കൊല്‍ക്കത്ത: രോഹിത് കുമാറും രഞ്ജിത് സിങ്ങും ചിരാഗ് യാദവും പ്രൈം വോളിബാൾ ലീഗ് ലേലത്തിലെ വിലപിടിപ്പുള്ള താരങ്ങൾ. ഇന്ത്യന്‍ അറ്റാക്കര്‍ രോഹിത് കുമാറിനെ 17.5 ലക്ഷം രൂപക്കാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കിയത്. പരിചയ സമ്പന്നനായ സെറ്റർ രഞ്ജിത് സിങ്ങിനെ 12.5 ലക്ഷം രൂപക്ക് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ് സ്വന്തമാക്കി. അറ്റാക്കറായ ചിരാഗ് യാദവിന് കാലിക്കറ്റ് ഹീറോസ് 12.25 ലക്ഷം നൽകി. സാള്‍ട്ട്ലേക്ക് ഹയാത്ത് റീജന്‍സിയില്‍ ഇന്റര്‍നാഷനല്‍, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ വിഭാഗങ്ങളിലെ കളിക്കാര്‍ക്കായുള്ള ലേലത്തില്‍ ആകെ 45 താരങ്ങളെ എട്ട് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി. 523 കളിക്കാരാണ് ഇത്തവണ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
ക്യൂബയുടെ ജോസ് അന്റോണിയോ സാന്ഡോവല് റോജാസ് (മിഡില്‍ ബ്ലോക്കര്‍), യു.എസ്.എയുടെ മാറ്റ് ഹില്ലിങ് (അറ്റാക്കര്‍) എന്നിവരെയാണ് അന്താരാഷ്ട്ര താരങ്ങളുടെ പൂളില്‍ നിന്ന് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. അറ്റാക്കറായ എം. അശ്വിന്‍രാജിനെ 6.75 ലക്ഷം രൂപക്ക് വാങ്ങി. സില്‍വര്‍ വിഭാഗത്തില്‍ നിന്ന് മോഹന്‍ ഉക്രപാണ്ഡ്യനെ (സെറ്റര്‍) മൂന്ന് ലക്ഷം രൂപക്കും ഷഫീഖ് റഹ്മാനെ (മിഡില്‍ ബ്ലോക്കര്‍) 3.6 ലക്ഷത്തിനും കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. 3.90 ലക്ഷം രൂപക്കാണ് മിഡില്‍ ബ്ലോക്കറായ ലവ്മീത് കടാരിയയെ ടീം വാങ്ങിയത്.
പെറുവില്‍ നിന്നുള്ള രാജ്യാന്തര താരങ്ങളായ എഡ്വേര്‍ഡോ റോമെയ്നെയും (അറ്റാക്കര്‍) ബ്രസീലിന്റെ വാള്‍ട്ടര്‍ ഡിക്രൂസ് നെറ്റോയെയുമാണ് (മിഡില്‍ ബ്ലോക്കര്‍) ഇന്റര്‍നാഷനല്‍ പൂളില്‍ നിന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ അറ്റാക്കര്‍ രോഹിത് കുമാറിനെ 17.5 ലക്ഷം രൂപക്ക് വാങ്ങിയ ഫ്രാഞ്ചൈസി, ഗോള്‍ഡ് വിഭാഗത്തില്‍ നിന്ന് വിപുല്‍ കുമാറിനെ (സെറ്റര്‍) 10.75 ലക്ഷം രൂപക്കും സ്വന്തമാക്കി. സില്‍വര്‍ വിഭാഗത്തില്‍ എന്‍.കെ. ഫായിസിന് വേണ്ടി (മിഡില്‍ ബ്ലോക്കര്‍) മൂന്ന് ലക്ഷം രൂപയും ബ്ലൂ സ്പൈക്കേഴ്സ് മുടക്കി. ജെറോം വിനീത് (യൂനിവേഴ്സല്‍), അബില്‍ കൃഷ്ണന് എം.പി. (അറ്റാക്കര്‍) എന്നിവരെ കാലിക്കറ്റ് ഹീറോസ് നിലനിർത്തി. എറിന് വര്‍ഗീസ് (അറ്റാക്കര്‍), സി. വേണു (ലിബറോ), ജി.എന്‍. ദുഷ്യന്ത് (ബ്ലോക്കര്‍) എന്നിവരെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് നിലനിർത്തിയത്. ഇറാന്റെ മിഡിൽ ബ്ലോക്കർ ഡാനിയൽ മോറ്റാസെദിയും അമേരിക്കയുടെ അറ്റാക്കർ ആൻഡ്രൂ കൗട്ട് ജെയിംസും അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ സമ്പന്നമാക്കും. മിഡിൽ ബ്ലോക്കർ എൽ.എം. മനോജ് 8.75 ലക്ഷത്തിന് അഹമ്മദാബാദ് ടീമിലെത്തി. യുവ യൂനിവേഴ്സൽ അങ്കമുത്തു, മലയാളി സെറ്റർ ലാൽ സുജൻ തുടങ്ങിയവരും ടീമിലുണ്ട്. മലയാളി അറ്റാക്കർ സേതുവിനെ 9.75 ലക്ഷത്തിന് ബംഗളൂരു ടോർപിഡോസ് സ്വന്തമാക്കി. ഐബിൻ ജോസ്, പി.വി. വിഷ്ണു, എം.സി. മുജീബ് തുടങ്ങിയ മലയാളികളും ബംഗളൂരു ടീമിലെത്തി. കൊൽക്കത്ത തണ്ടർബോൾട്ടിൽ അമേരിക്കൻ അറ്റാക്കർ കോഡി കാഡ് വെൽ കളിക്കും. പുതിയ ടീമായ മുംബൈ മെറ്റിയോസിൽ മുൻ കാലിക്കറ്റ് ഹീറോസ് താരം എ. കാർത്തിക് പത്തുലക്ഷം രൂപയുടെ ലേലത്തിൽ ടീമിലെത്തി. മലയാളി താരങ്ങളായ എൻ. ജിതിനും പി. രാഹുലും ടീമിലുണ്ട്. ലീഗിന്റെ സീസണ് രണ്ടില്‍ ആവേശകരമായ 31 മത്സരങ്ങളാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.