ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഹ​രാ​രെയിൽ പ​രി​ശീ​ല​ന​ത്തി​നി​ടെ

ഇന്ത്യ-സിംബാബ്‌വെ ഒന്നാം ഏകദിനം ഇന്ന്

ഹരാരെ: മുതിർന്ന താരങ്ങളും പരിശീലകനുമില്ലാതെ സിംബാബ്‌വെയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വ്യാഴാഴ്ച ആദ്യ മത്സരം. ഹരാരെ സ്പോർട്സ് ക്ലബ് വേദിയാവുന്ന മൂന്ന് മത്സര ഏകദിന പരമ്പര നായകൻ കെ.എൽ. രാഹുലിനും യുവനിരക്കും നിർണായകമാണ്. ആദ്യ ഇലവനിൽ ഇറക്കാൻ പ്രാപ്തരായ ഇരട്ടിപേർ ഊഴം കാത്തുനിൽക്കുമ്പോൾ ആസന്നമാവുന്ന ട്വൻറി20 ലോകകപ്പിലടക്കം അവസരം കിട്ടണമെങ്കിൽ എല്ലാവർക്കും നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കുന്ന സംഘത്തിന് ദുർബലരായ സിംബാബ്‌വെയിൽ നിന്ന് വലിയ വെല്ലുവിളി നേരിടാൻ സാധ്യതയില്ലെങ്കിലും അവനവന്റെ നിലനിൽപ്പ് കൂടി താരങ്ങളെ സംബന്ധിച്ച് നിർണായകമാണ്. കുറേനാൾ പരിക്കിന്റെ പിടിയിലായിരുന്ന ഓപണർ രാഹുൽ, ക്യാപ്റ്റൻസിയുടെ അധിക ഉത്തരവാദിത്തവുമായാണ് തിരിച്ചെത്തിയിരിക്കുന്നത്.

ഇരുടീമും 63 ഏകദിനങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 51ലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയായതൊഴിച്ച് ബാക്കിയേ സിംബാബ്‌വെയുടെ അക്കൗണ്ടിൽവരുന്നുള്ളൂ. റെജിസ് ചക്കാബ്വക്കും സംഘത്തിനും സ്വന്തം കാണികൾക്ക് മുന്നിൽ മികവ് തെളിയിക്കേണ്ടതുണ്ട്. സിംബാബ് വെ ക്രിക്കറ്റിനെ സംബന്ധിച്ച് ഇന്ത്യയുമായി നടക്കുന്ന പരമ്പര വലിയ വരുമാനമാർഗം കൂടിയാണ്. ടെലിവിഷൻ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന പണം ടീമിന്റെ ഒരു കൊല്ലത്തെ പകുതി ചെലവിന് വരെ തികയും.

ഇന്ത്യൻ ബാറ്റർമാരായ ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, ദീപക് ഹൂഡ തുടങ്ങിയവർക്കെല്ലാം വലിയ സ്കോറുകൾ കണ്ടെത്തിയാലേ പിടിച്ചുനിൽക്കാനാവൂവെന്ന സ്ഥിതിയാണ്. ബൗളർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹാർ, കുൽദീപ് യാദവ്, ഓൾ റൗണ്ടർമാരായ ശാർദുൽ ഠാകുർ, അക്സർ പട്ടേൽ, അരങ്ങേറ്റം കാത്തിരിക്കുന്ന ഷഹബാസ് അഹമ്മദ് തുടങ്ങിയവർക്കും നിർണായകം. പരമ്പരയിലെ അടുത്ത മത്സരങ്ങൾ ആഗസ്റ്റ് 20നും 22നും നടക്കും.

ടീം ഇവരിൽ നിന്ന്

ഇന്ത്യ- കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശാർദുൽ ഠാകുർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹാർ, ഷഹബാസ് അഹമ്മദ്.

സിംബാബ്‌വെ- റെജിസ് ചക്കാബ്വ, റയാൻ ബേൾ, തനക ചിവാൻഗ, ബ്രാഡ് ലി ഇവാൻസ്, ലൂക് ജോങ് വെ, ഇന്നസെന്റ് കൈയ, തകുഡ്സ്വാനാഷെ കൈടാനോ, ക്ലൈവ് മദാൻഡെ, വെസ്‍ലി മാധവെരെ, താഡിവനാഷേ മരുമാനി, ജോൺ മസാര, ടോണി മുൻയോൻഗ, റിച്ചാർഡ് എൻഗാരവ, വിക്ടർ ന്യൂചി, സിക്കന്തർ റാസ, മിൽട്ടൻ ഷൂംബ, ഡൊണാൾഡ് ട്രിപാനൊ.

Tags:    
News Summary - India-Zimbabwe first ODI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.