പ്രധാനമന്ത്രി നരേന്ദ്ര മോദി നളന്ദ സന്ദർശിച്ചപ്പോൾ

നളന്ദ കത്തിച്ചതാര് ?

ബുദ്ധമതവുമായി ബന്ധപ്പെട്ട ചരിത്രം, ഗഹനമായി പഠിച്ച തിബത്തൻ പണ്ഡിതന്മാരായ ധർമസ്വാമിൻ, സുമ്പ എന്നിവരും ഖിൽജി നളന്ദയിൽ പോയതിനെക്കുറിച്ചോ കത്തിച്ചതിനെക്കുറിച്ചോ പരാമർശിക്കുന്നില്ല. തിബത്തിൽ നിന്നുള്ള മറ്റൊരു പ്രശസ്ത ബുദ്ധമത പണ്ഡിതനായ താരാനാഥും അത്തരമൊരു വസ്തുത പരാമർശിക്കുന്നില്ല

മ്യാന്മർ, ശ്രീലങ്ക, വിയറ്റ്നാം, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരുടെ സാന്നിധ്യത്തിലാണ്​ ജൂൺ 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തത്​. അശോക ചക്രവർത്തി അയച്ച പ്രബോധകരാൽ ബുദ്ധമതം പ്രചരിച്ച രാജ്യങ്ങളാണ് ഇവയിലധികവും. നളന്ദയെ ഒരു മുൻനിര ആഗോള സർവകലാശാലയായി പുനരുജ്ജീവിപ്പിക്കുകയെന്നത്​ 2006ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്​ദുൽ കലാം മന്നോട്ടുവെച്ച ആശയമായിരുന്നു. ബിഹാർ നിയമസഭയും യു.പി.എ സർക്കാറും ഇതംഗീകരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ വിദേശ ആക്രമണകാരികളാണ് സർവകലാശാല കത്തിച്ചതെന്ന് ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞു. മഹ്മൂദ് ഘോരിയുടെ സേവനകനായിരുന്ന ഭക്തിയാർ ഖിൽജി നളന്ദ കത്തിച്ചുവെന്ന പരക്കെയുള്ള ഒരു ധാരണ ഏറ്റുപാടുകയായിരുന്നു മോദി. മുസ്‍ലിം ‘അധിനിവേശകർ’ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ബലപ്രയോഗത്തിലൂടെ ഇസ്‌ലാം പ്രചരിപ്പിക്കുകയും ചെയ്‌തു എന്ന ' സാമാന്യ ധാരണയുടെ'യുടെ മറ്റൊരു കൂട്ടിച്ചേർക്കലാണ് ഇതും. ബ്രിട്ടീഷുകാർ വർഗീയതയിലധിഷ്​ഠിതമായ ചരിത്രരചനയിലൂടെ സംഭവങ്ങൾ അവതരിപ്പിച്ചതോടെയാണ് പ്രചാരം സിദ്ധിച്ച ഈ ധാരണകൾക്ക്​ ഹിന്ദു, മുസ്‍ലിം വർഗീയ ധാരകൾ വലിയ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.

മുസ്‍ലിം ലീഗ്​ ഹിന്ദുക്കൾക്കെതിരെ പ്രചരിപ്പിച്ച മിത്തുകൾ പാകിസ്​താനിൽ നാശം വിതച്ചപ്പോൾ ഇന്ത്യയിൽ രാഷ്ട്രീയ സ്വയംസേവക്​ സംഘ്​ മുസ്​ലിംകൾക്കെതിരെ വർഗീയ കലാപവും വിദ്വേഷപ്രചാരണവും നടത്തി. അതു കണ്ട്​ സഹികെട്ടാണ്​ സർദാർ വല്ലഭ്​ ഭായ്​ പ​ട്ടേൽ ആർ.എസ്​.എസിനെക്കുറിച്ച്​ ​ ‘‘അവരുടെ പ്രസംഗങ്ങളെല്ലാം വർഗീയ വിഷം നിറഞ്ഞതായിരുന്നു. ഹിന്ദുക്കളെ ആവേശഭരിതരാക്കാനും സംരക്ഷണത്തിനായി സംഘടിക്കാനും വിഷം പരത്തേണ്ട ആവശ്യമില്ല. ആ വിഷത്തിന്റെ അന്തിമഫലമായി, ഗാന്ധിജിയുടെ അമൂല്യമായ ജീവന്റെ ത്യാഗമാണ്​ രാജ്യത്തിന് സഹിക്കേണ്ടിവന്നത്​’’ എന്നെഴുതിയത്​.

