് വരുത്തണമെന്നാണോ മുന്നോട്ടുവെക്കുന്ന നിർദേശം? അവരുടെ ശമ്പളത്തിന് ആനുപാതികമായി ജീവിതശൈലി രൂപപ്പെടുത്തിക്കഴിഞ്ഞു. അതിൽനിന്ന് ഇനി താഴെ ഇറങ്ങുകയെന്നത് സങ്കൽപിക്കാൻപോലും കഴിയില്ല. ആ നിലക്ക് നടപ്പാക്കാൻ കഴിയുന്നൊരു നിർദേശമാണോ?
1983- 84 മുതൽ കടമെടുത്ത പണത്തിൽനിന്ന് വകമാറ്റിയാണ് ശമ്പളവും പെൻഷനും നൽകുന്നത്. ധനപ്രതിസന്ധിയുടെ പ്രധാന കാരണം ഇതാണ്. സംസ്ഥാനത്തിൻെറ പ്രധാന വരുമാന േസ്രാതസ്സ് ചരക്ക് സേവന നികുതിയും വിൽപന നികുതിയുമാണ്.
ഇത് ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. ശമ്പളവും പെൻഷനും വർധിക്കുംതോറും ഉപഭോഗം കുറയുകയാണ്. ഉദാഹരണമായി 10,000 രൂപ വരുമാനമുള്ള ഒരാൾ 8000 രൂപയും ചെലവഴിക്കുന്നു. മറിച്ച് ഒരുലക്ഷം രൂപ വരുമാനമുള്ളവർ പരമാവധി ചെലവഴിക്കുന്നത് 40,000 രൂപ ആയിരിക്കും. ബാക്കി 60,000 രൂപ നിക്ഷേപമാക്കി മാറ്റും. സാമ്പത്തിക ശാസ്ത്രത്തിലെ ഒരു തത്ത്വമാണിത്. വരുമാനം വർധിക്കുമ്പോൾ കുറയുകയും നിക്ഷേപം വർധിക്കുകയും. ഉയർന്ന ശമ്പളവും പെൻഷനും നൽകുമ്പോൾ ആ പണം തിരിച്ച് വിപണിയിലേക്ക് എത്തുന്നില്ല.
30,000 രൂപ പെൻഷൻ ലഭിക്കുന്ന ഒരാൾ 30,000 കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. മറ്റു വരുമാനങ്ങളും ഇതോടൊപ്പം ഉണ്ടാകും. ഉയർന്ന പെൻഷൻ നൽകിയപ്പോൾ വിപണിയിൽ തിരിച്ചെത്തുന്ന പണം വളരെ കുറഞ്ഞു. അത് നികുതി വരുമാനം വർധിക്കുന്നതിന് പ്രധാന തടസ്സമായി. അതേസമയം, ക്ഷേമ പെൻഷൻ 5000 രൂപയാക്കണം. അത് ഉടൻ വിപണിയിലേക്ക് മടങ്ങിയെത്തും. 5000 രൂപ പെൻഷൻ കിട്ടുന്ന ഒരാൾ നിക്ഷേപത്തിന് ശ്രമിക്കില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ അഞ്ചു ശതമാനം വർധിപ്പിച്ചാൽ 1500 രൂപ അധികം കിട്ടും. പ്രതിവർഷം ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് 100 രൂപയാണ്. ഡി.എ വർധിപ്പിക്കുന്നത് പെൻഷൻകാരുടെ അവകാശമാണ്. എന്നാൽ, ക്ഷേമപെൻഷൻ വർധിപ്പിക്കുന്നത് സർക്കാറിെൻറ ഔദാര്യമാണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ അഞ്ചോ പത്തോ വർഷംകൊണ്ട് ഇരട്ടിയാകുന്നു. ക്ഷേമ പെൻഷൻ ആകട്ടെ ആയിരത്തിൽനിന്ന് 1500 രൂപ ആകും. ഓരോ അഞ്ചു വർഷവും പെൻഷൻ പരിഷ്കരിക്കുക വഴിയാണ് ഇത് സംഭവിക്കുന്നത്. കേരളത്തിന് ഇത് താങ്ങാൻ കഴിയില്ല.
നേട്ടം കൊയ്യുന്നത് സുറിയാനി ക്രിസ്ത്യാനികൾ എന്നു പറയുന്നതിന് കാരണമെന്താണ്?
ബഹുഭൂരിപക്ഷം വരുന്ന എയ്ഡഡ് സ്കൂളുകളും കോളജുകളും ഏറ്റവും സമ്പന്നമായ സമുദായങ്ങളുടേതാണ്. അതിനാൽ കേരള വികസന മോഡലിൽ നേട്ടം കൊയ്ത വിഭാഗം സുറിയാനി ക്രിസ്ത്യാനികളാണ്. കേരളത്തിെൻറ മൊത്തം ശമ്പളത്തിൻെറയും പെൻഷൻെറയും 73 ശതമാനത്തോളം എത്തുന്നത് തിരുവിതാംകൂർ-കൊച്ചി മേഖലയിലാണ്. 2006-07 മുതൽ 2016-17 വരെയുള്ള 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മലബാറിൽ എത്തുന്നത് 25 ശതമാനം മാത്രമാണ്. മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അതിൽ ഒരു കാരണമായിട്ടുണ്ട്.
എയ്ഡഡ് കോളജുകളുടെ 69 ശതമാനം സുറിയാനി ക്രിസ്ത്യാനികളുടെ കൈയിലാണ്. യു.ജി.സി അടക്കമുള്ള വൻതോതിലുള്ള വിഭവങ്ങൾ ഈ സ്ഥാപനങ്ങളിലൂടെ തിരു-കൊച്ചിയിൽ ആണ് എത്തുന്നത്, ഇവിടെ മലബാറും തിരു-കൊച്ചിയും തമ്മിലുള്ള വിടവ് വർധിക്കുകയാണ്. ഗൾഫ് പണം മലബാറിൽ എത്തുന്നതുകൊണ്ടാണ് ഇത് അറിയാതെ പോകുന്നത്. ഗൾഫിൽനിന്നുള്ള തിരിച്ചുവരവ് തുടരുന്നതോടെ ഇത് പ്രതിഫലിക്കും. ഇത് പരിഹരിക്കുന്നതിൽ മാറ്റം വരുത്തണം.
കർണാടകയിൽ പിന്നാക്ക ജില്ലകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇത് മലബാറിെൻറ കാര്യത്തിലും നടപ്പാക്കണം. കോവിഡ് 19 വന്നപ്പോൾ കാസർകോടിെൻറ പിന്നാക്കാവസ്ഥ വെളിവായി. നല്ലൊരു ആശുപത്രിപോലും കാസർകോട്ടില്ലെന്ന് സർക്കാർ തന്നെ പറഞ്ഞു. മലബാറിലേക്ക് പോകുന്ന പൊതുവിഭവങ്ങൾ കുറവാണ്. ജനസംഖ്യയിൽ 44 ശതമാനം വരുന്ന ജനതക്ക് 25 ശതമാനം ആണ് ലഭിക്കുന്നത്. 56 ശതമാനം വരുന്ന തിരു- കൊച്ചിയിലാണ് 75 ശതമാനം വിഭവം എത്തുന്നത്. പൊതുവിഭവം നീതിപൂർവകമായി വിതരണം ചെയ്തുവെങ്കിൽ ഇത് സംഭവിക്കില്ല.
കേരള ധനകാര്യരംഗം അടിമുടി പൊളിച്ചെഴുതണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നത്? അത് നിലവിലുള്ള സംവിധാനത്തിൽ സാധ്യമാണോ ?
ആകെ പൊളിച്ചെഴുതാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാവില്ല. പൊതുവിഭവങ്ങൾ ഓട്ടോറിക്ഷക്കാർ അടക്കമുള്ള സാധാരണക്കാർക്ക് കിട്ടുന്ന സംവിധാനം ഏർപ്പെടുത്തണം. പെൻഷനും ശമ്പളത്തിനും പരിധി നിശ്ചയിക്കണം. യൂനിവേഴ്സൽ ബേസിക് വരുമാനം വേണം. നമ്മുടെ റവന്യൂ മെച്ചപ്പെടണമെങ്കിൽ പാവപ്പെട്ടവരിൽ പണം എത്തണം. സമ്പന്നർക്ക് മാത്രമായി എല്ലാം ലഭിക്കുന്ന ഇന്നത്തെ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. അത് നമ്മുടെ സമ്പദ്വ്യവസ്ഥക്ക് ദോഷകരമായിത്തീരും.
ഇപ്പോഴത്തെ മാന്ദ്യത്തെയും മറികടക്കാൻ എന്തുചെയ്യും?
മാന്ദ്യത്തെ മറികടക്കാൻ കേരള സർക്കാർ നിരന്തരം കേന്ദ്ര സർക്കാറിനെ പഴി പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇതിൽ ആദ്യം ചെയ്യേണ്ടത് ശമ്പളവും പെൻഷനും നൽകുന്നതിന് പരിധി നിശ്ചയിക്കുകയാണ്. സർക്കാറിന് ഒരുപാട് ആസ്തികളുണ്ട്. സർക്കാർ ഇവിടെ വലിയൊരു ജന്മിയാണ്. കണ്ണായ സ്ഥലങ്ങളിൽ ഭൂമിയുണ്ട്. 100 വർഷത്തേക്ക് പാട്ടത്തിന് നൽകണം. പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനത്തിൻെറ ഭൂമിയും പാട്ടത്തിന് നൽകണം. തിരുവനന്തപുരം നഗരത്തിൽ മാത്രം 45 ഏക്കർ ചെറിയ ലീസിന് നൽകിയിരിക്കുകയാണ്.
അതിൻെറ ലീസ് കൂട്ടണം. കർഷകർക്ക് സർക്കാർ സംരക്ഷണം നൽകിയിട്ടില്ല. അതിനാലാണ് കൃഷി നഷ്ടമാണെന്ന ബോധം ശക്തമായത്. കാർഷികമേഖലയുടെ വളർച്ചക്ക് ഇളവുകൾ നൽകണം. സർക്കാറിന് ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളെയും ആശ്രയിക്കാം. ചില മേഖലകളിൽ കൃഷിക്ക് വെള്ളം ലഭിക്കാനുള്ള സംവിധാനം ഒരുക്കണം. ഈ മേഖലയിൽ നൂതന പരീക്ഷണങ്ങൾ നടത്തണം. കേരളത്തിൻെറ ഭാവി കാർഷിക മേഖലയിലാണ്. ഇവിടേത്തതുപോലെ വൈവിധ്യമുള്ള കൃഷികൾ മറ്റൊരിടത്തുമില്ല. നമ്മുടെ മൺസൂൺ കൃഷിക്ക് അനുകൂലമാണ്. നമ്മുടെ സുഗന്ധവിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽക്കാൻ കഴിയണം. ലോകമാകെ മാർക്കറ്റ് ചെയ്യാൻ കഴിയുന്ന വിഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. കൃഷിവകുപ്പിൻെറ പോരായ്മയാണിത്. നമുക്ക് മുമ്പ് ഫാമിലി ലേബർ ഉണ്ടായിരുന്നു. ഇന്ന് അതില്ല. കൃഷിക്കാരുടെ കാര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പെൻഷൻ നൽകണം. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം ആവശ്യമാണ്. ആധുനിക ഓൺലൈൻ രീതികൾ ഉപയോഗിച്ച് ക്ലാസുകൾ നടത്തണം. മികച്ച അധ്യാപകരെ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണം. നിലവിൽ പല കോളജുകളിലും പഴയ നോട്ട് ഉപയോഗിച്ച് ക്ലാസ് നടത്തുന്ന അധ്യാപകരുണ്ട്. ആഴ്ചയിൽ 9-10 മണിക്കൂർ പഠിപ്പിക്കുന്ന അധ്യാപകർക്ക് 1.50 ലക്ഷം ശമ്പളം നൽകുന്ന പരിപാടി അവസാനിപ്പിക്കണം.
ധൂർത്തിൻെറ കാര്യത്തിൽ യു.ഡി.എഫ് സർക്കാറിനെക്കാൾ എൽ.ഡി.എഫ് സർക്കാറല്ലേ മെച്ചം? എൽ.ഡി.എഫ് ധൂർത്ത് നടത്തുന്നു എന്നു പറഞ്ഞാൽ ജനം വിശ്വസിക്കുമോ ?
