1.ഖ​​ത്ത​​റി​​ലെ ഉം ​​സ​​ലാ​​ലി​​ലെ സു​​പ്രീം ക​​മ്മി​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള ട്രീ ​​ആ​​ൻ​​ഡ് ട​​ർ​​ഫ്​ ന​​ഴ്​​​സ​​റി, 2. അ​​ൽ​​ബെ​​യ്ത്​ സ്​​​റ്റേ​​ഡി​​യ​​ത്തി​​ന്​ പു​​റ​​ത്തെ പാ​​ർ​​ക്ക്

ലോക കപ്പ് സ്വപ്നങ്ങളെ പച്ചപ്പണിയിക്കുന്ന നഴ്സറി

ദോഹ: ലോകകപ്പ് വേദിയായ ഖത്തറിന്‍റെ തലസ്ഥാന നഗരിയിൽനിന്നും 50 കിലോമീറ്ററോളം ദൂരെയാണ് ഉംസാലാൽ. കണ്ണെത്താ ദൂരെ പരന്നുകിടക്കുന്ന മരുഭൂമിയെ കീറിമുറിച്ചുള്ള റോഡിലെ നീണ്ടയാത്ര അവസാനിക്കുന്നത് ഒരു പച്ചത്തുരുത്തിലാണ്. മരുഭൂമിക്ക് നടുവിലായി പച്ചപ്പരവതാനി വിരിച്ച്, ഇടതൂർന്ന മരങ്ങളുമായി തലയുയർത്തി നിൽക്കുന്ന വിശാലമായ കാട്. കഴിഞ്ഞ നാലു വർഷംകൊണ്ടാണ് ഇവിടമൊരു പച്ചത്തുരുത്തായി വളർന്നു പന്തലിച്ചത്. ഖത്തറിന്‍റെ സ്വപ്നങ്ങൾക്ക് പച്ചപ്പ് വിരിക്കുന്ന മണ്ണാണ് ഇത്.

ലോകകപ്പിനായി ഒരുക്കിയ എട്ടു സ്റ്റേഡിയങ്ങളിലേക്കും ടീമുകൾക്കായുള്ള 45ഓളം പരിശീലന മൈതാനങ്ങളിലേക്കും പുൽത്തകിടിയും സ്റ്റേഡിയത്തെ ചുറ്റിയുള്ള പാർക്കിലേക്ക് മരങ്ങളും വളർത്തി വലുതാക്കുന്ന നഴ്സറി. ഇവിടെ െവച്ചുപിടിച്ച്, പരിപാലിച്ച് വളർത്തിയെടുത്ത കാടും പച്ചപ്പുല്ലുകളുമാണ് കാൽപന്തുലോകത്തിന്‍റെ സ്വപ്നങ്ങൾക്ക് തീപടർത്തുന്നത്.

ഇവിടെ തളിർത്ത പുൽനാമ്പുകളിലാണ് ലയണൽ മെസ്സിയുടെയും നെയ്മറിന്‍റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയുമെല്ലാം സ്വപ്നങ്ങൾ തളിരിടുന്നത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഡെലിവറി ഫോർ ലെഗസിയുടെ ഉംസലാലിലെ 'ട്രീ ആൻഡ് ടർഫ് നഴ്സറി'യാണ് സ്ഥലം. ലോകകപ്പിന്‍റെ ഓരോ നിർമിതിയിലും വിസ്മയമൊളിപ്പിച്ച ഖത്തറിന്‍റെ മറ്റൊരു മാജിക്ക്.

മരുഭൂമിയിലൊരു പച്ചപ്പ്

നാലര വർഷം മുമ്പ് ചുട്ടുപൊള്ളുന്ന മരുഭൂമിയായിരുന്നു ഇവിടം. ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണങ്ങൾക്കായി പരമാവധി സ്വദേശി അസംസ്കൃത വസ്തുക്കൾ ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് ഉംസാലിലെ മരുഭൂമിയെ കാടാക്കി മാറ്റുന്നത്.

