പാഠം ഒന്ന്, ദുരിത മൈതാനം

ഓരോവര്‍ഷവും സ്കൂള്‍ കായികമേളകള്‍ കൊടിയിറങ്ങുമ്പോള്‍ ഒരുപിടി താരോദയങ്ങളുണ്ടാവുന്നു. പില്‍ക്കാലത്ത് അവരില്‍ പലരും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് മെഡലുകള്‍ സമ്മാനിക്കുന്നിടത്തേക്ക് വളരും. ഓരോ അത്ലറ്റിന്‍െറയും വളര്‍ച്ചക്കുപിന്നില്‍ ഒരു കായികാധ്യാപകന്‍െറ വിയര്‍പ്പുണ്ടാവും. ആരുമറിയാതെ എവിടെയും രേഖപ്പെടുത്താതെ പോവുന്നു ഇക്കൂട്ടരില്‍
99 ശതമാനത്തിന്‍െറയും സേവനങ്ങള്‍. സ്കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാന കായികമേളകളില്‍ സംഘാടകരായും എസ്കോര്‍ട്ടിങ് ടീച്ചേഴ്സായും ഒഫിഷ്യല്‍സായും വിധികര്‍ത്താവായും പരിശീലകരായും ഒരേസമയം പല വേഷങ്ങളില്‍ ആടുന്ന കായികാധ്യാപകന്‍െറ പ്രശ്നങ്ങള്‍ക്ക് ആരും ചെവികൊടുക്കാറില്ല. ഇവരുടെ പ്രശ്നങ്ങള്‍ താരങ്ങളുടേത് കൂടിയാവുക സ്വാഭാവികം.

കുട്ടികളെ ഓടിക്കാന്‍ കായികാധ്യാപകരുടെ നെട്ടോട്ടം

പാഠഭാഗങ്ങള്‍ തീര്‍ക്കുക, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥിയെ സഹായിക്കുക. ഒരു ശരാശരി അധ്യാപകന്‍െറ സേവനം ഏറെക്കുറെ ഇവിടെ തീരുന്നു. ഇനി കായികാധ്യാപകന്‍െറ കാര്യമെടുക്കുക. ശാരീരികമായും മാനസികമായും ഏറെ അധ്വാനിക്കുന്ന ഈ വിഭാഗത്തിന്‍െറ ചുമതലകളുടെ നീണ്ട പട്ടികയുണ്ട്. പക്ഷെ മറ്റ് അധ്യാപകരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇവരുടെ അവസ്ഥ. പലപ്പോഴും അന്നപാനീയങ്ങള്‍ വെടിഞ്ഞ് പൊരിവെയിലത്തും ചിലപ്പോള്‍ കനത്തമഴയിലും ഇവര്‍ ഓടുന്നത് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ മാത്രമല്ല രാജ്യത്തിന്‍െറ യശസ്സുയര്‍ത്താന്‍ പ്രാപ്തരെ ഒരുക്കാന്‍ കൂടിയാണ്.
സ്കൂളിലെ സ്പോര്‍ട്സിന്‍െറയും ഗെയിംസിന്‍െറയും പ്രധാനചുമതല കായികാധ്യാപകനാണ്. ചിലപ്പോള്‍ പഞ്ചായത്ത് തലത്തില്‍, അല്ളെങ്കില്‍ ഉപജില്ലയിലേക്ക് ഇവിടെ വിജയിച്ച കുട്ടികളെ കൊണ്ടുപോവണം. ഇത്തരം അധ്യാപകരുടെ കൂട്ടായ്മ തന്നെയാണ് പഞ്ചായത്ത്, ഉപജില്ല, ജില്ലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉപജില്ലക്കും ജില്ലക്കും സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറിമാരുണ്ട് നേതൃത്വം നല്‍കാന്‍. ഇതും ഏതെങ്കിലും കായികാധ്യാപകനായിരിക്കും. ഗെയിംസുകള്‍ ഉപജില്ല, ജില്ലാ തലങ്ങളില്‍ വലിയ ബഹളമില്ലാതെ കഴിഞ്ഞുപോവും.
അത്ലറ്റിക് മീറ്റുകളുടെ നടത്തിപ്പാണ് പ്രധാന തലവേദന. ചെലവിനുള്ള ഫണ്ട് സംഘടിപ്പിക്കല്‍, ഒഫിഷ്യല്‍സിനെയും വിധികര്‍ത്താക്കളെയും ചുമതലപ്പെടുത്തല്‍, ട്രാക്കിലും ഫീല്‍ഡിലും സൗകര്യങ്ങളൊരുക്കല്‍, അത്ലറ്റുകള്‍ക്കും മറ്റും ഭക്ഷണം ഉള്‍പ്പെടെ ലഭ്യമാക്കല്‍ തുടങ്ങി എല്ലാം സെക്രട്ടറിയുടെ നേരിട്ടുള്ള ഉത്തരവാദിത്തതിലാണ്. ഫണ്ട് നേടിയെടുക്കല്‍തന്നെ കൂട്ടത്തില്‍ പ്രധാനം.

