1947 നവംബറില്‍ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീൻ വിഭജനത്തിനെതിരെ വോട്ട് ചെയ്യുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു ഇന്ത്യ. ഫലസ്തീന് അനുകൂല നിലപാട് സ്വീകരിച്ച ഏഷ്യയിലെ അറബ്-മുസ്ലിം രാഷ്ട്രമല്ലാത്ത ഏക രാജ്യം നമ്മുടേതായിരുന്നു. ഇതല്ല മുന്നോട്ടുപോക്കിനുള്ള യഥാര്‍ഥ മാര്‍ഗമെന്നാണ് ഫലസ്തീന് വിഭജനത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത്.
ആ അടുത്ത കാലത്താണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിഭജിച്ചത്. അന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ വീടും സൗകര്യങ്ങളും നഷ്ടപ്പെട്ടു. ധാരാളം ആളുകള്‍ സ്വദേശത്ത് അഭയാർഥികളായിത്തീര്‍ന്നു. അതുകൊണ്ട് വിഭജനം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് ഇന്ത്യക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുകൂടിയാണ് ഇന്ത്യ ഫലസ്തീന് വിഭജനത്തെ ശക്തമായി എതിര്‍ത്തത്.
ഈ വോട്ടെടുപ്പ് സമയത്ത് 51 രാഷ്ട്രങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ ഉണ്ടായിരുന്നത്. അതില്‍ 40 രാജ്യങ്ങള്‍ ഫലസ്തീന് വിഭജനത്തെ അനുകൂലിച്ചു. യു.എസും സോവിയറ്റ് യൂനിയനും അടക്കം എല്ലാ ലോകശക്തികളും വിഭജനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ആ സന്ദര്‍ഭത്തിലാണ് അവര്‍ക്കെതിരെ മൂന്നു മാസം മാത്രം പ്രായമായ സ്വതന്ത്ര ഇന്ത്യ എണീറ്റുനിന്ന് ഫലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഒരു മതേതര ജനാധിപത്യ രാജ്യം സ്വീകരിക്കേണ്ട ഉന്നത നിലപാടായിരുന്നു അത്. ഇതുതന്നെയായിരുന്നു മഹാത്മ ഗാന്ധിയും കാണിച്ചുതന്ന മാതൃക. ബ്രിട്ടൻ ബ്രിട്ടീഷുകാരുടേതും ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതുമായതുപോലെ ഫലസ്തീന് അറബികളുടേതാണെന്നാണ് ഗാന്ധിജി 1938ല്‍ പ്രഖ്യാപിച്ചത്. ഈ നിലപാടിെൻറ അടിസ്ഥാനത്തില്‍ ഫലസ്തീനികള്‍ താമസിക്കുന്നിടത്തുനിന്ന് എങ്ങനെയാണ് അവരെ തുടച്ചുനീക്കി മറ്റൊരു രാഷ്ട്രം അവിടെ സ്ഥാപിക്കുകയെന്നാണ് ഗാന്ധിജി ചോദിച്ചത്.
ആട്ടിയിറക്കപ്പെട്ടവർ
ഇസ്രായേലിെൻറ രൂപവത്കരണത്തിന് പദ്ധതികള്‍ തയാറാക്കിയവര്‍ പറഞ്ഞത്, ഭൂമിയില്ലാത്ത കുറെ ആളുകള്‍ക്ക് (ജൂതന്മാര്ക്ക്) ആളുകളില്ലാത്ത ഭൂമിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ്. ഫലസ്തീനികളെ അവര്‍ മനുഷ്യരായി കണ്ടിരുന്നില്ലെന്നാണ് അത് വ്യക്തമാക്കുന്നത്. എല്ലാ ജൂതരും വിശാല ഇസ്രായേലിലേക്ക് തിരിച്ചുവരാന്‍ അവകാശമുള്ളവരാണെന്നാണ് അവര്‍ വാദിച്ചത്. അങ്ങനെ ദശലക്ഷക്കണക്കിന് ഫലസ്തീനികളെ കാലികള്‍ കണക്കെ അവരുടെ വീടുകളില്‍നിന്ന് ഇറക്കിവിട്ടു. ഇസ്രായേല്‍ പട്ടാളം ഫലസ്തീന് ഗ്രാമങ്ങളില്‍ പോവുകയും വീടുകളില്‍നിന്ന് കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ഇറക്കി ഓടിക്കുകയും ചെയ്തു. പിന്നില്‍നിന്ന് സൈനികര്‍ വിളിച്ചുപറഞ്ഞത്, ആരും തെൻറ വീടിനു നേരെ തിരിഞ്ഞുനോക്കുക പോലും ചെയ്യരുത്, തിരിഞ്ഞാല്‍ അവരെ വെടിവെച്ചിടും എന്നായിരുന്നു. ഒരു മാനുഷികതയും മനുഷ്യത്വവും പരിഗണിക്കാതെയുള്ള നിലപാടുകളാണ് ഇസ്രായേല്‍ സേന പുലര്‍ത്തിയത്. ചുരുക്കത്തില്‍, കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്ന ഒരൊറ്റ സിദ്ധാന്തത്തിെൻറ അടിസ്ഥാനത്തില്‍ നിലവില്‍വന്ന രാഷ്ട്രമാണ് ഇസ്രായേല്‍. ഇതൊരിക്കലും അംഗീകരിക്കാനാവില്ല.
ചരിത്രത്തില്‍ മറ്റൊരു യാഥാര്‍ഥ്യം ഇവിടെ തമസ്കരിക്കപ്പെടുകയാണ്. ജൂതന്മാര് പൂര്‍വികരുടെ കാലത്ത്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫലസ്തീന് പ്രദേശം വിട്ടുപോയ ശേഷം ഇതുവരെ ഭൂമിയില്‍ മിക്ക സ്ഥലങ്ങളിലും അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്തത്. എല്ലായിടത്തും അവര്‍ തിരസ്കരിക്കപ്പെട്ടു (കേരളത്തിെൻറ ചില ഭാഗങ്ങളില്‍ ജൂതര്‍ സ്വീകരിക്കപ്പെട്ടിരുന്നു), പ്രത്യേകിച്ചും യൂറോപ്പില്‍. യൂറോപ്പില്‍ ജൂതന്മാരെ സന്തോഷത്തോടെ സ്വീകരിക്കുകയും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തത് ജിബ്രാള്‍ട്ടർ കടന്ന് സ്പെയിനിലെത്തിയ മൊറോകോയില്നിന്നുള്ള താരിഖ് ഇബ്നു സിയാദ് മാത്രമാണ്. മുസ്ലിം അന്ദലുസിെൻറ ഭാഗമായി ജൂതന്മാര്ക്ക് വലിയ പരിഗണനകളും അവകാശങ്ങളും ലഭിച്ചു. ജൂതര്‍ യൂറോപ്പില്‍ സുരക്ഷിതരായി ജീവിച്ചത് മുസ്ലിം ഭരണത്തിന് കീഴില്‍ മാത്രമാണ്.
മുസ്ലിംകള് ചരിത്രത്തില്‍ ജൂതര്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള വംശീയ അക്രമങ്ങള്‍ നടത്തിയതായി കാണുന്നില്ല. അത് ചെയ്തത് കാര്യമായും ക്രിസ്ത്യാനികളായിരുന്നു. കേത്താലിക്കനായ അഡോള്‍ഫ് ഹിറ്റ്ലര്‍ ചെയ്തത് എല്ലാവര്ക്കും അറിയാം. മൂന്നു ദശലക്ഷത്തിലധികം ജൂതരെയാണ് ഹിറ്റ്ലര്‍ കൊന്നുതീര്‍ത്തത്. അതുപോലെത്തന്നെയായിരുന്നു എല്ലാ കാലത്തും യൂറോപ്പിെൻറ ജൂതരോടുള്ള നിലപാട്. അവസാനം യൂറോപ്പ് ജൂതരുടെ ഉപദ്രവം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് അവരെ പശ്ചിമേഷ്യയിലേക്ക് തള്ളുകയെന്നത്. ഇതിനായി എല്ലാ സന്നാഹങ്ങളോടെയും ഒരു രാഷ്ട്രം ഈ മേഖലയില്‍ സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ഫലസ്തീനികള്‍ ജൂതരെ നല്ല മനസ്സോടെ സ്വീകരിച്ചിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള ഘട്ടത്തില്‍ യൂറോപ്പില്‍നിന്നുള്ള സമ്പത്ത് ഇറക്കി വലിയ പണം നല്‍കിയും പാശ്ചാത്യര്‍ നല്കിയ ആയുധങ്ങല്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഭൂമി ൈകയേറ്റമാണ് നടന്നത്. അമേരിക്കയും റഷ്യയുമടക്കമുള്ള എല്ലാ കക്ഷികളും ഇതില്‍ ഇസ്രായേലിനെ സഹായിക്കുകയും ചെയ്തു. ഈ രൂപത്തില്‍ ഫലസ്തീനികള്‍ അവരുടെത്തന്നെ ജന്മഭൂമിയില് അഭയാര്‍ഥികളായി മാറി.
ഇരട്ടനീതി
സയണിസ്റ്റുകള്‍ ഉയര്‍ത്തിയ പ്രധാന വാദമായിരുന്നു, ലോകത്തുള്ള എല്ലാ ജൂതര്‍ക്കും ഇസ്രായേലിലേക്ക് മടങ്ങാനുള്ള അവകാശമുണ്ടെന്ന്. എന്നാല്‍, അവരാരും ഈ ഭൂമി ഉപേക്ഷിച്ച് പോയവരായിരുന്നില്ല. അവരുടെ പൂര്‍വികരാണ് നാടുവിട്ടത്, 2000 കൊല്ലം മുമ്പ്. 2000 കൊല്ലങ്ങള്‍ക്കു മുമ്പ് നാടുവിട്ടവര്‍ക്ക് ഇവിടേക്ക് തിരിച്ചുവരാന്‍ അവകാശമുണ്ടെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, വെറും രണ്ടു ദിവസം മുമ്പ് സ്വന്തം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ ഒരിക്കലും തിരിച്ചുവരരുതെന്നും അവര്‍ പറയുന്നു. ഇതെന്ത് നീതിയാണ്?
ഇസ്രായേല്‍ നിയമമനുസരിച്ച് ഫലസ്തീനികളായ മുസ്ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ജൂതര്‍ക്കു പോലുമോ നാട്ടില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ തിരിച്ചുവരാന്‍ അവകാശമില്ല. മുസ്ലിംകളോ ക്രിസ്ത്യാനികളോ ജൂതരോ ആരായാലും അറബികളാണെങ്കില്‍ അവര്‍ പുറത്താക്കപ്പെട്ട സ്ഥലത്തേക്ക് തിരിച്ചുവരുന്നത് അവരുടെ താല്പര്യങ്ങള്ക്ക് ഭീഷണിയാണെന്നാണ് ഇസ്രായേല്‍ മനസ്സിലാക്കുന്നത്. ഇതാണ് ഫലസ്തീന് പ്രശ്നത്തിെൻറ നാരായവേര്. ഇവിടെ നീതി നല്കപ്പെടുന്നില്ല. നീതി എവിടെ നിഷേധിക്കപ്പെടുന്നുവോ അവിടെ സമാധാനമുണ്ടാവില്ല.
കഴിഞ്ഞ ഏപ്രിലില്‍ ഞാനും ഭാര്യയും ജറൂസലം സന്ദര്‍ശിച്ചിരുന്നു. എന്താണ് ഖുദ്സിലെ പ്രശ്നമെന്ന് ഞങ്ങള്‍ നേരിട്ട് അനുഭവിച്ചു. ഖുബ്ബതുസ്സ്വഖ്റയും അല്‍അഖ്സ പള്ളിയും ഈ പട്ടണത്തിലാണ്. മുസ്ലിംകളുടെ മതകാര്യങ്ങള്‍ക്ക് ഈ പട്ടണവുമായി വിഭജിക്കാനാവാത്ത ബന്ധമുണ്ട്. അതുപോലെ ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും മതപരമായ ബന്ധം ഈ പട്ടണത്തോടുണ്ട്. ജറൂസലം പട്ടണം മുസ്ലിംകളുടെ അധികാരത്തിന് കീഴിലുള്ള സന്ദര്‍ഭത്തില്‍ മാത്രമാണ് എല്ലാ മതവിഭാഗങ്ങള്‍ക്കും ഈ മേഖലയില്‍ തുല്യ പരിഗണന ലഭിച്ചിരുന്നത്. ഈ യാഥാര്‍ഥ്യം അംഗീകരിച്ച് 1947ല്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലുള്ളൊരു പട്ടണമായി ജറൂസലമിനെ നിലനിര്‍ത്താനാണ് തീരുമാനിച്ചത്.
പിന്നീട് 1967ലെ യുദ്ധത്തിനു ശേഷം ഫലസ്തീനികള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമിയില്‍ സമാധാനത്തോടെ താമസിക്കാനുള്ള അവകാശം നല്‍കിക്കൊണ്ടുള്ള യു.എന്‍ പ്രമേയം വന്നു. ഇതും ഇതുപോലുള്ള മറ്റു പ്രമേയങ്ങളും മുന്നില്‍വെച്ച് ഐക്യരാഷ്ട്രസഭ തീരുമാനിച്ചതാണ് ലോകത്തെ ഒരു രാജ്യവും ജറൂസലമില്‍ എംബസി സ്ഥാപിക്കരുതെന്ന്. അന്താരാഷ്ട്ര സമൂഹത്തിെൻറ ഈ തീരുമാനങ്ങളെയൊക്കെ ഏകപക്ഷീയമായി റദ്ദ് ചെയ്താണ് ഡോണള്‍ഡ് ട്രംപ് എംബസി മാറ്റം പ്രഖ്യാപിച്ചത്. ഈ തീരുമാനം നടപ്പാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം അന്നക്ബയുടെ (ദുരന്തദിനം) 70ാം വാര്‍ഷികമായിരുന്നു. അന്നക്ബ എന്നത് 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ട ദിനത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ്.
അന്താരാഷ്ട്ര സമൂഹത്തിെൻറ ഈ തീരുമാനങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി പ്രാവര്‍ത്തികമാക്കിയിരുന്നു. ഇസ്രായേലുമായി ഒരു നയതന്ത്രബന്ധവും ഉണ്ടാവുകയില്ലെന്ന് രാജ്യം തീരുമാനിച്ചു. നെഹ്റുവിെൻറ കാലം മുതല്‍ ഇന്ദിരയുടെയും രാജീവിെൻറയുമെല്ലാം കാലത്ത് ഇതേ നിലപാട് തുടര്‍ന്നു. അതിനു മാറ്റം വന്നത് 1990കളിലാണ്. അമേരിക്കയിലും ഓസ്ലോയിലും നടന്ന ചര്‍ച്ചകളുടെയും കരാറുകളുടെയും ഫലമായി യാസിര്‍ അറഫാത്ത് ഇസ്രായേലിനെ അംഗീകരിക്കാന്‍ തീരുമാനിക്കുകയും നരസിംഹറാവുവിന് ഇസ്രായേലുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തപ്പോഴാണ് ഈ നിലപാട് മാറിയത്.
ആ സമയത്ത് അറഫാത്ത് രാജ്യം സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ രാഷ്ട്രപതിഭവനിൽ കണ്ടിരുന്നു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഒരു വര്‍ത്തമാനം മാധ്യമങ്ങള്ക്കിടയിലുണ്ടെന്നും അതിനാല്‍, വാർത്തസമ്മേളനത്തില്‍ അത് പാടില്ലെന്ന് ആവശ്യപ്പെടണമെന്നും ഞാന്‍ അറഫാത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഞാന്‍ അതിന് അനുവാദം നല്‍കിക്കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ എംബസി മാറ്റാനുള്ള തീരുമാനം രണ്ടാമത്തെ നക്ബയാണെന്ന് നമുക്ക് പറയാനാകും. ഇപ്പോള്‍ 70ാം വാര്‍ഷികത്തിെൻറ ഭാഗമായി നടന്ന മാര്‍ച്ചിനെതിരായ അക്രമത്തില്‍ 70ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡൻറുമെല്ലാം ഇസ്രായേലിെൻറ നടപടിക്കെതിരെ പ്രതികരിച്ചു. എന്നാല്‍, ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരക്ഷരം മിണ്ടിയില്ല. നരേന്ദ്ര മോദിയുടെ ഫലസ്തീനികള്‍ക്കെതിരായ ഈ നിലപാടിനെ ഞാന്‍ ശക്തിപൂർവം എതിര്‍ക്കുകയും അപലപിക്കുകയുമാണ്. ഇത് വലിയ നാണക്കേടാണ്.
അനീതിക്കെതിരെ നിശ്ശബ്ദത
അനീതിയും കൊലയും കൊള്ളയും അക്രമങ്ങളും നടക്കുന്ന സന്ദര്‍ഭത്തില്‍ അതിനെതിരെ സംസാരിക്കാതിരിക്കുകയെന്നത് വലിയ തെറ്റാണ്. അതാണ് ഇവിടെ ഇന്ത്യന്‍ സര്‍ക്കാറും പ്രധാനമന്ത്രിയും ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ സേന ഫലസ്തീനില്‍ ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കേണ്ട സന്ദര്‍ഭത്തില്‍ നമ്മുടെ സര്‍ക്കാര്‍ കര്‍ണാടകയില്‍ മറ്റൊരു ‘നക്ബ’ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലായിരുന്നു.
ഈയടുത്ത് മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചു. നെതന്യാഹുവിനെ നമ്മുടെ രാജ്യം സ്വീകരിക്കുകയും ചെയ്തു. ഇതിനെല്ലാം പകരമായി അമ്മാനില്‍നിന്ന് വെറും ആറു മണിക്കൂറിന് ഫലസ്തീനിലെ റാമല്ലയിലേക്കൊന്ന് പോയിനോക്കി. ഇത് നീതിയാണോ? പശ്ചിമേഷ്യയില്‍ എന്തെങ്കിലും തരത്തിലുള്ള സമാധാനമുണ്ടാക്കാന്‍ ഇത് സഹായകമാണോ?
ഗാന്ധിജി പറഞ്ഞതുപോലെ ഇവിടെ ഫലസ്തീനികള്‍ ജന്മനാട്ടില് അഭയാര്ഥികളാക്കപ്പെട്ടിരിക്കുകയാണ്. അവരോടൊപ്പം നില്ക്കുക എല്ലാവരുടെയും ബാധ്യതയാണ്. ഇപ്പോള്‍ ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എല്ലാ മതങ്ങളുടെയും മൂല്യങ്ങള്‍ക്കെതിരാണ്. അതുകൊണ്ടാണ് തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉര്ദുഗാന് മനുഷ്യത്വം പഠിക്കാന്‍ പഴയ നിയമത്തിലെ പത്തു കല്പനകള് വായിക്കാന്‍ ഉപദേശിച്ച് ട്വീറ്റ് ചെയ്തത്. പീഡിതര്‍ക്കൊപ്പം നില്ക്കാന് എല്ലാ മതാനുയായികളും കല്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും വലിയ പീഡിതരാണ് ഫലസ്തീനികള്‍.
എല്ലാവരും ഫലസ്തീനികളെ പിന്തുണക്കണം. ഇത് വിജയിക്കാനുള്ള പോരാട്ടമാണ്. ഇത് വിജയിക്കാതിരിക്കാന്‍ ന്യായമില്ല. നമ്മളല്ലെങ്കില്‍ അടുത്ത തലമുറ ഫലസ്തീനികള്‍ ജന്മഭൂമിയിലേക്ക് തിരിച്ചുപോകുന്നത് ആഘോഷിക്കും. കാരണം, ഇത് മതത്തിെൻറയോ വംശത്തിെൻറയോ ആവശ്യമല്ല. മാനവികതയുടെ ആവശ്യമാണ്.
തയാറാക്കിയത്: ജുമൈല്‍ കൊടിഞ്ഞി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.