75 കിലോ മീറ്റർ പരിധിയിൽ എട്ടു സ്റ്റേഡിയങ്ങളും, അവയോട് അനുബന്ധമായി ഡസൻകണക്കിന് പരിശീലന മൈതാനങ്ങളും ആവശ്യമാവുമ്പോൾ അവക്കുള്ള പുൽത്തകിടികൾ തദ്ദേശീയമായി നിർമിക്കാം എന്ന ചിന്ത എസ്.സി ട്രീ ആൻഡ് ടർഫ് നഴ്സറിയുടെ പിറവിക്ക് വഴിയായി. അങ്ങനെ 2018 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ടർഫ് നഴ്സറി ഖത്തറിന്‍റെ ലോകകപ്പ് മുറ്റത്തെ പച്ചപ്പായി മാറി. വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത്, എസ്.സിയുടെ ലാബിൽ പരിശോധന പൂർത്തിയാക്കി വളർത്തിയെടുത്താണ് പുല്ല് പാകമാക്കുന്നത്.

വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങൾക്കൊടുവിൽ തെരഞ്ഞെടുത്ത പുൽത്തകിടി എല്ലാ സ്റ്റേഡിയങ്ങളിലും കളിമുറ്റമായി മാറി. 8.80 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലെ നഴ്സറിയിൽ നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റർ മാത്രം പുൽത്തകിടിയാണ്. ബാക്കി ഭാഗം മരങ്ങളും കുറ്റിച്ചെടികളും തലയുയർത്തി നിൽക്കുന്നു.

ഇന്ത്യ, തായ്ലൻഡ്, സ്പെയിൻ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തും ഖത്തറിലെ പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ചതുമായ തൈകൾ വെച്ചുപിടിപ്പിച്ചാണ് ഇവിടെ കാടൊരുക്കിയത്. വളർന്ന് പാകമായശേഷം, ലോകകപ്പ് സ്റ്റേഡിയങ്ങളോട് ചേർന്നുള്ള പാർക്കുകളിലും പൂന്തോട്ടങ്ങളിലുമായി വെച്ചുപിടിപ്പിച്ചത് ഇവയാണ്. 60,000 മരങ്ങളുണ്ടിവിടെ. പാകമായത് പറിച്ചുനടുമ്പോൾ, ആ സ്ഥാനത്ത് മറ്റൊരു മരം തളിരിടുകയായി. അങ്ങനെ, ഹരിതാഭമാവുന്ന ഖത്തറിന്‍റെ സ്വപ്നങ്ങൾക്ക് ഉംസലാലിലെ ഈ വിശാലമായ ഭൂമി പച്ചപ്പും തണലും വിരിക്കുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ട്രീ ആൻറ് ടർഫ് നഴ്സറിയായി ഇവിടം മാറിയതായി തുടക്കം മുതൽ ഇവിടെ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ മേൽനോട്ടംവഹിക്കുന്നു എൻജിനീയർ യാസിർ അൽ മുല്ല 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.വർഷത്തിൽ രണ്ടോ മൂന്നോ തവണ വരെ പുൽത്തകിടി വെട്ടിമാറ്റാൻ പാകമാവും. ലോകകപ്പ് കഴിഞ്ഞാലും, രാജ്യത്തിന്‍റെ പരിസ്ഥിതി സൗന്ദര്യവത്കരണത്തിന്‍റെ കേന്ദ്രമാവും ഈ ടർഫ് നഴ്സറി.

മുൻകാല ലോകകപ്പുകളിൽ ഓരോ വേദികളും 500ഉം 2000വും കിലോമീറ്റർ അകലത്തിൽ കിടക്കുമ്പോൾ മണ്ണിലെയും കാലാവസ്ഥയിലെയും വ്യത്യാസം മൈതാനത്തെ ടർഫിന്‍റെ സ്വഭാവത്തിലും പ്രകടമായിരുന്നു. എന്നാൽ, ഖത്തറിൽ 75കി.മീ ദൂരത്തിനുള്ളിൽ എല്ലാ സ്റ്റേഡിയവും ഒരുങ്ങുമ്പോൾ ഒരേ കാലാവസ്ഥയിൽ ഒരേ നഴ്സറിയിൽ വളർത്തിയ പുൽത്തകിടിൽ കളിക്കാമെന്നതാണ് കളിക്കാർക്ക് ആശ്വാസം. 

Tags:    
News Summary - The nursery that makes World Cup dreams green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.