ഓണം അർഥം നിറഞ്ഞ കാലം

ജീവിതത്തില്‍ ചില തീയതികള്‍ക്ക് മറ്റെന്തിനേക്കാളും വലുപ്പവും അർഥവും ഉണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഓണക്കാലമാണത്. സെപ്റ്റംബര്‍ 7, 2008, എന്‍റെ ആദ്യ സിനിമയായ തലപ്പാവ് പ്രദര്‍ശനശാലകളിലെത്തിയ ദിവസം. ആ സമയം റമദാന്‍ മാസവുമായിരുന്നു. കേരളത്തിലെ സിനിമ പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയറ്ററുകളിലും ഞാൻ ആ ഓണക്കാലത്ത് ഓടിനടന്നു. ആദ്യമായി സംവിധാനംചെയ്ത സിനിമ ആളുകളുടെ കൂടെ കാണുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയുകയും ചെയ്തുകൊണ്ട് ഒരു യാത്രയായിരുന്നു അത്. സെപ്റ്റംബര്‍ 12, 2012. രണ്ടാമത്തെ സിനിമ ഒഴിമുറിയും ഒരോണത്തിനുതന്നെ റിലീസ് ചെയ്തു. രണ്ടു ചിത്രങ്ങളും പ്രേക്ഷകരുടെ ആശംസകളും കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങളും നേടി. മൂന്നാമത്തെ സിനിമ ചെയ്തത് 2018ലായിരുന്നു. അതും സെപ്റ്റംബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച കാലത്തായിരുന്നു കേരളത്തിലെ പ്രളയം. ആ ഓണം പ്രളയത്തില്‍ മുങ്ങിപ്പോയി. പിന്നീടുള്ള വര്‍ഷങ്ങളും പ്രളയവും രോഗവുമായി അടച്ചുപൂട്ടപ്പെട്ട കാലം.

എന്‍റെ കുട്ടിക്കാലം പാലക്കാടുള്ള ഗ്രാമങ്ങളിലായിരുന്നു. കൃഷിയായിരുന്നു അന്നത്തെ പ്രധാന ജോലി. പാടങ്ങളില്‍ വിളവെടുപ്പിന്‍റെ മേളമുണ്ടാവും. അത് നാളെയിലേക്കുള്ള പ്രതീക്ഷകളും. വിഭവസമൃദ്ധമായ സദ്യക്കുശേഷം നേരെ ചെന്നെത്തുന്നത് സിനിമാകൊട്ടകകളിലാണ്. പുതിയ സിനിമകള്‍ കാണാന്‍ നഗരത്തിലേക്കു പോകും. ഗ്രാമങ്ങളിലെ കൊട്ടകകളിലും കാണികള്‍ നിറയും. തല്ലുപിടിച്ച് ബഹളമുണ്ടാക്കി വരിയില്‍നിന്ന് ടിക്കറ്റെടുത്ത് അകത്തുകയറി ഷര്‍ട്ടും മുണ്ടും ഊരിവീശി ആളുകള്‍ ആര്‍ത്തുല്ലസിക്കും. തിരശ്ശീലയില്‍ നായകന്‍ വരുമ്പോള്‍ വില്ലനെ അടിച്ച് നിലം പരിശാക്കുമ്പോള്‍ അവര്‍ വിസിലടിച്ച് അട്ടഹസിക്കും. സിനിമക്കകത്ത് തല്ലുണ്ടാകുന്നതുപോലെ ചിലപ്പോഴൊക്കെ പുറത്തും തല്ലുണ്ടാവും. എന്നാല്‍, അതൊരിക്കലും ഏറെനേരം നിൽക്കുന്നതാവില്ല. എല്ലാ മനുഷ്യരും സ്നേഹംകൊണ്ടത് തീര്‍പ്പാക്കും. പുറത്തെ തുറന്നുവെച്ച ഹോട്ടലുകളില്‍ ചെന്നിരുന്ന് ഒരു ചായ കുടിച്ചത് രമ്യമാകും. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇഴചേര്‍ക്കലായിരുന്നു അത്. അവരൊരിക്കലും ഏതെങ്കിലും മതത്തിന്‍റെയോ ജാതിയുടെയോ ചതുരങ്ങളില്‍ ആയിരുന്നില്ല. ഉത്സവങ്ങളും ആഘോഷങ്ങളും ഒന്നുചേര്‍ന്ന് കൊണ്ടാടി. ജീവിതവും ചാവും മനുഷ്യന്‍റേതായിരുന്നു. വിയര്‍പ്പിന്‍റെ നാറ്റം മണ്ണിന്‍റെ മണമായിരുന്നു. മറയില്ലാതെ അവര്‍ ഇടപെട്ടു. അവരുടെ വാക്കുകളില്‍ ചിലപ്പോഴൊക്കെ തെറിയും അലര്‍ച്ചയും ഉണ്ടായിരുന്നെങ്കിലും അതൊട്ടും ശാശ്വതമായിരുന്നില്ല. സ്നേഹവും രാഷ്ട്രീയവും സമാന്തരമായൊഴുകുകയും ചിലപ്പോഴൊക്കെ കൈവഴികളില്‍ ഒന്നിക്കുകയും ചെയ്തിരുന്നു. ഏതൊരു നാട്ടിലും ഇങ്ങനെയൊക്കെതന്നെയാവും കാണുന്നതെന്ന് പഠിപ്പിച്ച മാഷന്മാരുണ്ടായിരുന്നു. ഒന്നിനെയും ഭയമില്ലാതെ എല്ലാം തുറന്നുപറയാനുള്ള ഒരു കരുത്ത് അവര്‍ പറഞ്ഞുതന്നു. സത്യം, ധര്‍മം, നീതി എന്നതൊക്കെ കനപ്പെട്ട വാക്കുകളായിരുന്നു. അതിന്‍റെ വെളിച്ചം ഞങ്ങള്‍ കുട്ടികളിലേക്ക് പൊലിപ്പിച്ചിരുന്നു.

ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടക്കുമ്പോള്‍ ഞാന്‍ ഓടിച്ചെല്ലാറുള്ളത് അച്ഛന്‍ നടത്തിയ തിയറ്ററിലേക്കായിരുന്നു. ഓണത്തിന്‍റെ ആ ഒഴിവുകളില്‍ എല്ലാ ദിവസവും ഒരേ സിനിമ തന്നെ കാണും. രാവിലെ പൂക്കളമിടാനുള്ള പൂവ് തേടി ഗ്രാമത്തിലലയും. അത് കഴിഞ്ഞാല്‍ സൈക്കിളെടുത്ത് അയൽപക്കങ്ങളിലെ വായനശാലകളിലേക്കു ചവിട്ടും. ഉച്ചയാവുമ്പോള്‍ വിയര്‍ത്തൊലിച്ച് വീടെത്തും. ഊണുകഴിഞ്ഞാല്‍ വീണ്ടും തിയറ്ററിലേക്ക്. സത്യത്തില്‍ ആ യാത്രകളാണ് എന്നെ രൂപപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അന്ന് വായിച്ച പുസ്തകങ്ങളിലൊന്ന് എന്‍റെ ആദ്യ സംവിധാനസംരംഭമായി. അതിന്‍റെ കാഴ്ചയും മറ്റൊരു ഓണക്കാലത്തായിരുന്നു. പാറപ്പുറത്തിന്‍റെ ആകാശത്തിലെ പറവകള്‍ എന്ന നോവല്‍ കൈരളി ചാനലിനുവേണ്ടി സീരിയലായി സംവിധാനം ചെയ്തത് രണ്ടായിരത്തിലെ ആഗസ്റ്റ് അവസാനമായിരുന്നു. ഓണംതന്നെയായിരുന്നു അന്നും. ആ ടെലിവിഷന്‍ സീരിയലിനു കേരളത്തിലും പുറത്തുമായി ചെറുതും വലുതുമായി 37 പുരസ്കാരങ്ങള്‍ ലഭിച്ചു. പുരസ്കാരങ്ങളേക്കാള്‍, ഓരോ എപ്പിസോഡ് കഴിയുമ്പോഴും പ്രേക്ഷകരുടെ വിളിക്കായി കാത്തിരുന്ന നിമിഷത്തെയായിരുന്നു ഞങ്ങള്‍ ആഘോഷിച്ചത്. 27 ആഴ്ചകളില്‍ അത് ആവര്‍ത്തിച്ചു. നടനായി തുടങ്ങിയപ്പോള്‍ മുതല്‍ ചെയ്ത വില്ലന്‍വേഷങ്ങള്‍ കണ്ട പ്രേക്ഷകര്‍ ഇങ്ങനെയൊരു സീരിയല്‍ ചെയ്തതറിഞ്ഞ് ഒരുപാട് അഭിനന്ദിച്ചു. ആ സീരിയലിന്‍റെ തുടര്‍ച്ചതന്നെയായിരുന്നു തലപ്പാവും ഒഴിമുറിയും ഒരു കുപ്രസിദ്ധ പയ്യനുമെല്ലാം.

പാലക്കാടിന്‍റെ അന്തരീക്ഷത്തില്‍ ഓണക്കാലം ഓണത്തല്ലിന്‍റേതുകൂടിയായിരുന്നു. തല്ല് കാണാന്‍ ഒരുപാട് കാണികളെത്തും. കര്‍ക്കടകമാസത്തിലെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ് മെയ്യഭ്യാസം നടത്തി തല്ലുകാര്‍ വന്ന് കളത്തിലിറങ്ങി കൈകോര്‍ക്കും. കോര്‍ത്ത കൈകള്‍ വലിച്ചെടുത്ത് ആര്‍ത്തട്ടഹസിച്ച് കളി നിയന്ത്രിക്കുന്ന ചാതിക്കാരന്‍റെ വിസില്‍ മുഴക്കത്തിനനുസരിച്ച് ഒരുത്തന്‍ കളിയില്‍ തല്ലി തോൽക്കുന്നതുവരെ കളി തുടരും. പറളിയിലും കൂട്ടുകാരനായ കുമാരന്‍റെ കൂടെ പല്ലശ്ശനയിലും എടത്തറയിലും തല്ല് കാണാന്‍ പോകും. പല്ലശ്ശനയിലെ തല്ല് രോഷത്തിന്‍റെ പ്രതീകമാണ്. ഒരു നാട്ടുരാജ്യത്തിന്‍റെ ജയവും തോൽവിയും നിറഞ്ഞ ഒരു കഥയുടെ പുനരാവിഷ്കാരം. അത് പ്രസിദ്ധവുമാണ്. വേലയും പൂരവും പോലെതന്നെ പാലക്കാടിന്‍റെ മൈതാനങ്ങളില്‍ തല്ല് ഒരു വിനോദമായി കണ്ടിരുന്നു. ഓണത്തല്ല് കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ ആട്ടക്കളത്തില്‍ ഈ തല്ല് ആവര്‍ത്തിക്കുമായിരുന്നു. കൈ പരത്തിയടിക്കും. കൈകൊണ്ട് തടുക്കും. ഒരിക്കലും കൈ ചുരുട്ടി അടിക്കുകയോ ചവിട്ടുകയോ ചെയ്യില്ല. കളിയിലും സത്യമുണ്ടായിരുന്നു. കളി കായികംകൂടിയായി ആരോഗ്യത്തെ ചേര്‍ക്കുന്നതും വരാനിരിക്കുന്ന ജീവിതത്തെ ഉയര്‍ത്താന്‍തന്നെയായിരുന്നു. ജീവിതമെന്നത് സമ്പുഷ്ടമായ ആരോഗ്യം എന്നു പഠിപ്പിക്കുകയായിരുന്നു. വിഷം വിതറാത്ത വിളവുകളായിരുന്നു ആദ്യ സത്യം. ഭക്ഷണമാണ് ഒരുവന്‍റെ ജീവന്‍ എന്ന നീതിബോധം ഉണ്ടായിരുന്നു. അത് പണ്ട് കേരളം മഹാബലി വാണിരുന്നു എന്ന ഐതിഹ്യത്തിന്‍റെ തുടര്‍ച്ചയായിരുന്നു. കാര്‍ഷികാഘോഷത്തിന്‍റെ, വിളവെടുപ്പിന്‍റെ, അതിന്‍റെ കച്ചവടത്തിന്‍റെ പച്ചപ്പായിരുന്നു ഓണം അന്ന് ഞങ്ങള്‍ക്ക്. തമിഴ്നാട്ടില്‍നിന്ന് പലരീതിയിലുള്ള കച്ചവടക്കാര്‍ വരുമായിരുന്നു. തുണിയും പലഹാരങ്ങളും കൊണ്ടാട്ടങ്ങളും ഗൃഹോപകരണങ്ങളുമായി അവര്‍ ഒരിടത്ത് ഒത്തുകൂടും. ഗ്രാമവീഥികള്‍പോലും താൽക്കാലിക കച്ചവടയിടങ്ങളാവും. വഴിയോരവാണിഭത്തിന്‍റെ തിരക്കും ആര്‍പ്പും അനുഭവിക്കും. മാലോകരെല്ലാം ഒന്നുപോലെ എന്ന വാചകം സത്യമായി കാണും. ഓണം മനുഷ്യന്‍റെ നന്മയായി നിലനിൽക്കുന്നു എന്നിപ്പോഴും കരുതാനാണ് മനുഷ്യരുള്ളിടത്തോളം ആഗ്രഹിക്കുന്നത്.

പ്രളയ രോഗപീഡകള്‍ മാറി, ആശങ്കയകന്ന് മനുഷ്യന്‍ വീണ്ടും തുറസ്സിലേക്കു വന്നിരിക്കുന്നു. മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിലൊക്കെ അത് നാശം വിതക്കുന്ന കാറ്റാകുന്നുണ്ട്. എങ്കിലും പ്രതീക്ഷ നശിക്കാതെ സ്വസ്ഥമാകാന്‍ പ്രേരിപ്പിച്ച് ആളുകള്‍ നീങ്ങുകയാണ്. ഓണം എപ്പോഴും പ്രതീക്ഷയേകുന്ന സമയമാണ്. ഒരു പാട്ടുപോലെയാണത്. കേൾക്കാന്‍ ഇമ്പംതോന്നുന്ന ഗീതം. കുട്ടിക്കാലം മുതല്‍ ഓണക്കാലം ഓരോ മനുഷ്യന്‍റെയും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകള്‍ക്ക് പൂക്കളം വരക്കുന്നുണ്ട്. ഇന്നും വിടാതെ ആളുകള്‍ അത് പുതിയ രീതിയില്‍ ഒരുക്കുന്നുമുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ വല്ലാതെ വിഷമിപ്പിക്കുന്ന ഓണങ്ങളും ഞാന്‍ കാണുന്നുണ്ട്, അത് കേരളത്തിനു പുറത്തേക്ക് പോകുമ്പോഴാണ്. കേരളത്തിനു പുറത്ത്, ഇവിടത്തെ ഓണം കഴിഞ്ഞതിനുശേഷമുള്ള മാസങ്ങളിലാണ്. ഓണം ഒരിക്കലും ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്‍റെയോ ജാതിയുടെയോ അല്ല എന്നാണ് എന്‍റെ ബാല്യം എന്നെ പഠിപ്പിച്ചത്. ഒരു ദേശീയ ഉത്സവം എന്നും പറഞ്ഞാഘോഷിച്ചു. എന്നാല്‍, ചിലയിടങ്ങളിലൊക്കെ അത് ഹിന്ദുക്കളുടെ, അവരില്‍തന്നെയുള്ള പല ജാതികളുടെ, സംഘങ്ങളുടെ ആഘോഷമാക്കി വളര്‍ത്തുന്നത് കാണുമ്പോള്‍ ഒരു ഐതിഹ്യം വെറും കഥയായി മാറുകയാണോ എന്ന് ഭയപ്പെടുന്നു. ജാതിമതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനും പ്രകൃതിയും ചേര്‍ന്നൊരാഘോഷം, അത് മറന്നുപോകാതെ സൂക്ഷിക്കുവാനാകണം ഓണം.

Tags:    
News Summary - onam remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT