വിജയത്തിലേക്ക് കരുനീക്കി യുസ്വേന്ദ്രജാലം

ബംഗളൂരു: ചതുരംഗക്കളത്തില്‍ അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളികളെ അടിയറവ് പറയിച്ച യുസ്വേന്ദ്ര സിങ് ചാഹല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും കരുനീക്കുകയാണ്്. ഇംഗ്ളണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്‍റി20യില്‍ വിജയം സമ്മാനിച്ച് കളിയിലെ കേമനായ യുസ്വേന്ദ്ര ‘യൂസ്ഫുള്‍’ ബൗളറായി വളരുകയാണ്. ചെസില്‍ ഇന്ത്യന്‍ താരമായശേഷം ക്രിക്കറ്റിന്‍െറ ക്രീസിലേക്കത്തെിയ അപൂര്‍വ താരമാണ് ഹരിയാനക്കാരനായ ഈ 26കാരന്‍. അണ്ടര്‍ 12 ചെസില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത യുസ്വേന്ദ്ര, 1946 പോയന്‍േറാടെ ഫിഡെ റേറ്റഡ് താരമാണ്.  2004ല്‍ ഗ്രീസില്‍ നടന്ന അണ്ടര്‍ 12 ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യക്കായി കരുനീക്കിയത്. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കളിച്ചു. ഏഴാം വയസ്സില്‍ ചെസ് കളിച്ചുതുടങ്ങിയ താരം 2009 മുതല്‍ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലത്തെി. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ഏറെയൊന്നും അവസരങ്ങള്‍ ലഭിക്കാതിരുന്ന ചാഹല്‍ ഐ.പി.എല്ലിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 


2011 മുതല്‍ മൂന്ന് സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചപ്പോഴും ഈ ലെഗ്ബ്രേക്ക് ബൗളര്‍ക്ക് കാര്യമായ അവസരം കിട്ടിയില്ല.  2011ലെ ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20യില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ഫൈനലില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത് മാത്രമാണ് മുംബൈ ഇന്ത്യന്‍സില്‍ ഈ താരത്തിന് ഓര്‍ക്കാനുള്ള മധുരസ്മരണ. 2014ല്‍ വെറും 10 ലക്ഷം രൂപക്ക് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിലത്തെിയതോടെ യുസ്വേന്ദ്രയുടെ രാശി മാറി. ക്യാപ്റ്റന്‍ കോഹ്ലിയുടെ ഇഷ്ടതാരമായി. കഴിഞ്ഞ സീസണില്‍ 19 വിക്കറ്റ് വീഴ്ത്തിയതോടെ ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍പെട്ടു. നാട്ടുകാരന്‍കൂടിയായ അമിത് മിശ്രയുടെ നിഴലിലൊതുങ്ങിയ  യുസ്വേന്ദ്ര സിംബാബ്വെ പര്യടനത്തിനുള്ള ടീമിലത്തെി.  മൂന്ന് ഏകദിനങ്ങളില്‍നിന്ന് ആറ് വിക്കറ്റുണ്ട്. അഞ്ച് ട്വന്‍റി20യില്‍ 11 ഇരകളെയും വീഴ്ത്തി. 25 റണ്‍സ് വഴങ്ങി ഇംഗ്ളണ്ടിനെതിരെ നേടിയ ആറ് വിക്കറ്റ് ചരിത്രത്തിലും ഇടംപിടിച്ചു. ഒരു ഇന്ത്യന്‍ താരത്തിന്‍െറ ട്വന്‍റി20യിലെ മികച്ച പ്രകടനം. ലോകക്രിക്കറ്റില്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് രണ്ടു വട്ടം യുസ്വേന്ദ്രയേക്കാള്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യക്കാരന്‍ ആദ്യമായാണ് ട്വന്‍റി20യില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്നത്. ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോസ് ബട്ലര്‍, മുഈന്‍ അലി തുടങ്ങിയ മികച്ച ബാറ്റ്സ്മാന്മാരെയാണ് യുസ്വേന്ദ്ര കറങ്ങുന്ന പന്തുമായി കൂടാരം കയറ്റിയത്. 

 

ലെഗ് സ്പിന്നറായ യുസ്വേന്ദ്രയുടെ പന്തുകള്‍ക്ക്  മറ്റ് ലെഗ്സ്പിന്നര്‍മാരേക്കാള്‍ വേഗതയാണ്. സിംബാബ്വെക്കെതിരെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ ബൗളര്‍ പന്തെറിഞ്ഞിട്ടുണ്ട്. വിജയമൊരുക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുസ്വേന്ദ്ര മത്സരശേഷം പറഞ്ഞു. മത്സരശേഷം, സീനിയര്‍ താരമായ യുവരാജ് സിങ് കൊച്ചുകുട്ടിയെപ്പോലെ യുസ്വേന്ദ്രയെ എടുത്തുയര്‍ത്തി. സുരേഷ് റെയ്നയും ചേര്‍ന്നതോടെ യുവതാരതിന് അത് വല്ലാത്ത അനുഭൂതിയായി. പിന്നീട് ടി.വിക്കായി യുവരാജ് ഇന്‍റര്‍വ്യൂവും നടത്തി.  എടുത്തുയര്‍ത്തിയപ്പോള്‍ എന്തുതോന്നിയെന്ന യുവിയുടെ ചോദ്യത്തിന് മറുപടിയിങ്ങനെ: ‘‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ സിനിമപോലെ തോന്നി.’’ 

Tags:    
News Summary - yuvendra cawhal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.