പെരിന്തൽമണ്ണ: 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച്, അന്ത്യയാത്രയിൽ കുടുംബങ്ങൾക്കുപോലും പങ്കെടുക്കാനാകാതെ വിട പറഞ്ഞ കാൽപന്തുകളിക്കാരൻ കെ.ടി. ഹംസയുടെ ഒാർമകൾക്ക് അരനൂറ്റാണ്ട്. ഇന്ത്യൻ എയർഫോഴ്സ് സർജൻറും ഫുട്ബാളറുമായിരുന്ന അദ്ദേഹം 1971 ഡിസംബർ നാലിനാണ് ഗുജറാത്തിലെ ഭുജിൽ വീരമൃത്യു വരിച്ചത്. അവിടെതന്നെ ഖബറടക്കുകയും ചെയ്തു. വലമ്പൂർ പൂപ്പലത്തെ പരേതനായ കെ.ടി. കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായിരുന്ന കെ.ടി. ഹംസ 1940ൽ ആണ് ജനിച്ചത്. മികച്ച ഫുട്ബാളറെന്നനിലയിൽ 1960ൽ മാർച്ച് 15ന് ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നു.
ആന്ധ്രയിലെ തുംഗഭദ്രയിൽ കെ.ടി. ഹംസയുടെ ഫുട്ബാൾ മത്സരം കണ്ട് എയർഫോഴ്സിലെ ഉയർന്ന ഉദ്യോഗസ്ഥൻ ക്ഷണിച്ചതനുസരിച്ചാണ് ബംഗളൂരുവിൽ റിക്രൂട്ട്മെൻറിൽ പങ്കെടുത്ത് സേനാംഗമായത്. പിന്നീട് സർവിസസിെൻറ മികച്ച കളിക്കാരൻ കൂടിയായി. ഇന്ത്യ-പാക് യുദ്ധത്തിൽ വ്യോമസേന സർജൻറായിരുന്ന ഹംസ പാകിസ്താൻ ഷെൽ ആക്രമണത്തിലാണ് 31ാം വയസ്സിൽ 11 വർഷവും 256 ദിവസവും നീണ്ട സൈനിക സേവനത്തിനൊടുവിൽ വീരമൃത്യു വരിച്ചത്. മൃതദേഹം കാണാൻ കുടുംബത്തിനു പോകാൻപോലും കഴിയാത്ത യുദ്ധസാഹചര്യമായിരുന്നു അന്ന്. സഹോദരൻ ഉസ്മാന് സംസ്ഥാന സർക്കാർ ജോലി നൽകി. മകന് ജോലി നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയി. പെരിന്തൽമണ്ണയിലെ ആദ്യകാല ഫുട്ബാൾ മേളകളിൽ നിറഞ്ഞുകളിച്ച കെ.ടി. ഹംസയെ പഴയകാല കളിക്കമ്പക്കാർ ഇന്നും ഒാർക്കുന്നു.
സഹോദരൻ ഹൈദർ അലി കാലിക്കറ്റ് സർവകലാശാലക്കുവേണ്ടി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഫുട്ബാൾ പാരമ്പര്യം പേരമക്കൾക്കും കിട്ടിയിട്ടുണ്ട്. 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫിെൻറ സഹോദരി ഫാത്തിമയാണ് കെ.ടി. ഹംസയുടെ ഭാര്യ. ഖൈറുന്നീസ, കെ.ടി. താഹ ഐജസ് (മാധ്യമം സീനിയർ പർച്ചേസ് മാനേജർ) എന്നിവർ മക്കളാണ്. കെ.ടി. അബൂബക്കർ, കെ.ടി. സുഹ്റ, കെ.ടി. ഹൈദർ, പരേതരായ കെ.ടി. ഉമ്മർ, കെ.ടി. ഉസ്മാൻ, കെ.ടി. സൈനബ എന്നിവരാണ് സഹോദരങ്ങൾ. ഡിസംബർ നാലിന് വൈകീട്ട് 6.30ന് പെരിന്തൽമണ്ണ പൂപ്പലം ഗോൾ ടൗൺ മിനി സ്റ്റേഡിയത്തിലാണ് അനുസ്മരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.