തട്ടമിട്ട പെൺകുട്ടികളും തൊപ്പിയോ ഉറുമാലോ കെട്ടിയ പയ്യന്മാരും പുലർവേളകളിലോ സന്ധ്യക്കുശേഷമോ നെഞ്ചത്തടക്കിപ്പിടിച്ച കിത്താബുകളുമായി കയറിച്ചെല്ലുന്ന, ഉസ്താദുമാരിൽനിന്ന് ഖുർആനും നബിചര്യയും ആരാധനാ രീതികളും വിശ്വാസ-സ്വഭാവ സംസ്കരണവും പഠിക്കുന്ന സംവിധാനമായിരുന്നു കേരളത്തിലെ മദ്റസകൾ. നബിദിന റാലികൾ നടക്കുമ്പോഴോ വാർഷികാഘോഷവേളകളിലോ മാത്രമാണ് മദ്റസകൾ പള്ളിവളപ്പിൽനിന്ന് പുറത്തിറങ്ങിയിരുന്നത്.
എന്നാൽ, അവ പ്രവർത്തിക്കുന്നത് സർക്കാർ ചെലവിലാണെന്നും ഉസ്താദുമാർക്ക് ശമ്പളം നൽകുന്നത് സർക്കാർ ഖജനാവിൽനിന്നാണെന്നും മറ്റുമുള്ള അസത്യ ആരോപണങ്ങൾ സ്ഥാപിതതാൽപര്യമുള്ള വർഗീയ സംഘടനാ നേതാക്കൾ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ മദ്റസകൾ പലപ്പോഴും പൊതുമണ്ഡലത്തിലെ നിരന്തര ചർച്ചാവിഷയമായി. സർക്കാർ അധികൃതർ ഇക്കാര്യം നിഷേധിക്കുകയും ആരോപണം വ്യാജമാണെന്ന് രേഖകൾ സഹിതം പലവുരു തെളിയിക്കപ്പെടുകയും ചെയ്തിട്ടും ഇന്നും ആ വ്യാജകഥകൾ പാറിനടക്കുന്നു. വിദ്വേഷ പ്രസംഗകർ അനുയായികളെ പറഞ്ഞുവിശ്വസിപ്പിക്കുന്നു.
ഇല്ലാക്കഥകൾക്ക് മറുപടി നൽകേണ്ടിവരുമ്പോൾ ക്രിയാത്മകമായി ചെലവിടേണ്ടിയിരുന്ന എത്രയോ സമയമാണ് പാഴായിപ്പോകുന്നത്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ മദ്റസ പഠനരീതികൾ ഗുണകരമാംവിധം ചർച്ചചെയ്യപ്പെട്ടു എന്നത് ശുഭകരമാണ്. റോഡ് നിയമങ്ങൾ പാലിക്കാൻ ശീലിപ്പിക്കുന്ന പാഠങ്ങൾ ഉൾക്കൊള്ളിച്ചതിന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സമസ്ത മതവിദ്യാഭ്യാസ ബോർഡ് അധികൃതരെ അഭിനന്ദനമറിയിക്കുകയുണ്ടായി. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഏവരും ആവേശപൂർവം കേട്ട ഉശിരൻ പ്രസംഗം കാഴ്ചവെച്ച മൂന്നാം ക്ലാസുകാരൻ ഇയാസ് മോന്റെ ആദ്യ പഠനക്കളരി മദ്റസവേദികളായിരുന്നുവെന്ന വിവരവും വേറിട്ട ഒരു കാഴ്ചപ്പാട് സമൂഹത്തിൽ ചിലർക്കെങ്കിലും പകർന്നു നൽകിയിട്ടുണ്ട്.
അനാവശ്യ വിവാദങ്ങളും അസത്യപ്രചാരണങ്ങളും മനസ്സുമടുപ്പിക്കരുത് എന്നതുപോലെ ഇത്തരം സന്തോഷങ്ങളിൽ മയങ്ങി ഒതുങ്ങിക്കൂടാനുമാവില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ മദ്റസ സംവിധാനത്തിൽ കാലാനുസൃതമായ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഗൗരവബുദ്ധിയോടെ ആലോചിക്കേണ്ട സമയമാണിത്.
അറബി മലയാളത്തിൽ ചൊല്ലിപ്പഠിച്ചിരുന്ന പഴയകാല രീതികൾക്കു പകരം ടെക്സ്റ്റ് ബുക്കുകളും കൃത്യമായ സിലബസും പരീക്ഷയുമൊക്കെ നിലവിൽവന്നെങ്കിലും മദ്റസ പഠനവും അധ്യാപനവും വേണ്ടത്ര ഫലപ്രദമാകുന്നുണ്ടോ എന്ന സ്വയംവിശകലനത്തിനും തിരുത്തലുകൾക്കും ഏവരും തയാറാവേണ്ടതുണ്ട്.
ദൈവവിശ്വാസം ഊട്ടിയുറപ്പിച്ച് ഹൃദയങ്ങളെ സംശുദ്ധമാക്കി നല്ല വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് മദ്റസ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം. അവിടങ്ങളിൽ പണ്ടുകാലം മുതൽ പഠിപ്പിച്ചുവരുന്ന സ്വഭാവസംസ്കരണ പുസ്തകങ്ങൾ മാതാപിതാക്കളോടും മുതിർന്നവരോടും അയൽവാസികളോടും ബന്ധുക്കളോടും പുലർത്തേണ്ട മര്യാദകളും കടമകളും സംബന്ധിച്ച് ഉദ്ബോധനം നൽകുന്നവയായിരുന്നു.
കേരളത്തിലങ്ങോളമുള്ള ഒട്ടനവധി ജീവകാരുണ്യ-സാധുസഹായ മുന്നേറ്റങ്ങൾക്ക് അടിത്തറ പാകുന്നതിൽ മദ്റസകൾ പകർന്നുനൽകിയ സഹജീവിസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പാഠങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്നത് അനിഷേധ്യമാണ്. ദൈവസൃഷ്ടികളായ മനുഷ്യർ തന്നോടും ചുറ്റുപാടിനോടും കടപ്പെട്ടിരിക്കുന്നു എന്നതാണ് ദൈവിക അധ്യാപനം. മദ്റസകളിൽ പഠിച്ചുവളർന്നവർ അവ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നുവെങ്കിൽ പാഠങ്ങളും പഠനരീതികളും വീഴ്ചയില്ലാത്ത വിധത്തിൽ പുനഃക്രമീകരിക്കണം. റോഡ് നിയമങ്ങളും പരിസ്ഥിതിപാഠങ്ങളും മദ്റസ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ചതുപോലെ പുതിയ സാമൂഹിക സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തി സിലബസ് നവീകരിക്കണം. സാമൂഹിക അവബോധവും നിയമപരിജ്ഞാനവും കടപ്പാടുകളെക്കുറിച്ചുള്ള ബോധവും വൈകാരിക പക്വതയും ആത്മീയ ധാർമികചിന്തയുമൊക്കെ വളരാൻ ആവശ്യമായ ഉള്ളടക്കങ്ങൾ അതിലുണ്ടാകണം.
ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ, വിനോദയാത്രകൾ, കലാകായിക മത്സരങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, നേതൃപരിശീലനം, കരിയർ ഗൈഡൻസ്, രക്ഷാകർത്താക്കൾക്കായി ബോധവത്കരണ സെമിനാറുകൾ എന്നിങ്ങനെ വിവിധയിനം പരിപാടികൾകൊണ്ട് സമ്പന്നമായാൽ മദ്റസകളുടെ മുഖച്ഛായയിൽ മാത്രമല്ല, കുട്ടികളുടെ മനോഭാവത്തിലും മാറ്റമുണ്ടാവും.
