റയൽ ബെറ്റിസിനോട് സമനിലയിൽ രക്ഷപ്പെട്ട് റയൽ മഡ്രിഡ് (1-1)

സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ റയൽ മഡ്രിഡിനെ സമനിലയിൽ തളച്ച് റയൽ ബെറ്റിസ്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. റയലിനായി ജൂഡ് ബെല്ലിങ്ഹാമും ബെറ്റിസിനായി എയ്റ്റർ റൂയിബലും വലകുലുക്കി. ഇതോടെ ലീഗിൽ രണ്ടാമതുള്ള ജിറോണക്ക് അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ റയലിനെ മറികടന്ന് ഒന്നാമതെത്താനാകും.

ബെറ്റിസിന്‍റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിതമായിരുന്നു ആദ്യ പകുതി. 17ാം മിനിറ്റിൽ സ്പാനിഷ് താരം ബ്രാഹിം ഡയസ് റയലിനായി വലകുലുക്കിയെങ്കിലും ബ്രസീൽ താരം റോഡ്രിഗോ സിൽവ ഓഫ് ഡൈസിൽ കുരുങ്ങി. ഇതൊഴിച്ച് നിർത്തിയാൽ ഗോളിലേക്കുള്ള കാര്യമായ നീക്കങ്ങളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും. 53ാം മിനിറ്റിൽ ബെല്ലിങ്ഹാമിലൂടെ സന്ദർശകരാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ബ്രഹീം ഡയസിന് പന്ത് കൈമാറി ബോക്സിനുള്ളിലേക്ക് ഇംഗ്ലീഷ് താരം ഓടിക്കയറി.

പിന്നാലെ ബെറ്റിസ് പ്രതിരോധ താരങ്ങൾക്കു മുകളിലൂടെ ഡയസ് നൽകിയ മനോഹരമായ ചിപ്പ് പാസ് ബെല്ലിങ്ഹാം നെഞ്ചിലിറക്കി വലയിലാക്കുകയായിരുന്നു. റയലിനായി 18 മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം 16 ആയി. ലാ ലിഗയിൽ 14 മത്സരങ്ങളിൽനിന്നായി 12 ഗോളുകളും. സീസണിൽ റയലിന്‍റെ ടോപ് സ്കോററാണ്. ഒമ്പതു ഗോളുകളുമായി റോഡ്രിഗോയാണ് തൊട്ടുപിന്നിലുള്ളത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ബെർണബ്യൂവിലെത്തിയ മുൻ ബ്രിമിങ്ഹാം സിറ്റി താരം റയലിനായി മികച്ച ഫോമിലാണ്.

റയലിനായി സീസണിൽ കളിച്ച നാലു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ, 13 മിനിറ്റിനുള്ളിൽ റൂയിബൽ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ ബെറ്റിസിനെ ഒപ്പമെത്തിച്ചു. 66ാം മിനിറ്റിൽ 25 വാര അകലെനിന്നുള്ള റൂയിബലിന്‍റെ ഷോട്ട് റയൽ ഗോളിയെയും മറികടന്ന് വലയിൽ. വില്ല്യം ജോസാണ് ഗോളിന് വഴിയൊരുക്കിയത്. ഇൻജുറി ടൈമിൽ തന്റെ മുൻ ടീമിനെതിരെ ഗോള്‍ നേടാനുള്ള മികച്ച അവസരം ഇസ്കോക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.

പന്ത് കൈവശം വെക്കുന്നതിൽ റയിൽ മുന്നിൽ നിന്നെങ്കിലും ഷോട്ടുകളിൽ ബെറ്റിസിനായിരുന്നു മുൻതൂക്കം. 16 മത്സരങ്ങളിൽനിന്ന് റയലിന് 39 പോയന്‍റാണ്. രണ്ടാമതുള്ള ജിറോണക്ക് 15 മത്സരങ്ങളിൽനിന്ന് 38 പോയന്‍റും. മൂന്നാമതുള്ള ബാഴ്സലോണയുമായാണ് ജിറോണയുടെ അടുത്ത മത്സരം.

Tags:    
News Summary - Spanish La Liga: Real Betis held Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.