വിദേശ അധിനിവേശകർ നളന്ദ കത്തിച്ചുവെന്ന മോദിയുടെ പ്രസ്​താവന മുസ്‍ലിംകൾക്കെതിരെ വിദ്വേഷം പടർത്താൻ ഉപയോഗിച്ചുവരുന്ന വ്യാജങ്ങളുടെ അതേ ഗണത്തിലുള്ളതാണ്​.

വളർച്ചയും തളർച്ചയും

ആറാം നൂറ്റാണ്ടിൽ ഗുപ്ത രാജാക്കന്മാർ നിർമിച്ച ബിഹാറിലെ രാജ്ഗിറിലെ വലിയൊരു പ്രദേശത്തായി വ്യാപിച്ചുകിടന്ന മഹത്തായ റെസിഡൻഷ്യൽ സർവകലാശാലയായിരുന്നു നളന്ദ. പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നതു പ്രകാരം ഇതൊരു ബുദ്ധമത കേന്ദ്രമായിരുന്നു. ബുദ്ധമത ദർശനത്തിനു​ പുറമെ, ബ്രാഹ്മണിക്കൽ ഗ്രന്ഥങ്ങൾ, ഗണിത ശാസ്​ത്രം, യുക്തിചിന്ത, ആരോഗ്യ ശാസ്ത്രം എന്നിവയും ഇവിടെ പഠിപ്പിച്ചിരുന്നു. തുറന്ന ചർച്ചകളും യുക്തി ചിന്തകളും ഈ വിജ്ഞാനകേന്ദ്രത്തി​ന്റെ ജനപ്രിയത വർധിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും പണ്ഡിതരെയും ഇവിടേക്ക്​ ആകർഷിക്കുകയും ചെയ്​തു. രാജകീയ പിന്തുണ നളന്ദക്ക്​ ലഭിച്ചുവന്നിരുന്നെങ്കിലും പാല, സേന രാജവംശങ്ങളുടെ വരവോടെ, അതിൽ കുറവ്​ സംഭവിക്കുകയും ഒടന്തപുരി, വിക്രമശില എന്നീ പുതിയ സർവകലാശാലകളിലേക്ക്​ രാജകീയ പിന്തുണ വഴിമാറുകയും ചെയ്​തു. നളന്ദയുടെ പതനത്തിന്റെ തുടക്കമായിരുന്നു ഇത്.

കത്തിനശിച്ച ഗ്രന്ഥപ്പുര

അപൂർവങ്ങളായ ദശലക്ഷക്കണക്കിന് പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും അമൂല്യശേഖരമായിരുന്ന ഇവിടത്തെ ലൈബ്രറി ആരാണ് തീയിട്ട്​ നശിപ്പിച്ചത്? ഇത് പലപ്പോഴും ഖിൽജിയുടെ പേരിൽ, പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടെ വരവിനുശേഷം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അതിനെ സാധൂകരിക്കത്തക്ക പ്രാഥമിക വിവര സ്രോതസ്സുകളൊന്നുമില്ല. കൊള്ളയടിച്ച്​ മുതൽ കൈക്കലാക്കലായിരുന്നു ഖിൽജിയുടെ പ്രധാന ലക്ഷ്യം. അയോധ്യയിൽ നിന്ന് ബംഗാളിലേക്കുള്ള യാത്രാമധ്യേ, സമ്പത്തുള്ള കോട്ടയാണെന്ന് തെറ്റിദ്ധരിച്ച് ബിഹാർ കോട്ട അയാൾ ആക്രമിച്ചിട്ടുണ്ട്​. എന്നാൽ, നളന്ദ ഈ വഴിയിലായിരുന്നില്ലെന്ന്​ മാത്രമല്ല, ഏറെ അകലെയായിരുന്നു. തന്നെയുമല്ല ഒരു സർവകലാശാല ആക്രമിക്കാൻ തക്ക കാരണം ഖിൽജിക്കുണ്ടായിരുന്നില്ല.