പരമ്പരാഗത രീതിയിൽനിന്ന് മാറി സ്മാർട്ട് ക്ലാസ് റൂമുകളും ദൃശ്യ-ശ്രാവ്യ പാഠ്യോപകരണങ്ങളും ഉപയോഗപ്പെടുത്തി അധ്യയനം നടത്തുന്ന മദ്റസകളും ഉസ്താദുമാരും ഇന്നുണ്ട്, ആ രീതി കേരളക്കരയൊട്ടാകെ വ്യാപിക്കണം.
ഒപ്പം മദ്റസ സിലബസിനെ കൂടുതൽ ചൈൽഡ് ഫ്രൻഡ്ലി ആക്കുകയും വേണം. പുതിയ കാലത്തെ കുട്ടികളെ കൈകാര്യംചെയ്യാൻ സാമ്പ്രദായിക രീതികൾ മതിയാവില്ല.
വിജ്ഞാന വിസ്ഫോടനത്തിന്റെ യുഗത്തിൽ ജീവിക്കുന്ന അവർ മുതിർന്നവരേക്കാൾ എത്രയോ മുമ്പേ നടക്കുന്നവരാണെന്ന ബോധ്യത്തോടെ വേണം അവർക്കുള്ള പാഠ്യവിഭവങ്ങൾ തയാറാക്കാൻ. ഒപ്പം ശാസ്ത്രീയ അധ്യാപന രീതികൾ ഉൾക്കൊള്ളിച്ച പരിശീലനം കൃത്യമായ ഇടവേളകളിൽ മദ്റസ അധ്യാപകർക്ക് നിർബന്ധമായും നൽകേണ്ടതുണ്ട്.
നാം കണ്ടുപരിചയിച്ച ആ പഴയ ലോകത്തിലല്ല നമ്മുടെ കുട്ടികൾ ജീവിക്കേണ്ടത്.
ഇവിടെ ചതിക്കുഴികൾ ഏറെയാണ്. തിന്മയുടെ വേരുകൾക്ക് ആഴവും പരപ്പും കൂടുതലാണ്. ഏതുവിധേനയും അവ നമ്മുടെ മക്കളെ ചുറ്റിപ്പിടിക്കാനുള്ള സാധ്യതയും സാഹചര്യവും ധാരാളമുണ്ട്. അതിനാൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസപ്രക്രിയയിൽ കൈകോർത്തുനിൽക്കേണ്ടത് അനിവാര്യമാണ്; അത് സ്കൂളിലായാലും മദ്റസയിലായാലും.
ലഹരി ഹറാമാണെന്ന് ചെറുപ്രായത്തിലേ പഠിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങൾ ആ വലയിലേക്ക് വീണുപോകുന്നുവെങ്കിൽ അതിനെ ഭേദിക്കാൻ പൊലീസും എക്സൈസ് വകുപ്പും മാത്രം ശ്രമിച്ചാൽ പോരാ. കുട്ടികളെ കുരുക്കാൻ തക്കംപാർത്തിരിക്കുന്ന കെണികളെക്കുറിച്ച് പലപ്പോഴും നമ്മുടെ രക്ഷിതാക്കൾക്കറിയില്ല. അതിനാൽ ലഹരിക്കെതിരായ ബോധവത്കരണം കുട്ടികൾക്കു മാത്രമല്ല, രക്ഷിതാക്കൾക്കും മദ്റസകൾ വഴി കൊടുക്കേണ്ടതുണ്ട്.
