വാഴ്സോ: പോളണ്ടിലെ ബൈദ്ഗോഷില്‍ നടക്കുന്ന അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ ലോകറെക്കോഡ് പ്രകടനത്തിനു മുന്നില്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്‍െറ അതിശയം മാറുന്നില്ല. സീനിയറായും ജൂനിയറായും ട്രാക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച പ്രകടനം സ്വന്തം പേരില്‍ കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനായ ഹരിയാനയുടെ നീരജ് ചോപ്രയെന്ന 18കാരനെ രാജ്യം പ്രശംസകള്‍കൊണ്ട് മൂടുമ്പോഴും അറിയാതെ ചോദിക്കുന്നു, ‘ഈ ദൂരം പത്തു ദിവസം മുമ്പെങ്കിലും പിറന്നിരുന്നുവെങ്കില്‍, റിയോ ഒളിമ്പിക്സിലെ അത്ലറ്റിക്സില്‍നിന്ന് ഇന്ത്യക്കൊരു മെഡല്‍ മോഹിക്കാമായിരുന്നില്ളേ...’ ജൂനിയര്‍ മീറ്റിലെ ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ താണ്ടിയത് 79.66 മീറ്റര്‍. രണ്ടാം ശ്രമത്തില്‍ ഏറ് പൂര്‍ത്തിയാവുമ്പോഴേക്കും അടിതെറ്റിയ നീരജ് ബാലന്‍സ് ചെയ്ത് തലയുയര്‍ത്തുമ്പോഴും ജാവലിന്‍ നിലം തൊട്ടിരുന്നില്ല. ഒടുവില്‍ ഇലക്ട്രോണിക് ക്ളോക്കില്‍ ദൂരം തെളിഞ്ഞു. 86.48 മീറ്റര്‍. 2011ല്‍ ലാത്വിയയുടെ സിഗിസ്മണ്ട് സിര്‍മയ്സ് കുറിച്ച 84.69 എന്ന ദൂരം പഴങ്കഥയാക്കി നീരജ് പുതു ലോകറെക്കോഡ് കുറിച്ചു. ദേശീയ റെക്കോഡും സ്വന്തം പേരിലാക്കി. പക്ഷേ, റിയോയിലിറങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ ഈ ഹരിയാനക്കാരനുണ്ടാവില്ളെന്നതാണ് സങ്കടം. ജൂലൈ 11 ആയിരുന്നു അത്ലറ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന ദിവസം. ഗുവാഹതിയില്‍ നടന്ന സൗത് ഏഷ്യന്‍ ഗെയിംസില്‍ ദേശീയ റെക്കോഡിനൊപ്പമത്തെിയ പ്രകടനവുമയി (82.23) സ്വര്‍ണമണിഞ്ഞെങ്കിലും ജാവലിന്‍ ത്രോയിലെ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് (83 മീ.) കടക്കാനായില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ പ്രകടനത്തെക്കാള്‍ (84.58 മീ) മികച്ചുനില്‍ക്കുന്ന നീരജ്, സീസണിലെ സീനിയര്‍ വിഭാഗത്തില്‍ ലോകത്തെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരംകൂടിയാണ് കണ്ടത്. ഐ.എ.എ.എഫ് ലോകമീറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണവുമാണിത്. 2005 ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജിന്‍െറ പേരില്‍ സ്വര്‍ണമുണ്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു അനുവദിച്ചത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് ചോപ്ര, 2012 ദേശീയ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണമണിഞ്ഞാണ് ശ്രദ്ധേയനാവുന്നത്. ജലന്ധറിലെ ഡി.എ.വി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ നീരജ് ആസ്ട്രേലിയന്‍ കോച്ച് ഗാരി കാല്‍വെര്‍ടിനു കീഴില്‍ പോളണ്ടിലാണ് പരിശീലിക്കുന്നത്.
ഒളിമ്പിക്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
നല്‍കണമെന്ന് എ.എഫ്.ഐ
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോയില്‍ ലോകറെക്കോഡ് സ്ഥാപിച്ച നീരജ് ചോപ്രക്ക് ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍. രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയതായി ഇന്ത്യന്‍ അത്ലറ്റിക്സ് പ്രസിഡന്‍റ് അദിലെ സുമരിവാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.