അന്നത്തെ ചരിത്രവുമായി ബന്ധപ്പെട്ട പ്രാഥമിക സ്രോതസ്സുകളിൽ ഖിൽജി നളന്ദയിലേക്ക് പോയതായി പറയുന്നില്ല. മിൻഹാജെ സിറാജ് എഴുതിയ തബകത്തെ നസിരിയിൽ ഇതിനെക്കുറിച്ച് പരാമർശമില്ല. ഇന്ത്യയുടെ ചരിത്രം പ്രത്യേകിച്ച്, ബുദ്ധമതവുമായി ബന്ധപ്പെട്ട ചരിത്രം, ഗഹനമായി പഠിച്ച തിബത്തൻ പണ്ഡിതന്മാരായ ധർമസ്വാമിൻ, സുമ്പ എന്നിവരും ഖിൽജി നളന്ദയിൽ പോയതിനെക്കുറിച്ചോ കത്തിച്ചതിനെക്കുറിച്ചോ പരാമർശിക്കുന്നില്ല. തിബത്തിൽ നിന്നുള്ള മറ്റൊരു പ്രശസ്ത ബുദ്ധമത പണ്ഡിതനായ താരാനാഥും അത്തരമൊരു വസ്തുത പരാമർശിക്കുന്നില്ല. അജന്ത, എല്ലോറ, സാഞ്ചി സ്തൂപം തുടങ്ങിയ പ്രാധാന്യമുള്ള മറ്റ് ബുദ്ധ നിർമിതികളും ‘അധിനിവേശകരുടെ’ ആക്രമണത്തിന് പാത്രമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്​. ഇന്ത്യൻ ചരിത്രകാരായ ജാദുനാഥ് സർക്കാറും ആർ.സി. മജുംദാറും നളന്ദയെ ഖിൽജി നശിപ്പിച്ചു എന്ന വാദത്തെ ശരിവെക്കുന്നില്ല.

ബ്രാഹ്മണ്യത്തിന്റെ പ്രതികാരം

പ്രാചീന ഇന്ത്യൻ ചരിത്രം സംബന്ധിച്ച ആധികാരിക ശബ്​ദമായ പ്രഫ.ഡി. എൻ.ഝാ ‘വർഗീയവാദിക്കൊരു മറുപടി’ (Responding to a Communalist) എന്ന തന്റെ ലേഖനത്തിൽ തിബത്തൻ സന്യാസി താരാനാഥ് രചിച്ച ഇന്ത്യയിലെ ബുദ്ധമതത്തി​ന്റെ ചരിത്രം എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഭാഗം സംഗ്രഹിച്ച്​ ഉദ്ധരിക്കുന്നുണ്ട്​, അത്​ ഇപ്രകാരമാണ്​: ‘‘നളേന്ദ്രയിൽ [നളന്ദ] കകുത്സിദ്ധൻ നിർമിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിനിടെ, വികൃതികളായ ഷാമൻമാർ തീർഥിക യാചകർക്ക് എച്ചിൽ വെള്ളമെറിഞ്ഞു. ഇതിൽ കുപിതരായി ഒരാൾ ഉപജീവനം തേടി ഇറങ്ങിയപ്പോൾ മറ്റൊരാൾ

ആഴത്തിലുള്ളൊരു കുഴിയിൽ ഇരുന്ന്​ 'സൂര്യ സാധന'യിൽ മുഴുകി. അദ്ദേഹം ഒരു യാഗം നടത്തുകയും ചുറ്റിനും ചാരം വിതറുകയും ചെയ്​തു, അത് അത്ഭുതകരമായ അഗ്​നിയായി മാറി’’.

ബുദ്ധ-ബ്രാഹ്മണ ഭിക്ഷുക്കൾ തമ്മിലെ യഥാർഥ കലഹത്തെയാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ​ഡോ. ഡി.ആർ. പാട്ടീൽ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണ ഭിക്ഷുക്കൾ യാഗം നടത്തി സൂര്യദേവനെ പ്രീതിപ്പെടുത്തി. ഹോമകുണ്ഡത്തിൽ നിന്ന്​ എരിയുന്ന കുന്തിരിക്കവും ചാരവും ബുദ്ധക്ഷേത്രങ്ങളിലേക്ക് വാരിയെറിഞ്ഞു. ഇതാണ് അതിമഹത്തായ ഗ്രന്ഥശേഖരം കത്തിനശിക്കാൻ കാരണമായത്.