പ്രവാചകന്റെ കാലത്തെ പള്ളികൾ ആരാധനാ കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. അവിടെയാണ് കൂടിയാലോചനകളും ചർച്ചകളും തർക്ക പരിഹാരങ്ങളും നടന്നത്. എന്നതുപോലെ നമ്മുടെ മദ്റസകളും സമൂഹത്തിലെ ഗുണകരമായ ആലോചനകളുടെയും പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രങ്ങളായി മാറണം (ആട്ടിയോടിക്കപ്പെട്ട കോവിഡ് രോഗികൾക്കുള്ള ഐസൊലേഷൻ കേന്ദ്രങ്ങളായും പ്രളയ ദുരിതത്തിൽപെട്ടവർക്കുള്ള റിലീഫ് കേന്ദ്രങ്ങളായും ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം മുറികളായും അയൽവീട്ടിലെ സാധു പെൺകുട്ടിയുടെ വിവാഹമണ്ഡപമായും നമ്മുടെ നാട്ടിലെ മദ്റസകളും പള്ളികളും പരിവർത്തിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം മറന്നുകൊണ്ടല്ല ഇതു പറയുന്നത്).
രാവിലെയും വൈകുന്നേരവുമുള്ള ക്ലാസ് കഴിഞ്ഞാൽ ദിവസത്തിന്റെ അധിക നേരവും ഒഴിഞ്ഞുകിടക്കുകയാണ് പലയിടത്തും മദ്റസ കെട്ടിടങ്ങൾ. കൗൺസലിങ്-കരിയർ ഗൈഡൻസ് സെന്ററുകളായും പി.എസ്.സി-മത്സര പരീക്ഷകൾക്കുള്ള പരിശീലനകേന്ദ്രങ്ങളായും അവ ഉപയോഗപ്പെടുത്താനായാൽ അത് സമൂഹത്തിൽ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും. പെൺകുട്ടികൾക്കുനേരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് ആയോധന കലകൾ പഠിപ്പിക്കാനുള്ള സംവിധാനവും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മാതൃകാപരമായി അത്തരം പ്രവർത്തനം നടത്തുന്ന മഹല്ലുകളെ കണ്ടുപഠിക്കാനും പകർത്താനും സംഘടനാ വൈജാത്യങ്ങൾ മറന്ന് ഏവരും മുന്നോട്ടുവരണം.
മതം ആരാധനകളും ചടങ്ങുകളും മാത്രമല്ലല്ലോ. അതൊരു ജീവിതസംഹിതയാണ്. ജീവിതപരിശീലനമാണ്. എന്നിരിക്കെ, മതാധ്യാപനകേന്ദ്രങ്ങൾ ഇത്തരത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലയിലും സമൂഹത്തിന് വഴി കാട്ടിയാകാൻ പാകത്തിൽ പരുവപ്പെടേണ്ടതില്ലേ?
മയക്കുമരുന്ന് കേസുകളിലും അധാർമികമായ ചുറ്റുപാടുകളിലും ആത്മഹത്യയിലും വരെ കുട്ടികൾ എത്തിപ്പെടുന്നതിനെച്ചൊല്ലി വിലപിച്ചതുകൊണ്ടായില്ല, പരിഹാരമാണ് വേണ്ടത്.
അതിന് പാഠപുസ്തകത്തിൽ തുടങ്ങി മഹല്ല് പ്രവർത്തനത്തിൽ വരെ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ പാകത്തിൽ സമുദായത്തിന്റെ അടിയന്തരമായ ചിന്തയും പഠനവുമാണ് നടക്കേണ്ടത്. അടുത്ത നിമിഷത്തിൽ സാധിക്കുമെങ്കിൽ അത്രയും വേഗം ആരംഭിക്കേണ്ട സാഹചര്യത്തിലാണ് നാമുള്ളത്. മതപണ്ഡിതരുടെയും സംഘടനകളുടെയും ബുദ്ധിജീവികളുടെയും സജീവ ചർച്ചക്കും ഇടപെടലിനുമായി ഈ വിഷയം മുന്നോട്ടുവെക്കുന്നു.
(വിദ്യാഭ്യാസ പ്രവർത്തകയും പ്രചോദന പ്രഭാഷകയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.