ധൂർത്തിൽ എൽ.ഡി.എഫിനെക്കാൾ യു.ഡി.എഫ് സർക്കാറാണ് മുന്നിൽ എന്ന കാര്യത്തിൽ സംശയമില്ല. എൽ.ഡി.എഫ് സർക്കാറിന് പൊതുവെ അഴിമതി ഒക്കെ കുറവാണ്. എന്നാൽ, ഇക്കാര്യത്തിൽ ഒരു മോഡൽ കാണിച്ചുകൊടുക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. തോമസ് ഐസക് ധൂർത്ത് ഒഴിവാക്കിയെന്ന് പറഞ്ഞാലും അത് വളരെ ചെറിയ ശതമാനമാണ്. സർക്കാറിൽ ചെറിയതോതിലെങ്കിലും ധൂർത്ത് നടക്കുന്നുവെന്ന അറിവ് നികുതി നൽകുന്ന പൗരന് തെറ്റായ സന്ദേശം നൽകും. കൊടുക്കുന്ന നികുതികൊണ്ട് വലിയ കാര്യമില്ലെന്ന് അയാൾ ചിന്തിക്കും.
സ്വയം സന്നദ്ധമായി നികുതി നൽകുന്നത് വിശ്വാസത്തിെൻറ അടിസ്ഥാനത്തിലാണ്. നികുതിദായകർ കൊടുക്കുന്ന പണം കാര്യക്ഷമമായി വിനിയോഗിക്കുന്നുവെന്ന തോന്നലാണ് ജനങ്ങളെ സന്നദ്ധമായി നികുതി കൊടുക്കാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ നികുതിപിരിവിനുള്ള ഒരു തടസ്സം പൊതുവെ ജനങ്ങളിൽ രാഷ്ട്രീയക്കാർ നടത്തുന്ന വലിയ ധൂർത്താണ്. അതായത് ധൂർത്ത് ഒഴിവാക്കിയാൽ 100 കോടിയേ ലാഭം ഉണ്ടാവുകയുള്ളൂവെന്നതല്ല. 1000 കോടി കൂടുതൽ പിരിക്കാൻ കഴിയും. ധൂർത്ത് ഒരു ശതമാനത്തിൽ താഴെയാണെന്ന തോമസ് ഐസക്കിെൻറ വാദം തെറ്റാണ്. അത് നൽകുന്ന സന്ദേശംമൂലമുണ്ടാകുന്ന നികുതിനഷ്ടം വലുതാണ്. ധൂർത്തുണ്ടെങ്കിൽ സർക്കാറിന് കൂടുതൽ നികുതി പിരിക്കാൻ ജനങ്ങളിലേക്ക് പോകാനാവില്ല.
കേരളം ഇന്നത്തെ പ്രതിസന്ധിയിൽനിന്ന് അതിജീവിക്കാൻ പുതുവഴി തേടണമെന്നു തന്നെയാണോ പറയുന്നത്?
കേരളം ഇന്നത്തെ പ്രതിസന്ധിയിൽനിന്ന് അതിജീവിക്കാൻ സർക്കാർ രീതികളിൽ പൂർണമായ മാറ്റം വരണം. സർക്കാറിനെ ആശ്രയിക്കാതെ ജനത്തെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കണം. സ്വാശ്രയത്വത്തിലേക്ക് മടങ്ങണം. സർക്കാർ വ്യക്തികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ അവസരം നൽകണം. അങ്ങനെ ചെയ്താൽ കൃഷിയും ചെറുകിട വ്യവസായവുമടക്കം എല്ലാ മേഖലകളും അഭിവൃദ്ധിപ്പെടും. കേരളത്തിലെ രീതിയിൽ ഒരു പുതിയ വികസനം നടപ്പാക്കാം. അല്ലാതെ ഇന്നത്തെ രീതിയിൽ കടമെടുത്തുള്ള വികസനം അധികം മുന്നോട്ടുപോകില്ല. 2005-6ൽ 46,000 കോടി രൂപയായിരുന്ന കടം ഇപ്പോൾ 2,68,000 കോടി രൂപയാവും.
തോമസ് ഐസക് മുന്നോട്ടുവെക്കുന്നത് കടംവാങ്ങിയുള്ള കിഫ്ബി പദ്ധതിയാണല്ലോ?
കിഫ്ബി തീർച്ചയായും ഒരു പരാജയമായിരിക്കും. തോമസ് ഐസക്കിൻെറ തെറ്റായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് അത് നടപ്പാക്കുന്നത്. കേരളത്തിെൻറ അടിസ്ഥാന സൗകര്യ വികസനം വർധിച്ചാൽ ഉടൻതന്നെ ടൂറിസം മേഖല വികസിക്കുമെന്നാണ് ധനമന്ത്രിയുടെ സ്വപ്നം. ഒന്ന് രണ്ട് പ്രളയങ്ങൾ നമ്മെ പഠിപ്പിച്ചത് ഇതൊക്കെ വെള്ളത്തിൽ ഒഴുകിപോകുമെന്നാണ്. ഈ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനമാണോ കേരളത്തിൽ നടപ്പാക്കേണ്ടതെന്ന് പരിശോധിക്കേണ്ടതുണ്ട്. അത് പുനർചിന്തനം നടത്തേണ്ട വിഷയമാണ്.
അതേസമയം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. അവിടെ തടയണകൾ നിർമിക്കേണ്ടത് ആവശ്യമാണ്. തിരുവനന്തപുരം മുതൽ കാസർകോടു വരെ രണ്ടാമതൊരു ഹൈവേ നിർമിച്ചിട്ട് കാര്യമില്ല. അത് വലിയ ചെലവാണ്. 50,000 കോടി കടമെടുത്താണ് ഇത് നടപ്പാക്കുന്നത്. അത് നാളെ ഒരുലക്ഷം കോടി രൂപയാകും. പെട്രോളിൻെറ സെസ് പിരിച്ച് തിരിച്ചടയ്ക്കാമെന്നത് ഐസക്കിൻെറ സ്വപ്നമാവും. ഇലക്ട്രിക് വാഹനങ്ങൾ വന്നാൽ പിന്നെ പെട്രോളിൻെറ സെസ് കുറയും. പദ്ധതി തീരുമാനിക്കുമ്പോൾ ഭാവികേരളത്തെ കാണണം.
ഏറ്റവുമധികം വൃദ്ധരുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ വൃദ്ധർ ഇപ്പോൾ 16 ശതമാനമാണ്. 2025 ആകുമ്പോൾ അത് 20 ശതമാനമായി വർധിക്കും. അത് സൂചിപ്പിക്കുന്നത് ചെറുപ്പക്കാരുടെ എണ്ണം വൻതോതിൽ കുറയുമെന്നാണ്. ഉൽപാദന ശക്തിയായ ചെറുപ്പക്കാരുടെ എണ്ണം കുറയുകയാണ്. എല്ലാവിധ ജനങ്ങൾക്കും പെൻഷൻ കിട്ടുന്ന ഒരു സംവിധാനത്തിലേക്കാണ് കേരളം പോകേണ്ടത്. അതിന് നിലവിലുള്ള പെൻഷൻ സമ്പ്രദായം പൂർണമായും പൊളിച്ചെഴുതണം. ബാങ്കിൽ ഇടാൻ വേണ്ടി ആർക്കും കൊടുക്കരുത്. മാന്യമായി ജീവിച്ചു മരിക്കാനാണ് പെൻഷൻ നൽകേണ്ടത്. മാറ്റിവെച്ച ശമ്പളമല്ല പെൻഷൻ. അത് സമൂഹത്തിെൻറ സംരക്ഷണമായി മാറണം. സാമൂഹികമായി അംഗീകരിക്കാവുന്ന കുറഞ്ഞ പെൻഷനെക്കുറിച്ചും കൂടിയ പെൻഷനെക്കുറിച്ചും ഒരു ഏകദേശ ധാരണയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ഇവ രണ്ടും തമ്മിൽ വലിയ അന്തരം പാടില്ല. കാരണം, വാർധക്യമെന്നത് എല്ലാവർക്കും ഒരുപോലെയാണ്. എല്ലാ വൃദ്ധജനങ്ങൾക്കും പെൻഷൻ ലഭിക്കണം.
പുനർവിതരണവും സാമ്പത്തികവളർച്ചയും പരസ്പരപൂരകമാകത്തക്കവിധം സംസ്ഥാനത്തിെൻറ ധനകാര്യം സമൂലം അഴിച്ചു പണിയുക മാത്രമാണ് ഇന്നത്തെ കോവിഡാനന്തര കേരളത്തിലെ പ്രതിസന്ധിക്ക് പരിഹാരം. സർക്കാറിന് ഇന്നത്തെ രീതിയിൽ പോകാൻ പറ്റില്ല. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങൾ കേരളസമൂഹത്തിൽ ആകമാനം ഉയർന്നെങ്കിലേ ഈ തെറ്റിദ്ധാരണകൾ മാറുകയുള്ളൂ.
പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.