ബം​ഗ​ളൂ​രു എ​ഫ്.​സി പ​രി​ശീ​ല​ക​ൻ സൈ​മ​ൺ ​ഗ്രെ​യ്സ​ണോ​ടൊ​പ്പം പാ​ബ്ലോ പെ​ര​സ്

ബംഗളൂരുവിന് പന്തുതട്ടാൻ സ്പാനിഷ് താരം

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ വരും മത്സരങ്ങളിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് മധ്യനിര ശക്തമാക്കാൻ ബംഗളൂരു എഫ്.സിയുടെ പുതിയ സൈനിങ്. സ്പാനിഷ് അറ്റാക്കറും മധ്യനിര താരവുമായ 29 കാരൻ പാബ്ലോ പെരസാണ് ബി.എഫ്.സിയുമായി കരാറൊപ്പിട്ടത്. ഈ സീസൺ അവസാനിക്കുന്നതുവരെയാണ് കരാറെന്ന് ടീം വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. ലാലിഗ ക്ലബ്ബായ സ്പോർട്ടിങ് ജിയോണിന്റെ അക്കാദമിയിൽ പരിശീലനം നേടി വളർന്ന താരമാണ് പാബ്ലോ പെരസ്.

സ്പാനിഷ് രണ്ടാം ലീഗായ സെഗുണ്ട ഡിവിഷനിൽ ലോസ് റോജി ബ്ലാങ്കോസിൽനിന്നാണ് പെരസിന്റെ വരവ്. ടീമിനായി കഠിന പരിശ്രമം നടത്തുമെന്നും ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിയെ പ്ലേ ഓഫിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പെരസ് പറഞ്ഞു. 2015ൽ ജിയോണിന് വേണ്ടി ലാലിഗയിൽ വലൻസിയക്കെതിരെ അരങ്ങേറിയിരുന്നു.

വിവിധ അറ്റാക്കിങ് പൊസിഷനുകളിൽ കളിക്കാൻ ശേഷിയുള്ള പെരസിനെ ടീമിലെത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും മികച്ച അനുഭവ സമ്പത്തുള്ള താരമാണെന്നും ബംഗളൂരു എഫ്.സി പരിശീലകൻ സൈമൺ ഗ്രെയ്സൺ പറഞ്ഞു. ഐ.എസ്.എല്ലിൽ മുൻചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിക്ക് ഇതുവരെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.

എട്ടു കളികളിൽ രണ്ടു ജയവും ഒരു സമനിലയും അഞ്ച് തോൽവിയുമായി ഏഴു പോയന്റു മാത്രമാണ് സമ്പാദ്യം. ശനിയാഴ്ച സ്വന്തം തട്ടകത്തിൽ എ.ടി.കെ മോഹൻ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സുമായാണ് ബംഗളൂരുവിന്റെ അടുത്ത കളി.

Tags:    
News Summary - The Spanish player In Bengaluru team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 02:24 GMT