രഞ്ജൻ ഭട്ടാചാര്യ (വെസ്റ്റ് ബംഗാൾ), ഖിഫ്റ്റ് റൈഖാൻ (മണിപ്പൂർ)

സെമിഫൈനലിന് മുമ്പ് പരിശീലകർക്ക് പറയാനുള്ളത്...

ബംഗാള്‍ x മണിപ്പൂർ

രഞ്ജൻ ഭട്ടാചാര്യ (വെസ്റ്റ് ബംഗാൾ)

മണിപ്പൂരിനെതിരെയുള്ള മത്സരം കടുത്തതാണ്. സന്തോഷ് ട്രോഫിയിലെ മികച്ച പാരമ്പര്യമുള്ള ടീമാണ് ബംഗാൾ. 32 തവണ കിരീടം ചൂടി. 13 തവണ റണ്ണേഴ്സ് അപ്പുമായി. 45 തവണ ഫൈനൽ കളിച്ചു. ഇത്തവണയും ഫൈനൽ കളിക്കുകയാണ് ലക്ഷ്യം. നേരത്തേ കേരളം, ബംഗാൾ, പഞ്ചാബ് തുടങ്ങിയ ടീമുകളിൽനിന്നായിരുന്നു ഇന്ത്യൻ ടീമിലേക്ക് കളിക്കാർ എത്തിയിരുന്നത്. എന്നാൽ, ഇന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽപേർ എത്തുന്നത് ശുഭസൂചനയാണ്. അതുകൊണ്ടുതന്നെ മണിപ്പൂരിനെ നിസ്സാരമായി കാണുന്നില്ല. മേഘാലയയേക്കാൾ ശക്തമായ പ്രതിരോധമാണ് മണിപ്പൂരിന്‍റേത്. ഫൈനലിൽ തങ്ങൾക്കെതിരെ കേരള ടീം എത്തണമെന്നാണ് ആഗ്രഹം. അങ്ങനെ വന്നാൽ ഇന്ത്യൻ ഫുട്ബാളിനുള്ള ഏറ്റവും വലിയ പരസ്യമാകും അത്. മലപ്പുറത്തെ കാണികൾ ഫുട്ബാളിനെ സ്നേഹിക്കുന്നവരാണ്. അവർ തങ്ങളെയും പ്രോത്സാഹിക്കുമെന്ന് കോച്ച് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു. ബംഗാൾ ക്യാപ്റ്റൻ മോണോതോഷ് ചക്ക് ലദാറും ടീമിന്‍റെ പ്രതീക്ഷകൾ പങ്കുവെച്ചു.

ഖിഫ്റ്റ് റൈഖാൻ (മണിപ്പൂർ)

കഴിഞ്ഞ ദിവസങ്ങളില്‍ നല്ല പരിശീലനത്തിന് അവസരം ലഭിച്ചു. നേരത്തേ കാലാവസ്ഥ പ്രതികൂലമായിരുന്നു. എന്നാൽ, രാത്രി മത്സരമായതിനാൽ കാര്യമായ പ്രശ്നം ഉണ്ടാവില്ല. എതിര്‍ ടീമിനെ പരമാവധി സമ്മർദത്തിലാക്കുന്ന ഗെയിമാണ് മണിപ്പൂര്‍ എപ്പോഴും കാഴ്ചവെക്കുന്നത്. ടീം ഒത്തിണക്കം കാഴ്ചവെക്കുന്നതാണ് ടീമിന്‍റെ കരുത്ത്. ആദ്യ മിനിറ്റ് മുതൽ അവസാന 90 മിനിറ്റ് വരെ കഠിനാധ്വാനം ചെയ്യുന്നവർ വിജയിക്കും. എന്നാൽ, ആദ്യം ഗോള്‍ വഴങ്ങിയാല്‍ തിരിച്ചുവരാൻ പ്രയാസം നേരിടുന്നതാണ് ടീമിന്‍റെ പോരായ്മയെന്നും കോച്ച് ഖിഫ്റ്റ് റൈഖാൻ പറഞ്ഞു. ക്യാപ്റ്റൻ അരുൺകുമാർ സിങ്ങും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Santosh Trophy semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.