ഊണും ഉറക്കവുമില്ല; കൂലി വിമര്‍ശം മാത്രം

ഏതാനും വര്‍ഷങ്ങളായി  പലയിടത്തും ജില്ലാ പഞ്ചായത്താണ് സംസ്ഥാന മേളയില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന് ജഴ്സി നല്‍കാറ്. പാലക്കാട്ടുനിന്നായിരുന്നു തുടക്കം. ജഴ്സി മിക്കപ്പോഴും അത്ലറ്റിക് മീറ്റിലൊതുങ്ങും. ഗെയിംസിന് ലഭിക്കാറില്ല. കായികാധ്യാപക സംഘടനകള്‍ നല്‍കുന്ന യൂനിഫോമില്‍ ഇറങ്ങുന്ന താരങ്ങളുമുണ്ട്. ഇത്തവണ കോഴിക്കോട്ട് നടന്ന സംസ്ഥാന മീറ്റില്‍ ജഴ്സിയുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്്. ആതിഥേയ ജില്ലയിലെയും കോട്ടയത്തെയും താരങ്ങള്‍ മാര്‍ച്ച് പാസ്റ്റിനിറങ്ങിയതും മത്സരങ്ങളില്‍ പങ്കെടുത്തതും സ്കൂള്‍ ജഴ്സിയില്‍.
സെക്രട്ടറിമാരുടെ പോക്കറ്റ് കീറുന്ന ജഴ്സി
ജഴ്സി സംഘടിപ്പിക്കലാണ് റവന്യൂ ജില്ലാ സെക്രട്ടറിമാരുടെ മറ്റൊരു തലവേദന. ജില്ലാ പഞ്ചായത്തുകള്‍ മിക്കപ്പോഴും അനുകൂല നിലപാടാണ് സ്വീകരിക്കാറെങ്കിലും കടുംപിടിത്തക്കാരുമുണ്ട്. കഴിഞ്ഞ തവണ കായികാധ്യാപകരുടെയും കായിക വിദ്യാര്‍ഥികളുടെയും സമരത്തില്‍ രാഷ്ട്രീയം കണ്ട് ചില ജില്ലാ പഞ്ചായത്തുകള്‍ ജഴ്സി തടഞ്ഞിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പായിരുന്നു പ്രധാന വിലങ്ങുതടി. ഭരണസമിതി മാറിയ സമയത്തായിരുന്നു മേളകള്‍. ഇതുമൂലം ജില്ലാ പഞ്ചായത്തുകള്‍ക്ക് ഫണ്ട് വകയിരുത്താനായില്ല. തിരുവനന്തപുരത്തും വയനാട്ടിലും കണ്ണൂരിലും സെക്രട്ടറിമാര്‍ സ്വന്തം റിസ്കില്‍ ജില്ലാ പഞ്ചായത്തിന്‍െറ പേരില്‍ ജഴ്സി ഉണ്ടാക്കി കുട്ടികള്‍ക്ക് കൊടുത്തിരിക്കുകയാണ്. കോഴിക്കോട്ടെ സെക്രട്ടറി പഴയ, പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും കിട്ടിയില്ലത്രെ. ഇതിനാല്‍ സംസ്ഥാന മീറ്റിന്‍െറ ആതിഥേയര്‍ മെഡിക്കല്‍ കോളജ് മൈതാനത്ത് ജില്ലാ ജഴ്സിയില്ലാതെ മാര്‍ച്ച്പാസ്റ്റിനിറങ്ങിയത് നാണക്കേടായി. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം മറ്റൊരു അനുഭവമുണ്ടായി. താരങ്ങള്‍ക്ക് ക്യാമ്പ് നടത്താനും ജഴ്സിക്കുംവേണ്ടി ജില്ലാ പഞ്ചായത്ത് ഫണ്ട് വകമാറ്റി. ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നപ്പോള്‍ ഇത് തടഞ്ഞു. മുന്‍കൂര്‍ ജഴ്സി വാങ്ങിക്കൊടുത്തയാളുടെ 60,000 പോയത് മിച്ചം.
അന്നത്തിലുമുണ്ട് വിവേചനം
ഭക്ഷണത്തിന്‍െറ കാര്യത്തില്‍ കലോത്സവങ്ങളും കായികമേളകളും തമ്മില്‍ വലിയ വിവേചനമാണ് നിലനില്‍ക്കുന്നത്. ഉപജില്ലാതലം തൊട്ട് കലോത്സവത്തിന് രുചികരമായ ഭക്ഷണം വിളമ്പും. സംസ്ഥാന കലോത്സവത്തില്‍ പായസത്തിലെ വൈവിധ്യങ്ങളെപ്പറ്റിയൊക്കെയായിരിക്കും പുറത്തുവരുന്ന വാര്‍ത്തകള്‍. ഏറെ കായികാധ്വാനം വേണ്ട അത്ലറ്റുകള്‍ക്ക് പക്ഷേ, കായികമേളകളില്‍ കുടിക്കാന്‍ വെള്ളംപോലും കിട്ടാത്ത അവസ്ഥ. ഉപജില്ലാതല മത്സരങ്ങള്‍ക്ക് പൊതിച്ചോറുമായി പോയാണ് മിക്ക കുട്ടികളും അധ്യാപകരും പങ്കെടുക്കാറ്. ഇത്തവണ കോട്ടയത്തും കാസര്‍കോട്ടും ജില്ലാ കായികമേളക്കുപോലും ഭക്ഷണമില്ലായിരുന്നു. കോഴിക്കോട്ടെ സംസ്ഥാന മീറ്റിനിടെ താരങ്ങള്‍ വിശന്നുവലഞ്ഞ സംഭവമുണ്ടായി. സംസ്ഥാന കായികമേളയുടെ നടത്തിപ്പുകാരായ ഒഫീഷ്യലുകള്‍ കായികാധ്യാപകരാണെങ്കിലും ഇവരെ തീരുമാനിക്കുന്നതില്‍ ഇതര സംഘടനകളുടെ കൈകടത്തലുണ്ട്. ഇത് സ്വജന പക്ഷപാതത്തിനും പരാതികള്‍ക്കും ഇടയാക്കുന്നുണ്ടെന്നാണ് കായികാധ്യാപക സംഘടനയുടെ അഭിപ്രായം.
നൂറു നൂറു ജോലികള്‍; ഒരായിരം വിമര്‍ശങ്ങള്‍
ജൂലൈ മാസം മുതല്‍ സ്കൂളുകളില്‍ കായികാധ്യാപകര്‍ക്ക് ഊണും ഉറക്കവുമില്ല. സ്കൂള്‍തല സ്പോര്‍ട്സും ഗെയിംസുമാണ് ആദ്യ ഘട്ടം. ഇത് സംഘടിപ്പിക്കലും കുട്ടികളെ ഒരുക്കലും. പിന്നെ ഉപജില്ലാ മത്സരങ്ങള്‍. സംഘാടകരായും എസ്കോര്‍ട്ടിങ് ടീച്ചേഴ്സായും ഒഫീഷ്യല്‍സായും പരിശീലകരായും വിധികര്‍ത്താക്കളായും ഈ അധ്യാപകര്‍ ഓടിനടക്കുന്നു. കൂടാതെ, സ്കൂളിലെ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളും.
മീറ്റുകള്‍ നടക്കുമ്പോള്‍ രാവിലെ ആറിന് തുടങ്ങും ഡ്യൂട്ടി. കത്തുന്ന വെയിലിനെ കൂസാതെ വൈകുന്നേരംവരെ നില്‍ക്കണം. താരങ്ങള്‍ക്ക് അവരവരുടെ മത്സരങ്ങള്‍ കഴിഞ്ഞ് കരക്ക് കയറാമെങ്കില്‍ കായികാധ്യാപകരുടെ അവസ്ഥ അതല്ല. എല്ലാം കഴിയുമ്പോള്‍ ചിലപ്പോള്‍ രാത്രിയുമാവും. വേതനമായി കിട്ടുന്നത് 350 രൂപ.

രാത്രി വൈകി വീട്ടിലത്തെി ഉറങ്ങാന്‍നില്‍ക്കാതെ കുട്ടികള്‍ക്ക് പിറ്റേന്ന് അണിയേണ്ട ജഴ്സി വാങ്ങാന്‍ കിലോമീറ്ററുകള്‍ കാറോടിച്ച് പോവേണ്ടി വന്ന അനുഭവം ഒരു റവന്യൂ ജില്ലാ സെക്രട്ടറി പങ്കുവെക്കുന്നു. ഒരു പോള കണ്ണടക്കാതെ പിറ്റേന്ന് മൈതാനത്തിറങ്ങേണ്ടിയും വന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് കഴിഞ്ഞു മടങ്ങിയ എറണാകുളത്തെ ഹാന്‍ഡ്ബാള്‍ താരങ്ങള്‍ ഏതാനും ആഴ്ചകള്‍ മുമ്പ് അപകടത്തില്‍പ്പെട്ടു. ഈ സംഭവത്തിന് റവന്യൂ ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടി വന്നു.

മീറ്റിന് കുട്ടികളെ കൊണ്ടുപോവാന്‍ പലപ്പോഴും സ്കൂള്‍ ബസ് കിട്ടാറില്ല. വാടകക്ക് വണ്ടി വിളിക്കേണ്ട സ്ഥിതി. ഇതും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. എസ്കോര്‍ട്ടിങ് ടീച്ചറുടെ അധികച്ചുമതലകൂടി കായികാധ്യാപകന്‍ വഹിക്കുന്ന സ്കൂളുകളുണ്ട്. പെണ്‍കുട്ടികള്‍ സംഘത്തിലുണ്ടായിട്ടും ലേഡി ടീച്ചേഴ്സോ ടീം മാനേജര്‍മാരോ ഇല്ലാത്ത അവസ്ഥ. സ്കൂളിലെ കായികപഠനത്തിന് നേതൃത്വം കൊടുക്കുക, താരങ്ങളെ കണ്ടത്തെി സൗകര്യങ്ങളൊരുക്കുക, മേളകള്‍ സംഘടിപ്പിക്കുക, താരങ്ങളെ കൊണ്ടുപോവുക തുടങ്ങി നൂറു നൂറ് പ്രവര്‍ത്തനങ്ങള്‍ ചെയ്താലും സഹ അധ്യാപകരില്‍നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും അധികൃതരില്‍നിന്നും കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് കേള്‍ക്കുന്നതെന്ന് ഒട്ടുമിക്ക കായികാധ്യാപകരും പരാതിപ്പെടുന്നു. മീറ്റുകള്‍ക്ക് പോവുമ്പോള്‍ ഡ്യൂട്ടി ലീവ് അനുവദിച്ചു നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് വൈമനസ്യമാണ്.
അധ്യാപകനുള്ള ‘പണി’ കിട്ടുന്നത് വിദ്യാര്‍ഥികള്‍ക്കും
സ്പെഷലിസ്റ്റ് അധ്യാപകരെ പൂള്‍ ചെയ്യാനുള്ള തീരുമാനം വലിയ തമാശയായിരുന്നു. സംഗീതാധ്യാപകര്‍ക്ക് കായിക പഠനത്തിന്‍െറയും തിരിച്ചും ചുമതല നല്‍കിയത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞവര്‍ഷം സംസ്ഥാന വ്യാപകമായി കായികമേളകള്‍ തടസ്സപ്പെടാനുള്ള സമരങ്ങള്‍ക്ക് ഹേതുവും ഇതായിരുന്നു. ഈ വിഷയം ഇപ്പോഴും കോടതിയിലാണ്. സംസ്ഥാനത്ത് കായികാധ്യാപകരുടെ എണ്ണത്തിലും വന്‍കുറവ് നിലനില്‍ക്കുന്നു. ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് യു.പിയില്‍ 2032ഉം ഹൈസ്കൂളില്‍ 698ഉം പേരുടെ കുറവാണുള്ളത്. മുഴുവന്‍ വിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണം നോക്കാതെ കായികാധ്യാപകരെ നിയമിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ നിര്‍ദേശമുണ്ട്.

കായികാധ്യാപക തസ്തികയിലേക്ക് പി.എസ്.സി നിയമനം നടത്തുന്നത് ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ യു.പി.എസ്, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഹൈസ്കൂള്‍ എന്നിങ്ങനെയാണ്. എന്നാല്‍, ഇരു തസ്തികക്കും നല്‍കുന്നത് ഒരേ ശമ്പളം. ഹൈസ്കൂള്‍ കായികാധ്യാപകനായി നിയമിതനാവുന്നയാളും ഇതര ഭാഷാ-വിഷയ അധ്യാപകരും തമ്മില്‍ അടിസ്ഥാന ശമ്പളത്തില്‍ത്തന്നെ വലിയ അന്തരം നിലനില്‍ക്കുന്നു. കായികാധ്യാപകന് നല്‍കുന്നത് പ്രൈമറി അധ്യാപകരുടെ ബേസിക് പേ മാത്രം. ദേശീയ ഗെയിംസിലുള്‍പ്പെടെ കേരളത്തിന് കുതിപ്പ് സമ്മാനിക്കുന്ന സീനിയര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഹൈസ്കൂള്‍ കഴിഞ്ഞാല്‍ കായിക പരിശീലനം അന്യമാവുകയാണ്. ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ പി.ടി പിരീഡോ കായികാധ്യാപകരുടെ സേവനമോ ഇല്ല. ചിട്ടയായ പരിശീലനവും പരിശീലകനും അനിവാര്യമായ ഘട്ടത്തില്‍ ഒരു താരത്തിന് ഇത് നിഷേധിക്കുന്നത് ആ വിദ്യാര്‍ഥിയുടെ മാത്രമല്ല, കായികകേരളത്തിന്‍െറതന്നെ ഭാവിയെ ദോഷകരമായി ബാധിക്കുന്നു.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.