ഫണ്ട് പണ്ടേ കുറവ്

കുട്ടികളില്‍നിന്ന് സ്കൂളുകള്‍ വഴി പിരിച്ചെടുത്ത പണമാണ് മേള ഫണ്ടായി ഉപയോഗിക്കുന്നത്. ആര്‍ട്സ്, സ്പോര്‍ട്സ്, സയന്‍സ് ഫെസ്റ്റുകളുടെയെല്ലാം ജില്ലാ പരിപാടിയുടെ ചെലവ് ഇതില്‍നിന്ന് കണ്ടത്തെണം. ഉപജില്ലാ മേളകള്‍ക്കായി വേറെയും പിരിവുണ്ട്. ചിലയിടങ്ങളില്‍ ഇക്കുറി കുട്ടികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ ഇടപെടലുണ്ടായെങ്കിലും പിരിവ് മുറതെറ്റാതെ നടന്നു. എന്നാല്‍ ഈ ഫണ്ടിന്‍െറ പത്ത് ശതമാനം കായികരംഗത്തേക്ക് ലഭിക്കുന്നില്ല.
സ്പോര്‍ട്സ്-ഗെയിംസ് മത്സരങ്ങള്‍ക്ക് ഓരോ ജില്ലക്കും ലഭിക്കുന്ന ഫണ്ട് വ്യത്യസ്തമാണ്. ഉപജില്ലാ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. സ്വാഭാവികമായും ഉപജില്ലകളുടെ എണ്ണത്തിനനുസരിച്ച് പങ്കാളിത്തത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. 17 ഉപജില്ലകളുള്ള മലപ്പുറത്തിന് ലഭിക്കുന്ന വിഹിതം 12 ലക്ഷമെങ്കില്‍ മൂന്ന് ഉപജില്ലകള്‍ മാത്രമുള്ള വയനാടിന്‍േറത് 70,500 രൂപയാണ്. ഏഴ് ഉപജില്ലകളുള്ള കാസര്‍കോടിന് 1.75 ലക്ഷം രൂപയേ കിട്ടൂ. പരിപാടികളുടെ സംഘാടനത്തിലും ഈ വേര്‍തിരിവ് നിഴലിച്ച് നില്‍ക്കും. ജില്ലാ മീറ്റുകള്‍ നടത്തുമ്പോള്‍ ഫണ്ടിലെ വലിയ വ്യത്യാസം പ്രയാസം സൃഷ്ടിക്കുക സ്വാഭാവികം. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാവാമെങ്കിലും ഒഫിഷ്യല്‍സും മറ്റുകാര്യങ്ങളും എല്ലാ ജില്ലക്കും ഒരുപോലെയാവും.

കടമുള്ളവരോട് വേണം കടപ്പാടെങ്കിലും

റവന്യൂ ജില്ലാ സ്പോര്‍ട്സ്-ഗെയിംസ് സെക്രട്ടറിമാര്‍ സാമ്പത്തികബാധ്യതയുടെ വലിയ കണക്കുകളും പേറിയാണ് നടക്കുന്നത്. ഇന്നല്ളെങ്കില്‍ നാളെ അധികൃതരില്‍നിന്ന് പണം ലഭിക്കുമെന്നും ഇതുവഴി കടംവീട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയും പ്രത്യാശയും മാത്രമേ ഇവര്‍ക്കുള്ളൂ. എട്ട് ലക്ഷമാണ് പാലക്കാടിന്‍െറ ഫണ്ടെങ്കിലും ഇതുവരെ ലഭിച്ചത് രണ്ട് ലക്ഷം രൂപ മാത്രം. ഉള്ളതുകൊണ്ട് ഓണംപോലെ എന്ന നിലപാടാണ് കാസര്‍കോടിന്. ബജറ്റ് 1.75 ലക്ഷം മാത്രമായതിനാല്‍ വലിയ ‘ഡക്കറേഷനൊ’ന്നും ഇവര്‍ നില്‍ക്കാറില്ല.
2.30 ലക്ഷം ഫണ്ടുള്ള ആലപ്പുഴയില്‍ ചെലവ് രണ്ടരലക്ഷം കടന്നു. ഇടുക്കിയില്‍ 2,97000 എങ്കില്‍ മൂന്ന് ലക്ഷത്തിലധികം രൂപ വേണ്ടിവന്നു മീറ്റ് നടത്താന്‍. കോഴിക്കോട്ട് 9,11,000 ആണ് ഫണ്ട്. ഏഴ് ലക്ഷം രൂപയാണ് ലഭിച്ചത്. നാല് ലക്ഷത്തിന്‍െറ ബാധ്യതയുണ്ടെന്ന് സെക്രട്ടറി. വയനാട്ടിലെ കാര്യമാണ് കൂടുതല്‍ കഷ്ടം. ആദ്യം ഒരുരൂപ പോലും കിട്ടിയില്ല. പ്രതിഷേധത്തത്തെുടര്‍ന്ന് 47,000 രൂപ അനുവദിച്ചു. നല്‍കാമെന്ന് പറഞ്ഞത് 70,500. ചെലവായതാവട്ടെ മൂന്നേകാല്‍ ലക്ഷം രൂപയും.
മലപ്പുറത്ത് റവന്യൂ ജില്ലാ സെക്രട്ടറി രാജിഭീഷണി മുഴക്കിയതോടെയാണ് കാര്യങ്ങള്‍ അല്‍പമെങ്കിലും ട്രാക്കിലായത്. ജില്ലക്കുള്ള ഫണ്ട് 12 ലക്ഷമാണ്. ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങള്‍ നടത്താനെന്നോണം ആദ്യം നല്‍കിയത് രണ്ട് ലക്ഷം രൂപ മാത്രം. കടത്തില്‍പെട്ട സെക്രട്ടറി ജില്ലാ മീറ്റിന് മുമ്പ് പണം നല്‍കിയില്ളെങ്കില്‍ രാജിവെക്കുമെന്നറിയിച്ചു. അഞ്ച് ലക്ഷം കൂടി അനുവദിക്കാമെന്നായി. പിന്നെ തവണകളായി കിട്ടിയത് 4,30,000 രൂപ. മൊത്തം ചെലവ് 14 ലക്ഷത്തിനടുത്തത്തെിയപ്പോള്‍ ബാധ്യത ഇരട്ടിച്ചു.
ആലപ്പുഴയില്‍ ഒന്നേകാല്‍ ലക്ഷം രൂപയാണ് സെക്രട്ടറി കൈയില്‍നിന്ന് കൊടുത്തത്. ഇടുക്കിയിലെ മുന്‍ സെക്രട്ടറിക്ക് 20,000 രൂപ കിട്ടാനുണ്ട്. ഇടുക്കിയിലെ ഇപ്പോഴത്തെ സെക്രട്ടറി ചെലവായ 72,000 രൂപക്കുവേണ്ടി കാത്തിരിക്കുന്നു. തൃശൂരില്‍ രണ്ട് ലക്ഷം രൂപ വരെ ബാധ്യത തുടരുന്ന മുന്‍ സെക്രട്ടറിമാരുണ്ട്. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരില്‍നിന്ന് കാശ് കിട്ടിപ്പോരാന്‍ വലിയ പ്രയാസമാണെന്നാണ് അധ്യാപകരുടെ പരാതി. പരമാവധി കാശ് പിടിച്ചു വെക്കാന്‍ ഡി.ഡി.ഇമാര്‍ തമ്മില്‍ അപ്രഖ്യാപിത മത്സരം നടക്കുന്നു.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.