ബ്രാഹ്മണ്യത്തിന്റെ പുനരുജ്ജീവനത്തെത്തുടർന്ന് ബുദ്ധമതത്തിനെതിരായ ആക്രമണങ്ങൾ ഗണ്യമായി വർധിച്ചുവന്ന ഒരു കാലഘട്ടമായിരുന്നു ഇതെന്നും നാം ഓർക്കേണ്ടതുണ്ട്. അശോകന്റെ കാലത്തിനുശേഷം, ഇന്ത്യയിൽ ബുദ്ധമതം വ്യാപകമായ​​​പ്പോൾ സമത്വ സങ്കൽപങ്ങൾക്ക് കാര്യമായ പ്രാധാന്യം കൈവന്നിരുന്നു. ഇതിനെ തുടർന്ന്​ ബ്രാഹ്മണ ആചാരങ്ങൾ കുറഞ്ഞുവരുകയും ആ സമുദായത്തിൽ വലിയ അതൃപ്തി വ്യാപിക്കുകയും ചെയ്​തു. അശോകന്റെ ചെറുമകനായ ബൃഹ്ദ്രഥൻ അധികാരത്തിലിരിക്കെ, മുഖ്യ സേനാനായകനായിരുന്ന പുഷ്യമിത്ര ഷുങ്, അദ്ദേഹത്തെ കൊലപ്പെടുത്തുകയും ബുദ്ധമതക്കാരെ പീഡിപ്പിക്കുകയും ചെയ്തു.

വിശ്വസനീയമായ എല്ലാ സ്രോതസ്സുകളും വിരൽ ചൂണ്ടുന്നത് നളന്ദയിലെ മഹത്തായ ഗ്രന്ഥശേഖരം തീവെക്കപ്പെട്ടത്​ ബ്രാഹ്മണ പ്രതികാരമായാണ്​ എന്നതിലേക്കാണ്​. ഇതിലേക്ക്​ ഖിൽജിയെ വലിച്ചിടുക വഴി മുസ്‍ലിംകൾക്കെതിരെ ഇസ്​ലാമോഫോബിക്​ ആയ പ്രചാരണങ്ങൾ അഴിച്ചുവിടൽ എളുപ്പമാകും, ഒപ്പം അക്കാലത്ത്​ ബുദ്ധമതക്കാർ പീഡിപ്പിക്കപ്പെട്ടതിന്റെ യഥാർഥ കഥകൾ മറച്ചുവെക്കാനുമാകും.

ബുദ്ധമത കാലഘട്ടത്തിൽ നിന്ന് നാം സംരക്ഷിച്ചുനിർത്തേണ്ടത്​ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന അടിത്തറയായ സ്വതന്ത്ര സംവാദത്തിന്റെയും യുക്തിയുടെയും ആത്മാവാണ്. അനുസരണയുടെയും വിധേയത്വത്തിന്റെയും സംസ്‌കാരം അടിച്ചേൽപിച്ച് നമ്മുടെ സർവകലാശാലകളെ ശ്വാസംമുട്ടിക്കുന്ന കാലത്ത്​ വിശേഷിച്ചും. അത്തരം സാഹചര്യങ്ങളിൽ അറിവിനെ ഉൾക്കൊള്ളാനോ വികസിപ്പിക്കാനോ സാധിക്കില്ല. ഇന്ത്യയിലെ ബുദ്ധമതവും ബ്രാഹ്മണ്യവും തമ്മിലെ പോരാട്ടത്തിന്റെ ദാരുണമായ ചരിത്രത്തിൽ നിന്ന് ഇക്കാര്യം നമുക്ക്​ പഠിക്കാനായാൽ രാജ്യത്തി​ന്റെ അക്കാദമിക വികസനത്തിന്​ അതേറെ നിർണായകമാകും.

(​എഴുത്തുകാരനും സെൻറർ ഫോർ സ്​റ്റഡി ഓഫ്​ സെ​സൈറ്റി ആൻഡ്​ സെക്കുലറിസം പ്രസിഡൻറുമാണ്​ ലേഖകൻ)

Tags:    
News Summary - Who burnt Nalanda?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT