ഉദാര ലൈംഗിക വിപ്ലവവും 'ആറാം നൂറ്റാണ്ടി'നെതിരായ ആക്രോശവും

കുടുംബം, സദാചാരം, സ്റ്റേറ്റ്, മതം, നിയമം എന്നിങ്ങനെ യാതൊന്നും ലൈംഗികതയുടെ കാര്യത്തിൽ ഇടപെടരുതെന്നതായിരുന്നു 1960കൾ മുതൽ അമേരിക്കയിലും മറ്റു മുതലാളിത്ത വികസിത രാജ്യങ്ങളിലും അടിച്ചുവീശിയ സെക്സ് റെവലൂഷന്റെ അടിസ്ഥാനം. ആർക്കും ആരുമായും എപ്പോഴും എവിടെയും എങ്ങനെയും എത്രയും ലൈംഗികത ആസ്വദിക്കാൻ സാധിക്കുക-അതായി അജണ്ട. 1953ൽ തുടങ്ങിയ പ്ലേബോയ് മാഗസിൻ പ്രചുരപ്രചാരം നേടുന്നത് ഈ കാലത്താണ്.

ആൻഡി വാർഹോൾ എന്ന സംവിധായകൻ/സംരംഭകൻ ബ്ലൂ മൂവി എന്ന പേരിൽ അമേരിക്കയിലെ ആദ്യത്തെ മുഴുനീള പോൺ ഫിലിം പുറത്തിറക്കുന്നത് 1969ലാണ്. ഇപ്പറയുന്ന സെക്സ് റെവലൂഷനും ജെൻഡർ ന്യൂട്രൽ അഭ്യാസങ്ങൾക്കുമെല്ലാം ശേഷവും ലോകത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ ബലാത്സംഗത്തിനിരയാവുന്ന രാജ്യങ്ങളുടെ ആദ്യനിരയിൽ അമേരിക്കയുണ്ട്.

സെക്സ് റെവലൂഷന്റെ കാലത്ത് മുതലാളിത്ത നാടുകളിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ഇന്ന് കേരളത്തിൽ വ്യാപകമായി ഉയർത്തുന്നത് എസ്.എഫ്.ഐ എന്ന ഇടതുപക്ഷ പ്രസ്ഥാനമാണ്. അന്ന് കാമ്പസുകളിൽ ഉയർത്തപ്പെട്ട ബിൽബോർഡുകളിൽ എഴുതിയ അതേ വാചകങ്ങൾ ഇന്ന് എസ്.എഫ്.ഐയുടെ പോസ്റ്ററുകളിൽ കാണാൻ കഴിയും. രണ്ടു പട്ടികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്ന ചിത്രത്തോടൊപ്പം 'തുറിച്ചു നോക്കണ്ട, ഒന്നു ചിന്തിക്കൂ, ഞാനും നീയും എങ്ങനെയുണ്ടായി, This planet needs Sexual Liberation' എന്നെഴുതിയ എസ്.എഫ്.ഐ പോസ്റ്റർ വ്യാപകമായിരുന്നു.

Sex Without Shame എന്ന ഹാഷ്ടാഗോടെ തയാറാക്കപ്പെട്ട പോസ്റ്ററുകളും ധാരാളം. അധ്യയനവർഷാരംഭത്തിൽ നടക്കുന്ന അവകാശപത്രിക സമർപ്പണ പരിപാടി കഴിഞ്ഞാൽ എസ്.എഫ്.ഐയുടെ പ്രധാനപ്പെട്ട പരിപാടികൾ ഇപ്പോൾ ഇത്തരം പ്രമേയങ്ങളിലൂന്നിയാണ്. സ്വതന്ത്ര ലൈംഗികതയെയും സ്വവർഗ ലൈംഗികതയെയും ആഘോഷിക്കുന്ന സാഹിത്യങ്ങളാണ് അവർ വ്യാപകമായി പങ്കുവെക്കുന്നത്. സദാചാര ഭീകരന്മാർ നാട്ടിലാകെ കുഴപ്പമുണ്ടാക്കുകയാണ് എന്ന പ്രതീതിയുണ്ടാക്കി, സദാചാരത്തിനെതിരെ തുറന്ന ലൈംഗികത എന്ന മുദ്രാവാക്യം ആ സംഘടനയുടെ ദൈനംദിന പരിപാടിയുടെ ഭാഗമായിരിക്കുന്നു.

സ്കൂളുകളിലും സ്വവർഗരതി

സദാചാരത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ നിയതമായ സംഹിതകളൊന്നുമില്ലാത്ത എസ്.എഫ്.ഐക്കും സി.പി.എമ്മിനും ഉദാര ലൈംഗികത, ജെൻഡർ ന്യൂട്രാലിറ്റി തുടങ്ങിയവ ഏറ്റെടുക്കാനും അതിന്റെ വക്താക്കളാകാനും അവകാശമുണ്ട്.എന്നാൽ, ഇടതുപക്ഷത്തിന്റെ ആശയപ്രചാരണം എന്ന തലംവിട്ട് അത് പാഠ്യപദ്ധതിയുടെയും കരിക്കുലത്തിന്റെയും ഭാഗമാവുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ബാലുശ്ശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കിയതു മുതലാണ് ഈ വിവാദം പൊതുമണ്ഡലത്തിൽ വരുന്നത്.

ബാലുശ്ശേരിയിലേത് അവിടത്തെ പി.ടി.എയുടെ മാത്രം തീരുമാനമാണെന്നും അതിൽ സർക്കാറിന് റോളില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിച്ചത്. എന്നാൽ, അവിടെ യൂനിഫോം പ്രഖ്യാപനം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തത് 'അവനെയും എന്നെയും വ്യത്യസ്തരാക്കുന്ന ധാരണകളിൽനിന്ന് പെൺകുട്ടികളെ മോചിപ്പിക്കാനുള്ള' മഹത്തായ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ്. ജെൻഡർ ന്യൂട്രാലിറ്റി യൂനിഫോം നടപ്പാക്കിയാൽ അതിന്റെ അടുത്ത പടി ജെൻഡർ ന്യൂട്രൽ ടോയ്ലറ്റുകളും ഹോസ്റ്റലുകളും അങ്ങനെയങ്ങനെ ഓരോന്നായി വരുമെന്ന് അതിന്റെ വിമർശകർ പറഞ്ഞിരുന്നു.

അതിനെ സാധൂകരിക്കുന്ന തരത്തിലാണ് സർക്കാറിന്റെ നീക്കങ്ങൾ എന്നാണ് മനസ്സിലാവുന്നത്. കേരള പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്.സി.ഇ.ആർ.ടി തയാറാക്കിയ 'കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ: സമൂഹചർച്ചക്കായുള്ള കുറിപ്പ്' എന്ന രേഖയിൽ, ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന അധ്യായത്തിൽ ലിംഗഭേദം കൂടാതെ കുട്ടികൾക്ക് ഇരിപ്പിടം ഒരുക്കുന്നതിനെക്കുറിച്ചാണ് ഒന്നാമത്തെ പോയന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത അധ്യായത്തിന്റെ ആമുഖത്തിൽ വിചിത്രമായൊരു കാര്യമുണ്ട്. അതിങ്ങനെ വായിക്കാം: 'ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസമെന്നത് ഇന്ന് ലോകത്തിന്റെ മുൻഗണനാപട്ടികയിലുണ്ട്.

ഇന്നലെകളിൽ ആൺ, പെൺ എന്നീ വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗ സമത്വത്തെക്കുറിച്ച് പറഞ്ഞതെങ്കിൽ മറ്റു ലിംഗ വിഭാഗങ്ങളെയും (എൽ.ജി.ബി.ടി ക്യൂർ) പരിഗണിച്ചാവണം ഇനിയുള്ള വിദ്യാഭ്യാസം. എണ്ണത്തിൽ കുറവാണെങ്കിലും ഇവരിലൊരാൾക്കും അസമത്വത്തിന്റെ അരക്ഷിതാവസ്ഥ സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.' സ്ത്രീ സ്വവർഗരതിക്കാർ, പുരുഷ സ്വവർഗരതിക്കാർ, ഉഭയലിംഗ രതിക്കാർ, ഭിന്നലിംഗക്കാർ എന്നതാണ് എൽ.ജി.ബി.ടി കൊണ്ട് അർഥമാക്കുന്നത്. സ്വവർഗ ലൈംഗികത ഇന്ത്യയിൽ നിയമപരമായി സാധുവായ കാര്യമാണ്. അവർ അതിന്റെ പേരിൽ വിവേചനം നേരിടുന്നുവെങ്കിൽ അതിനെ തടയേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തവുമാണ്.

എന്നാൽ, സ്വവർഗ ലൈംഗികത ഒരാളുടെ ലൈംഗിക അഭിവിന്യാസത്തിന്റെ (Sexual orientation) ഭാഗമാണെന്നാണ് അതിന്റെ പ്രചാരകർതന്നെ പറയുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ അവരുടെ ലൈംഗിക അഭിവിന്യാസം പഠിക്കാനും അവർക്ക് അരക്ഷിതാവസ്ഥ ഇല്ല എന്ന് ഉറപ്പുവരുത്താനും അധ്യാപകന് എങ്ങനെയാണ് സാധിക്കുക? ഇനി, അഥവാ അധ്യാപകൻ അങ്ങനെ പഠിക്കാൻ ശ്രമിച്ചാൽ അത് പോക്സോ കേസുകൾ ആകർഷിക്കാൻ തരത്തിലുള്ള കുറ്റകൃത്യമാവില്ലേ? അത് പേടിച്ച് വല്ല അധ്യാപകനും അങ്ങനെ പഠിക്കാൻ ശ്രമിക്കാതിരുന്നാൽ എസ്.എഫ്.ഐക്കാരും പു.ക.സക്കാരും വന്ന് ആ അധ്യാപകനെ ആറാം നൂറ്റാണ്ടുകാരനാക്കി വിചാരണ ചെയ്യില്ലേ?

എന്തുമാത്രം കുഴപ്പംപിടിച്ച അവസ്ഥയിലേക്കായിരിക്കും, ഈ രേഖ പ്രകാരമാണ് പോകുന്നതെങ്കിൽ, ക്ലാസ് മുറികൾ എത്തിച്ചേരുക? ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തലാണല്ലോ മറ്റൊരു വിപ്ലവം. രാവിലെ മുതൽ വൈകുന്നേരം വരെ ആൺകുട്ടികൾക്കിടയിൽ ഇരിക്കാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പെൺകുട്ടികളോട് ഈ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയായിരിക്കും പ്രതികരിക്കുക? ചുരുക്കിപ്പറഞ്ഞാൽ, വിദ്യാഭ്യാസമന്ത്രി ഒഴിഞ്ഞുമാറിയതുപോലെയല്ല, മറിച്ച് ഇടിവെട്ട് വിപ്ലവങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്.

പുരോഗമനത്തിൽ മുസ്ലിം വിരുദ്ധതക്ക് ഒരു മുറിയുണ്ട്

ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങളെ പ്രതിരോധിക്കാൻ ആറാം നൂറ്റാണ്ട് പറഞ്ഞ് പരിഹസിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിൽ ചില കാര്യമുണ്ട്. 'ലജ്ജയില്ലാതെ സെക്സ്' എന്നതാണ് എസ്.എഫ്.ഐ മുദ്രാവാക്യം. 'ലജ്ജയില്ലെങ്കിൽ പിന്നെ നീ തോന്നുംപോലെ ചെയ്തോളൂ' എന്ന് പ്രവാചകൻ മുഹമ്മദ് ആറാം നൂറ്റാണ്ടിൽ പറഞ്ഞിട്ടുണ്ട്. അതിനാൽതന്നെ ഈ രണ്ട് ആശയധാരകൾ തമ്മിലെ സംഘർഷം ഇതിലുണ്ടാവും. ഞങ്ങളിങ്ങനെ പുരോഗമനം നടപ്പാക്കുമ്പോൾ ആറാം നൂറ്റാണ്ടുകാരായ മുസ്ലിംകളാണ് കുഴപ്പമുണ്ടാക്കുന്നത് എന്ന ചിന്ത മറ്റു സമൂഹങ്ങളിൽ പടർത്തി മുസ്ലിം വിരുദ്ധതയുടെ ആദായം പറ്റാനുള്ള സൂത്രവും അതിലുണ്ട്.

ആ സൂത്രം സി.പി.എം എല്ലാം കാലത്തും പ്രയോഗിച്ചിട്ടുണ്ട്. 1985ലെ ശരീഅത്ത് വിവാദം അതിന്റെ ഫലമായിരുന്നു. വിവാഹമോചിതയായ മുസ്ലിം സ്ത്രീ ആജീവനാന്തം തന്റെ മുൻ ഭർത്താവിന്റെ ചെലവിൽ കഴിയണമെന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധവും വിചിത്രവുമായ വിധിപ്രസ്താവമാണ് ഷാബാനു കേസിൽ അന്ന് കോടതി നടത്തിയത്. വിവാഹമോചനം മോശം കാര്യമാണെന്നും വിധവകൾ ദുശ്ശകുനമാണെന്നുമുള്ള ഭാരതീയ സംസ്കാരത്തിന്റെ ബോധമണ്ഡലത്തിൽനിന്നാണ് ആ കാമ്പയിൻ രൂപപ്പെടുന്നത്. മനോഹരമായി തുടരുക, സാധ്യമല്ലെങ്കിൽ മനോഹരമായി പിരിയുക എന്നാണ് വിവാഹജീവിതത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും ഖുർആൻ പറയുന്നത്.

അത്തരമൊരു സമൂഹത്തിൽ വിവാഹമോചിതരും വിധവകളുമെല്ലാം പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തി ജീവിതത്തെ ആഘോഷിക്കുന്നവരാണ്. അവരെ മുൻഭർത്താവിന്റെ ദയാദാക്ഷിണ്യത്തിൽ കെട്ടിയിടുന്ന വിചിത്ര വിധിയെ സംരക്ഷിക്കാനാണ് രാജ്യമാസകലം സി.പി.എമ്മുകാരും പുരോഗമനക്കാരും ഫെമിനിസ്റ്റുകളുമെല്ലാം തെരുവിലിറങ്ങിയത്. ഷാബാനു കേസിലെ കോടതിവിധിയെക്കാൾ എത്രയോ പുരോഗമനപരവും സ്ത്രീ അനുകൂലവുമായിരുന്നു 1986ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന മുസ്ലിം സ്ത്രീഅവകാശ സംരക്ഷണ നിയമം എന്നും അത് തിരിച്ചറിയാൻ മുസ്ലിംവിരുദ്ധ മുൻവിധിയിൽ കഴിഞ്ഞ മേൽപാളി പുരോഗമനക്കാർക്ക് സാധിച്ചില്ലെന്നും ഫ്ലാവിയ ആഗ്നസിനെപ്പോലുള്ള മുൻനിര ഫെമിനിസ്റ്റുകൾ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

2016ൽ കാഞ്ഞങ്ങാട്ട് നടന്ന ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ മുത്തലാഖ് മാത്രമല്ല, തലാഖും നിരോധിക്കണമെന്ന് അഡ്വ. പി. സതീദേവി ആഹ്വാനം ചെയ്യുന്നത് ഇത്തരം ആധികാരിക അജ്ഞതകളുടെ ബലത്തിലാണ്. മുസ്ലിംകളെ പരിഷ്കരിച്ച് പുരോഗമിപ്പിക്കുക എന്നത് അവരുടെ ദൈനംദിന ആകുലതകളുടെ ഭാഗമാണ്. സർക്കാർ മേഖലയിൽ 27ഉം എയ്ഡഡ് മേഖലയിൽ 20ഉം അടക്കം മൊത്തം 47 ഏകലിംഗ സ്കൂളുകൾ തിരുവനന്തപുരത്തു മാത്രമുണ്ട്.

മലപ്പുറം ജില്ലയിൽ ഇത് ആകെ ഒമ്പതേ ഉള്ളൂ എന്നുകൂടെ ഓർക്കണേ. ആൺകുട്ടികൾ മാത്രം പഠിക്കുന്നതും പെൺകുട്ടികൾ മാത്രം പഠിക്കുന്നതുമായ കോളജുകളും സംസ്ഥാനത്ത് നിരവധിയുണ്ട്. ഇവയെല്ലാം ഇത്രയും കാലമുണ്ടായിട്ടും അവക്കെതിരെ ഒരു വാക്കുപോലും പറയാതിരുന്ന എസ്.എഫ്.ഐ ഏതാനും വർഷം മുമ്പ് ഫാറൂഖ് കോളജിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേറെ വേറെ ബെഞ്ചിലിരുത്തുന്നുവെന്ന് പറഞ്ഞ് വൻ സമരകോലാഹലം സൃഷ്ടിച്ചത് നാം കണ്ടതാണ്. കാര്യമൊന്നേയുള്ളൂ. പുരോഗമനത്തിൽ മുസ്ലിംവിരുദ്ധതക്ക് ഒരു മുറിയുണ്ട്.

ആ മുറിയിലിരുന്ന് ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങളെ മറികടക്കാൻ പറ്റുമോ എന്നാണ് ഇടതുപക്ഷം ഇപ്പോൾ ആലോചിക്കുന്നത്. അയോധ്യയിൽ കർസേവക്ക് നേതൃത്വം നൽകുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന ആളെ മുന്നിൽനിർത്തി രൂപംകൊടുത്ത നവോത്ഥാന സമിതി ജെൻഡർ ന്യൂട്രാലിറ്റിക്കാലത്ത് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ രംഗത്തിറങ്ങിയതൊന്നും വെറുതെയല്ല.

Tags:    
News Summary - The liberal sexual revolution and the outcry against the 'sixth century'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT